Saturday 31 March 2012

[www.keralites.net] KNOW THE TRUTH

 

അഥര്‍വ്വ വേദത്തിലെ കുന്തപ സൂക്തം

അഥര്‍വവേദം വിംശ (ഇരുപത്) കാണ്ഡം 127-ാം സൂക്തത്തിലെ ശ്ളോകങ്ങളാണ് കുന്തപ സൂക്തം എന്നറിയപ്പെടുന്നത്. ഈ സൂക്തം സുപ്രധാനങ്ങളായ യജ്ഞവേദികളില്‍ പുരോഹിതന്മാര്‍ ആലപിക്കാറുണ്ടെങ്കിലും ഇതിന്റെ അര്‍ത്ഥം വളരെ നിഗൂഢമാണെന്നാണ് പണ്ഡിതന്മാര്‍ പറയാറുള്ളത്. സുപ്രസിദ്ധ ഇന്‍ഡോളജിസ്റുകളായ ഗ്രിഫിത്ത്, മാക്സ്മുള്ളര്‍, വൈറ്റ്നി, ബ്ളൂഫീല്‍ഡ് തുടങ്ങിയവരും കുന്തപ സൂക്തം ഒരു പ്രഹേളികയാണെന്ന് അംഗീകരിച്ചിട്ടുണ്ട്. ഭാരതീയമായ സാഹചര്യങ്ങള്‍ വെച്ചുകൊണ്ട് ഈ സൂക്തത്തെ വ്യാഖ്യാനിക്കുക ദുഷ്കരമാണെന്നതിനാലാണ് ഇവരെല്ലാം തന്നെ ഇതിനെ അതിനിഗൂഢമായി കണ്ടിട്ടുള്ളത്.

കുന്തപ സൂക്തത്തിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള ശ്ളോകങ്ങള്‍ കാണുക:
ഇദം ജനാ ഉപശ്രുത നരാശംസ സ്ത വിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ച കൌരമ അരുഷ മേഷ്ഠ ദദ്മഹേ
ഉഷ്ടാ യസ്യ പ്രവാഹിണോ വധു മന്തോ ദ്വിര്‍ ദശ
വര്‍ഷ്മാത്ഥസ്യ നിജിഹിഡതേ ദിവ ഈഷമാണാ ഉപാസ്പൃശഃ
ഏഷാ ഋഷയേ മാമഹേ ശതം നിഷ്കാന്‍ ദശ സ്രജഃ
ത്രീണി ശതാന്യര്‍വതാം സഹസ്രാദശ ഗോനാം
(അഥര്‍വവേദം വിംശകാണ്ഡം സൂക്തം 27, ശ്ളോകം 1-3)

(അല്ലയോ ജനങ്ങളേ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും. അവന്‍ മാമാഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും.)

ഈ സൂക്തം മുഹമ്മദ് നബി(സ)യെയാണ് പരാമര്‍ശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര്‍ താഴെ പറയുന്ന വസ്തുതകളാണ് അവരുടെ അഭിപ്രായത്തിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്നത്.

ഒന്ന്: ഈ സൂക്തം വ്യക്തമായ ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിലെ സംബോധനരീതി വ്യക്തമാക്കുന്നു. "ഇദം ജനാ ഉപശ്രുതാ'' (അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക) എന്ന് പറഞ്ഞുകൊണ്ടാണിത് തുടങ്ങുന്നത്. ചതുര്‍വേദങ്ങളിലെവിടെയും ഇതേപോലെ ജനങ്ങളെ പ്രത്യേകമായി സംബോധന ചെയ്തുകൊണ്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ സൂക്തം ജനങ്ങള്‍ മുഴുവനും അറിയേണ്ട ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിന്റെ സംബോധനാരീതി വ്യക്തമാക്കുന്നു.

രണ്ട്: ഇവിടെ 'സ്തുത്യര്‍ഹനായവന്‍' എന്നു പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് 'നരാശംസ'യെന്ന സംസ്കൃത പദമാണ്. ഈ പദത്തിന് 'സ്തുതിയും പ്രശംസയും യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവന്‍' എന്ന് അര്‍ത്ഥം പറയാം. 'മുഹമ്മദ്' എന്ന അറബി സംജ്ഞാനാമത്തിന്റെ അര്‍ത്ഥം. 'സ്തു#ിക്കപ്പെടുന്നവന്‍' എന്നുതന്നെയാണ്. അഥവാ 'മുഹമ്മദ്' എന്ന അറബി സംജ്ഞാനാത്തിന് തുല്യമായ സംസ്കൃത പദമാണ് 'നരാശംസ'. അതുകൊണ്ട് ഇത് മുഹമ്മദ് നബി(സ)യെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.

മൂന്ന്: 'നരാശംസ'യെന്ന സംജ്ഞാനാമത്തിനു ശേഷം പ്രയോഗിച്ചിരിക്കുന്ന 'സ്തവിഷ്യതേ' എന്ന പദം ഒരു സംസ്കൃത ഭാവികാലക്രിയയാണ്. 'അവന്‍ വാഴ്ത്തപ്പെടും.' എന്നാണ് ഈ പദത്തിനര്‍ത്ഥം. അഥര്‍വവേദകാലത്തിനു ശേഷം 'നരാശംസ' എന്ന് പേരായ ആരെങ്കിലും ലോകചരിത്രത്തില്‍ വാഴ്ത്തപ്പെട്ടതായി നാം കാണുന്നില്ല. മുഹമ്മദ് നബി(സ)യല്ലാതെ ഈ പേര് തന്നെ ഭാരതത്തിലോ മറ്റേതെങ്കിലും ദേശത്തോ പ്രചാരത്തിലില്ലായിരുന്നുവെന്നതാണ് വാസ്തവം. 'നരാശംസസയെന്നു പേരുള്ള ഒരാളെയും നമുക്ക് പുരാണേതിഹാസങ്ങളിലൊന്നും കാണാന്‍ കഴിയുന്നില്ല. മുഹമ്മദ് നബി(സ)ക്ക് മുമ്പ് അറേബ്യയിലും ആര്‍ക്കും തന്നെ ആ പേരുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 'നരാശംസസ്തവിഷ്യതേ'യെന്ന വചനം കൊണ്ട് മന്ത്രദ്രഷ്ടാവ് അര്‍ത്ഥമാക്കിയത് 'മുഹമ്മദ് വാഴ്ത്തപ്പെടും' എന്നായിരിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രവചനത്തിനുശേഷം ജനിച്ചവരില്‍ ഏറ്റവുമധികം വാഴ്ത്തപ്പെട്ടിട്ടുള്ളതും മുഹമ്മദ്നബി(സ) തന്നെ ലക്ഷക്കണക്കിന് മുസ്ലിംകള്‍ ദിനേന നമസ്കാരങ്ങളിലും അല്ലാതെയും മുഹമ്മദി(സ)ന്റെ പേരെടുത്തു പറഞ്ഞ് വാഴ്ത്തിക്കൊണ്ടിരിക്കുന്നു സത്യസന്ധമായി ചരിത്രത്തെ സമീപിച്ച അമുസ്ളിം ബുദ്ധിജീവികളും മുഹമ്മദ് നബി(സ)യെ പുകഴ്ത്തിയിട്ടുണ്ട്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹല്‍വ്യക്തികളില്‍ പ്രഥമഗണനീയനായി പുകഴ്ത്തപ്പെടുന്നത് മുഹമ്മദ് നബി(സ)യാണെന്ന കാര്യം സുവിദിതമാണല്ലോ.

നാല്: ഈ സൂക്തത്തില്‍ അറുപതിനായിരത്തിതൊണ്ണൂറ് ശത്രുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു പ്രവാചക കാലഘട്ടത്തിലെ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനുമിടക്കായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം അവരില്‍ മിക്കവരും ശത്രുക്കള്‍ തന്നെയായിരുന്നുവല്ലോ, ശത്രുക്കളുടെ സംഖ്യയായി അഥര്‍വവേദത്തില്‍ പറഞ്ഞിരിക്കുന്ന അറുപതിനായിരത്തി തൊണ്ണുറ് എന്ന സംഖ്യ പോലും മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടുന്നുവെന്ന് സാരം.

അഞ്ച്: കുന്തപുസ്തകത്തിലെ ഒന്നാമത്തെ ശ്ളോകത്തില്‍ 'നരാശംസ'യെ വിശേഷിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പദമാണ് 'കൌരമ' ഈ പദം ഒരു ഭരണാധികാരിയുടെ നാമമാണെന്ന രൂപത്തിലാണ് പലപ്പോഴും പരിഗണിക്കപ്പെടാറുള്ളത്. യഥാര്‍ത്ഥത്തില്‍ 'കൌരമ'യെന്ന പദം ഒരു നാമവിശേഷണമാണ്. 'സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍' എന്നാണ് ഈ പദത്തിനര്‍ത്ഥം. എല്ലാ അര്‍ഥ്ത്തിലും മുഹമ്മദ് നബിക്ക് യോജിക്കുന്ന ഒരു വിശേഷണമാണിതെന്നതില്‍ സംശയമില്ല. ജാതിയവും വര്‍ഗിയവും വര്‍ണപരവുമായി നിലനിന്നിരുന്ന സ്പര്‍ധകളെല്ലാം ഇല്ലായ്മ ചെയ്ത് പരസ്പരമുള്ള സാഹോദര്യവും സമാധാനവും ഉറപ്പു വരുത്തുന്നതിന്നുവേണ്ടി പ്രവര്‍ത്തിക്കുകയുംവിജയിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. ആ അര്‍ത്ഥത്തില്‍ 'സമാധാനത്തെ പ്രചരിപ്പിച്ചവന്‍' എന്ന പദത്തിന് 'സമര്‍പ്പണം', 'സമാധാനം' എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. സര്‍വശക്തന് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുകവഴി കരഗതമാവുന്ന സമാധാനമാണ് ഇസ്ലാം എന്നു പറയാവുന്നതാണ്. ഇസ്ലാമാകുന്ന സമാധാനത്തെ പ്രചരിപ്പിക്കുവാനും പൂര്‍ത്തീകരിക്കുവാനും വേണ്ടി ആഗതമായവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം വേദദൃഷ്ടാവ് 'കൌരമ'യെന്ന് വിളിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്.

ആറ്: കുന്തപുസ്തകത്തിലെ രണ്ടാമത്തെ മന്ത്രം 'നരാശംസ'നെക്കുറിച്ച് പറയുന്നത് 'വധുമന്തോ ദ്വിര്‍ദശ'യെന്നാണ് ഇതിനെ രണ്ടുരൂപത്തില്‍ പരിഭാഷപ്പെടുത്താമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടന്നു. ഒന്ന്, അദ്ദേഹത്തെയും ഭാര്യമാരെയും ഒട്ടകം പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. രണ്ടാമത്തെത് അദ്ദേഹത്തെ ഒട്ടകത്തെയും ഇണയെയും പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. മുഹമ്മദ് നബി(സ)യുടെ പ്രധാനപ്പെട്ട വാഹനം ഒട്ടകമായിരുന്നുവല്ലോ. (ഈ സൂക്തത്തില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ഒരിക്കലും ഒരു ഇന്ത്യക്കാരനാകാന്‍ സാധ്യതയില്ലെന്ന വസ്തുത വ്യക്തമാവുന്നത് ഇവിടെയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന നിയമപ്രകാരം ഒട്ടകയാത്രയും പാലും ബ്രാഹ്ണര്‍ക്കു നിഷിദ്ധമായിരുന്നു. 'ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നനായി സ്നാനം ചെയ്യുന്നതും ബ്രാഹ്ണനെ അശുദ്ധനാക്കും' (മനുസ്മൃതി 11:201) എന്നാണ് മനുസ്മൃതിയുടെ വിധി). നബി(സ) തന്റെ ഭാര്യമാരോടൊപ്പം ഒട്ടകപ്പുറത്ത് യാത്ര ചെയ്തതായി നമുക്കറിയാവുന്നതാണ്. 'ഭാര്യമാര്‍' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. നബി(സ)യുടെ ബഹുഭാര്യാത്വം പ്രസിദ്ധമാണല്ലോ. ഈ സൂക്തത്തിന് നല്‍കാവുന്ന രണ്ട് അര്‍ത്ഥപ്രകാരവും ഇത് മുഹമ്മദ് നബി(സ)യുടെ ജീവിതവുമായി പൂര്‍ണമായ യോജിപ്പ് പ്രകടിപ്പിക്കുന്നു.

ഏഴ്: 'അവന്റെ മഹത്വം സ്വര്‍ഗലോകംവരെയെത്തി അതിനെ താഴ്ത്തും' എന്നു പറഞ്ഞത് ഒന്നുകില്‍ മുഹമ്മദ് നബി(സ)യുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുവാനോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ (മിഅ്റാജ്)ത്തെക്കുറിക്കുവാനോ ആയിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്.

എട്ട്: കുന്തപസൂക്തത്തിന്റെ മൂന്നാമത്തെ മന്ത്രത്തില്‍ ഋഷിയുടെ പേര് പറഞ്ഞിരിക്കുന്നത് 'മാമാഋഷി'യെന്നാണ്. ഭാരതീയ പുരാണങ്ങളിലൊന്നും തന്നെ മാമാഋഷിയെന്ന പേരുള്ള ഒരു ആചാര്യനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഭാരതീയ ചരിത്രത്തില്‍ മാമാഋഷിയെ തെരയുന്നത് വ്യര്‍ത്ഥണാണ്. മുഹമ്മദ് എന്ന പദമായിരിക്കാം മന്ത്രദ്രഷ്ടാവായ ഋഷി മാമാഋഷിയെന്നതുകൊണ്ട് വിവക്ഷിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. സെമിറ്റിക് നാമങ്ങള്‍ ഭാരതീയ ഭഷകളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ ഉച്ചാരണ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണല്ലോ.

ഒന്‍പത്: മാമാഋഷിക്ക് നല്‍കപ്പെടുന്നതായി കുന്തപസുക്തത്തില്‍ ആദ്യം പറയുന്നത് പത്തു ചതുരങ്ങളാണ്. ഇത് മുഹമ്മദ് നബി(സ)യുടെ ഏറ്റവും അടുത്ത പത്ത് അനുചരന്മാരെക്കുറിച്ചാകാമെന്ന് അനുമാനിക്കാവുന്നതാണ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട മഹാന്‍മാരായ പത്തു സ്വഹാബികള്‍. 'ദശസ്രജ്വ'യെന്ന പ്രയോഗത്തിന് 'പത്തു ഹാരങ്ങള്‍' എന്നോ 'പത്തു ചതുരങ്ങള്‍' എന്നോ അര്‍ത്ഥം പറയുന്നതാണ്. പ്രവാചകന്റെ ജീവിതത്തിന് താങ്ങും തണലുമായിരന്ന ഇസ്ലാമിന്നു വേണ്ടി ത്യാഗങ്ങള്‍ സഹിച്ച പത്തുപേര്‍ തന്നെയാവണം 'ദശസ്രജാ' എന്നതുകൊണ്ടുദ്ദേശിക്കപ്പെട്ടത്.

പത്ത്: മാമാഋഷിക്ക് നല്‍കപ്പെടുന്നതായി പിന്നീട് പറയുന്നത് നൂറ് സ്വര്‍ണനാണയങ്ങളാണ്. മുഹമ്മദ് നബി(സ)യോടൊപ്പം ത്യാഗങ്ങള്‍ സഹിച്ച ആദ്യകാല സഖാക്കളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാവണം നൂറ് സ്വര്‍ണനാണയങ്ങള്‍ എന്നു പ്രയോഗിച്ചത്. എല്ലാവിധ പ്രയാസങ്ങളെയും അതിജീവിക്കുവാന്‍പോന്ന ആത്മീയ ശക്തിയെ സൂചിപ്പിച്ചുകൊണ്ട് സ്വര്‍ണമെന്ന പ്രയോഗം ഭാരതീയ സാഹിത്യത്തില്‍ സാധാരണയായി കാണപ്പെടുന്നതാണ്. തങ്ങളുടെ ആത്മീയ ശക്തികൊണ്ട് ശത്രുക്കളുടെ പീഡനങ്ങളെയും അക്രമങ്ങളെയും അതിജീവിക്കുകയും സ്വന്തം നാടും വീടുമുപേക്ഷിച്ച് അബ്സിനിയയിലേക്ക് പലായനം ചെയ്ത് സ്വന്തം ആദര്‍ശം സംരക്ഷിക്കുകയും ചെയ്ത നൂറ് സ്വഹാബികളെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാവണം നൂറ് സ്വര്‍ണനാണയങ്ങള്‍ എന്നു പ്രയോഗിച്ചതെന്ന് അനുമാനിക്കാവുന്നതാണ്.

പതിനൊന്ന്: ഹാരങ്ങളും സ്വര്‍ണനാണയങ്ങളും കൂടാതെ മുന്നൂറ് അറബിക്കുതിരകളെയും മാമാഋഷിക്ക് നല്‍കുമെന്ന് കുന്തപ സൂക്തത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവാചക ചരിത്രത്തിലെ പ്രസിദ്ധമായ പ്രഥമ യുദ്ധത്തില്‍ പങ്കെടുത്ത വീരരായ സഖാക്കളെ ഉദ്ദേശിച്ചുകൊണ്ടായിരിക്കണം അറബിക്കുതിരകള്‍ എന്ന് മന്ത്രദ്രഷ്ടാവായ ഋഷി പറഞ്ഞത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തത് മുന്നൂറ്റി പതിമൂന്ന് സഹാബികളായിരുന്നുവല്ലോ. ഇതില്‍ അവിചാരിത കാരണങ്ങളാല്‍ യുദ്ധം ചെയ്യാന്‍ കഴിയാതിരുന്ന എട്ടു പേരെയും യുദ്ധമാരംഭിക്കുന്നതിനുമുമ്പ് കൊല്ലപ്പെട്ട ഒരാളെയും നാലു ബാലന്മാരെയും കിഴിച്ചാല്‍ ബാക്കി എണ്ണം കൃത്യം മുന്നൂറു തന്നെ മുന്നൂറ് അറബിക്കുതിരകള്‍ എന്ന പ്രയോഗം അവരെക്കുറിച്ചു തന്നെയാകാനാണ് സാധ്യത.

പന്ത്രണ്ട്: അവസാനമായി മാമാഋഷിക്ക് നല്‍കപ്പെടുന്നത് പതിനായിരം പശുക്കളാണെന്നാണ് കുന്തപ സുക്തം പറയുന്നത്. മക്കാവിജയ സമയത്ത് പ്രവാചകനോടൊപ്പമുണ്ടായിരുന്ന പതിനായിരം സ്വഹാബികളെ ഉദ്ദേശിച്ചുകൊണ്ടായിരിക്കാം പതിനായിരം പശുക്കള്‍ എന്നു പ്രയോഗിച്ചത്. അവര്‍ അന്ന് സൌമ്യരും ശാന്തരുമായിരുന്നുവല്ലോ. പശുവിനുള്ള സംസ്കൃതപദമായ 'ഗോ' നിഷ്പന്നമായിരിക്കുന്നത് 'യുദ്ധത്തിനുപോവുക'യെന്ന് അര്‍ത്ഥം വരുന്ന 'ഗൌ'എന്ന ക്രിയയില്‍ നിന്നാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ആര്യയുദ്ധങ്ങളുടെ ലക്ഷ്യം പശുക്കളെ സ്വന്തമാക്കലായതുകൊണ്ടായിരിക്കണം പശുവിന് 'ഗോ' യെന്ന പേരു വന്നതെന്നാണ് പണ്ഡിതമതം. 'പതിനായിരം പശുക്കള്‍' എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും യോദ്ധാക്കളായ പതിനായിരം സ്വഹാബികള്‍ക്ക് യോജിക്കുമെന്നര്‍ത്ഥം.

ഇങ്ങനെനിഗൂഢമെന്ന് കരുതപ്പെടുന്ന അഥര്‍വവേദത്തിലെ കുന്തപ സൂക്തത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാംതന്നെ മുഹമ്മദ് നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. 'കുന്തപ'മെന്ന പദം തന്നെ മുഹമ്മദ് നബിയുമായി ബന്ധമുള്ളതാണെന്നതാണ് വാസ്തവം. 'ഉദരത്തിലെ ഗ്രന്ഥി'യെന്നാണ് ഈ പദത്തിനര്‍ത്ഥം. മുഹമ്മദ് നബി(സ)യുടെ ജന്മനാടിന്റെ പേരായ 'മക്ക'യെന്ന അറബിപദത്തിന് 'ഉദരം'എന്നുകൂടി അര്‍ത്ഥണുണ്ട്. അതുകൊണ്ടുതന്നെ 'കുന്തപസൂക്തം' എന്നതിനു പകരം 'മക്കാസൂക്തം' എന്നു പറയുന്നത് തെറ്റല്ല. അഥര്‍വ വേദത്തിലെ മക്കാസൂക്തത്തിലെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചക ജീവിതവുമായി യോജിക്കുന്നത് തികച്ചും യാദൃച്ഛികമായാണെന്ന് കരുതുന്നത് തികഞ്ഞ അന്ധതയല്ലാതെ മറ്റൊന്നുമല്ല.

 

"LORD IS WITH YOU"

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment