Saturday 31 March 2012

[www.keralites.net] E-mail sccop , revealing of a conspiracy

 

ഇ-മെയില്‍ : കൂരിരുട്ടിലെ നെട്ടോട്ടം എങ്ങോട്ട്?

ഇ-മെയില്‍ വിവാദം, ഹൈടെക് സെല്ലിലെ എസ്.ഐ ബിജു സലീമിനെ പൊലീസ് രേഖകള്‍ ചോര്‍ത്തി കൈമാറിയെന്ന് ആരോപിച്ചു അറസ്റ്റ് ചെയ്തതോടെ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. പ്രിന്‍റ്-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായും ഭരണകൂടവുമായും ബന്ധപ്പെട്ടു നിരവധി രേഖകള്‍ ചോര്‍ന്നുകിട്ടും. അവ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ടും സ്കൂപ്പുമൊക്കെയായി പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്തരം റിപ്പോര്‍ട്ടുകളുടെ ഉറവിടം വെളിപ്പെടുത്തുക പത്രധര്‍മമോ ഉത്തരവാദിത്തമോ അല്ലെന്നതാണ് വസ്തുത. പത്രപ്രവര്‍ത്തന സദാചാരത്തിന്‍െറ മൂലക്കല്ലായ കോണ്‍ഫിഡന്‍ഷ്യാലിറ്റിയുടെ കടക്കല്‍ കത്തിവെക്കലായിരിക്കും അത്. ആഗോളതലത്തിലെ ഇത്തരം ന്യൂസ്ലീക്കുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് വിക്കിലീക്സ്. കഴിഞ്ഞ ദിവസം കരസേനാ മേധാവി പ്രധാനമന്ത്രിക്ക് എഴുതിയ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന കത്ത് ചോര്‍ന്നത് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയിലെയും കേരളത്തിലെയും പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഇത്തരത്തിലുള്ള നിരവധി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പൊതുജന താല്‍പര്യമാണ് ഇത്തരം ന്യൂസ് ലീക്കുകള്‍ക്കു പിന്നിലെ ചേതോവികാരം. ഉത്തരവാദപ്പെട്ട ഭരണകൂടങ്ങള്‍ അതിലെ ഉള്ളടക്കത്തിന്നു നേരെയുള്ള പൊതുജന പ്രതികരണം മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നു. വേറെ ചില ഭരണകൂടങ്ങള്‍ അതിനു പിന്നിലെ സോഴ്സ് അന്വേഷിച്ചു ആരെയെങ്കിലും പ്രതികളെന്ന് ആരോപിച്ചു അവരുടെമേല്‍ നടപടിയെടുത്തു വിഷയത്തിന്‍െറ മര്‍മത്തില്‍നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിട്ടു സായുജ്യമടയുന്നു. 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ഇന്‍റലിജന്‍സ് എസ്.പി കെ.കെ. ജയമോഹന്‍ തയാറാക്കി നല്‍കിയ പട്ടികയും വിശദാംശങ്ങളും അടങ്ങുന്ന കത്തും 'മാധ്യമം' ആഴ്ചപ്പതിപ്പിനു ചോര്‍ന്നുകിട്ടിയത് ഏതെങ്കിലും ഒരു സോഴ്സില്‍നിന്നാവാനേ തരമുള്ളൂ. ചോര്‍ത്തിക്കൊടുത്തവനെ തേടിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ കൃത്യമായി ആരെയും ലഭിക്കാതെ വരുമ്പോള്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തു ശരിയായ വിവരം പുറത്തുകൊണ്ടുവരാനുള്ള വളഞ്ഞ വഴികളും സ്വീകരിക്കാറുണ്ട്. പൊതുസേവകന്‍െറ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍, ഔദ്യാഗിക പദവി ദുരുപയോഗിക്കല്‍, രഹസ്യരേഖകള്‍ മോഷ്ടിക്കല്‍, മതസൗഹാര്‍ദത്തിന് കോട്ടമുണ്ടാക്കുന്ന തരത്തില്‍ അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ച് നല്‍കല്‍ എന്നൊക്കെയുള്ള ആരോപണങ്ങള്‍ എന്തിന്‍െറയെങ്കിലും സൂചനയാണെങ്കില്‍ അത് ഈ വിഷയത്തില്‍ സര്‍ക്കാര്‍ 'ഇന്‍റലിജന്‍സ്' മുറ നടപ്പാക്കാനുള്ള പടപ്പുറപ്പാടിലാണെന്നാണ്. വ്യാജരേഖ ചമക്കലും രഹസ്യരേഖകള്‍ മോഷ്ടിക്കലും ചേരുംപടി ചേരുന്ന ആരോപണങ്ങളല്ലെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. രഹസ്യരേഖ ഈ വിഷയത്തില്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ വ്യാജരേഖ ചമക്കേണ്ടതിന്‍െറ ആവശ്യം ഉദിക്കില്ലല്ലോ. അല്ലെങ്കില്‍, ഒരേസമയം രണ്ടും ഉപയോഗിക്കുന്നത് ഒന്ന് മറ്റൊന്നിനു വിരുദ്ധമാകാന്‍ ഇടവരുത്തില്ലേ? പത്രപ്രവര്‍ത്തനമേഖലയിലെ, പ്രത്യേകിച്ചും ലീക്ഡ് ഇന്‍ഫര്‍മേഷന്‍െറ വെരിഫിക്കേഷന്‍ പ്രോസസിനെ സംബന്ധിച്ച് സാമാന്യബോധമുള്ള ആരെങ്കിലും ഇതൊക്കെ മുഖവിലക്കെടുക്കുമോ? പിന്നെ ഇവിടെ മുഖ്യമന്ത്രിതന്നെ സ്വയം സമ്മതിച്ച തെറ്റായ 'സിമിബന്ധ'ത്തിന്‍െറ പേരിലെ ആരോപണം, സേവനദാതാക്കളോട് ലോഗ്ഇന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്, സേവനദാതാക്കളില്‍നിന്ന് 268 പേരുടെ വിവരങ്ങളടങ്ങുന്ന സി.ഡി ഹൈടെക് സെല്ലിന് ലഭിച്ചത്, അവരില്‍ ചിലരുടെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോയി അന്വേഷിച്ചത് തുടങ്ങിയ സര്‍വസമ്മതമായ തെറ്റുകളില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍, രഹസ്യരേഖ ചോര്‍ത്തിയെന്നാരോപിച്ച് ഒരു എസ്.ഐയുടെ മേല്‍ നടപടിയെടുക്കാന്‍ എന്തുമാത്രം അതിവേഗതയിലാണ് ബഹുദൂരം ഓടുന്നത്! ആകെ അതിനു മുമ്പില്‍ ഉണ്ടായിരുന്നത് പിറവത്തെ ഒരു ഹമ്പ് മാത്രമായിരുന്നു. അത് മറികടന്നു. ഇനി കൂരിരുട്ടിലാണെങ്കിലും മാരക നെട്ടോട്ടം തുടരുകതന്നെ. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ നടേപറഞ്ഞ 'അതിവേഗ ബഹുദൂര'സഞ്ചാരത്തില്‍നിന്ന് ഇ-മെയില്‍ വിവാദത്തെ വ്യതിരിക്തമാക്കുന്നത്, മെയില്‍ ചോര്‍ത്താനും ലോഗ് ഇന്‍ വിശദാംശങ്ങള്‍ നേടിയെടുക്കാനും മുഖ്യമന്ത്രിതന്നെ നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിന്‍െറ ആഭ്യന്തരവകുപ്പും പൊലീസും കാണിച്ച അമിതവേഗ തല്‍പരതയും ആസൂത്രണപാടവവുമാണ്. ഈ വിഷയത്തില്‍ ആരും ചോദിച്ചുപോകുന്ന ഒരു കാര്യമാണ് ദേശീയ ആഗോള അജണ്ടയുടെ ഭാഗമായിട്ടല്ലെങ്കില്‍ ഇത്ര അടിയന്തരസ്വഭാവത്തില്‍, കേവലം ആറു മാസം തികക്കുന്നതിനുമുമ്പേ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത ഒരു ഭരണകൂടം കേരളത്തിലെ ഒരു പ്രബല ജനവിഭാഗത്തെ ഇങ്ങനെ ഒരു സര്‍വയലന്‍സിന് വിധേയമാക്കേണ്ടതിന്‍െറ അടിയന്തര ആവശ്യകത എന്ത് എന്നത്. മുസ്ലിംവേട്ടയില്‍ കേരളം ഇന്നുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത 'നൂതനമായ' ചില ചുവടുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ചോര്‍ത്തപ്പെട്ട ഇ-മെയില്‍ ലോഗിന്‍ വിശദാംശങ്ങളും അതിനോടനുബന്ധിച്ച സര്‍വീസ്പ്രൊവൈഡേഴ്സിന് അയച്ച കത്തും, ഇതു പുറത്തുവന്നതിനു ശേഷം ഭരണകൂടത്തിന്‍െറയും പൊലീസിന്‍െറയും ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണങ്ങളും കൂട്ടിവായിക്കുന്ന ഏതൊരാള്‍ക്കും ഇത് ആകസ്മികമല്ലെന്നും ആസൂത്രിതമാണെന്നും ഉറപ്പിച്ചു പറയാന്‍ സാധിക്കും. മുഖ്യമന്ത്രി പറഞ്ഞതുപോലെ 'സിമി' എന്ന വാക്കു പോലും അബദ്ധമായി എഴുതിയതല്ല. എഴുതുമ്പോള്‍ അബദ്ധത്തില്‍ ഒരു വാക്ക് വിട്ടു പോകാം. അല്ലെങ്കില്‍ ഒരു വാക്ക് തെറ്റി വായിച്ചു ടൈപ് ചെയ്തുപോകാം. എങ്ങനെയാണ്, ഇല്ലാത്ത ഒരു വാക്ക് അബദ്ധത്തില്‍ കടന്നു വരിക, അതും എഴുത്തില്‍? 'സിമി' യുടെ പേരില്‍ നേരത്തേ ആരോപിക്കപ്പെട്ട സ്ഫോടനങ്ങള്‍ പോലും ഹൈന്ദവതയുടെ പേരില്‍ വെറിയും വൈരവും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് വൈതാളികന്മാര്‍ രചിച്ച് സംവിധാനിച്ചഭിനയിച്ച ഭീകരനാടകങ്ങളാണെന്നു തെളിഞ്ഞ ശേഷമാണ് അതേ പ്രതീകത്തെവെച്ച് വേട്ടക്കു പുറപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റ് ഏതോ ഒരു തീവ്രവാദിയെ പിടിച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് എന്നതും സത്യമാകാനിടയില്ലാത്ത ചില പുകമറ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള വാദമാകാനാണിട. കാരണം, ഒരേ തൂവല്‍ പക്ഷികളാണ് സാധാരണഗതിയില്‍ ഒന്നിച്ചുനില്‍ക്കുക. ഒരു വ്യക്തിക്ക് സാധാരണക്കാര്‍, ബിസിനസുകാര്‍, പ്രഫഷനലുകള്‍, രാഷ്ട്രീയക്കാര്‍, എന്‍.ജി.ഒകള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, മുസ്ലിം സമൂഹത്തിലെ ഭിന്ന വിരുദ്ധധ്രുവങ്ങളില്‍ കിടക്കുന്ന സംഘടനകളുമായും നവ സാമൂഹികപ്രസ്ഥാനങ്ങളുമായും മുസ്ലിം പ്രശ്നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന അമുസ്ലിം വ്യക്തികളുമായും ഒരേ സമയം ബന്ധമുണ്ടാവുക തികച്ചും അസ്വാഭാവികമാണ്. മാത്രവുമല്ല, ഇങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവന്‍ ചില്ലറക്കാരനാകാന്‍ ഇടയില്ല. ഇങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പ്രധാനപ്പെട്ട വാര്‍ത്ത ആകേണ്ടതായിരുന്നു. ഡി.ജി.പിയും മുഖ്യമന്ത്രിയും പറഞ്ഞത് ശരിയാണെങ്കില്‍, കൂടുതല്‍ ഭീതിദവും ഭയാനകവുമായ ചിലതുകൂടി കേരളത്തില്‍ നടക്കുന്നുവെന്നു നാം കരുതണോ? യു.ഡി.എഫ് ഭരണകൂടത്തിന്‍െറ കീഴില്‍ രാജ്യ സുരക്ഷയുടെ പേരുപറഞ്ഞു പൗരന്മാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ഒരു കോടതിയിലും മീഡിയയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മിനി ഗ്വണ്ടാനമോകള്‍ നിലനില്‍ക്കുന്നുവെന്നാണോ? 268 പേരുടെ ലിസ്റ്റ് ഒരു സാമ്പിള്‍ ആയിട്ടാണ് പൊലീസ് ഉപയോഗിച്ചത് എങ്കില്‍, ആ സാമ്പിള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുമ്പ് കൃത്യമായ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് ആ ലിസ്റ്റിലെ സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വ്യാപ്തി ദ്യോതിപ്പിക്കുന്നുണ്ട്. കേരളത്തിനുള്ളിലെ കേരളേതര പ്രദേശമായ മാഹിയുള്‍പ്പെടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏതാണ്ട് എല്ലാ ജില്ലകള്‍ക്കും ഈ ലിസ്റ്റില്‍ പ്രാതിനിധ്യമുണ്ട്. കേരളത്തിലെ പൊലീസിലും ഉദ്യോഗസ്ഥമേഖലകളിലും നേരത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ തണലില്‍ ചീര്‍ത്തുവീര്‍ത്തിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആണ്ടുപൂണ്ടിറങ്ങിയ പ്രബല മുന്നാക്ക ന്യൂനപക്ഷത്തിനാണ് ശക്തിയും സ്വാധീനവും. ഇ-മെയില്‍ വിവാദം ദേശീയതലത്തിലെ കേവലമായ ഹൈന്ദവ ഫാഷിസ്റ്റ് അനുരണനങ്ങളുമായി ഇക്വേറ്റു ചെയ്തുമാത്രം മതിയാക്കേണ്ടതല്ല. അല്‍പം പൂര്‍വാപര ബന്ധത്തോടെ, നേരത്തേ മുസ്ലിംകളെ കേന്ദ്രീകരിച്ചു നടന്ന സര്‍വേയുടെയും ലൗജിഹാദിന്‍െറയും മറ്റുമൊക്കെയുള്ള പശ്ചാത്തലത്തില്‍ സാമ്രാജ്യത്വത്തോടും അതിന്‍െറ അധിനിവേശത്തോടും കേരളത്തിലെ പ്രബല മുന്നാക്ക വിഭാഗങ്ങള്‍ക്ക് ചരിത്രപരമായി തന്നെയുള്ള ബന്ധവും സമീപനവും മുസ്ലിംകള്‍ പൊതുവെയും കേരള മുസ്ലിംകള്‍ പ്രത്യേകിച്ചും ചരിത്രപരമായും വിശ്വാസപരമായും സാമ്രാജ്യത്വത്തോട് കാണിച്ചതും കാണിക്കുന്നതുമായ പോരാട്ടവീര്യവുമായുമൊക്കെ ബന്ധപ്പെട്ടുകൂടി കിടക്കുന്ന കാര്യമാണ്. പ്രാദേശികമായി ഇത് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മുസ്ലിംലീഗ് നിലവിലുണ്ടായിരുന്നിട്ടില്ലാത്തതോ അല്ലെങ്കില്‍ അവര്‍ പാകിസ്താനുവേണ്ടി നിലകൊള്ളുകയായിരുന്നു എന്നതിനാല്‍ പങ്കില്ലാതിരുന്നതോ ആയ മലബാറിനും തിരുവിതാംകൂറിനുമിടയിലെ അന്തരമായാണ് പ്രതിഫലിച്ചത്. വെറുതെയല്ലല്ലോ കേരളത്തിലെ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഏതാണ്ടെല്ലാ നേതാക്കളുടെയും പൂര്‍വികരാരും സ്വാതന്ത്ര്യസമര ചരിത്രത്തിന്‍െറ ഭാഗമായിരുന്നുവെന്നു കോണ്‍ഗ്രസിനുതന്നെ അവകാശപ്പെടാന്‍ സാധിക്കാത്തത്. എന്നാല്‍, അങ്ങനെ ഒരു പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ള അബ്ദുറഹ്മാന്‍ സഹിബിന്‍െറയും മൊയ്തുമൗലവിയുടെയും സമുദായം കോണ്‍ഗ്രസില്‍നിന്നകന്നും അന്യവത്കരിക്കപ്പെട്ടും കൊണ്ടേയിരിക്കുന്നു. എന്നും അധികാര കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ഒറ്റു പണിയെടുത്തവര്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്‍െറ അമരക്കാരായി മാറുന്നതാണ് കേരള ചരിത്രത്തില്‍ കാണുന്നത്. കേരളീയ മുസ്ലിംകളിലാകട്ടെ എന്നും അധികാര കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിച്ച, സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു എന്നതിനേക്കാള്‍ വിഭജനത്തിനു വേണ്ടി നിലകൊണ്ടിരുന്ന മുസ്ലിംലീഗ് മലബാറിലെ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ വിഭജനാനന്തരം മതയാഥാസ്ഥിതികതയും സങ്കുചിത സാമുദായികതയും ഉള്‍ച്ചേര്‍ത്ത ഒരു ഫോര്‍മുലയിലൂടെ ശക്തിപ്പെടുകയും ചെയ്തു. ഇ-മെയില്‍ ചോര്‍ത്തലിനു സ്വീകരിച്ച സാമ്പിള്‍ നേരത്തെ കേരള മുസ്ലിംകളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ പട്ടിക വര്‍ത്തനമാനകാല കേരളീയ മുസ്ലിംസമൂഹത്തിന്‍െറ പ്രാദേശികവും സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവും സംഘടനാപരവുമായ ഒരു പരിഛേദം ആകുന്നത്. ഈ ലോഗ് ഇന്‍ വിശദാംശങ്ങള്‍ നാളെ മറ്റെന്തെല്ലാം ഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച് കേരളീയ മുസ്ലിംസമുദായത്തെ ഭീകരരായി ചിത്രീകരിക്കാന്‍ ശ്രമിച്ചുകൂട എന്നത് മഅ്ദനി വിഷയത്തില്‍ കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റു നിരവധി കേസുകളില്‍ ദേശീയതലത്തിലും ആഗോള തലത്തിലും ഇതേ രംഗത്ത് നടന്നുവരുന്ന ഇതര ഉപജാപക നാടകങ്ങളുമായി ചേര്‍ത്ത് വായിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. ഇ-മെയില്‍ ലിസ്റ്റിന്‍െറ ആഴവും പരപ്പും വ്യാപ്തിയും വെറും ആറുമാസത്തിനുള്ളില്‍ അത് നടപ്പിലാക്കിയതും സൂചിപ്പിക്കുന്നത് ഇതിനുവേണ്ട ഹോംവര്‍ക്ക് ബന്ധപ്പെട്ട ബാഹ്യകക്ഷികള്‍ ഈ ഭരണകൂടം വരുന്നതിനു മുമ്പേ ചെയ്തുവെന്നും അത് അടിയന്തര സ്വഭാവത്തില്‍ മുന്തിയ മുന്‍ഗണന നല്‍കി നടപ്പാക്കാന്‍ ഭരണം മാറുന്നതുവരെ കാത്തിരുന്നുവെന്നുമാണ്. കുറ്റം പറയരുതല്ലോ, ഇതിലും സര്‍ക്കാര്‍ അമിതവേഗത്തില്‍ ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതില്‍ ഒന്ന് 'സാമുദായികധ്രുവീകരണം നടത്തിയ മാധ്യമത്തിനെതിരെ കേസെടുക്കും' എന്ന് പറഞ്ഞപ്പോഴായിരുന്നു. പിന്നെ, 'മാധ്യമ'ത്തിനു വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് ബിജു സലിം എന്ന പൊലീസുകാരനെ അന്വേഷണ വിധേയനായി സസ്പെന്‍റു ചെയ്തപ്പോഴും. എന്നാല്‍, ഇ-മെയിലും ലോഗ്ഇന്‍ വിശദാംശങ്ങളും ചോര്‍ത്താന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ നരസിംഹറാവു സഞ്ചരിച്ച അത്രയോ അതിലേറെയോ ബഹുദൂരം മുഖ്യമന്ത്രി മുന്നേറി. അറിയാവുന്ന പന്ത്രണ്ടു ഭാഷകളിലും മൗനം പാലിച്ച റാവുവിനു വേണ്ടത്ര സപ്പോര്‍ട്ട് കൊടുത്ത സമുദായപാര്‍ട്ടി ഇപ്പോള്‍ ഇ-മെയില്‍ വിവാദത്തില്‍ പച്ചമലയാളത്തില്‍ വാചാലമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കും ആവശ്യമായ മുഴുവന്‍ പിന്തുണയും പരസ്യമായും രഹസ്യമായും നല്‍കുന്നു. വ്യത്യാസം, ഭീഷണി ലീഗിന്‍െറ അടുക്കളപ്പുറത്തുവരെ എത്തിയെന്ന് മാത്രം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment