Saturday 31 March 2012

[www.keralites.net] "വിശ്വാസം"

 

Fun & Info @ Keralites.net

നാം നേരിട്ട്‌ അറിയാത്ത ഒന്നിനെയാണല്ലോ വിശ്വസിക്കേണ്ടിവരുന്നത്‌. നേരിട്ട്‌ അറിഞ്ഞ ഒന്നിനെ പിന്നെ നാം വിശ്വസിക്കേണ്ട കാര്യമില്ലല്ലോ. കാരണം അത്‌ നമ്മുടെ അനുഭവമാണ്‌; നേരിട്ട്‌ ബോധ്യപ്പെട്ട വസ്തുതയാണ്‌. ഉദിച്ചുവരുന്ന സൂര്യനെ കണ്ടവര്‍ക്ക്‌ അതൊരിക്കലും ഒരു വിശ്വാസമല്ല. നേരിട്ടുള്ള അനുഭവമാണ്‌. എങ്കിലും സൂര്യന്‍ കിഴക്ക്‌ ഉദിക്കുന്നു എന്ന വിശ്വാസത്തില്‍ നിന്നാണ്‌ നാം തുടങ്ങുന്നത്‌. ആ വിശ്വാസം പിന്നീട്‌ നമ്മുടെ അനുഭവമായിത്തീരുകയാണ്‌.

വിശ്വാസം ബുദ്ധിയില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇടലെടുക്കാം. ബുദ്ധിയില്‍ നിന്ന്‌ ഉടലെടുക്കുന്ന വിശ്വാസം നമ്മുടെ കണക്കുകൂട്ടലാണ്‌. ഇന്ന്‌ കൂടുതല്‍ പണം കൊടുത്താല്‍ നല്ല സാധനം കിട്ടും എന്ന ഒരു ധാരണ സമൂഹത്തിനുണ്ട്‌. അത്‌ ബുദ്ധിയുടെ കണക്കുകൂട്ടലില്‍ നിന്നും ഉണ്ടാകുന്ന വിശ്വാസമാണ്‌; അത്‌ യഥാര്‍ത്ഥ വിശ്വാസമല്ല.

ഇന്നത്തെ വഴിപിഴച്ച സാമൂഹിക വ്യവസ്ഥിതിയില്‍ ബുദ്ധിയുടെ കണക്കുകൂട്ടല്‍ ഒരു രക്ഷാകവചമായി നാം കൊണ്ടുനടക്കുകയാണ്‌. വിപണികളില്‍ അതിന്‌ പ്രയോജനക്ഷമതയുണ്ട്‌. പക്ഷേ ഈശ്വരീയമായ കാര്യങ്ങള്‍ക്ക്‌ ബുദ്ധിയുടെ വിശ്വാസം മതിയാവില്ല. ബുദ്ധികൊണ്ട്‌ കണക്ക്‌ കൂട്ടി ഒരു യഥാര്‍ത്ഥ ആചാര്യനെ നിങ്ങള്‍ക്ക്‌ കണ്ടുപിടിക്കാന്‍ സാധിക്കില്ല. മഹാരാജാക്കന്മാരെ പോലെ ജീവിക്കുന്ന ആത്മീയ ആചാര്യന്മാര്‍ നാട്ടിലുണ്ടല്ലോ. അനുഗ്രഹം തേടി എത്തുന്ന പതിനായിരക്കണക്കിന്‌ വിശ്വാസികല്‍, അറ്റമില്ലാതൊഴുകിക്കൊണ്ടിരിക്കുന്ന സമ്പത്ത്‌, പേരും പ്രശസ്തിയും, ഇതൊക്കെ വേണ്ടുവോളമുള്ള ആചാര്യന്മാരെയാണ്‌ നമ്മുടെ ബുദ്ധി എളുപ്പം തിരഞ്ഞെടുക്കുക. കാരണം നമ്മുടെ ബുദ്ധി ചോദിക്കുന്നത്‌, ഇത്രയും പേര്‍ പോകുന്നത്‌ വെറുതെയാകില്ലല്ലോ എന്നാണ്‌. പണവും പ്രതാപവും ഭൗതിക ഐശ്വര്യങ്ങളും നമ്മുടെ ബുദ്ധിക്ക്‌ വേണ്ട ന്യായീകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അതേസമയം, ഇന്ന്‌ നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനത്തിരക്കുള്ള കച്ചവടസ്ഥാപനങ്ങള്‍ മദ്യശാലകളാണെന്ന വസ്തുത നാം ചിന്തിക്കുന്നില്ല. സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതും മദ്യവ്യവസായമാണ്‌. അതുകൊണ്ട്‌ മദ്യം ശരിയാണെന്ന്‌ നമുക്ക്‌ പറാന്‍ പറ്റുമോ? എന്തെങ്കിലും മദ്യം സമൂഹത്തില്‍ സ്റ്റാറ്റസിന്റെ പ്രതീകമായി തീര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍, ഇന്നത്തെ സമൂഹത്തിന്റെ അളവുകോല്‍വച്ച്‌ നമ്മുടെ ബുദ്ധി കണ്ടെത്തുന്ന വിശ്വാസം യഥാര്‍ത്ഥമായ ജീവിത പുരോഗതിയെ സഹായിക്കുകയില്ല.
ജീവിത പുരോഗതിക്ക്‌ ഉതകുന്ന വിശ്വാസം പിന്നെ ഏതാണ്‌? അതാണ്‌ ഹൃദയത്തിന്റെ വിശ്വാസം, ഹൃദയം കണക്കുകൂട്ടുന്നില്ല. നാം നമ്മളെത്തന്നെ പ്രപഞ്ചശക്തിക്ക്‌ മുന്നില്‍ തുറന്നുവയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന ഒരു ഉറപ്പാണ്‌ ഈ വിശ്വാസം. ഒരു പക്ഷേ ഇന്നത്തെ ബുദ്ധികൊണ്ട്‌ ആ വിശ്വാസത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞെന്നും വരില്ല. നിങ്ങള്‍ എത്രയോ കാലമായി തഥാതനെ തേടി വരുന്നു. സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവച്ച്‌ ഇവിടെ എത്തുന്ന എത്രയോ മക്കളുണ്ട്‌. ഇവിടെ വന്നതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ എന്തുകിട്ടും? തഥാതന്‍ നിങ്ങള്‍ക്ക്‌ ഒരു വാഗ്ദാനവും നല്‍കുന്നില്ല. എങ്കിലും നിങ്ങള്‍ ഇവിടെ വരുന്നു. വേര്‍പിരിയാന്‍ പറ്റാത്ത ഒരാത്മബന്ധം നമ്മള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്‌. അതിന്റെ വെളിച്ചത്തിലാണ്‌ നിങ്ങളെല്ലാം ഇവിടെ വന്നുകൊണ്ടിരിക്കുന്നത്‌. ബുദ്ധികൊണ്ട്‌ ചിന്തിച്ചാല്‍ അതിനൊരു ഉത്തരമില്ല. എങ്കിലും ഉള്ളില്‍ എല്ലാറ്റിനേയും അതിക്രമിച്ച ഒരു വിശ്വാസം നിങ്ങള്‍ തഥാതനില്‍ പുലര്‍ത്തുന്നു. അതിലൂടെ നിങ്ങള്‍ വളരുകയാണ്‌. പടവുകള്‍ കയറി തീരുമ്പോള്‍ ആ വിശ്വാസം യഥാര്‍ത്ഥമായി തീരുന്നു.

നമ്മുടെ വിശ്വാസം ശരിയായതാണെങ്കില്‍ നമ്മുടെ ഉള്ളുകൊണ്ട്‌ നമുക്ക്‌ ഗ്രഹിക്കാം. നമ്മുടെ ഉള്ളിന്റെ ഉള്ളിലിരുന്നുകൊണ്ട്‌ അത്‌ ശരിയാണെന്ന്‌ ആരോ നമ്മോട്‌ മന്ത്രിക്കുന്നതുകേള്‍ക്കാം. അകാരണമായ ഏതോ ഒരു ശാന്തിയും സമാധാനവും ആ വിശ്വാസത്തിലൂടെ നമുക്ക്‌ അനുഭവിക്കുകയും ചെയ്യും. നേരെമറിച്ച്‌ ബുദ്ധി എത്ര അനുകൂലിച്ചാലും ഹൃദയത്തില്‍ ശാന്തിയും സമാധാനവും നല്‍കാത്ത വിശ്വാസം യഥാര്‍ത്ഥമായിരിക്കില്ല. ശുദ്ധമായ ഹൃദയത്തോടെയും പരിശുദ്ധമായ ഉദ്ദേശ്യത്തോടും കൂടി സഞ്ചരിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ യഥാര്‍ത്ഥമായ വിശ്വാസത്തിലേക്ക്‌ എത്തിച്ചേരും. താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന വിശ്വാസ ക്ഷതങ്ങള്‍ക്ക്‌ പോലും അവരുടെ അന്വേഷണത്തെ തടുത്തുനിര്‍ത്താന്‍ കഴിയില്ല. അതേ സമയം നമ്മുടെ ഉദ്ദേശ്യം പരിശുദ്ധമല്ലെങ്കില്‍ യഥാര്‍ത്ഥമായതിനെ കണ്ടാല്‍ പോലും വിശ്വസിക്കാനുള്ള പ്രാപ്തി നമുക്ക്‌ ഉണ്ടാകില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment