Saturday 31 March 2012

[www.keralites.net] മഅ്ദനിയെ മറക്കാന്‍ കഴിയില്ല

 

മഅ്ദനിയെ മറക്കാന്‍ കഴിയില്ല

കോയമ്പത്തൂര്‍, ബംഗളൂരു ജയിലുകളിലായി മഅ്ദനിയുടെ തടവ് ഇന്നേക്ക് 4000 ദിവസം പൂര്‍ത്തിയാവുന്നു

വ്യക്തിസ്വാതന്ത്ര്യമെന്ന അലംഘനീയ മൗലികാവകാശത്തിലധിഷ്ഠിതമാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. എന്നിട്ടും, എന്തുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനി ഇങ്ങനെ എന്ന ചോദ്യം നിരവധി ഇടങ്ങളില്‍നിന്ന് നിരന്തരം കേള്‍ക്കേണ്ടിവരുന്നു. ഉത്തരം പറയേണ്ട കോടതി നിര്‍വികാരമായ നിശ്ശബ്ദതയില്‍ ന്യായങ്ങളില്‍നിന്ന് അകലുമ്പോള്‍ നീതിനിഷേധത്തിന്‍െറ ഇരയായി മഅ്ദനിയുടെ പരിചിതമായ മുഖം സമൂഹമനസ്സില്‍ നിറയുന്നു.
കോയമ്പത്തൂരില്‍ സംഭവിച്ചതിന്‍െറ തനിയാവര്‍ത്തനമാണ് ബംഗളൂരുവില്‍ കാണുന്നത്. രംഗം മാറിയെങ്കിലും കഥയില്‍ മാറ്റമില്ല. സാങ്കേതികമായ കാരണങ്ങളാലോ സംശയത്തിന്‍െറ ആനുകൂല്യത്തിലോ അല്ല കോയമ്പത്തൂരില്‍നിന്ന് മഅ്ദനി വിട്ടയക്കപ്പെട്ടത്. ജാമ്യമില്ലാതെ ഒരു ദശകത്തോളം അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം നിരുപാധികം വിട്ടയച്ചപ്പോള്‍ മര്യാദയുടെ പേരിലെങ്കിലും ആരും ഒരു ഖേദപ്രകടനവും നടത്തിയില്ല. മഅ്ദനി അനുഭവിക്കുന്ന നീതിനിഷേധം പാര്‍ലമെന്‍റിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഞാനുള്‍പ്പെടെയുള്ള എം.പിമാരെ തീവ്രവാദികളുടെ സഹയാത്രികരും സഹായികളുമെന്ന് വിളിച്ചാക്ഷേപിച്ചവരും പ്രതികരിച്ചില്ല. ഇനിയാര്‍ക്കും ഇതു സംഭവിക്കരുതെന്ന പ്രാര്‍ഥനയോടെയാണ് മഅ്ദനി കോയമ്പത്തൂരില്‍നിന്ന് യാത്രയായത്.
പ്രാര്‍ഥന ഫലിച്ചില്ല. പ്രതീക്ഷ അസ്ഥാനത്തായി. കോയമ്പത്തൂരില്‍ പരാജയപ്പെട്ട തിരക്കഥ ബംഗളൂരുവില്‍ തിരുത്തില്ലാതെ പകര്‍ത്തിയെഴുതപ്പെട്ടു. ബംഗളൂരുവിന്‍െറ പ്രാന്തപ്രദേശങ്ങളില്‍ 2008ല്‍ നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനി പ്രതിയാക്കപ്പെടുന്നത് 2010ലാണ്. ആദ്യത്തെ പ്രതി അപ്രത്യക്ഷനായി; കുറ്റപത്രം പിന്‍വലിക്കപ്പെട്ടു. പുതിയ കുറ്റപത്രമുണ്ടായി; അതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ പ്രതികളുണ്ടായി. അവരിലൊരാളുടെ മൊഴിയെ അടിസ്ഥാനമാക്കി മഅ്ദനി മുപ്പത്തിയൊന്നാമത്തെ പ്രതിയായി.
മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണെന്ന സാമാന്യതത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിസ്സംഗതയോടെ പറയുന്നവരുണ്ട്. അപരാധം തെളിയിക്കേണ്ടതും അവിടെത്തന്നെയാണ്. അതിനു പര്യാപ്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടോ എന്ന പരിശോധന പ്രാരംഭഘട്ടത്തില്‍ ഉണ്ടാകണം. ആ പരിശോധന ജാമ്യഹരജിയിലോ വിടുതല്‍ ഹരജിയിലോ ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേകം തയാറാക്കിയ കോടതിയില്‍ മഅ്ദനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒന്ന്: മഅ്ദനിയുടെ പ്രസംഗങ്ങള്‍ കേട്ടും അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ വായിച്ചുമാണ് തീവ്രവാദത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് ഒന്നാം പ്രതി തടിയന്‍റവിട നസീര്‍ നല്‍കിയ മൊഴി. മഅ്ദനി കോയമ്പത്തൂരിലേക്ക് പോകുന്നതിനു മുമ്പുള്ള കാര്യമാണ് നസീര്‍ പറയുന്നത്. കുറ്റകരമായ പ്രസംഗം നടത്തിയതിനോ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിനോ മഅ്ദനി ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗോധ്ര വിഷയമാക്കി മഅ്ദനി നടത്തിയ പ്രസംഗങ്ങള്‍ നസീറിനെ സ്വാധീനിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2002ലാണ് ഗോധ്ര. 1999 മുതല്‍ 2007 വരെ മഅ്ദനി ജയിലിലായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ പ്രകടമായ അസ്വാഭാവികത കോടതികള്‍ പരിശോധിക്കുന്നില്ല. പ്രതിയാക്കപ്പെട്ടയാളുടെ കുറ്റസമ്മതത്തെ അടിസ്ഥാനമാക്കി മറ്റൊരാളെ പ്രതിയാക്കാനാവില്ലെന്ന് നിയമവും സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത് ഓര്‍മിക്കപ്പെടുന്നില്ല.
രണ്ട്: കുടകില്‍ തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ മഅ്ദനി പങ്കെടുത്തുവെന്നതാണ് കൂട്ടത്തില്‍ ഗുരുതരമായ ആക്ഷേപം. കോയമ്പത്തൂരില്‍ നിന്നെത്തിയ മഅ്ദനിക്ക് കേരള പൊലീസിന്‍െറ കാവലുണ്ടായിരുന്നുവെന്ന കാര്യം അറിയാതെയോ ഓര്‍ക്കാതെയോ ആണ് കര്‍ണാടക പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. കാവലുണ്ടായിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതിനോ അവര്‍ സൂക്ഷിക്കാനിടയുള്ള രേഖകള്‍ പരിശോധിക്കുന്നതിനോ കര്‍ണാടക പൊലീസ് തയാറായിട്ടില്ല. സ്വതന്ത്രമായ ചലനശേഷിയില്ലാത്ത മഅ്ദനി ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന മുഖവുമായി എങ്ങനെ കുടകിലെത്തിയെന്ന ചോദ്യത്തിന് വിശദീകരണമില്ല. അദ്ദേഹത്തെ പരിചയമുള്ളവരാരും കുടകില്‍ അദ്ദേഹത്തെ കണ്ടതായി പറഞ്ഞിട്ടില്ല.
മൂന്ന്: ചില പ്രതികള്‍ മഅ്ദനിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചിലര്‍ അദ്ദേഹത്തെ കാണുകയും ചിലരെ അദ്ദേഹം അന്‍വാര്‍ശ്ശേരിയില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇത്രയും തെളിയിക്കുന്നതിനാവശ്യമായ സാക്ഷികളില്‍ ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. ഒരാള്‍ കന്നടയില്‍ രേഖപ്പെടുത്തപ്പെട്ട മൊഴി തന്‍േറതല്ലെന്ന് പറഞ്ഞു കഴിഞ്ഞു. മൂന്നാമന്‍ മഅ്ദനിയുടെ സഹോദരനാണ്.  അദ്ദേഹം കോടതിയോട് പറയാന്‍പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇതൊക്കെയാണ് കുറ്റങ്ങളെങ്കില്‍ ജാമ്യം നിഷേധിക്കേണ്ട ഗൗരവം ഈ കേസിന് എങ്ങനെയുണ്ടായി. സുപ്രീംകോടതിയില്‍ മാര്‍ക്കണ്ഡേയ കട്ജു മാത്രമാണ് ഈ ചിന്ത പരസ്യമായി പ്രകടിപ്പിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായില്ല. മറ്റൊരു ബെഞ്ച് ജാമ്യത്തെക്കുറിച്ച് കേള്‍ക്കാന്‍പോലും തയാറായില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകളാണ് ജാമ്യം നിഷേധിക്കുന്നതിന് കോടതികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, യു.എ.പി നിയമം അനുശാസിക്കുന്നരീതിയില്‍ സര്‍ക്കാറിന്‍െറ അനുമതിയോടെയല്ല പ്രോസിക്യൂഷന്‍ ആരംഭിച്ചതെന്ന ന്യൂനത കോടതികള്‍ ശ്രദ്ധിക്കുന്നില്ല. അന്ത്യവിധിയുടെ നാളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചതുകൊണ്ടോ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തിയതുകൊണ്ടോ ആര്‍ക്കെന്തു പ്രയോജനം? മാഗ്നകാര്‍ട്ട മുതല്‍ പൗരസ്വാതന്ത്ര്യത്തിന്‍െറ ഭാഗമായി കരുതപ്പെടുന്നതാണ് ജാമ്യത്തിനുള്ള അവകാശം. അതാണ് കോയമ്പത്തൂരിലെന്നപോലെ ഇപ്പോള്‍ ബംഗളൂരുവിലും മഅ്ദനിക്ക് നിഷേധിക്കുന്നത്. ജാമ്യം നല്‍കിയാല്‍ നീതിനിര്‍വഹണത്തിന് എന്തു തടസ്സമുണ്ടാകുമെന്ന ചോദ്യത്തിനു ത്തരം പറയാതെയാണ് ജാമ്യാപേക്ഷകള്‍ നിരാകരിക്കപ്പെടുന്നത്. വിസ്താരത്തിനുശേഷമാണ് ശിക്ഷ. ഇപ്പോഴത്തെ തടവ് ശിക്ഷയല്ല; സുഖവാസവുമല്ല. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പൂര്‍ണമായും തെളിഞ്ഞാല്‍ അനുഭവിക്കേണ്ട ശിക്ഷയേക്കാള്‍ കൂടിയ ശിക്ഷ അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് മഅ്ദനിയുടെ ദുര്യോഗം. ശിക്ഷയുടെ കാലാവധിക്ക് കൃത്യതയുണ്ട്. ഇപ്പോഴത്തെ തടവ് അനിശ്ചിതമാണ്. ഇതാണ് ഭരണകൂടത്തിന്‍െറ ഭീകരത. ജുഡീഷ്യറികൂടി പങ്കാളിയാകുന്ന ഈ ഭീകരതക്ക് ഉത്തരവാദികളില്ല.
യു.എ.പി നിയമമനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയല്ല മഅ്ദനി അധ്യക്ഷനായ പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി. എന്നാല്‍, അപ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണ് സി.പി.ഐ -എംഎല്ലും അനുബന്ധ സംഘടനയായ പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പും. അതില്‍പ്പെട്ടയാളാണ് കൊബാദ് ഗാണ്ഡി. ഇയാള്‍ക്കെതിരെ യു.എ.പി നിയമമനുസരിച്ച് ചുമത്തപ്പെട്ട കുറ്റങ്ങള്‍ ദല്‍ഹി ഹൈകോടതി പിന്‍വലിച്ചു. പകരം സാധാരണ നിയമമനുസരിച്ച് വിചാരണ തുടരാനാണ് കോടതിയുടെ നിര്‍ദേശം. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ആവശ്യപ്പെടുന്നത്. പക്ഷേ, ഒരു മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തകന് ലഭിക്കുന്ന ഇളവ് രാഷ്ട്രീയനേതാവും മതപ്രഭാഷകനുമായ മഅ്ദനിക്ക് ലഭിക്കുന്നില്ല.
ഇവിടെയാണ് 'എന്തുകൊണ്ട്' എന്ന ഉത്തരമില്ലാത്ത ചോദ്യം ഉത്തരത്തിനുവേണ്ടി നമ്മെ വിടാതെ പിന്തുടരുന്നത്. യഥാര്‍ഥത്തില്‍ മഅ്ദനിയുടെ ശത്രു ആരാണ്? കര്‍ണാടകയിലെ ബി.ജെ.പിക്കു മാത്രമാണോ മഅ്ദനി അവശ്യവ്യക്തിയാകുന്നത്? നീതിബോധത്താല്‍ നൊമ്പരപ്പെടുന്ന എന്‍െറ മനസ്സിനെ ഈ ചോദ്യം വല്ലാതെ അലട്ടുന്നുണ്ട്. വിധേയനായ പൊലീസുകാരന്‍െറ പേനത്തുമ്പിലും അതിനെ ചലിപ്പിക്കുന്ന അധികാരത്തിന്‍െറ വിരല്‍ത്തുമ്പിലുമാണോ ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന അനുവദിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ നിലനില്‍പ്. അധികാരത്തിന്‍െറ ആരോഹണത്തില്‍ പ്രതിബന്ധമാകുന്ന അസൗകര്യങ്ങളെ ഇത്ര അനായാസം ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അത് നിയമവാഴ്ചയുടെ ദൗര്‍ബല്യമാണ്.
ജയിലില്‍ മഅ്ദനി ഏകനാണ്. അദ്ദേഹത്തെ അവിടെയെത്തിച്ച യെദിയൂരപ്പ ഒരു ദിവസം കൂട്ടിനുണ്ടായിരുന്നു. യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനുള്ള ശ്രമത്തിലാണ്. മഅ്ദനിക്കൊപ്പമുള്ള പ്രതികള്‍ പല ജയിലുകളിലായി മാറ്റപ്പെട്ടിരിക്കുന്നു. ജയിലിനകത്തെ കോടതി ജനാധിപത്യവിരുദ്ധമാണ്. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണ അവിടെ അസാധ്യമാണ്. ഇഴഞ്ഞും വലിഞ്ഞും ഒരു നാള്‍ വിചാരണ പൂര്‍ത്തിയാകും. മഅ്ദനി സ്വതന്ത്രനായി പുറത്തുവരും. പക്ഷേ അപ്പോഴേക്കും തിരക്കഥ മറ്റൊരു പശ്ചാത്തലത്തില്‍ പകര്‍ത്തിയെഴുതപ്പെടില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?
ഇറോം ശര്‍മിളയെപ്പോലെ അബ്ദുന്നാസിര്‍ മഅ്ദനിക്കും നഷ്ടപ്പെടുന്നത് ജീവിതമാണ്. ആ നഷ്ടത്തിനു പരിഹാരമില്ലാത്തതുകൊണ്ടാണ് മഅ്ദനി ഒരു മനുഷ്യാവകാശപ്രശ്നമാകുന്നത്. അതാകട്ടെ, നമ്മെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment