Saturday 24 March 2012

[www.keralites.net] ശെല്‍വരാജിനെ നേരിടാന്‍ നാഗപ്പന് ഭയം; സി.പി.എം സ്ഥാനാര്‍ത്ഥിയ്ക്കായി നെട്ടോട്ടമോടുന്നു

 

 സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ് നെയ്യാറ്റിന്‍കര. എം.എല്‍.എ രാജിവച്ച് പുറത്ത് പോയന്നേ ഉള്ളൂ. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തേണ്ടത് പാര്‍ട്ടിയുടെ അഭിമാന പ്രശ്നവും. എന്നാല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ തേടി വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലം എതിരായതാണ് സി.പി.എമ്മിനെ ഇത്രയധികം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കാരണം പിറവത്ത് പാര്‍ട്ടി ജയം പ്രതീക്ഷിച്ചിരുന്നുവെന്നതാണ് സത്യം. പരാജയം നേരിടേണ്ടി വന്നാല്‍ പോലും നേരിയ മാര്‍ജിന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും പാര്‍ട്ടി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളില്‍ പോലും പിന്നിലായിപ്പോയതിന്റെ കാരണം കണ്ടെത്താനാവാതെ പാര്‍ട്ടി കുഴയുകയാണ്. ഇതാണ് നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും പാര്‍ട്ടിയില്‍ പൊടുന്നനെ അനിശ്ചിതത്വം ഉണ്ടായതും.
പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അങ്ങനെയെങ്കില്‍ സര്‍ക്കാരിനെതിരായ ജനവികാരമാണ് നിലനില്‍ക്കുന്നതെന്ന് വീണ്ടും ചാനലുകളിലൂടെ ആളിക്കത്തിച്ച് നെയ്യാറ്റിന്‍കരയിലും ജയം സ്വന്തമാക്കാമെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വം കരുതിയിരുന്നത്. ആര്‍. ശെല്‍വരാജ്‌ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നും സി.പി.എം കണക്കുകൂട്ടിയിരുന്നു. പിറവം ജയത്തിന്റെ ബലത്തില്‍ ശെല്‍വരാജിനെ നേരിടാന്‍ ആനാവൂര്‍ നാഗപ്പനെ തന്നെ കളത്തില്‍ ഇറക്കാമെന്നുമായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ പദ്ധതി. എന്നാല്‍ കണ്ണൂര്‍ ലോബി പിറവം മുഴുവനും ഉഴുതുമറിച്ചിട്ടും റിപ്പോര്‍ട്ടര്‍, ഇന്ത്യാ വിഷന്‍ ചാനലുകള്‍ 'അതിവിദഗ്‌ദ്ധരുടെ' റിപ്പോര്‍ട്ടുകളും ആരോപണ പ്രവാഹങ്ങളുമായി വന്നിട്ടും യു.ഡി.എഫ് വമ്പന്‍ ജയം നേടി. നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ചാനല്‍ പുലികള്‍ക്ക് ഇപ്പോള്‍ ഫേസ്‌ബുക്കില്‍ പണ്ട് പൃഥ്വിരാജിനും സന്തോഷ് പണ്ഢിറ്റിനും ഉള്ള സ്ഥാനമാണ്. ഇരു ചാനലുകളുടേയും പേരില്‍ പിറവം ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വിശകലനങ്ങളുടെ പേരില്‍ പരക്കുന്ന തമാശകള്‍ക്ക് കണക്കില്ല.

ആര്‍. ശെല്‍വരാജ് പുറത്ത് പോകുന്നതിന് കാരണക്കാരനായ ആനാവൂര്‍ നാഗപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നെയ്യാറ്റിന്‍കര പിടിക്കാമെന്ന് കരുതിയ സി.പി.എം, പിറവത്തെ യു.ഡി.എഫ് ജയം കണ്ടതോടെ നാഗപ്പനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ച് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആനാവൂര്‍ നാഗപ്പന്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കൂടി ആയതിനാല്‍ 'പിറവം ഇഫക്ട്' നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കുകയും കൂടി ചെയ്താല്‍ ഔദ്യോഗികപക്ഷം പൂര്‍ണ്ണമായും തളര്‍ന്നു പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശെല്‍വരാജിനെ, ആനാവൂര്‍ നാഗപ്പന്‍ നേരിടുന്നത് ഒട്ടും അഭികാമ്യമല്ല എന്നും പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട ആര്‍. ശെല്‍വരാജിനെ യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് നിലവിലുള്ളത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച വ്യക്തമായ സൂചനയും നല്‍കി. ധീരമായ രാഷ്ട്രീയ നിലപാടെടുത്ത് സി.പി.എമ്മില്‍ നിന്ന് പുറത്തുവന്ന ശെല്‍വരാജിനെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യത്തില്‍ സദാചാരവിരുദ്ധമായി ഒന്നുമില്ലെന്നും മുമ്പും ഇതുതന്നെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശെല്‍വരാജ് യു.ഡി.എഫ്‌ പിന്തുണയോടെ നെയ്യാറ്റിന്‍കരയില്‍ മത്‌സരിക്കുമെന്ന് ഇതോടെ ഉറപ്പായി. കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നും ഇതില്‍ കെ.പി.സി.സി ചര്‍ച്ച നടത്തണമെന്നുമെല്ലാം പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ തങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന പ്രതീതി പ്രവര്‍ത്തകര്‍ക്കിടയില്‍ ജനിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായേ നേതാക്കന്മാരുടെ ഈ പ്രസ്താവനകള്‍ക്ക് ആയുസ്സുള്ളൂ. ഇത് മനസ്സിലാക്കാനുള്ള വിവേകമുള്ള കാലഘട്ടത്തിലൂടെയാണ് ജനം കടന്നുപോകുന്നതെന്ന് നേതാക്കന്മാര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്ന്‌ പറഞ്ഞാണ് സി.പി.എം ഇപ്പോള്‍ ഒഴിഞ്ഞു മാറുന്നത്. ഏപ്രില്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമേ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചയിലേക്ക് കടക്കുകയുള്ളൂ എന്ന ന്യായമാണ് ഇതിനായി പറയുന്നത്. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയ്ക്ക് പരിഗണിക്കേണ്ടി വരും. നെയ്യാറ്റിന്‍കര പാര്‍ട്ടിക്ക് നിലനിര്‍ത്തണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിശക്തമായ ജയസാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെത്തന്നെ നിറുത്തേണ്ടിവരും.  ആനാവൂര്‍ നാഗപ്പന്‍ പിന്മാറിയാല്‍ ആരുമത്സരിക്കണം എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

സി.പി.എം ഏരിയാ കമ്മിറ്റിയംഗങ്ങളായ പ്രഭാകരന്‍, ബോസ്, തിരുപുറം സ്വദേശി മോഹന്‍ലാല്‍ എന്നിവരെ പരിഗണിച്ചുവെങ്കിലും ഇവര്‍ക്കൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ശെല്‍വരാജിനോട് ഏറ്റുമുട്ടാന്‍ റേഞ്ച് പോരെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. നെയ്യാറ്റിന്‍കര നഗരസഭാ പ്രതിപക്ഷ നേതാവ് ആന്‍സലന്‍, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം സി.കെ ഹരീന്ദ്രന്‍, ഡി.ലോറന്‍സ് എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് അറിയാവുന്നതിലും നല്ലത് ഒരു പുതുമുഖം ആണെന്നുള്ള അഭിപ്രായം പാര്‍ട്ടിയിലുണ്ട്. ഇതിനായി ജനതാപാര്‍ട്ടി മുന്‍ എം.എല്‍.എ എസ്.ആര്‍. തങ്കരാജിന്റെ മകന്‍ അഡ്വ. പ്രദീപിന്റെ പേര് ചില പാര്‍ട്ടി നേതാക്കള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന പ്രദീപ്‌ സ്ഥാനാര്‍ത്ഥിയായാല്‍ പ്രാദേശികമായി പാരകള്‍ പാര്‍ട്ടി ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. പാര്‍ട്ടി അംഗമാണ് പ്രദീപ്.

മുന്‍ എം.എല്‍.എ എസ്.ആര്‍.തങ്കരാജ്‌ ജനതാപാര്‍ട്ടിയുടെ ലേബലില്‍ 1982ലും 87ലും നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ്. കൂടാതെ ജനതാദള്‍ എല്‍.ഡി.എഫിലായിരുന്ന കാലത്ത് നെയ്യാറ്റിന്‍കര അവര്‍ മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു. യു.ഡി.എഫിലേയ്ക്ക്, സ്ഥിരമായി മത്സരിച്ചിരുന്ന ചാരുപാറ രവി ഉള്‍പ്പെടെയുള്ളവര്‍ പോയെങ്കിലും പ്രദീപ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ ദളിലെ കുറേ വോട്ടുകളും സി.പി.എം കണക്കുകൂട്ടുന്നു. എന്നാല്‍ പാര്‍ട്ടി അഭിമാന പ്രശ്നമായി കണക്കാക്കുന്ന മത്സരത്തില്‍ സി.പി.എമ്മിലെ അറിയപ്പെടുന്ന നേതാക്കളില്‍ ആരെങ്കിലും മത്സര രംഗത്ത് ഉണ്ടാവണമെന്നാണ് പാര്‍ട്ടി അണികളുടെ അഭിപ്രായം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment