Saturday 24 March 2012

[www.keralites.net] ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

 

ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Fun & Info @ Keralites.net

സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. തിയേറ്റര്‍ നിറഞ്ഞ് ജനം. എന്‍റെ തൊട്ടടുത്ത സീറ്റില്‍ പുതുതായിക്കിട്ടിയ കൂട്ടുകാരി - ഷോണ അയ്യര്‍. അവളുടെ ഫോണില്‍ ഇടയ്ക്കിടെ വരുന്ന മെസേജ് ബീപുകള്‍. 'ദി കിംഗ് ആന്‍റ് കമ്മീഷണര്‍' എന്ന സിനിമയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. എന്‍റെ ഫോണ്‍ ഞാന്‍ ഓഫ് ചെയ്തുകഴിഞ്ഞു. ഇനി ശല്യങ്ങളില്ലാതെ സിനിമ കാണാം. അവളോടും ഫോണ്‍ ഓഫ് ചെയ്യാന്‍ പറഞ്ഞു. മുഖം കൊണ്ട് രസക്കേട് കാട്ടി ഫോണ്‍ സൈലന്‍റ് മോഡിലിട്ടു സുന്ദരിക്കുട്ടി.

ഏറെക്കാലമായി കേള്‍ക്കുന്ന, കാത്തിരിക്കുന്ന ആ അവതാരങ്ങളുടെ സംഗമം കാണാന്‍ എത്തിയതാണ് ഞങ്ങള്‍. ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരേ മൂവിയില്‍. അത് ത്രസിപ്പിക്കുന്ന കാഴ്ചയായിരിക്കും. അത് ഉജ്ജ്വലമായ കൂടിച്ചേരലായിരിക്കും. അതിലുമുപരി മലയാള സിനിമയിലെ ആക്ഷന്‍ ഉസ്താദുകള്‍ - ഷാജി കൈലാസും രണ്‍ജി പണിക്കരും - വീണ്ടും കൈകൊടുക്കുന്നതിന്‍റെ ആവേശം. അവരുടെ സിനിമ കണ്ട് രോമാഞ്ചം കൊണ്ട് കൈയടിച്ചവരുടെ പ്രതീക്ഷകള്‍. അതെല്ലാമുണ്ട് ഈ സിനിമ തുടങ്ങുന്നതിന്‍റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍.

മലയാളം വെബ്‌ദുനിയയുടെ ഹോം‌പേജില്‍ കുറച്ച് ദിവസങ്ങളായി ഞാന്‍ കാണുന്നുണ്ട് - കിംഗും കമ്മീഷണറും നിറഞ്ഞുവിലസുന്നത്. വായനക്കാരുടെ പ്രതികരണങ്ങള്‍. ഇതൊക്കെ വായിച്ച ശേഷം എഡിറ്ററോട് അങ്ങോട്ട് ആവശ്യപ്പെട്ടു - റിവ്യൂ ഞാന്‍ എഴുതും. ഷോണയ്ക്കൊപ്പം എനിക്കും സീറ്റ് അറേഞ്ച് ചെയ്യുക.

സിനിമ തുടങ്ങി. പാകിസ്ഥാന്‍ ചാരസംഘടനയുടെ തലവന്‍ റാണ(ഫുള്‍ നെയിം നാവില്‍ വരുന്നില്ല)യുടെ കറാച്ചിയിലെ പരിശീലന കേന്ദ്രം. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി ആക്രമണം നടത്താനുള്ള കുട്ടികളുടെ അന്തിമ പരിശീലനക്കളരിയാണത്. പരിശീലനത്തിനിടെ ഉന്നം‌പിഴച്ച ഒരു സംഘാംഗത്തിന്‍റെ നെറ്റിയില്‍ ബുള്ളറ്റ് കൊണ്ട് മറുപടി കൊടുത്തു റാണ. തകര്‍പ്പന്‍ ആരംഭം. സ്റ്റണ്ണിംഗ് വിഷ്വല്‍‌സ്. ഷാജി കൈലാസിന്‍റെ കൈയൊപ്പ് പതിഞ്ഞ ഷോട്ടുകള്‍.


Fun & Info @ Keralites.net

ദി കിംഗ്, കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ് എന്നീ സിനിമകള്‍ കണ്ടിട്ടുള്ളവരോട് ഒരുവാക്ക്. ആ ഒരു പ്രതീക്ഷ വച്ചാണ്, ആ ഫയര്‍ ആശിച്ചാണ് 'ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍' എന്ന ഈ സിനിമ കാണാന്‍ തിയേറ്ററില്‍ കയറുന്നതെങ്കില്‍ - പച്ച മലയാളത്തില്‍ പറയട്ടെ - വല്ലാതെ സങ്കടപ്പെട്ടുപോകും. ഭരത്ചന്ദ്രനും ജോസഫ് അലക്സും ഒരുമിച്ചുവരുന്നതിന്‍റെ ആവേശമൊക്കെ ആദ്യ ഒരുമണിക്കൂറില്‍ കെട്ടടങ്ങിപ്പോകും. പിന്നെ ഉള്ളില്‍ ഒരു അസ്വസ്ഥതയാണ്. മൂന്നര മണിക്കൂര്‍ നേരം തിയേറ്ററിലെ തണുപ്പില്‍ കെട്ടിയിട്ട് മിനിറ്റിന് മിനിറ്റിന് കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് കേള്‍ക്കേണ്ടിവരുന്നതിന്‍റെ അസ്ക്യത. അതിനപ്പുറത്ത് അവസാനിക്കാത്ത അന്വേഷണങ്ങള്‍, ചോദ്യം ചെയ്യലുകള്‍, അടി, വെടിവയ്പ്. തലയ്ക്കുള്ളില്‍ ഒരു ഒരുപാട് ബോംബുകള്‍ നിരനിരയായി പൊട്ടുന്നതിന്‍റെ അസഹ്യത. ക്ഷമകെട്ട് ഇറങ്ങിപ്പോരാന്‍ പറ്റില്ല, എഡിറ്ററോട് വാക്കുപറഞ്ഞതാണ്.

രണ്‍ജി പണിക്കരുടെ മുന്‍ സിനിമകളുടെ തിരക്കഥകളില്‍, കിംഗ് തന്നെയെടുക്കാം, ആ സിനിമയില്‍ ഒരു ഒന്നര മണിക്കൂര്‍ ഡയലോഗുകള്‍ കൂടി എഴുതിച്ചേര്‍ത്ത് ചിത്രീകരിച്ചാല്‍ എങ്ങനെയിരിക്കും. അതുപോലെയാണ് ഈ സിനിമ. ഇത് സിനിമയല്ല, ഒരു മത്സരമാണ്. ഭരത്ചന്ദ്രന്‍ ഒരു ഡയലോഗ് പറയുമ്പോള്‍ അതിനെ മറികടക്കുന്ന വെടിക്കെട്ട് ജോസഫ് അലക്സ് പൊട്ടിച്ചല്ലേ പറ്റൂ. അല്ലെങ്കില്‍ താരങ്ങളുടെ ഫാന്‍സ് പൊറുക്കില്ല. ബാലന്‍സ് നഷ്ടപ്പെട്ടുപോകും. താരങ്ങളുടെ ഇമേജ് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ തിരക്കഥാകൃത്തും സംവിധായകനും ബദ്ധപ്പെടുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. മലയാള സിനിമയിലെ കൊമേഴ്സ്യല്‍ തമ്പുരാക്കന്‍‌മാര്‍ പതിനാറ് വര്‍ഷത്തിന് ശേഷം ഒന്നിച്ചപ്പോള്‍ കാത്തിരുന്ന മലയാളികള്‍ക്ക് ഈ സിനിമ ഒരു സന്തോഷവും തരുന്നില്ല. ഒരു ത്രില്ലും സമ്മാനിക്കുന്നില്ല. കഥയില്ലാതെ, പുതുമയുള്ള രംഗങ്ങളില്ലാതെ, പുത്തന്‍ കാഴ്ചകളില്ലാതെ മടുപ്പിക്കുന്ന തിരക്കഥയില്‍ കുത്തിനിറച്ച സംഭാഷണ വര്‍ഷം.

മമ്മൂട്ടിയോ സുരേഷ്ഗോപിയോ നിരന്ന് നിന്ന് അലറിവിളിച്ചാല്‍ പ്രേക്ഷകര്‍ കൈയടിച്ച് ആഘോഷമാക്കും എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഈ സിനിമയുണ്ടായതെന്ന് നിസംശയം പറയാം. ജനങ്ങള്‍ നല്ല സിനിമകള്‍ കണ്ടുതുടങ്ങിയത്, മലയാളിത്തമുള്ള സിനിമകളെ കൂടുതലായി ഇഷ്ടപ്പെട്ട് തുടങ്ങിയത് കളക്ടറുടെയും കമ്മീഷണറുടെയും സ്രഷ്ടാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. മൂന്നരമണിക്കൂര്‍ തലവേദന നല്‍കുന്ന ഒരു പ്രൊഡക്ടിന് ഇരയായതിന്‍റെ ദുഃഖത്തില്‍ തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ചെയറിന്‍റെ കൈപ്പിടിയില്‍ വിരലുകള്‍ ചുരുട്ടി ആഞ്ഞിടിച്ചു!


Fun & Info @ Keralites.net

പാകിസ്ഥാന്‍ ചാരസംഘടനയുടെ തലവന്‍ റാണ ഇന്ത്യയിലേക്ക് വരുന്നതിന് പിന്നില്‍ ചില ഉദ്ദേശലക്‍ഷ്യങ്ങളുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി(മോഹന്‍ അഗാഷെ)യെ വധിക്കുക. പകരം ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് ദി അയണ്‍ മാന്‍ ബ്യൂറോക്രാറ്റ് രാമന്‍ മാധവന്(ജയന്‍ ചേര്‍ത്തല) പ്രധാനമന്ത്രിയാകാനുള്ള അവസരമൊരുക്കുക. അതിലൂടെ ഇന്ത്യയുടെ മൊത്തം അധികാരം പാഡുബിദ്രി വീരഭദ്ര ചന്ദ്രമൌലീശ്വര മഹാരാജ് എന്ന ചന്ദന്‍ബാബ(സായി കുമാര്‍)യുടെ കൈക്കുള്ളില്‍ വച്ചുകൊടുക്കുക. പിന്നീട് ആയുധ വാണിഭത്തിന്‍റെ, പണമൊഴുക്കിന്‍റെ എല്ലാം കുത്തക കൈപ്പിടിയിലാക്കുക.

ഈ ലക്‍ഷ്യവുമായി പാകിസ്ഥാനില്‍ നിന്ന് ഒരു ടീം വരുന്നുണ്ടെന്ന് അന്തരീക്ഷത്തില്‍ നിന്ന് പിടിച്ചെടുത്തു ഇന്ത്യയുടെ ഇന്‍റലിജന്‍സ് വിംഗിലെ സയന്‍റിസ്റ്റും(നെടുമുടി വേണു) സഹായി എമ്മ ജോണ്‍സണും. അതിന്‍റെ ഫലം ഇരുവര്‍ക്കും നടുറോഡില്‍ അതിദയനീയമായ മരണം. ശങ്കര്‍ രാമദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് (ദേവന്‍) ആ കൃത്യം തന്‍റെ കുട്ടികളെക്കൊണ്ട് ഭംഗിയായി ചെയ്യുന്നത്. ഒപ്പം ചന്ദന്‍ബാബയുടെ കൈകളാല്‍ മറ്റൊരു സയന്‍റിസ്റ്റും(വിജയ് മേനോന്‍) മരണത്തിന് കീഴടങ്ങുന്നു. കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്രമന്ത്രി ജി കെ(ജനാര്‍ദ്ദനന്‍) തന്‍റെ വിശ്വസ്തനായ ജോസഫ് അലക്സിനെ(മമ്മൂട്ടി) ഏല്‍പ്പിക്കുന്നു. ജോസഫിനെ സഹായിക്കാന്‍ ഭരത്ചന്ദ്രനെ(സുരേഷ്ഗോപി)യും.

ഇരുവരും അന്വേഷണം തുടങ്ങിയതിന് ശേഷം പിന്നീട് കൊലപാതകങ്ങളുടെ നീണ്ട നിര തന്നെയാണ് ഉണ്ടാകുന്നത്. പറഞ്ഞാല്‍ തീരില്ല. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ ശവശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍(ടി പി മാധവന്‍, റീന ബഷീര്‍), ചന്ദന്‍ ബാബയുടെ മഠത്തിലെ മാതാ, പിന്നെ സാക്ഷാല്‍ ശങ്കര്‍ രാംദാസ്, ബിജു പപ്പനും സുധീര്‍ കരമനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍, അങ്ങനെ എല്ലാവരെയും കൊല്ലുകയാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും ആക്രമണങ്ങളെയും പുല്ലുപോലെ നേരിട്ട് ഭരത്ചന്ദ്രനും ജോസഫ് അലക്സും വിജയം നേടുന്നു.

Fun & Info @ Keralites.net

ഈ സിനിമയില്‍ മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും സംഭാവന എന്താണ്? അവര്‍ക്കല്ലേ ഫുള്‍ ക്രെഡിറ്റും നല്‍കേണ്ടത്. വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട് താരങ്ങള്‍. നിര്‍ത്താതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഡയലോഗുകള്‍ വായ നിറച്ച് പറഞ്ഞ് ബുദ്ധിമുട്ടിക്കാണും. പിന്നെ ഇടയ്ക്കിടെ നല്ല ഉഗ്രന്‍ സ്റ്റണ്ട് രംഗങ്ങള്‍. ശാരീരികമായി ഏറെ അധ്വാനം ഇരുവര്‍ക്കും വേണ്ടിവന്നു. അതിനെ മാനിക്കണം. ഇരുവര്‍ക്കും കൊടുത്ത കഥാപാത്രങ്ങളെ നന്നാക്കാന്‍ പരമാവധി ശ്രമിച്ചു.

ഭരത്ചന്ദ്രനാണോ ജോസഫ് അലക്സാണോ മുമ്പില്‍ നില്‍ക്കുന്നത് എന്ന് പറയുക പ്രയാസം. ഇരുവര്‍ക്കും ഈക്വല്‍ ഇം‌പോര്‍ട്ടന്‍സാണ്. ഭരത്ചന്ദ്രന് പഴയ തീ ഒട്ടും നഷ്ടമായിട്ടില്ല. വല്ലാത്ത ഒരു ഊര്‍ജ്ജമുണ്ട് ആ പ്രകടനത്തിന്. എന്നാല്‍ ജോസഫ് അലക്സിന്‍റെ കരുത്ത് ഇടയ്ക്ക് ചോര്‍ന്ന് പോകുന്നതുപോലെ ഫീല്‍ ചെയ്തു. പിന്നെ കെ പി എ സി ലളിതയും(ജോസഫിന്‍റെ അമ്മ), മന്ത്രി ജി കെയുടെ മകള്‍ നന്ദ(സംവൃത സുനില്‍)യും വരുന്ന രംഗങ്ങള്‍ സിനിമയെ ദുര്‍ബലമാക്കി. തീ പാറുന്ന രംഗങ്ങള്‍ ആവശ്യമുള്ള ഒരു സിനിമയില്‍ കഥയില്‍ ഒരു തരത്തിലും സഹായകമാകാത്ത ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ഈ സിനിമയില്‍ കുറേ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയിരുന്നെങ്കില്‍ പ്രധാനകഥ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവന്നേനേ. ക്ഷമയെ പരീക്ഷിക്കുന്ന ഒരു ചിത്രമല്ലാതാക്കി മാറ്റാനെങ്കിലും അത്തരം നടപടികള്‍ സഹായിക്കും.

സായികുമാറിന്‍റെ പ്രകടനം ഗംഭീരമാണ്. ചന്ദന്‍‌ബാബയായി തകര്‍ത്തഭിനയിച്ചു അദ്ദേഹം. സായി വരുന്ന രംഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഒരു റിലീഫ്. ബിജു പപ്പന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസര്‍ നന്നായി. ഒരു ഡെപ്ത് അനുഭവപ്പെട്ടു. അതുപോലെ, അലി ഇമ്രാന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ അവതരിപ്പിച്ച നടന്‍(സീരിയല്‍ നടനാണ്, പേരോര്‍മ്മയില്ല) മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ബാക്കിയെല്ലാം അതുപോലെ, ഒരുമാറ്റവുമില്ല, തനി രണ്‍ജിക്കഥാപാത്രങ്ങള്‍. പുതുമ ലവലേശമില്ല.

Fun & Info @ Keralites.net

ഒരു നല്ല കഥയില്ലാതെ പോയതാണ് 'ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍' എന്ന സിനിമയുടെ ന്യൂനത. പറയാനുദ്ദേശിച്ച കഥയ്ക്ക് ആഴമില്ലാതെപോയി. പ്രധാനമന്ത്രിയെ കൊലപ്പെടുത്തി വേറൊരാളെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കം, അതിന്‍റെ ഗൂഢാലോചന ഇതൊക്കെ പറയുമ്പോള്‍ ആരുടെ മുമ്പിലാണ് ഇതൊക്കെ അവതരിപ്പിക്കുന്നത് എന്ന ബോധം മനസില്‍ നിര്‍ത്തേണ്ടിയിരുന്നു. മലയാളികള്‍ ജോസഫ് അലക്സിനെപ്പോലെ തന്നെയാണ്. ആരെയും ചോദ്യം ചെയ്യും. എന്തിനെയും ചോദ്യം ചെയ്യും. അവര്‍ക്ക് മുന്നില്‍ ഈ ഗിമ്മിക്സ് ചെലവാകില്ല.

ഷാജി കൈലാസ് ഒരു സംവിധായകന്‍ എന്ന നിലയില്‍, നന്നായി ഷോട്ടുകള്‍ കമ്പോസ് ചെയ്തു. ആംഗിളുകളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ തിരക്കഥയില്‍, കഥയുടെ സമ്പൂര്‍ണതയില്‍ ശ്രദ്ധകൊടുത്തില്ല. ഒരു സിനിമയാക്കി മാറ്റിയെടുക്കുന്നതില്‍ തികഞ്ഞ പരാജയം. ആഗസ്റ്റ് 15ല്‍, ദ്രോണയില്‍, റെഡ് ചില്ലീസില്‍, അലിഭായിയില്‍ ഒക്കെ സംഭവിച്ച പാളിച്ചകള്‍ ഒട്ടും കുറവില്ലാതെ അദ്ദേഹത്തിന്‍റെ പ്രസ്റ്റീജ് ചിത്രത്തിലും ആവര്‍ത്തിച്ചു. വീഴ്ചകളില്‍ നിന്ന് പഠിക്കുകയല്ല, കൂടുതല്‍ ആഴത്തിലേക്ക് വീഴുകയാണ് ഈ സംവിധായകന്‍ എന്ന് പറയേണ്ടിവന്നതില്‍ വിഷമമുണ്ട്.

ടെക്നിക്കല്‍ സൈഡില്‍ കിംഗ് ആന്‍റ് കമ്മീഷണര്‍ മെച്ചമാണ്. എന്നാല്‍ ചില സ്ഫോടനരംഗങ്ങള്‍ ഗ്രാഫിക്സ് ചെയ്തത് ബോറായി. എഡിറ്റിംഗും ഛായാഗ്രഹണവും ഗംഭീരം, ചടുലം. പക്ഷേ ലാഗ് ചെയ്യുന്ന സീനുകളായതിനാല്‍ ആ ചടുലത അധികം അനുഭവപ്പെടുന്നില്ല എന്നുമാത്രം.

ക്ലൈമാക്സില്‍ ശത്രുക്കളെയെല്ലാം നിഗ്രഹിച്ച് വിജയശ്രീലാളിതരായി, വീരപുരുഷന്‍‌മാരായി മടങ്ങിയെത്തുന്ന ജോസഫ് അലക്സിനും ഭരത്ചന്ദ്രനും പ്രധാനമന്ത്രി ഒരു ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. അടുത്ത മിഷന്‍ - അണ്ടര്‍വേള്‍ഡ് ഡോണ്‍ 'ഡി'. അതായത് ദാവൂദ് ഇബ്രാഹിമിനെ ലക്‍ഷ്യം വയ്ക്കുക. എന്‍റെ ദൈവങ്ങളേ, അധികം വൈകാതെ മലയാളികള്‍ അതിനും സാക്‍ഷ്യം വഹിക്കേണ്ടി വരും!

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment