ചോദ്യശരങ്ങളുമായി കുട്ടികള്‍, സരസനായി അടൂര്‍
കെ.ആര്‍.ബാബു
മലയാള സിനിമയെ ലോക സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കുട്ടികളുടെ
ചോദ്യങ്ങള്‍ക്കുമുന്നില്‍ സരസമായി ഉത്തരം നല്‍കി. കലോത്സവത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി ഹാളിലാണ് 'വരൂ; അടൂരിലേക്ക് പോകാം' എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സംവദിക്കാന്‍ കുട്ടികള്‍ക്ക് വേദിയൊരുക്കിയത്.
അടൂരിന്റെ സിനിമ, ജീവിതം, മലയാളസിനിമ നേരിടുന്ന പ്രതിസന്ധി, കുട്ടികള്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്, സാഹിത്യസൃഷ്ടികളില്‍നിന്ന് സിനിമയ്ക്ക് വിഷയം കണ്ടെത്തുമ്പോഴുള്ള പ്രതിസന്ധി തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് കുട്ടികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നത്. ജില്ലയിലെ 24 സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
? ദേശീയ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഇല്ലാതാകുന്നത് എന്തുകൊണ്ട്
* കേരളീയ സമൂഹത്തിന്, ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1972 ലാണ് 'സ്വയംവരം' റിലീസ് ചെയ്തത്. സാമ്പത്തികമായി നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു അത്. ഇതിനുമുമ്പ് 65ല്‍ 'ചെമ്മീന്‍' പ്രദര്‍ശനത്തിനെത്തിയപ്പോഴും അന്നത്തെ സൂപ്പര്‍ഹിറ്റായിരുന്നു. അതു കഴിഞ്ഞ് 1996 ലാണ് 'കഥാപുരുഷ'ന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍, ഇത് ജനങ്ങള്‍ ഉള്‍ക്കൊണ്ടില്ല. ആര്‍ട്ട് സിനിമയുടെ മന്ദതാളം എന്നാണ് പറയുന്നത്.
? താങ്കളുടെ സിനിമകളില്‍ പാട്ടിന് പ്രാധാന്യം ഇല്ലല്ലോ
* കലാസൃഷ്ടികളില്‍ എന്താണ് ഉള്ളത് എന്നാണ് നോക്കേണ്ടത്. എന്ത് ഇല്ല എന്നല്ല. പാട്ട് പഠിച്ചവരൊന്നും എന്റെ സിനിമയില്‍ ഉണ്ടാകാറില്ല. നാട്ടില്‍ പാട്ടുപാടി നടക്കുന്നവരെയൊന്നും ഞാന്‍ കണ്ടിട്ടില്ല. നാട്ടില്‍ പാടിനടക്കുന്നത് പെണ്‍കുട്ടികളാണെങ്കില്‍ അവരെ ഭ്രാന്താസ്പത്രിയിലാക്കുകയും ആണ്‍കുട്ടികളാണെങ്കില്‍ പോലീസ് സ്റ്റേഷനിലാക്കുകയുമാണ് ചെയ്യുക. ജീവിതവുമായി ബന്ധമില്ലാത്തതുകൊണ്ടാണ് പാട്ടിനെ ഒഴിവാക്കുന്നത്.
?കുട്ടികള്‍ സിനിമ ചെയ്താല്‍ നന്നാവില്ല എന്നാണോ പറയുന്നത്
* സിനിമ ചെയ്യുന്നതിനുമുമ്പ് ജീവിതത്തെക്കുറിച്ച് പഠിക്കണം. സിനിമയെടുക്കാനുള്ളതല്ല സ്‌കൂള്‍ ജീവിതം. നല്ല കൃതി വായിക്കുമ്പോള്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. കിട്ടിയതെല്ലാം വായിക്കണം. വാശിയോടുകൂടി വായിക്കണം. സ്‌കൂളില്‍നിന്ന് സിനിമയെടുക്കാന്‍ പോകുന്നത് തെറ്റായ പ്രേരണയാണ്. ഇവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതും തെറ്റാണ്.
? അടൂര്‍ എന്ന പ്രദേശം സ്വന്തം സിനിമകളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്
* എന്റെ സിനിമകളില്‍ ഉള്ളതെല്ലാം അടൂരിനെക്കുറിച്ചാണ്. അടൂരില്‍നിന്ന് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കേരളമാണ്.
? താങ്കളുടെ സിനിമകളില്‍ ദൃശ്യഭാഷയ്ക്കാണ് പ്രാധാന്യം;
മറ്റ് സിനിമകളില്‍ സംഭാഷണങ്ങള്‍ക്കാണ് പ്രാധാന്യം. എന്തുകൊണ്ടാണിങ്ങനെ
* ദൃശ്യം മാത്രമല്ല സംഭാഷണങ്ങളും ഉണ്ട്. നാം ഉണര്‍ന്നിരിക്കുന്നതില്‍ 12 മണിക്കൂറും സംസാരിക്കുന്നില്ലല്ലോ. കുറച്ചുസമയം മാത്രമാണ് സംസാരിക്കുന്നത്. മറ്റ് സിനിമകളില്‍ അരമിനിറ്റ് പോലും സംസാരിക്കാതിരിക്കുന്നില്ല. സിനിമ കാണുകയല്ല, കേള്‍ക്കുകയാണ് ചെയ്യുന്നത്. ഒരുപാട് പറയുമ്പോള്‍ പറച്ചില്‍ മാത്രമേ ഉണ്ടാവൂ. ഉള്ളില്‍ ഒന്നും ഉണ്ടാവുകയില്ല.
? സംവിധായകന്‍ തന്നെ തിരക്കഥാകൃത്താകുമ്പോള്‍ ഉണ്ടാകുന്ന ഗുണം എന്താണ്
* വേറൊരാള്‍ എഴുതുമ്പോള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ പടമെടുക്കാം. ഞാന്‍ എന്റെ സിനിമയില്‍ എന്തെല്ലാം ഉണ്ടാകണം എന്ന് മനസ്സില്‍ക്കണ്ടാണ് തിരക്കഥ തയ്യാറാക്കുന്നത്. അത് മറ്റൊരാള്‍ക്ക് ചെയ്യാനാകില്ല.
? സിനിമയില്‍ സംവിധായകനാണ് പ്രധാന റോള്‍.
സിനിമ ഇപ്പോള്‍ നടന്മാരുടെ കയ്യിലേക്കാണല്ലോ പോകുന്നത്
* സംവിധായകന്റെ മേധാശക്തിയാണ് ആ സിനിമയില്‍ വരുന്നത്. ഫിലിം മേക്കറാണ് സംവിധായകന്‍.
? കുട്ടിക്കാലത്ത് സ്പീല്‍ബര്‍ഗ് ഡോക്യുമെന്ററി ചെയ്തിരുന്നത്
പിന്നീട് പ്രോത്സാഹനമായെന്ന് പറയുന്നുണ്ട്. എന്നാല്‍ താങ്കള്‍ പറയുന്നു,
കുട്ടിക്കാലത്ത് സിനിമയെടുക്കരുതെന്ന്
* കുട്ടികളായിരിക്കുമ്പോള്‍ സിനിമയെടുത്ത് മത്സരിക്കുന്നത് അപകടമാണ്. ചെയ്യാന്‍ പാടില്ലാത്തതാണ്. അപൂര്‍വ്വം ചിലര്‍ പ്രഗല്ഭമതികളാകാം. ഇത് ജ്വരമായി ബാധിപ്പിക്കരുത്. വാസനയുള്ളവര്‍ ചെയ്യും. അത് നിര്‍ബന്ധമാക്കരുത്.
?ആര്‍ട്ട് സിനിമകളും കമേഴ്‌സ്യല്‍ സിനിമകളും തമ്മിലുള്ള വേര്‍തിരിവ് എന്താണ്
* ആവശ്യക്കാര്‍ക്ക് അനുസരിച്ച് പടച്ചുകൊടുക്കുന്നതാണ് കമേഴ്‌സ്യല്‍ സിനിമ. അയാള്‍ ഒരു പാചകക്കാരനാണ്. അയാളെ നല്ല സിനിമാക്കാരനായി തെറ്റിദ്ധരിക്കരുത്.
? മോശമായി സിനിമ ചെയ്ത ഒരാള്‍ മാത്രം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ
* ഇയാളേക്കാള്‍ വഷളന്മാര്‍ എത്രയോ ഉണ്ട്.
║ ▌│█║▌║│ █║║▌█ ║
╚»+91 9447146641«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment