ധര്‍മ്മ ഏവ പരം ദൈവം ധര്‍മ്മ ഏവ മഹാധനം ധര്‍മ്മസ്സര്‍വ്വത്ര വിജയീ ഭവതു ശ്രേയസേ നൃണാം ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; പരം – പ്രപഞ്ചത്തിനാദികാരണമായ; ദൈവം-പരബ്രഹ്മം; ധര്‍മഃ ഏവ – ധര്‍മം തന്നെയാണ്; മഹാധനം-ഏറ്റവും വലിയ സമ്പത്ത്; ധര്‍മഃ സര്‍വത്ര – ധര്‍മം എല്ലായിടത്തും; വിജയീ-വിജയം കൈവരിക്കുന്നു; നൃണാം ശ്രേയസേ – അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക് മോക്ഷത്തിനായി; ഭവതുഃ – ഉപകരിക്കുമാറാകട്ടെ. ധര്‍മം തന്നെയാണ് പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം. ധര്‍മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. അങ്ങനെയുള്ള ധര്‍മം മനുഷ്യര്‍ക്ക് മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ. ധര്‍മ ഏവ പരം ദൈവം നിലനില്‍പ്പിന്റെ ഭാഗങ്ങളായി കര്‍മം, ബ്രഹ്മം ഇങ്ങനെ രണ്ടെണ്ണമേ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വേര്‍തിരിയുന്നുള്ളൂ. കര്‍മത്തിന്റെ വിവിധ രൂപങ്ങളാണ് പ്രപഞ്ചം.ഈ കര്‍മത്തിനധിഷ്ഠാനമാണ് ബ്രഹ്മം. ഇങ്ങനെയിരിക്കെ എന്താണ് ധര്‍മം? സത്യമറിയാതെ കുഴങ്ങുന്ന വലിയ ചിന്തകന്മാര്‍ക്കുപോലും വ്യക്തമായ ഒരു നിര്‍വചനം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യനിഷ്ഠനായ ഗുരുദേവനാകട്ടെ ഇവിടെ ആദ്യത്തെ വരിയില്‍ത്തന്നെ ധര്‍മത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുന്നു. പ്രപഞ്ചത്തിനാദികാരണമായ പരബ്രഹ്മം തന്നെയാണ് ധര്‍മം. ധരിക്കുന്നത് 'ധര്‍മം' എന്നാണല്ലോ ധര്‍മ പദത്തിനര്‍ത്ഥം. കര്‍മരൂപേണ കാണപ്പെടുന്ന പ്രപഞ്ചത്തെ ധരിക്കുന്നത് ബ്രഹ്മമാണെന്നു വേദാന്തശാസ്ത്രത്തിനു തെളിഞ്ഞിട്ടുണ്ട്. സദാചാരങ്ങളാണ് ധര്‍മമെന്നു പ്രസിദ്ധിയുണ്ടല്ലോ, അതോ? അതോ, സത്ത് ബ്രഹ്മസ്വരൂപമാണല്ലോ. ബ്രഹ്മം ധര്‍മമായതുകൊണ്ട് ബ്രഹ്മത്തോടടുപ്പിക്കുന്ന കര്‍മത്തെയും ധര്‍മമെന്നു ലാക്ഷണികമായി പറയാം. സത്തിനോടടുപ്പിക്കുന്ന കര്‍മമാണ് സദാചാരം. സത്യത്തില്‍നിന്നും അകറ്റികളയുന്ന കര്‍മം അധര്‍മവും. അപ്പോള്‍ ഭേദചിന്തയകറ്റി ഏകത്വത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഏതു കര്‍മവും ധര്‍മമാണ്. ദാനാദികര്‍മങ്ങള്‍പോലും ഭേദചിന്തയ്ക്കും അഹങ്കാരത്തിനും ശക്തികൂട്ടി സത്യത്തില്‍ നിന്നും അകറ്റുന്നതായാല്‍ അത് അധര്‍മമാണെന്ന് ഓര്‍ക്കേണ്ടതാണ്. ധര്‍മ ക്ഷേത്രമാണ് പ്രപഞ്ചം. പരമാത്മാവിന്റെ ശരീരമാണ് പ്രപഞ്ചമെന്നര്‍ത്ഥം. ഭഗവദ്‌ഗീത തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചിട്ടുള്ള 'ധര്‍മക്ഷേത്ര' പദം ഈ നിലയില്‍ താല്പര്യ നിര്‍ണ്ണയം ചെയ്യപ്പെടേണ്ടതാണ്. ധര്‍മത്തിന് ഗ്ലാനി വരുമ്പോഴും അധര്‍മത്തിന് അഭ്യുത്ഥാനം സംഭവിക്കുമ്പോഴും താന്‍ അവതരിക്കുമെന്നും ഭഗവാന്‍ പ്രഖ്യാപിക്കുന്നതും ഈ പശ്ചാത്തലത്തില്‍ ധരിക്കേണ്ടതാണ്. അദ്വൈതബോധത്തിന് മങ്ങല്‍തട്ടി ദ്വൈതബോധത്തിന് ശക്തി കൂടുമ്പോള്‍ ഈശ്വരബുദ്ധി ഉറപ്പിക്കാനായി ഏതെങ്കിലും രൂപത്തില്‍ താന്‍ വന്നെത്തുമെന്ന് താല്പര്യം. സത്യത്തോടടുക്കാന്‍ അതെത്രകണ്ട് സഹായിക്കുന്നു എന്നുമാത്രമാണ് ഒരു കര്‍മത്തെ ധര്‍മമാക്കി മാറ്റുന്നത്. ധര്‍മത്തിന്റെ അഥവാ ബ്രഹ്മത്തിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ കര്‍മം മുഴുവന്‍ മറഞ്ഞുപോകുമെന്നും ഓര്‍ക്കേണ്ടതാണ്. ധര്‍മ ഏവ മഹാധനം ധര്‍മമാണ് ഏറ്റവും വലിയ സമ്പത്ത്. എന്തിനാണൊരാള്‍ സമ്പത്ത് സഞ്ചയിക്കുന്നത്? സുഖം കണ്ടെത്താന്‍. ബ്രഹ്മം ഒന്നുമാത്രമാണ് സുഖസ്വരൂപം. ഭൗതിക സമ്പത്തുകൊണ്ടനുഭവിക്കുന്ന ക്ഷണികസുഖങ്ങള്‍പോലും ബ്രഹ്മാനന്ദത്തിന്റെ ലേശങ്ങള്‍ മാത്രമാണ്. അപ്പോള്‍ ബ്രഹ്മലാഭമാണ് ഏറ്റവും വലിയ സമ്പത്തെന്നു പറയേണ്ടതില്ലല്ലോ. അതിനു സഹായിക്കുന്ന ധര്‍മരൂപമായ കര്‍മവും വലിയ സമ്പത്താണ്. അര്‍ത്ഥകാമങ്ങള്‍ ധര്‍മരൂപമായ കര്‍മത്തിനും ധര്‍മം മോക്ഷത്തിനും വഴിതെളിക്കണം. അപ്പോള്‍ മാത്രമേ അര്‍ത്ഥകാമങ്ങള്‍ക്ക് പുരുഷാര്‍ത്ഥസിദ്ധിയുള്ളൂ. മഹാഭാരതത്തിലെ മാഹാത്മ്യകഥനത്തില്‍ സൂതന്‍ പറയുന്നത് നോക്കുക: ഊര്‍ദ്ധ്വബാഹുര്‍വിരൗമേഷ ന ച കശ്ചിച്ഛൃണോതിമേ ധര്‍മാദര്‍ത്ഥശ്ചകാമശ്ച സ കിമര്‍ഥം ന സേവ്യതേ. 'കൈപൊക്കി ഞാനിതാ വിളിച്ചുപറയുന്നു. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല. ധര്‍മത്തിലൂടെ മാത്രമേ അര്‍ത്ഥകാമങ്ങള്‍ സഫലമാവൂ. പിന്നെന്തുകൊണ്ട് ആ ധര്‍മം അനുസരിക്കപ്പെടുന്നില്ല'. ഭാഗവതം ആദ്യംതന്നെ പ്രഖ്യാപിക്കുന്നതിങ്ങനെയാണ്. അര്‍ത്ഥകാമങ്ങളെ ധര്‍മപരമാക്കാനും ധര്‍മ്മത്തെ മോക്ഷലക്ഷ്യത്തിലെത്തിക്കാനും ഒരൊറ്റ വഴിയേയുള്ളൂ. നിലയ്ക്കാത്ത തത്ത്വജിജ്ഞാസ. എന്താണ് തത്ത്വം? അദ്വൈതാഖണ്ഡബോധമാണ് തത്ത്വം. ധര്‍മസ്സര്‍വ്വത്ര വിജയീ ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും അദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ലാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; 'യതോധര്‍മസ്തതോജയഃ – എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ. ഭവതു ശ്രേയസേ നൃണാം 'ശ്രേയസ്സ്' എന്ന പദത്തിന്റെ നിഷ്കൃഷ്ടമായ അര്‍ഥം ബ്രഹ്മപ്രാപ്തി അഥവാ മോക്ഷം എന്നാണ്. ധര്‍മം മോക്ഷാനുഭവത്തിലെത്തുന്നതാണെന്ന് ഗുരുദേവന്‍ ഈ വരിയില്‍ വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. സത്യബോധം വളര്‍ത്താത്ത കര്‍മമൊന്നും ധര്‍മമല്ല. അവ ജീവിതത്തെ ആയാസപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. "ധര്‍മസ്യ തത്ത്വം നിഹിതം ഗുഹായാം – ധര്‍മ രഹസ്യം ഹൃദയഗുഹയില്‍ ഒളിഞ്ഞിരിക്കുന്നു" എന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ഇക്കാര്യം സൂചിപ്പിക്കാനാണ്. ഹൃദയ ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത് ആത്മാവാണ്. അതിനെ മറമാറ്റി തെളിക്കുന്നതെന്തോ അതാണ് ധര്‍മം. ഇതാണ് ധര്‍മരഹസ്യം. ഇങ്ങനെ ഒരു കൊച്ചു പദ്യത്തില്‍ ധര്‍മ രഹസ്യം മുഴുവന്‍ ഉള്ളടക്കി ഒരു ദിവ്യമന്ത്രം പോലെ നമുക്ക് അനുഗ്രഹിച്ഛരുളിയ അനുകമ്പാനിധിയായ ഗുരുദേവനെ പാദപാതം പ്രണമിക്കാം. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment