തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരളാ കോണ്‍ഗ്രസ്(എം) നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. വിഷയത്തില്‍ കേന്ദ്രത്തില്‍നിന്ന് സംസ്‌ഥാനത്തിന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കുമെന്നായിരുന്നു കേരള കോണ്‍ഗ്രസി (എം) ന്റെ അന്ത്യശാസനം. കേന്ദ്രത്തില്‍നിന്ന് കേരളത്തിന് അനുകൂല നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഭാവിപരിപാടികളിലേക്കാണു കേരളം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭ്യര്‍ഥന മാനിച്ചാണു പ്രക്ഷോഭത്തിനു കേരളാ കോണ്‍ഗ്രസ് (എം) ഇടവേള നല്‍കിയത്. പാര്‍ട്ടി അനുവദിച്ച സമയപരിധി അവസാനിക്കാറായിട്ടും ഇതുവരെ പുതിയ പ്രക്ഷോഭങ്ങള്‍ക്കുള്ള ഒരുക്കങ്ങളൊന്നും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. തിങ്കളാഴ്‌ച പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി ലീഡര്‍ കെ.എം. മാണി ആശുപത്രിയിലായതിനാല്‍ യോഗം വീണ്ടും മാറ്റിവച്ചു. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒരുമാസം തികയുന്ന ദിവസം താന്‍ നിരാഹാരസമരം ആരംഭിക്കുമെന്നു മന്ത്രി പി.ജെ. ജോസഫ് വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞമാസം കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റിയിലും ജോസഫ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള പ്രക്ഷോഭകാര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് എത്രയുംവേഗം തീരുമാനിക്കുമെന്നു മന്ത്രി ജോസഫ് മംഗളത്തോടു പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിലപാടുകള്‍ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുകയാണ്. കേരളത്തിന് ഉറപ്പുനല്‍കി ഒരാഴ്‌ച കഴിയുംമുമ്പു തന്നെ പ്രധാനമന്ത്രി തമിഴ്‌നാടിന് അനുകൂല നിലപാടു സ്വീകരിച്ചു. വിദഗ്‌ധസമിതിയിലെ അംഗമായ സി.ഡി. തട്ടേ പക്ഷാപാതപരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയാറായില്ല. വിദഗ്‌ധസമിതിയെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്‌താവന ഇറക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തില്‍നിന്നു വിശദീകരണം ചോദിക്കാന്‍പോലും പ്രധാനമന്ത്രി തയാറായില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യപ്രകാരം കേന്ദ്ര ദുരന്ത നിവാരണസമിതിയുടെ ഡാം പരിശോധനപോലും പ്രധാനമന്ത്രി തടഞ്ഞു. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന് സംസ്‌ഥാനത്തോടുള്ള പ്രതികൂല നിലപാടിന്റെ സൂചനയാണെന്നാണു പാര്‍ട്ടിയുടെ അഭിപ്രായം. |
No comments:
Post a Comment