Sunday 15 January 2012

[www.keralites.net] വിക്കിനെ എങ്ങനെ മറികടക്കാം

 

വിക്കിനെ എങ്ങനെ മറികടക്കാം

സുപ്രിയ എലിസബത്ത് ചെറിയാന്‍

 

സംസാരിക്കുന്ന ആളിന് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതേരൂപത്തില്‍ത്തന്നെ ശ്രോതാവിന്റെ മുമ്പില്‍ അവതരിപ്പിക്കണമെങ്കില്‍ ഒഴുക്കുള്ള സംസാരം അത്യന്താപേക്ഷിതമാണ്. എന്നാല്‍, പലതരത്തിലുള്ള തടസ്സങ്ങള്‍മൂലം സാധാരണ സംസാരത്തിനുണ്ടാകേണ്ട സ്വാഭാവിക ഒഴുക്ക് ഇല്ലാതെ വരുന്നതിനെയാണ് വിക്ക് എന്ന് പറയുന്നത്. സംസാരത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ പലതരത്തിലാകാം:

ആവര്‍ത്തനങ്ങള്‍
ആവര്‍ത്തനങ്ങള്‍ പല രീതിയില്‍ വരാം. ഉദാ: 'എനിക്ക് പാല്‍ വേണം' എന്ന് വിക്ക് ഉള്ളയാള്‍ പറയുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ ആവര്‍ത്തനങ്ങള്‍ പല രീതിയില്‍ വരാം. ശബ്ദത്തിനുണ്ടാകുന്ന ആവര്‍ത്തനങ്ങള്‍(എ... എ... എനിക്ക് പ്.. പ്... പാല്‍ വേണം). പദത്തിനുണ്ടാകുന്ന ആവര്‍ത്തനങ്ങള്‍ (എനിക്ക്.. എനിക്ക്... പാല്‍... പാല്‍ വേണം). വാക്കുകള്‍ക്കുണ്ടാകുന്ന ആവര്‍ത്തനങ്ങള്‍ (എനിക്ക്... പാല്‍... എനിക്ക്... പാല്‍ വേണം).

സംസാരത്തിന്റെ ഇടയില്‍ നിര്‍ത്തലുകള്‍

സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്ക് ചില വാക്കുകള്‍ പറയുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ അഥവാ ധാരാളം ബുദ്ധിമുട്ടി പൂര്‍ത്തീകരിക്കേണ്ടിവരുന്ന അവസ്ഥ. (ഉദാ: പ്... (ചുണ്ടുകളില്‍ അമിതമായി സമ്മര്‍ദം അനുഭവപ്പെടുന്നതിനാല്‍ 'പാല്‍' എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നില്ല). പ്... പാല്‍)

ദീര്‍ഘിപ്പിക്കല്‍

ഉദാ: 'സാരി' എന്ന് പറയുവാന്‍ ഉദ്ദേശിക്കുമ്പോള്‍ 'സ്... സ്... സാരി' എന്നു പറയുന്നു. അതായത്, പറയാന്‍ ഉദ്ദേശിക്കുന്ന പദത്തിന്റെ ആദ്യത്തെ ശബ്ദം ദീര്‍ഘിപ്പിച്ചതിനു ശേഷമാണ് അയാള്‍ക്ക് 'സാരി' എന്ന് പറയാന്‍ സാധിച്ചത്.

വിക്കുള്ളവര്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍

സംസാരത്തിനൊപ്പംതന്നെ ഇക്കൂട്ടര്‍ മറ്റുള്ളവര്‍ക്ക് ആരോചകമായി തോന്നാവുന്ന പെരുമാറ്റ വൈകല്യങ്ങള്‍ കാണിക്കാറുണ്ട്. ഇവയെ സെക്കന്‍ഡറി ബിഹേവിയേഴ്‌സ് എന്ന് പറയുന്നു.

സാധാരണയായി കണ്ടുവരുന്ന പെരുമാറ്റവൈകല്യങ്ങള്‍

കണ്ണില്‍ നോക്കാതെ സംസാരിക്കുവാന്‍ ശ്രമിക്കുക. സംസാരിക്കുമ്പോള്‍ മുഖം കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുക. സംസാരിക്കുമ്പോള്‍ ചുണ്ടുകളിലും കഴുത്തിലും അമിതമായി സമ്മര്‍ദം ചെലുത്തുക. അനാവശ്യമായി കൈകാലുകള്‍ ചലിപ്പിക്കുക എന്നിങ്ങനെ പോകുന്നു.

വിക്ക് ഉള്ളവര്‍ മാനസികമായി ധാരാളം സംഘര്‍ഷം അനുഭവിക്കുന്നവരാണ്. സംസാരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, 'തനിക്ക് നന്നായി സംസാരിക്കാന്‍ കഴിയുമോ?' എന്ന ചിന്ത അവരെ മാനസികമായി അലട്ടുന്നു. അതുകൊണ്ട് ഇക്കൂട്ടര്‍ സാധാരണയായി താഴെപറയുന്ന രീതിയില്‍ പെരുമാറുന്നു:

ക്ലാസ്‌റൂമുകളില്‍ തന്റെ സംശയങ്ങള്‍ ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ അവ മൂടിവെക്കുന്നു. ബസ്സില്‍ കയറുമ്പോള്‍ മറ്റുള്ളവര്‍ താന്‍ വിക്കുന്നത് കേള്‍ക്കുമോയെന്ന് ഭയന്ന് സ്ഥലം പറയുന്നതിനുപകരം കൃത്യം രൂപ കണ്ടക്ടറെ ഏല്പിക്കുവാന്‍ തിടുക്കം കാണിക്കുന്നു. ഫോണിന്റെ ഉപയോഗം കഴിവതും കുറയ്ക്കുന്നു.

 

എന്തുകൊണ്ടാണ് വിക്ക് ഉണ്ടാകുന്നത്?
വിക്ക് ഉള്ളവരില്‍ നടത്തിയ പഠനങ്ങള്‍ പ്രധാനമായും നാല് കാരണങ്ങളാണ് വെളിപ്പെടുത്തുന്നത്.
1.
പരമ്പരാഗതമായി വിക്ക് ഉണ്ടാകാം: വിക്ക് ഉള്ളവരുടെ കുടുംബങ്ങളിലും അത്തരം ഇരട്ടക്കുട്ടികളിലും മറ്റും നടത്തിയ പഠനങ്ങള്‍ 'വിക്ക്' പാരമ്പര്യമായി ഉണ്ടാകാം എന്നു കാണിക്കുന്നു. 2. ശാരീരികമായ വ്യത്യാസങ്ങള്‍ കൊണ്ട്: സാധാരണ ആളുകളില്‍ നിന്ന് വ്യത്യസ്തമാണ് വിക്കുള്ളവര്‍ സംസാരിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചില പഠനങ്ങള്‍ പറയുന്നു. 3. സാഹചര്യങ്ങളുടെ സമ്മര്‍ദം: കുട്ടികള്‍ വളരുന്ന സാഹചര്യങ്ങള്‍ അവന്റെ സംസാരത്തെ ഏറെക്കുറെ ബാധിക്കും. വളരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വിക്ക് വരാനുള്ള സാധ്യത ഏറെയാണ്.

മറ്റുള്ള കാരണങ്ങള്‍
സ്‌ട്രോക്ക് പോലുള്ള ന്യൂറോളജിക് ഡിസോര്‍ഡറിന്റെ ഭാഗമായും സൈക്കോജനിക് കണ്‍വേഴ്‌സന്‍ ഡിസോഡറിന്റെ ഭാഗമായും വിക്ക് വരാം.

വിക്ക് കുഞ്ഞുങ്ങളില്‍
സാധാരണ എല്ലാ മാതാപിതാക്കളും കുട്ടികള്‍ എത്രയും പെട്ടെന്ന് വലുതായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു വയസ്സാകുമ്പോള്‍ കുട്ടി കഥ പറയണം, രണ്ട് വയസ്സില്‍ പ്രസംഗം, സ്റ്റേജ്‌ഷോ, റിയാലിറ്റിഷോ... എന്നിങ്ങനെ പോകുന്നു മാതാപിതാക്കളുടെ സ്വപ്നങ്ങള്‍! ഇത്തരം മനോഭാവത്തോടെ കുട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളില്‍ വൈകല്യത്തിന്റെ വിത്തുകള്‍ പാകുകയാണെന്ന് മനസ്സിലാക്കുന്നില്ല.

കുട്ടികള്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ വീഴുക സാധാരണമാണ്. അതുപോലെ തന്നെ സംസാരിച്ച് തുടങ്ങുമ്പോള്‍ പിഴവുകളും. സംസാരിച്ച് തുടങ്ങിയതിന്റെയും ഭാഷ വികസിക്കുന്നതിന്റെയും ഭാഗമായി കുട്ടികള്‍ സംസാരിക്കുമ്പോള്‍ അല്പം നിര്‍ത്തിനിര്‍ത്തിയും തിരുത്തിയും ആലോചിച്ചും സമയമെടുത്തും ഒക്കെയാവും സംസാരിക്കുക. എന്നാല്‍, ഈ പിഴവുകളെ മാതാപിതാക്കളോ ബന്ധുക്കളോ അമിതപ്രാധാന്യം നല്‍കി നടത്തുന്ന തിരുത്തലുകള്‍ ഒരുപക്ഷേ, 'വിക്കി'ലേക്ക് നയിച്ചെന്ന് വരാം. രണ്ടും മൂന്നും പ്രായമുള്ള കുട്ടികള്‍ സംസാരിക്കുമ്പോള്‍ പിഴവുകള്‍ സാധാരണമാകയാല്‍ അമിതമായ തിരുത്തലുകള്‍ നടത്താതിരിക്കുകയാണ് നല്ലത്. കാരണം ഇത്തരം ഇടപെടലുകള്‍ കുഞ്ഞുങ്ങളില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുകയും സംസാരിക്കുമ്പോള്‍ അവര്‍ക്ക് വലിയ സമ്മര്‍ദമായി മാറുകയും ക്രമേണ അത് 'വിക്കി'ലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

പരിഹാര മാര്‍ഗങ്ങള്‍
നിസ്സാരമായി തോന്നുമെങ്കിലും വിക്ക് വരുത്തിവെക്കുന്ന വിനകള്‍ ചില്ലറയല്ല. കുട്ടികള്‍ക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സാധിക്കുകയില്ല. എന്നുമാത്രമല്ല, സ്റ്റേജില്‍ ഒറ്റയ്ക്ക് കയറാന്‍ പോലും ഈ അവസ്ഥ അനുവദിക്കില്ല. ഇത്തരക്കാര്‍ക്ക് ഇന്റര്‍വ്യൂവിന് സംബന്ധിക്കുവാനും ജോലിസ്ഥലത്തും വില്ലനായി വിക്ക് മാറുന്നു. ഇത്തരക്കാര്‍ക്ക് ഒരാശ്വാസമായാണ് സംസാരഭാഷാ വൈകല്യങ്ങള്‍ക്ക് ശാശ്വതപരിഹാരമായി 'സ്പീച്ച് ആന്‍ഡ് ഹിയറിങ്ങി'ന്റെ ശാഖകള്‍ പ്രമുഖ ആസ്പത്രികളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്.

 

വിക്കിനെ എങ്ങനെ മറികടക്കാം


1.
വിക്ക് വന്നതിന്റെ കാരണം കണ്ടെത്തി ആ അവസ്ഥയ്ക്ക് പരിഹാരം നിര്‍ദേശിക്കുക. 2. സംസാരത്തിന്റെ വേഗത നിയന്ത്രിക്കുന്നതുവഴി സുഗമമായ സംസാരശൈലി രൂപപ്പെടുത്തുക.
3.
ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ ഒഴുക്കുള്ള സംസാരം കൈവരിക്കുക. 4. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസാരിപ്പിക്കുക.
5.
ക്രമമായ പരിശീലനത്തിലൂടെ സംസാര വൈകല്യം ഇല്ലാതാക്കുക.

 

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment