Sunday, 15 January 2012

[www.keralites.net] ഇനി നമുക്ക് സ്കൂളുകള്‍ വില്‍ക്കാം...

 

ഒരു സ്കൂളിനെന്തു വിലവരും?

http://www.nalamidam.com/archives/8837?mid=57

വഴിവക്കിലെ യോഗം നടത്തിപ്പിലെന്ന പോല്‍ ഇക്കാര്യത്തിലും കോടതി വാശി പിടിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ വരുംതലമുറയുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നുറപ്പ്. അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തില്‍ സ്ഥിതി ഇനിയും വഷളാകാനേ തരമുള്ളു. വിദ്യാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വില കുറഞ്ഞസ്ഥലം കിട്ടാതെ നാം അലയേണ്ടിവരും. വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്ന അറിവിന്റേയും സംസ്കാരത്തിന്റേയും മൂല്ല്യത്തേക്കാള്‍ അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ കച്ചവട മൂല്യം അളക്കാന്‍ തുടങ്ങിയാല്‍ കേരളത്തെ കേരളമാക്കിയ പല കലാലയങ്ങളും വെറും കല്ലും മരവും മണ്ണുമായി തോന്നും. നാട്ടില്‍ ആവശ്യത്തിന് വിദ്യാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഇല്ലാതാകും. നഗര ഗ്രാമ ഭേദമില്ലാതെ, നമ്മള്‍ നെറിവുകെട്ട ആള്‍ക്കൂട്ടങ്ങളാകും- എറണാകുളം കലൂരിലെ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ഗീസ് ആന്റണി എഴുതുന്നു


Fun & Info @ Keralites.net

നഗരങ്ങളില്‍ വിദ്യാലയങ്ങള്‍ വേണ്ടെന്നും കച്ചവട സ്ഥാപനങ്ങള്‍ മാത്രം മതിയെന്നും ഉയര്‍ന്ന കോടതികളിലിരിക്കുന്നവര്‍ക്ക് തോന്നിത്തുടങ്ങിയാല്‍ അതിനര്‍ഥം, ആ നാട്, അതിന്റെ വ്യവസ്ഥകളേക്കുറിച്ചും സമ്പ്രദായങ്ങളേക്കുറിച്ചും ഇരുന്നാലോചിക്കാന്‍ സമയമായെന്നാണ്. അല്ലെങ്കില്‍ പഴയ തുഗ്ലക്കിയന്‍ ചരിത്ര കാലം ഒന്നുകൂടി പുറത്തെടുത്ത് വിശദമായി പഠിക്കണമെന്നാണ്.

ഈ നിരീക്ഷണം ശരിയെങ്കില്‍, നമുക്കിതാ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് സമയമായിരിക്കുന്നു. നാം മുന്നോട്ട് എന്ന അഹങ്കാരം ഇറക്കിവയ്ക്കാന്‍ മലയാളിക്കിതാ മറ്റൊരു കാരണം കൂടി കിട്ടിയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് പുകള്‍പെറ്റ സ്ഥല ബ്രോക്കര്‍മാരേപ്പോലും നാണിപ്പിക്കും വിധം ഒരു കോടതി വിധി പുറത്തുവന്നിരിക്കുന്നു. സാക്ഷാല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കഴിഞ്ഞ ആഴ്ച ഈ വിധി പ്രസ്താവം നടത്തിയത്.

നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങള്‍ നഗരപ്രാന്തങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. വിലകൂടിയ സ്ഥലത്തെന്തിനാണ് വിദ്യാലയങ്ങള്‍ പണിയുന്നത് എന്നാണ് ചോദ്യം. നഗരങ്ങളില്‍ നിന്ന് വിദ്യാലയങ്ങളെല്ലാം മാറ്റി നഗരപ്രാന്തങ്ങളിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്നാണ് വിധി. എറണാകുളം കലൂരിലെ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടാണ് ഉത്തരവ്. അറിവ് എല്ലാത്തിനും മുകളിലാണെന്ന മഹദ്വചനമൊന്നും കേട്ട ലക്ഷണമില്ല.

കലൂരിലെന്തിന് സ്കൂള്‍?
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴിലുള്ള മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് കലൂരില്‍ ഉണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ നിയമവകുപ്പിന് വിട്ടുകൊടുത്തു. കേരളത്തിന് അനുവദിക്കപ്പെട്ട ദേശീയ നിയമ സര്‍വ്വകലാശാല (national institute of advanced legal studies NUALS) ) സ്ഥാപിക്കാനായിരുന്നു ഇത്. ഒരു വിദ്യാലയം കാണിക്കേണ്ട മാതൃക തന്നെയാണിത്. വിട്ടുകൊടുക്കാന്‍ അല്‍പ്പം ഉള്‍ക്കരുത്ത് വേണം. വിവേകമുള്ളവര്‍ക്കേ അത് സാധിക്കു.

Fun & Info @ Keralites.net

വര്‍ഗീസ് ആന്റണി

സ്ഥലം നല്‍കിയതോടെ സ്കൂളിന്റെ സൌകര്യങ്ങള്‍ ചുരുങ്ങി. സര്‍ക്കാര്‍ നിയന്ത്രിത സ്കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് തീരെ ഇടമില്ലാതെയായി. എങ്കിലെന്താ, തൊട്ടടുത്ത് നിയമ സര്‍വ്വകലാശാല സ്ഥാപിതമായല്ലൊ. ദോഷദൃഷ്ടി കൊണ്ട് നോക്കുന്നവര്‍ക്ക് സര്‍വ്വകലാശാലയില്‍ പല കുഴപ്പങ്ങളും കാണാന്‍ കഴിയുമായിരുന്നു. അതൊരു സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായിരുന്നു. കനത്ത ഫീസ് മൂലം സമ്പന്നരുടെ മക്കള്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന സ്ഥാപനം. എങ്കിലും അതൊരു വിദ്യാലയം തന്നെയാണല്ലൊ. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സ്കൂള്‍ അധികൃതരുടെ ന്യായം ഇതായിരുന്നു. സര്‍വ്വകലാശാല വരാന്‍ എല്ലാവരും പരിശ്രമിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേശീയ സര്‍വ്വകലാശാല ബാലാരിഷ്ടതകള്‍ പരിഹരിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായി. കളമശേãരിയില്‍ മനോഹരമായ കാമ്പസ്. ആധുനിക സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍. മികച്ച ക്ളാസ് മുറികള്‍. ആറു മാസം മുന്‍പ് സ്ഥാപനം അവിടേക്ക് മാറി. സ്ഥലപരിമിതി മൂലം വിഷമിക്കുന്ന ടെക്ക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധികൃതര്‍ ഇതോടെ സന്തോഷത്തിലായി. തങ്ങള്‍ വിട്ടുകൊടുത്ത സ്ഥലം തിരികേ കിട്ടുമല്ലോ എന്നോര്‍ത്തായിരുന്നു ഇത്. അതിനു വേണ്ട അപേക്ഷകളും മറ്റും അവര്‍ നല്‍കുകയും ചെയ്തു. പക്ഷേ നിയമ വകുപ്പിന്റെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. സ്ഥലം വിട്ടുകൊടുക്കില്ലെന്നും അവിടെ കുടുംബക്കോടതി സ്ഥാപിക്കുമെന്നുമായിരുന്നു അവരുടെ പ്രഖ്യാപനം.

നിയമവകുപ്പിന്റെ നെറികേടിനെതിരെ പാവം കുട്ടികള്‍ സമരമാരംഭിച്ചു. എണ്ണത്തിലും ബലത്തിലും കുറഞ്ഞവരെ ആരു ശ്രദ്ധിക്കാന്‍? മാധ്യമങ്ങളും വേണ്ടത്ര പരിഗണനയൊന്നും നല്‍കിക്കണ്ടില്ല. ഇതിനിടെ നിയമപരമായ നീക്കങ്ങളും സ്കൂള്‍ അധികൃതര്‍ നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. വിനോദ്് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്.

നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗര പ്രാന്തങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തില്‍ കലൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളും മാറ്റണം. ഇതിന് അപേക്ഷ നല്‍കാന്‍ അധികൃര്‍ തയ്യാറാകണം. കലൂരില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കച്ചവടസ്ഥാപനങ്ങള്‍ പണിയാനായി വിറ്റ് ആ പണം ഉപയോഗിച്ച് നഗരത്തിന് പുറത്ത് പുതിയ സ്കൂള്‍ പണിയാവുന്നതേയുള്ളു. തിരക്കേറിയ റോഡരുകിലാണ് ഇപ്പോള്‍ സ്കൂള്‍. തൊട്ടടുത്ത് ബസ് സ്റാന്‍ഡുമുണ്ട്. നഗരത്തിരക്ക് അക്കാദമിക് പുരോഗതിക്ക് ഉചിതമല്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എറണാകുളം ചെറിയ നഗരമായിരുന്നപ്പോള്‍ പണിതതാണ് സ്കൂള്‍. നഗരം ഇന്ന് ഏറെ വളര്‍ന്നു. അതിനാല്‍ സ്കൂള്‍ മാറ്റുകയാണ് അഭികാമ്യം. സ്ഥലം തിരികെ കിട്ടണമെന്ന സ്കൂളിന്റെ ആവശ്യം ഈ അര്‍ത്ഥത്തില്‍ നീതീകരിക്കാനാകില്ലെന്നും കോടതി ആഭിപ്രായപ്പെട്ടു.


Fun & Info @ Keralites.net

ഇനിയെന്ത്?
വഴിവക്കിലെ യോഗം നടത്തിപ്പിലെന്ന പോല്‍ ഇക്കാര്യത്തിലും കോടതി വാശി പിടിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ വരുംതലമുറയുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്. അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തില്‍ സ്ഥിതി ഇനിയും വഷളാകാനേ തരമുള്ളു. വിദ്യാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വില കുറഞ്ഞസ്ഥലം കിട്ടാതെ നാം അലയേണ്ടിവരും. വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്ന അറിവിന്റേയും സംസ്കാരത്തിന്റേയും മൂല്ല്യത്തേക്കാള്‍ അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ കച്ചവട മൂല്യം അളക്കാന്‍ തുടങ്ങിയാല്‍ കേരളത്തെ കേരളമാക്കിയ പല കലാലയങ്ങളും വെറും കല്ലും മരവും മണ്ണുമായി തോന്നും. നാട്ടില്‍ ആവശ്യത്തിന് വിദ്യാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഇല്ലാതാകും. നഗര ഗ്രാമ ഭേദമില്ലാതെ, നമ്മള്‍ നെറിവുകെട്ട ആള്‍ക്കൂട്ടങ്ങളാകും. കോടതികളായ കോടതികളിലെല്ലാം ശുംഭന്‍മാര്‍ നിറയും. നാട് വെള്ളരിക്കാപ്പട്ടണമാകും. ഇതാരാണ് ഹൈക്കോടതിയിലെ ഏമാന്‍മാരോടൊന്ന് പറഞ്ഞുകൊടുക്കുക?

ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട ഈ വിധി കേരളത്തിന്റെ പുരോഗതിയുടെ ദിശയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നൊക്കെ ഇപ്പോഴും പറയുന്ന തെണ്ടിപ്പരിഷകളെ കഴുവേറ്റണമെന്ന് കോടതി വിധിച്ചാലും അദ്ഭുതപ്പെടാനില്ല. നവോത്ഥാന കാല നായകര്‍ പറഞ്ഞതില്‍ നിന്നെല്ലാം നമ്മള്‍ തിരിഞ്ഞോടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായല്ലൊ. ഓടുന്ന നാടിന് ഒരു മുഴം മുമ്പേയോടുന്നവരാകണം കോടതികള്‍. ദോഷം പറയരുതല്ലൊ, നമ്മുടെ ഹൈക്കോടതി ഒന്നിലധികം മുഴം മുന്നിലാണ് ഓടുന്നത്. കലൂരിലെ ടെക്നിക്കല്‍ സ്കൂളുകാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. വിദ്യാലയങ്ങള്‍ക്ക് ആകമാനം തീയിടാന്‍ വിധിയില്‍ പറഞ്ഞില്ലല്ലൊ. ഇങ്ങനെയൊരു തൊടുന്യായക്കാലത്ത് അതങ്ങനെ പ്രതീക്ഷിക്കാതിരിക്കേണ്ട കാര്യമല്ല.

അന്ധേര്‍ നഗരിയിലെ ചൌപട് രാജാവിന്റെ വിധിപോലെ നമ്മുടെ യുക്തിയേയും ജനാധിപത്യബോധത്തേയും മനുഷ്യന്‍ എന്ന നിലയിലുള്ള തിരിച്ചറിവുകളേയുമെല്ലാം പ്രകോപിപ്പിച്ച എത്രയെത്ര വിധികള്‍ കേരള ഹൈക്കോടതി ഉത്പാദിപ്പിച്ചു കഴിഞ്ഞു. സൂര്യനെല്ലിയിലെ നിസഹായയായ പെണ്‍കുട്ടിയെ ഭര്‍ത്സിച്ചും, നാട്ടിലെ വിദ്യാഭ്യാസ രംഗമാകെ മൊത്തക്കച്ചവടമാക്കുന്നവരെ പിന്‍തുണച്ചും, ഇല്ലാക്കഥ പെരുപ്പിച്ച് ലവ് ജിഹാദ് എന്ന അസംബന്ധം സൃഷ്ടിച്ചും (മറ്റൊരു ബഞ്ച് ആ തെറ്റ് തിരുത്തുന്നത് കാണാതിരിക്കുന്നില്ല.) നിരത്തിലെ യോഗങ്ങളെ നിരോധിച്ചും അത് കേരളീയ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ്. നഗരങ്ങളില്‍ വിദ്യാലയങ്ങളെന്തിന് എന്നു ചോദിച്ച ജസ്റിസ് സി.എന്‍. രാമചന്ദ്രന്‍ ഒരിക്കല്‍ ചോദിച്ചു; ശബരിമലയില്‍ വെടിവഴിപാട് എന്തിനാണെന്ന്. അത് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചാല്‍പ്പോരേ എന്ന്.

ദല്‍ഹി പറയുന്നു
ഇന്ത്യയിലെ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥിതിയേക്കുറിച്ച് അടുത്ത കാലത്ത് ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലെ സ്ഥിതിവിവരക്കണക്കുകളാണ് ഇതിന് പ്രേരകമായത്. ഗ്രാമങ്ങളെ അപേക്ഷിച്ച് സ്ഥിതി ഭേദമാണെങ്കിലും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കാര്യങ്ങല്‍ ആശാസ്യമല്ല. ഡല്‍ഹിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പകുതിയോളം പേര്‍ക്ക് അവിടെത്തന്നെ ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള സൌെകര്യമില്ല. 80 ശതമാനമെങ്കിലും മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റുകള്‍ ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന് നല്‍കിയ പദ്ധതി ആറു മാസം മുന്‍പാണ് അംഗീകാരം നേടിയത്.

ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും ആക്കുവാനുള്ള പദ്ധതിയാണിത്. നിലവിലുള്ള വിദ്യാലയങ്ങളില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുവാനും തീരുമാനമുണ്ട്. മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി ഈ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയുടെ തിരക്ക് പരിഗണിച്ച് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ദേശീയ തലത്തില്‍ നിഷ്കര്‍ഷിക്കപ്പെടുന്ന പല നിബന്ധനകളിലും ഇളവ് വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്കൂള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് ഒരേക്കര്‍ ഭൂമിയെങ്കിലും വേണമെന്ന സി.ബി.എസി.ഇ. നിബന്ധന ഇപ്പോള്‍ത്തന്നെ പല നഗരങ്ങളിലും ഇളവു ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളിലെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഭീതിദമാം വിധം അപര്യാപ്തമാകുമെന്ന് രാഹുല്‍ ഗാന്ധി, കേരളത്തില്‍ നിന്നുള്ള സി.പി.എം. അംഗം പി കെ ബിജു തുടങ്ങിയ എം.പി.മാര്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റി വിലയിരുത്തിയിട്ടുണ്ട്.

നഗരങ്ങളിലേക്കുള്ള ക്രമാതീതമായ കുടിയേറ്റം തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. പലവിധ കാരണങ്ങളാല്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടുകയാണ്. 2050 ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിലായിരിക്കും എന്നും പ്രവചനങ്ങളുണ്ട്. ഗ്രാമങ്ങളിലേക്ക് ടൌെണ്‍ഷിപ്പുകളുടെ അതിര്‍ത്തി നീട്ടി വരക്കുന്ന നഗരവത്കരണവും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ഇതിനിടയില്‍ ഹൈക്കോടതി പറഞ്ഞവിധം നഗരപരിധിയില്‍ നിന്ന് സ്കൂളുകളെ മാറ്റാന്‍ തുടങ്ങിയാല്‍ നമുക്ക് അതിനേ സമയമുണ്ടാകൂ.

ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഒരു ബ്ളാക്ക് ബോര്‍ഡെങ്കിലും ഉറപ്പാക്കാനായി രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ആവിഷ്കരിച്ച പദ്ധതിയാണ് 'ഓപ്പറേഷന്‍ ബ്ലാക്ക്ബോര്‍ഡ്'. ഇനിയും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഇത്തരം റൊമാന്റിക് പദ്ധതികളൊന്നും നമ്മുടെ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമം വന്നെങ്കിലും രാജ്യം പൌരന്‍മാര്‍ക്ക് നല്‍കുന്ന നടപ്പാകാത്ത അനേകം വാഗ്ദാനങ്ങളിലൊന്നായി ഇത് അവശേഷിക്കാനാണ് സാധ്യത. അത്രത്തോളം കച്ചവടവത്ക്കരിക്കപ്പെട്ടുകഴിഞ്ഞു ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല. പണമുള്ളവന് മാത്രം അറിവ് എന്നത്, ഉച്ചനീചത്വത്തിന്റെ പുതിയ സമ്പ്രദായമായി വേരു പിടിച്ചുകഴിഞ്ഞു.

Fun & Info @ Keralites.net


ഒരു സ്കൂളിനെന്തു വിലവരും?
പൊടുന്നനെ പൊട്ടിമുളച്ച ആശയമാണ് കോടതിയുടേത് എന്ന് ആരും കരുതേണ്ടതില്ല. കേരളത്തിലെ പല പ്രധാന വിദ്യാലയങ്ങളും പൊളിച്ച് ബസ്സ്റ്റാന്റും ഷോപ്പിംഗ് കോംപ്ളക്സും പണിയണമെന്ന് മുന്‍പു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ കേരളാ യൂണിവേഴ്സിറ്റി കോളേജ് നഗരമധ്യത്തില്‍ നിന്ന് മാറ്റി കാര്യവട്ടത്തോ മറ്റോ കൊണ്ടുപോകണമെന്ന് പല വികസന വാദികളും കുറച്ചു കാലമായി ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. എറണാകുളത്തെ മഹാരാജാസും ലോ കോളേജും ഇതേ ഭീഷണി നേരിടുകയാണ്. എറണാകുളം ചിറ്റൂര്‍ റോഡിലെ ഗവണ്‍മെന്റ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണെന്നും അതിനാല്‍ സ്കൂള്‍ പൂട്ടി സ്ഥലം മറ്റെന്തെങ്കിലും ആവശ്യത്തിനുപയോഗിക്കണമെന്നും നിരവധി വര്‍ഷങ്ങളായി വികസനവാദികള്‍ ആവശ്യപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിലെ സര്‍ക്കാര്‍ സ്കൂള്‍ പൂട്ടിയത് ഇതേ കാരണം പറഞ്ഞാണ്.

വിദ്യാലയങ്ങളില്‍ നിന്ന് വാചകക്കസര്‍ത്തും വിടുപണിയും മാത്രം പഠിച്ചവര്‍ക്കേ ഈ വിധിയെ പിന്തുണക്കാനാകൂ. കാണുന്നതെല്ലാം വിറ്റുപെറുക്കി നാലു ചൊളയുണ്ടാക്കണമെന്ന് ശഠിക്കുന്ന ധൂര്‍ത്തപുത്രന്‍മാര്‍ വിദ്യാലയങ്ങള്‍ മാത്രമല്ല നാളെ മറ്റുപലതും വില്‍പ്പനക്കെഴുന്നെള്ളിക്കും. നോക്കിനിന്നില്ലെങ്കില്‍ നമ്മുടെ മാതൃവിദ്യാലയങ്ങളുടെ മണ്ണിനും ഈ മാഫിയ വിലയിടും. എത്ര പേരുടെ കണ്ണു തെളിച്ച അറിവിന്റെ കേന്ദ്രമാണതെന്ന് അവര്‍ പരിഗണിക്കണമെന്നില്ല. വിറ്റാല്‍ എത്ര കിട്ടും എന്നതിലാവും കണ്ണ്.

വിദ്യാലയത്തേക്കാള്‍ മികച്ചത് കുടുംബക്കോടതിയാണ് എന്ന തീരുമാനത്തിലെത്താന്‍ ഹൈക്കോടതിയെ പ്രേരിപ്പിച്ചതെന്താകും? കുട്ടികള്‍ പഠിക്കേണ്ട സ്ഥലത്ത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തല്ലട്ടെ എന്നാണോ? സ്കൂളുകള്‍ നഗരങ്ങളില്‍ നിന്നും മാറ്റണമെന്ന വിധി കേട്ട ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ആദ്യം മാറ്റേണ്ടത് ഹൈക്കോടതിയാണ് എന്നാണ് പ്രതികരിച്ചത്.

With Regards

Abi
Fun & Info @ Keralites.net

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment