1960കളില്‍ പൊന്നാനിയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ചിത്രകല പഠിപ്പിക്കാന്‍ മദ്രാസ് നഗരത്തിലേയ്ക്ക് അവളുടെ അമ്മാവന്‍ പറഞ്ഞു വിടുമ്പോള്‍ അത് പ്രഥമവും പ്രധാനവുമായി ഒരു (പുരുഷ)ഔദാര്യമായിരുന്നു.
ചിത്രകലയുടെ പ്രതിസന്ധികള്‍ അസ്ഥിത്വപ്രതിസന്ധി തന്നെയായി അനുഭവപ്പെട്ട ഒരു സമൂഹത്തില്‍ കലാപ്രവര്‍ത്തനം കൊണ്ടു സാമൂഹികമായ ഒരു പദവിയും ആവിഷ്‌കാര മേഖലയും നിര്‍മ്മിക്കുക എന്നത് കല കൊണ്ടു പ്രചോദിതയാകുന്ന ഒരു സ്ത്രീക്ക് മേല്‍ ഇരട്ട നിയന്ത്രണമാണ് ഏല്‍പ്പിച്ചത്. ചരിത്രപരമായ അഭിജ്ഞാനത പ്രതിസന്ധിക്ക് പരിഹാരമായി നാട് വിടാനുള്ള തീരുമാനം യഥാര്‍ഥത്തില്‍ പുരുഷന്റെതായിരുന്നു.
സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും പുരുഷലോകം സ്വയം ഏറ്റെടുത്തു ചമച്ചിരുന്നത് മാത്രമാണ്. മദ്രാസില്‍ പോയി ചിത്രകലാ പഠനം നടത്തുന്നത്
എത്ര വലിയ അടക്കി വയ്ക്കാനുള്ള ആഗ്രഹാമായിട്ടാണ് അറുപതുകളിലെ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു സ്ത്രീക്ക് അനുഭവപ്പെട്ടത് എന്നതിന് ടി.കെ.പദ്മിനിയെക്കുറിച്ച് അമ്മാവന്‍ ടി.കെ.ദിവാകരന്‍ എഴുതിയതാണ് ഇന്നുള്ള ഒരു സാക്ഷ്യം.
'എന്റെ പ്രിയപ്പെട്ട മരുമകള്‍ ഒരു കപ്പു ചായയുമായി വരും. ഞാന്‍ അവളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കും. ചായ പോലെ തന്നെ അവളുടെ മുഖവും വിളറിയിരിക്കും. കൊച്ചുകുപ്പായവും ഒരു കെട്ട് പുസ്തകവും ചോറ്റുപാത്രവുമായി ആറ് നാഴിക നടന്നു സ്‌കൂളില്‍ പഠിച്ചിരുന്നപ്പോഴത്തെ ചിത്രം ഞാനോര്‍ത്തു. അന്നത്തെ ചുറുചുറുക്ക് ഇന്ന് പദ്മിനിക്കില്ല. 'ഞാനൊരു കലാകാരിയാണ്. എന്നെ നിങ്ങള്‍ വളര്‍ത്തണെ' എന്ന ഒരഭ്യര്‍ത്ഥന മാത്രം ആ കണ്ണുകളില്‍ നിഴലിച്ചിരുന്നു.
എന്റെ മനസ്സും മൂകമായി. ഞാന്‍ ആലോചിച്ചു. ഒടുവില്‍ തീരുമാനിക്കുകയും ചെയ്തു ആ തീരുമാനം ഒരു ഗൃഹനാഥന്റേതായിരുന്നു. അതിനു എല്ലാവരും വഴങ്ങി. മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞപ്പോള്‍ പദ്മിനിയുടെ കണ്ണുകള്‍ തിളങ്ങി. 'ഭാഗികമായി പുരുഷലോകത്തിന്റെ പുരോഗമനബോധം കൊണ്ടു ഇങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട ഒരു ജീവിതാവസ്ഥയില്‍ കലയുടെ മാനദണ്ഡങ്ങള്‍ സ്ത്രീക്കും പുരുഷനും വെവ്വേറെ അനുഭവപ്പെട്ടിരുന്നു.
കേരളത്തില്‍നിന്നും ഇരുപതാം നൂറ്റാണ്ടില്‍ വിരലിലെണ്ണാവുന്ന ചിത്രകാരികളെ ഉണ്ടായിട്ടുള്ളൂ. ഒരു ഗൃഹാന്തര്‍ഭാഗ കൗതുകം എന്ന നിലയില്‍ കുറേ പ്രൗഢകള്‍ കേരളത്തില്‍ എക്കാലത്തും ചിത്രകല അഭ്യസിച്ച്ചിട്ടുണ്ടാകാം. പക്ഷെ ആധുനികമായ ഒരു പൊതുമണ്ഡലത്തിലെ, ആര്‍ട്ട് ഗാലറിയിലെ, സവിശേഷ പ്രവര്‍ത്തനമെന്ന നിലയ്‌ക്കെടുത്താല്‍ കല നിത്യജീവിതത്തിലെ സുകുമാര അഭ്യാസപഠനവും കൌതുകവുമല്ല, മറിച്ച് ഒരു ധൈഷണികപ്രവര്‍ത്തനം തന്നെയാകേണ്ടതുണ്ട്. അതിന് നാഗരികമായ അനുശീലനങ്ങള്‍ വേണ്ടിവരും. ഏറ്റവും പുതിയ കാലത്തിന്റെ മാനവികതയുമായി ഇടപെടെണ്ടി വരും.
ചിത്രകാരനും ഭിഷഗ്വരനുമായിരുന്ന ഡോ.ഏ.ആര്‍ പൊതുവാളിന്റെ മകള്‍ കമലയാണ് ഒരുപക്ഷെ ആദ്യം ചിത്രകല പഠിക്കാന്‍ വേണ്ടി കേരളത്തിന് പുറത്ത് (ടാഗോറിന്റെ ശാന്തിനികേതനില്‍) പോയ, ഭേദപ്പെട്ട നിലയില്‍ അറിയപ്പെടുന്ന ഒരു കലാകാരി. പ്രദോഷ് ദാസ് ഗുപ്ത എന്ന ശില്പിയെ വിവാഹം കഴിച്ച് ബംഗാളില്‍ തന്നെ താമസവുമാക്കി അവര്‍ ബംഗാള്‍ സ്‌കൂളിന്റെ ശില്പ വൈദഗ്ധ്യം സ്വായത്തമാക്കി.
പിന്നീട് അറുപതുകളിലാണ് ഒരു സ്ത്രീ കേരളത്തിന്റെ ഗ്രാമീണദേശപരതയെ കുടിയൊഴിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഒരു ചെറിയ കാലം മദ്രാസില്‍ ചിത്രകല അഭ്യസിച്ചത്, ടി.കെ.പദ്മിനി. വെറും ഇരുപത്തിയൊന്‍പതു വര്‍ഷത്തെ ഒരു ചെറുജീവിതകാലത്തെ നിരന്തരപരിശ്രമം കൊണ്ട് അവര്‍ തന്റെ 'ചിത്രകാരിത്തം' അതിശീഘ്രം വികസിപ്പിച്ചു. എന്നാല്‍ ഇന്നും കേരളത്തില്‍നിന്നും സ്ത്രീ ഒരു ചിത്രകാരിയായിത്തീരുന്നത്തിന്റെ ചരിത്രവും പദ്മിനിയുടെ ജീവിതം പോലെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ഒരു പ്രോജക്ട് ആണ്.
വരയ്ക്കുന്ന പുരുഷലോകം തന്നെ ആധുനികതയോടെ തങ്ങളുടെ കലാകാര സ്വത്വപ്രതിഷ്ഠാപനത്തിനായി 'മുരടിച്ച പ്രാദേശികത' പിറകിലുപേക്ഷിച്ച് കേരളം വിട്ടുപോയിക്കൊണ്ടിരുന്നവരുടെ ഒരു ലോകമാകുകയായിരുന്നു. എഴുത്തുകാര്‍ ആകട്ടെ മിക്കവാറും ഇതേ ദേശത്ത് വേരോടെയും വീറോടെയും ജീവിച്ച് താരതമ്യേന ശക്തമായി സാംസ്‌കാരിക മുന്നണികള്‍ നിര്‍മ്മിക്കുകയായിരുന്നു. അവര്‍ക്കിടയില്‍ 'എഴുതുന്ന സ്ത്രീ' മലയാള സമൂഹത്തിന് വലിയ സദാചാരതലവേദന ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു താനും.
പക്ഷെ പാരമ്പര്യത്തില്‍ നിന്നും കഠിനവിഛേദം വേണ്ടിവരുന്ന കലയെന്ന പ്രവൃത്തി ഒരിക്കലും സ്ത്രീസഹജമായ ഒരു പ്രവൃത്തിയായി അംഗീകരിക്കാതിരിക്കുന്ന ഒരു ലോകത്ത്, 'വരയ്ക്കുന്ന സ്ത്രീ' എഴുതുന്ന സ്ത്രീയേക്കാള്‍ രണ്ട് തവണ ഒറ്റപ്പെട്ടവളായിരുന്നു. സ്ഥലം വിട്ട ആണുങ്ങളെപ്പോലെ തങ്ങള്‍ 'ആ പോകുന്ന പോക്ക് പോകുന്നു' എന്ന് കരുതുകയല്ല, താന്‍ പഠിക്കാന്‍ പോകുകയും പഠിപ്പ് കഴിഞ്ഞു തിരികെവരികയും ചെയ്യേണ്ടതാണ് എന്ന്! കരുതിയ സ്ത്രീ തന്നെയായിരുന്നിട്ടുണ്ടാകണം പദ്മിനി.
കലയെന്നത് വേരുകളുടെ ജൈവികതയെ നിഷേധിച്ച് മറ്റെങ്ങോ പോകുന്നതിനുള്ള പരിശീലനമായി കാണാന്‍ തയ്യാറില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമൊപ്പം തന്നെയാണ് പദ്മിനിയുടെ പെണ്‍ബോധവും പ്രവര്‍ത്തിച്ചിരിക്കുക. അങ്ങനെയുള്ളവര്‍ക്ക് ദേശം വിട്ടു പോകുമ്പോളും ദേശത്തിന്റെ മൂര്‍ത്തതയുമായി സന്ധികള്‍ ഉണ്ടാക്കാതെ വയ്യായിരുന്നു. അത് എകാന്തതയുമായുള്ള സന്ധിയും ആയിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment