ബജറ്റില്‍ വകയിരുത്തിയ പണമേ ചെലവഴിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളു. ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിക്കും. നമ്മുടെ നാട്ടില്‍ അങ്ങനെയൊന്ന് സംഭവിക്കുക വയ്യ. കാരണം ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കേണ്ടിവരും. നിയമസഭയില്‍ ഭൂരിപക്ഷമുള്ളവരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍, അമേരിക്കയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. അവിടെ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണ്. പ്രസിഡന്റിന് അധോസഭയായ കോണ്‍ഗ്രസിലോ ഉപരിസഭയായ സെനറ്റിലോ ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. ബജറ്റ് പാസായില്ലെങ്കില്‍ പ്രസിഡന്റ് രാജിവയ്ക്കേണ്ട. പക്ഷേ, സര്‍ക്കാരിന് പണം ചെലവഴിക്കാനാകില്ല. ഭരണം സ്തംഭിക്കും. ഇതാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്.
പ്രസിഡന്റ് ഒബാമ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. അദ്ദേഹത്തിന്റെ പാര്‍ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ ന്യൂനപക്ഷമാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാണ് ഭൂരിപക്ഷം. ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.
ഇങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്തുചെയ്യണമെന്നതിന് ഒബാമ വിശദമായ പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. അതുപ്രകാരം പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും താല്‍ക്കാലികമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുന്നു. അനിവാര്യമല്ലാത്ത മറ്റ് ചെലവുകളും മാറ്റിവയ്ക്കുന്നു. ഇപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. എത്രദിവസം ഈ സ്തംഭനം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ല. നീളുംതോറും ജനങ്ങളുടെ ദുരിതം കൂടും. ഈ സ്തംഭനം രണ്ടാഴ്ചയിലേറെ നീണ്ടാല്‍ രണ്ടാംപാദത്തിലെ ദേശീയവരുമാനത്തില്‍ .09 ശതമാനം ഇടിവുണ്ടാകും എന്നാണ് ഒരു കണക്ക്. എന്നുവച്ചാല്‍ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന ദുര്‍ബലമായ വീണ്ടെടുപ്പ് തകരും. മാന്ദ്യം രൂക്ഷമാകും. ജനവികാരം ഒബാമയ്ക്കൊപ്പമാണ്. കാരണം ഭൂരിപക്ഷംപേര്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പരിപാടി ഇഷ്ടമാണ്. അമേരിക്കയില്‍ സൗജന്യ ചികിത്സയില്ല. എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികളാണെങ്കില്‍ വലിയ പ്രീമിയമാണ് ഈടാക്കുന്നത്. ഇത് താങ്ങാനാവാത്ത വലിയവിഭാഗം കുടുംബങ്ങള്‍ക്ക് തന്മൂലം ആരോഗ്യപരിരക്ഷയില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഏര്‍പ്പാടാണ് ഒബാമ കൊണ്ടുവന്ന പരിഷ്കാരം.
റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഈ പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്. എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു. ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോന്നത്. എങ്കിലും അദ്ദേഹത്തിനും ഈ സ്തംഭനം ദീര്‍ഘമായി തുടരാന്‍ അനുവദിക്കാന്‍ പറ്റില്ല. സാമ്പത്തികമായി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതുജനാഭിപ്രായവും ചിലപ്പോള്‍ എതിരായിത്തീരാം.
ആരാണ് ആദ്യം ഇമവെട്ടുക? ആരാണ് ആദ്യം ശ്വാസംവിടുക? ഈ കുട്ടിക്കളികളിലാണ് നേതാക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് സാധാരണക്കാര്‍ പിറുപിറുക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നടക്കുന്നത് കുട്ടിക്കളിയല്ല. ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം കടുത്ത നിയോലിബറല്‍ പിന്തിരിപ്പന്മാരും കുറച്ചുകൂടി അയവേറിയ നിലപാടെടുക്കുന്ന കെയ്നീഷ്യന്‍ സ്വാധീനത്തില്‍പ്പെട്ടവരും തമ്മില്‍ നടക്കുന്ന രൂക്ഷമായ നയ ഏറ്റുമുട്ടലിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അമേരിക്കയിലെ ബജറ്റ് സ്തംഭനം.
2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടണ്ടേതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നിയോലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി.
പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം.
മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നിയോ ലിബറലുകള്‍ വാദിക്കുന്നത്. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്തം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇപ്പോഴുള്ള ബജറ്റ് സ്തംഭനത്തേക്കാള്‍ ഗൗരവമുള്ള ഒരു കടമ്പ അധികം താമസിയാതെ അമേരിക്ക നേരിടേണ്ടിവരും. ആ കടമ്പ ചാടാന്‍ ഒബാമയ്ക്ക് കഴിയുന്നില്ലെങ്കില്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്ക് അമേരിക്കന്‍ സമ്പദ്ഘടന പതിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതാണ് കടംവാങ്ങല്‍പരിധി [Debt Ceiling] പ്രശ്നം. ഇന്ത്യയില്‍ സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ 3% ല്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ (ലക്ഷംകോടി) ഡോളര്‍ അധികരിക്കാന്‍ പാടില്ല. ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും.
മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം. ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഇത് സൃഷ്ടിക്കാന്‍പോകുന്ന പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് പണം തിരിച്ചുനല്‍കാനാകാതെ ഡിഫോള്‍ട്ടാകുന്നത്. ചിലപ്പോള്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയേക്കാം. ഇത് ധനകാര്യ കുഴപ്പത്തിലേക്ക് നയിക്കും.
അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇതും ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്. "ഒബാമ കെയര്‍" നീട്ടിവയ്ക്കണമെന്നാണ് ഇതുസംബന്ധിച്ചും അവരുടെ ആവശ്യം. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളു. ഏതായാലും ഇന്ത്യാസര്‍ക്കാരിന് പുതിയ സംഭവവികാസങ്ങളില്‍ സമാശ്വാസം കൊള്ളാം. അമേരിക്കയില്‍ മാന്ദ്യം രൂക്ഷമാകുകയാണെങ്കില്‍ മാസംതോറും 80-85 ബില്യണ്‍ ഡോളര്‍ പുതുതായി പണകമ്പോളത്തിലേക്ക് ഒഴുക്കുന്ന ഇന്നത്തെ നയം ഇനിയും തുടരേണ്ടിവരും. ഈ നയം തിരുത്തുമെന്നും ഡോളറിന്റെ ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞതാണ് രൂപയുടെ മൂല്യം ഡോളറിന് 54ല്‍നിന്ന് ഒരുസന്ദര്‍ഭത്തില്‍ 69 രൂപയായി ഇടിയാനുള്ള കാരണം. കുറച്ചുനാളത്തേക്കൂകൂടി രൂപ സുസ്ഥിരമായി നില്‍ക്കുമെന്ന് ഇന്ത്യാസര്‍ക്കാരിന് പ്രതീക്ഷിക്കാം.
No comments:
Post a Comment