Sunday 19 May 2013

[www.keralites.net] കല്ലുവച്ചു കീച്ചല്ലേ സര്‍ക്കാരേ....

 

കല്ലുവച്ചു കീച്ചല്ലേ സര്‍ക്കാരേ....

രമേഷ് പുതിയമഠം

''എടീ സുലോമേ...ഒരു സിഗരറ്റിങ്ങെടുത്തേ.''
കോട്ടയം പേരൂരിലെ വീട്ടുമുറ്റത്തെത്തുമ്പോള്‍ എതിരേറ്റത് വേദികളെ പൊട്ടിച്ചിരിപ്പിച്ച മനുഷ്യന്റെ സ്വരം. കാലിന് നീരുവച്ച് എഴുന്നേല്‍ക്കാന്‍ വയ്യെങ്കിലും വേലിക്കുഴിയില്‍ ദേവദാസ് രാജപ്പനെന്ന വി.ഡി.രാജപ്പന്റെ ശബ്ദത്തിന് ഒട്ടും ഇടര്‍ച്ചയില്ല. അകത്തുനിന്ന് സിഗരറ്റും തീപ്പെട്ടിയുമായി ഭാര്യ സുലോചനയെത്തി. രാജപ്പന് സുലോചന സുലോമിയാണ്. സ്‌നേഹം കൂടുമ്പോള്‍ ലോമ്‌ലിയും.

''അഞ്ചു ദിവസം നടന്നാല്‍ തീരുന്നതേയുള്ളൂ എന്റെ പ്രശ്‌നം. പക്ഷേ നടക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ നിങ്ങളൊരു മൈക്ക് തന്നാല്‍ എന്റെ ഏതു കഥാപ്രസംഗവും ഞാന്‍ തെറ്റാതെ അവതരിപ്പിക്കാം.''
തളരാത്ത രാജപ്പന്റെ മനസില്‍ പ്രതീക്ഷകള്‍ നിറയുന്നു.
''ശബ്ദത്തിന് ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടാണല്ലോ സമയം കിട്ടുമ്പോഴൊക്കെയും എന്നെ ഉച്ചത്തില്‍ തെറിവിളിക്കുന്നത്.''
സുലോചന പരിഭവം പറയുമ്പോള്‍ രാജപ്പന്‍ ഉച്ചത്തില്‍ ചിരിക്കുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ നിന്ന് ഹെഡ്‌നഴ്‌സായി റിട്ടയര്‍ ചെയ്ത സുലോചനയ്ക്ക് ഏറെ പറയാനുണ്ട്
, രാജപ്പനെക്കുറിച്ച്, വിട്ടുമാറാത്ത രോഗത്തെക്കുറിച്ച്.

എണ്‍പത്തിയൊന്ന് സിനിമകള്‍, സീരിയലുകള്‍, മുപ്പത്തിരണ്ട് പാരഡി കഥാപ്രസംഗങ്ങള്‍, ആറായിരത്തിലധികം വേദികള്‍. കേരളത്തെ കുടുകുടാ ചിരിപ്പിച്ച മനുഷ്യനിപ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാതായിരിക്കുന്നു.

രോഗം കീഴടക്കുന്നു

നാലു വര്‍ഷം മുമ്പ് ദോഹയില്‍ പ്രോഗ്രാമിനു പോയതായിരുന്നു. ഒരു വേദി കഴിഞ്ഞപ്പോള്‍ത്തന്നെ ചെസ്റ്റ് ഇന്‍ഫക്ഷന്‍ വന്നു. നല്ല ചുമയും കഫക്കെട്ടും. അപ്പോള്‍ത്തന്നെ അവിടത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പരിപാടികളൊക്കെ റദ്ദാക്കി. ഒരാഴ്ച ആശുപത്രിയില്‍ കിടന്ന ശേഷമാണ് ഇങ്ങോട്ടേക്കു പോന്നത്. പിന്നീട് കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോ.സരോജിനിയുടെ ചികിത്സയിലായി. പ്രമേഹം വന്നതും അക്കാലത്താണ്. അപ്പോഴാണ് തലവേദന വരിക. അതിന് അത്യാവശ്യമുള്ള മരുന്നുകള്‍ ഞാന്‍ തന്നെ നല്‍കും. അതിനിടയ്ക്ക് ബി.പിയും വന്നു. കുറച്ചുദൂരം നടന്നാലോ കാലു തൂക്കിയിട്ടാലോ നീരുവരും. പിന്നീട് കുറച്ചുനേരത്തേക്ക് കാലനക്കാന്‍ പറ്റില്ല. അതോടെയാണ് പ്രോഗ്രാമുകള്‍ക്കു പോകാന്‍ കഴിയാതെവന്നത്. നടുവേദനയായിരുന്നു മറ്റൊരു പ്രശ്‌നം. അതിനു ചികിത്സ തേടി വയനാട്ടിലും തേനിയിലുമൊക്കെയെത്തി. നീറ്റുമരുന്നും തിരുമ്മലുമൊക്കെയായി കുറച്ചുനാള്‍ കഴിഞ്ഞു.

പെട്ടെന്നാണ് രോഗം മൂര്‍ഛിച്ചത്. അതോടെ ഓര്‍മ്മ പോയി. തീരെ കിടപ്പിലായി. ആ സമയത്താണ് ഇന്റര്‍നെറ്റിലും ചാനലിലുമൊക്കെ വാര്‍ത്ത വന്നത്. വി.ഡി.രാജപ്പന്‍ മരണത്തോടു മല്ലടിക്കുകയാണെന്നായിരുന്നു പ്രചാരണം. ഗള്‍ഫിലുണ്ടായിരുന്ന മകന്‍ രാജീവാണ് ഇക്കാര്യം വിളിച്ചുപറയുന്നത്. ആ സമയത്ത് എറണാകുളത്തു നിന്നൊരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. ആരാധകനാണെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കോലായയില്‍ കസേരയില്‍ കൊണ്ടുപോയി ഇരുത്തി. ഷര്‍ട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണ്‍സ് അഴിച്ച ശേഷം ഒന്നിച്ചു നിന്ന് ഫോട്ടോയെടുത്തു. പിന്നീടാണറിയുന്നത്, നെറ്റില്‍ ആ ഫോട്ടോയും വന്നിട്ടുണ്ടെന്ന്. മദ്യപിച്ച് അവശനായി ഇരിക്കുന്നതുപോലെയാണ് പലര്‍ക്കും തോന്നിയത്.

'വി.ഡി.രാജപ്പന്‍ അത്യാസന്നനിലയിലാണ്. രക്ഷിക്കുക.' എന്നൊരു കമന്റും. അത് കണ്ടിട്ട് ഒരുപാടുപേര്‍ വിളിച്ചു. അത് നെറ്റിലിട്ടവനെതിരേ കേസ് കൊടുക്കണമെന്ന് രാജേഷ് പറഞ്ഞെങ്കിലും പുള്ളിക്കാരന്‍ അതിനും സമ്മതിച്ചില്ല.
മാസങ്ങള്‍ക്കു മുമ്പാണ് കോട്ടയം വയസ്‌കരക്കുന്നിലെ ആയുര്‍വേദ ആശുപത്രിയില്‍ പോകുന്നത്. ഡോ.രതി ഉണ്ണിത്താന്‍ പരിശോധിച്ച ശേഷം
, രണ്ടു മാസം കിടത്തി ചികിത്സവേണമെന്നു നിര്‍ദേശിച്ചു. എന്നാല്‍ ഓരോ ദിവസം കൂടുമ്പോഴും അദ്ദേഹത്തിന് അസ്വസ്ഥത കൂടിവന്നു. അത് രോഗത്തിന്റേതായിരുന്നില്ല.

(സംഭാഷണത്തിനിടെ വി.ഡി.രാജപ്പന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇടപെടുന്നു.)
''ഇവള്‍ക്കതു പറയാം. ഒരു സിഗരറ്റ് പോലും കിട്ടാത്ത സ്ഥലമാണത്. പിന്നെ എങ്ങനെയാണ് അവിടെ കഴിയുക?''
ചെറിയ വാര്‍ഡിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ഒന്‍പതു രോഗികളുണ്ട്
, ആ വാര്‍ഡില്‍. എല്ലാവരേയും ഇതിയാന്‍ ചീത്ത പറഞ്ഞോടിച്ചു. അവസാനം ഞങ്ങള്‍ മാത്രമായി. കാണാന്‍ വരുന്ന ഓരോരുത്തരോടും സിഗരറ്റ് ചോദിക്കും. കിട്ടില്ലെന്നു വന്നാല്‍ എന്നെ അടുത്തേക്കു വിളിച്ച് 'പോയി വാങ്ങി വാടീ' എന്ന് ഉച്ചത്തില്‍ അലറും. സിഗരറ്റ് കിട്ടാത്തതുകൊണ്ടാണ് എല്ലാവരേയും ചീത്ത വിളിക്കുന്നത്. എനിക്കും പ്രമേഹമുണ്ട്. അതിന്റെ ഗുളികയെല്ലാം മുടക്കിയാണ് ഇതിയാന്റെ കൂടെ നില്‍ക്കുന്നത്.

ചികിത്സയുടെ ഭാഗമായി ഓരോ ആഴ്ചയും ഓരോ തരം തിരുമ്മലാണ്. ആദ്യഘട്ടം കഴിഞ്ഞ് രണ്ടാംഘട്ടത്തിലെത്തിയപ്പോള്‍ ഒരു ദിവസം പുള്ളിക്കാരന്‍ ലുങ്കിയും ഷര്‍ട്ടുമിട്ട് എന്നെയും വിളിച്ച് പുറത്തേക്കിറങ്ങി. നേരെ വീട്ടിലേക്ക്.
''മോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു. അതിന് അവിടെ നില്‍ക്കാന്‍ പറ്റുമോ?''
രാജപ്പന്റെ കമന്റ് സുലോചനയും ശരിവയ്ക്കുന്നു.
ആ പേരു പറഞ്ഞാണ് അവിടന്നു പോന്നത്. എന്നാല്‍ പിന്നീട് അങ്ങോട്ടേക്കു പോയിട്ടില്ല. സാധനങ്ങള്‍ പോലും ആശുപത്രിയില്‍ നിന്നു കൊണ്ടുവന്നത് രണ്ടു ദിവസം കഴിഞ്ഞിട്ടാണ്. ഞങ്ങള്‍ കൊണ്ടുപോകാമെന്നു പറഞ്ഞുകൊണ്ട് കുറെപ്പേര്‍ ഇവിടെ വന്നിരുന്നു. അവരുടെ കൂടെ വിടാന്‍ എനിക്കൊരു മടി. ഷുഗര്‍ കുറയുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ടാണ് കാലിന് ബലക്ഷയം വരുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. മികച്ച ചികിത്സ കിട്ടിയാല്‍ പെട്ടെന്നു ഭേദമാവുന്ന അസുഖമാണിത്. അതിനുമാത്രമുള്ള കാശൊന്നും ഞങ്ങളുടെ കൈയിലില്ല. സര്‍ക്കാര്‍ തന്നെ കനിയണം.

കഥാപ്രസംഗവേദികളില്‍

മനുഷ്യര്‍ മാത്രം കഥാപാത്രങ്ങളായി വന്ന കഥാപ്രസംഗവേദിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു 1973-74 കാലഘട്ടത്തില്‍ രാജപ്പനെന്ന ചെറുപ്പക്കാരന്റെ വരവ്. പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള ഹാസ്യ കഥാപ്രസംഗം അന്നത്തെ

സാധാരണക്കാരനു വേറിട്ട അനുഭവമായിരുന്നു. അവരത് പൊട്ടിച്ചിരികളോടെയാണ് സ്വീകരിച്ചത്. വേദികളില്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ഓഡിയോ കാസെറ്റിറക്കിയപ്പോള്‍ അതും ക്ലിക്കായി. കുമാരി എരുമ, ചികയുന്ന സുന്ദരി, ലഹരിമുക്ക്, പൊത്തുപുത്രി, മാക് മാക്, അവളുടെ പാര്‍ട്‌സുകള്‍, പ്രിയേ നിന്റെ കുര, എന്നെന്നും എന്റെ കൊരങ്ങേട്ടന്റെ, അമിട്ട് തുടങ്ങിയ 32 ഹാസ്യ കഥാപ്രസംഗങ്ങള്‍ കാസെറ്റായും സി.ഡിയായും പുറത്തിറങ്ങി. ചികയുന്ന സുന്ദരിയായിരുന്നു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്.

''അക്കാലത്ത് മാസത്തില്‍ മുപ്പതു ദിവസവും പ്രോഗ്രാമുണ്ടാവും. എന്നാല്‍ മാസത്തില്‍ ഒരു ദിവസം വിശ്രമത്തിനുവേണ്ടി മാറ്റിവയ്ക്കും. കലണ്ടറില്‍ അത് നേരത്തെതന്നെ മാര്‍ക്ക് ചെയ്തിരിക്കും. അന്ന് രാവിലെ മുതല്‍ എന്റെ ട്രൂപ്പംഗങ്ങള്‍ക്ക് വീട്ടില്‍ പാര്‍ട്ടിയാണ്. ഇഷ്ടംപോലെ കുടിക്കാം, ഭക്ഷണം കഴിക്കാം. പാട്ടുപാടാം.''
കഥാപ്രസംഗ വേദികളില്‍ കത്തിനില്‍ക്കുമ്പോഴാണ് രാജപ്പന്‍ സിനിമയിലേക്കു വന്നത്. 1981ല്‍ കാട്ടുപോത്ത് എന്ന സിനിമയിലായിരുന്നു ആദ്യാഭിനയം. പക്ഷേ ആ സിനിമ പുറത്തിറങ്ങിയില്ല. പക്ഷേ
, അതിലെ 'പൂവല്ല, പൂന്തളിരല്ല' എന്ന പാട്ട് സൂപ്പര്‍ഹിറ്റായി. പിന്നീട് കുറെക്കാലം സിനിമയായിരുന്നു രാജപ്പന്റെ തട്ടകം. കാട്ടുപോത്ത് മുതല്‍ നഗരവധു വരെ എണ്‍പത്തിയൊന്നു സിനിമകളില്‍ അഭിനയിച്ചു. ഇതിനിടയ്ക്കും പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നു.

കോട്ടയത്തെ പഴയ ബോട്ട്‌ജെട്ടിക്കടുത്ത പഴയ ലോഡ്ജാണ് രാജപ്പന്റെ എഴുത്തുപുര. കൂടെ മിക്കപ്പോഴും ഗിറ്റാറിസ്റ്റ് ഈശോയും തബലിസ്റ്റ് നടേശനുമുണ്ടാവും. പ്രോഗ്രാം ഇല്ലാത്ത ദിവസം രാവിലെ ഒരു കിലോ പേപ്പറും രണ്ടുമൂന്നു പേനയുമായി ലോഡ്ജിലേക്കു കയറും. രാജപ്പന്‍ പാടും. ഈശോ എഴുതും. സന്ദര്‍ശകര്‍ ആരെങ്കിലും വന്നാല്‍ അപ്പോഴേക്കും എഴുത്തുനിര്‍ത്തും. അതിന്റെ ബാക്കി എഴുതുന്നത് ചിലപ്പോള്‍ ഒരാഴ്ചയോ ഒരു മാസമോ കഴിഞ്ഞായിരിക്കും.
''പാരഡിപ്പാട്ടുകള്‍ എഴുതിക്കൊടുക്കുന്നത് രാജപ്പന്‍ ചേട്ടന്റെ സിസ്റ്ററാണെന്ന് അക്കാലത്ത് പരക്കെ ആരോപണമുണ്ടായിരുന്നു. അത് ഒരിക്കലും ശരിയല്ല. കാരണം എഴുത്തിന്റെ ദിവസങ്ങളില്‍ മിക്കവാറും ഞാനുമുണ്ടാവും, കൂടെ. അദ്ദേഹം മനസില്‍ നിന്നെടുത്ത് അനായാസേന പാടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.'' രാജപ്പന്റെ സഹപാഠിയും സ്ഥിരം ഗിറ്റാറിസ്റ്റുമായ ഈശോയുടെ സാക്ഷ്യം.

കോടാലി പള്ളിയില്‍ പ്രോഗ്രാം ചെയ്യാന്‍ പോയ കഥ രാജപ്പന് ഒരിക്കലും മറക്കാന്‍ കഴിയില്ല.
''ആലപ്പുഴയില്‍ നിന്നുള്ള ഒരു പയ്യന്റെ ഗാനമേളയും എന്റെ ഹാസ്യ കഥാപ്രസംഗവുമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഗാനമേളയായിരുന്നു ആദ്യം. പാടിപ്പാടി അവന്‍ കൊളമാക്കി. അതിനുശേഷം ഒരുവിധം ആളുകളെ കൈയിലെടുത്തു. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ പള്ളിക്കമ്മിറ്റിക്കാര്‍ ഞങ്ങളെ ഓഫീസില്‍ കൊണ്ടുപോയി ഭക്ഷണം തന്നു. തിരിച്ചു പോകാനൊരുങ്ങിയിട്ടും കാശ് തരുന്ന മട്ടില്ല. അവസാനം സംഘാടകരോടു ചോദിച്ചു.
'ഇത്രയും ബോറായ ഗാനമേള അവതരിപ്പിച്ചിട്ടും നിങ്ങള്‍ക്ക് കാശു വേണം. അല്ലേ.'
ഞാന്‍ ഒന്നും പറഞ്ഞില്ല.
'പെട്ടെന്നു നാട്ടിലേക്കു വിട്ടോളൂ, അതാണ് നല്ലത്.'
അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്നു തോന്നി. പതുക്കെ ട്രൂപ്പംഗങ്ങളേയും വിളിച്ച് പുറത്തിറങ്ങി. ട്രൂപ്പംഗങ്ങള്‍ക്കു മുഴുവന്‍ എന്റെ പോക്കറ്റില്‍ നിന്നും പണമെടുത്തു കൊടുത്തു. അപ്പോഴാണ് ഗായകന്‍ പിന്നില്‍ നിന്ന് വിളിക്കുന്നത്.
'ചേട്ടാ, എന്റെ കൈയില്‍ ആകെ ഇരുന്നൂറു രൂപയേ ഉള്ളൂ.'
ദേഷ്യമാണ് തോന്നിയത്. അവന്‍ കാരണമാണ് ഞങ്ങള്‍ക്കുപോലും കാശ് കിട്ടാതിരുന്നത്.
'തല്‍ക്കാലം ആ ഇരുനൂറു രൂപ കൊണ്ട് വീട്ടില്‍ പോയാല്‍ മതി.'
എന്നു പറഞ്ഞുകൊണ്ടാണ് അവിടംവിട്ടത്.
''
അമ്മയുടെ കൈനീട്ടം

നാലുവര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് വി.ഡി.രാജപ്പന്‍ ആദ്യമായി ഒരു സ്‌റ്റേജില്‍ കയറിയത്. പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ നടന്ന ആദരണച്ചടങ്ങിലായിരുന്നു അത്. അദ്ദേഹം സ്‌റ്റേജിലേക്കു കയറിയ ഉടന്‍ സദസില്‍ ആരവമുയര്‍ന്നു. കസേരയിലിരുന്നുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് സ്വതസിദ്ധമായ ശൈലിയില്‍ പാടി. സദസ് അതേറ്റുപാടി. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ നിമിഷം. ഓരോ പാട്ടുപാടുമ്പോഴും തമാശ പറയുമ്പോഴും ശരീരം വിറയ്ക്കുന്നതു കാണാമായിരുന്നു. രോമകൂപങ്ങള്‍ പോലും എഴുന്നുനില്‍ക്കുന്ന കാഴ്ച. സുലോചനയ്ക്കു പേടിയായി. കാരണം ഇത്തരം സമയങ്ങളിലാണ് ഷുഗര്‍ കുറയുക. ഊഹിച്ചതുപോലെ തന്നെ സംഭവിച്ചു. വേദിയില്‍ നിന്നിറങ്ങിയപ്പോഴേക്കും ഷുഗര്‍ കുറഞ്ഞു. ഷുഗര്‍ കുറയുമ്പോള്‍ നന്നായി പഞ്ചസാരയിട്ട ചായയോ കാപ്പിയോ കൊടുക്കും. അതോടെ നോര്‍മലാവും.
എണ്‍പത്തിയൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടും അമ്മയുടെ അംഗത്വമെടുത്തിരുന്നില്ല
, രാജപ്പന്‍. സാമ്പത്തികപ്രയാസമായിരുന്നു കാരണം. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചിലര്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചത് അടുത്തകാലത്താണ്. കുറച്ചുദിവസം കഴിഞ്ഞ് ബാബു വിളിച്ചു.

''ചേട്ടന്‍ അഞ്ചുപൈസ തരേണ്ട. അമ്മയുടെ മെമ്പര്‍ഷിപ്പെടുത്താല്‍ ഞങ്ങള്‍ക്ക് കൈനീട്ടം തന്ന് സഹായിക്കാന്‍ കഴിയും. മെമ്പര്‍ഷിപ്പിന്റെ ഫോറം അടുത്ത ദിവസം തന്നെ അയയ്ക്കാം.''
കഴിഞ്ഞയാഴ്ചയാണ് ഫോറം വന്നത്. അത് രണ്ടുദിവസം കഴിഞ്ഞ് പൂരിപ്പിച്ച് തിരിച്ചയച്ചു. അടുത്തമാസം മുതല്‍ നാലായിരം രൂപ കൈനീട്ടമായി കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

സാംസ്‌കാരികവകുപ്പ് 25000 രൂപ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. അതിനായി സുലോചന തിരുവനന്തപുരത്തെ ഓഫീസൊക്കെ കയറിയിറങ്ങിയിരുന്നു. ഇതുവരെയും പണം കൈയില്‍ കിട്ടിയിട്ടില്ല.
(വി.ഡി.രാജപ്പന്റെ വീട്ടിലേക്ക് സുഹൃത്തുക്കള്‍ ഓരോരുത്തരായി കയറിവരികയാണ്. ഗിറ്റാറിസ്റ്റ് ഈശോയ്ക്കു പുറമെ സിനിമാ സഹസംവിധായകന്‍ സന്തോഷ് ഏറ്റുമാനൂര്‍
, പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ യൂണിറ്റ് സെക്രട്ടറി ബിനീഷ്...)
''കൃത്യമായ ചികിത്സ കിട്ടിയാല്‍ രാജപ്പന്‍ ചേട്ടന് ഇനിയും വേദികളില്‍ പാടാനും കഥാപ്രസംഗം അവതരിപ്പിക്കാനും കഴിയും. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ മാസത്തെ ഏറ്റുമാനൂരിലെ ചടങ്ങ്. ഇനിയും ഇതുപോലുള്ള ചടങ്ങുകളില്‍ ഞങ്ങള്‍ അദ്ദേഹത്തെ എത്തിക്കും. പക്ഷേ അതിനു മുമ്പ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടപെടണം. പ്രത്യേകിച്ചും കോട്ടയം ജില്ലക്കാരായ മുഖ്യമന്ത്രിയും സാംസ്‌കാരികമന്ത്രിയും...''
സന്തോഷ് പറയുമ്പോള്‍
, അതു ശ്രദ്ധിക്കാതെ രാജപ്പന്‍ വീണ്ടും സുലോചനയെ വിളിച്ചു.
''എടിയേ...ഒരു സിഗരറ്റ് കൂടി തന്നേ..''
അഞ്ചു മിനുട്ടു കഴിഞ്ഞിട്ടും സുലോചന സിഗരറ്റും തീപ്പെട്ടിയുമായി എത്തിയില്ല. ഇതോടെ മനസില്‍ നിന്നോര്‍ത്തെടുത്ത് വി.ഡി.രാജപ്പന്‍ ഉച്ചത്തില്‍ പഴയൊരു പാരഡിപ്പാട്ടു പാടി.
''പൂമുഖവാതില്‍ക്കല്‍
പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ
നല്ല മനുഷ്യരെ നാണം കെടുത്തുന്ന
താടകയാണെന്റെ ഭാര്യ....
''


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment