Sunday 19 May 2013

[www.keralites.net] 'നാണം കെടുത്താന്‍ ശ്രമിച്ചാല്‍ മന്ത്രിസഭയിലേക്കില്ല- ചെന്നിത്തല'/ വകുപ്പില്ലാ മന്ത്രിയായി തുടരാന്‍ തയാറാണെന്നും ആര്യാടന്‍

 

'നാണം കെടുത്താന്‍ ശ്രമിച്ചാല്‍ മന്ത്രിസഭയിലേക്കില്ല'; ചെന്നിത്തല ഉടക്കി

ആര്‍. സുരേഷ്‌

 

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുയുദ്ധം ശക്‌തമായി. രമേശിന്‌ ഉപമുഖ്യമന്ത്രി സ്‌ഥാനം കിട്ടാതിരിക്കാന്‍ എ ഗ്രൂപ്പുകാര്‍ കേരള കോണ്‍ഗ്രസിനെയും ലീഗിനെയും ഇളക്കിവിട്ടെന്നാണ്‌ ഐ വിഭാഗം സംശയിക്കുന്നത്‌. അതിനാല്‍ ആഭ്യന്തരവകുപ്പ്‌ കിട്ടിയേ തീരൂ എന്ന വാശിയിലാണ്‌ അവര്‍. ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ എ വിഭാഗവും ഉറച്ചുനില്‍ക്കുന്നു. എങ്കില്‍ രമേശ്‌ മന്ത്രിയാകുന്നില്ലെന്ന്‌ ഐ വിഭാഗം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നിലപാട്‌ കര്‍ശനമാക്കിയതോടെ മന്ത്രിസഭാ പുനഃസംഘടന കീറാമുട്ടിയായി തുടരുകയാണ്‌.

തന്റെ പേര്‌ അനാവശ്യമായി വലിച്ചിഴച്ച്‌ മോശക്കാരനാക്കുന്നതിലുള്ള പ്രതിഷേധം രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയേയും എ.കെ. ആന്റണിയേയും അറിയിച്ചിട്ടുണ്ട്‌. മന്ത്രിയാകാന്‍ താന്‍ ആര്‍ത്തി പിടിച്ചു നടക്കുകയാണെന്നു വരുത്തിത്തീര്‍ക്കുകയാണ്‌ ചിലരെന്നാണ്‌ ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ െഹെക്കമാന്‍ഡ്‌ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ മന്ത്രിസഭാ പുനഃസംഘടന അട്ടിമറിക്കുന്നത്‌ തന്നെ അപമാനിക്കാനാണെന്ന്‌ അദ്ദേഹം ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും പറഞ്ഞു. ഇതു തുടര്‍ന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. മന്ത്രിസ്‌ഥാനത്തേക്കാള്‍ വലുത്‌ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനമാണെന്ന ഐ വിഭാഗക്കാരനായ കെ. സുധാകരന്റെ പ്രഖ്യാപനം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്‌. മന്ത്രിസഭയില്‍ നല്ല സ്‌ഥാനം നല്‍കാതിരിക്കുകയും കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ താഴെയിറക്കുകയും ചെയ്യുകയെന്നത്‌ എ ഗ്രൂപ്പിന്റെ തന്ത്രമാണെന്നാണ്‌ ഐ വിഭാഗത്തിന്റെ വിലയിരുത്തല്‍.

ചെന്നിത്തല ഉപമുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെ കെ.എം. മാണി എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തേക്കു പോയതും പിന്നീട്‌ ഉപമുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിച്ചതും എ ഗ്രൂപ്പുകാര്‍ നടത്തിയ ഒത്തുകളിയുടെ ഭാഗമാണെന്നാണ്‌ ഐ വിഭാഗം വിശ്വസിക്കുന്നത്‌. കുഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന്‌ ഇന്നലെ എ വിഭാഗക്കാരായ കെ.സി. ജോസഫും തന്റെ വകുപ്പു വിട്ടുകൊടുക്കാമെന്ന്‌ ആര്യാടനും പറഞ്ഞതും സംശയത്തോടെയാണ്‌ ഐ ഗ്രൂപ്പുകാര്‍ കാണുന്നത്‌.

എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങളുമായി രംഗത്ത്‌ വന്ന സാഹചര്യത്തിലാണ്‌ മാര്‍ച്ചില്‍ െഹെക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. പാര്‍ട്ടിയുമായി ആലോചിക്കാതെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്‌ സര്‍ക്കാരിന്റെ ഗ്രാഫ്‌ താഴേയ്‌ക്കാക്കിയെന്ന്‌ കെ.പി.സി.സി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഭൂരിപക്ഷ സമുദായങ്ങള്‍ ഇതോടെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ചെന്നിത്തലയെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിയാന്‍ െഹെക്കമാന്‍ഡ്‌ നിര്‍ദേശിച്ചത്‌. ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തരവകുപ്പ്‌ നല്‍കിക്കൊണ്ടുള്ള സമവാക്യമാണ്‌ അന്ന്‌ രൂപം കൊണ്ടത്‌. എന്നാല്‍ കേരളയാത്ര കഴിഞ്ഞശേഷമാകാം പുനഃസംഘടനയെന്ന്‌ തീരുമാനിക്കുകയായിരുന്നു.

ഈ ധാരണ പൊളിക്കാനാണ്‌ കേരളയാത്ര അവസാനിക്കുന്ന ദിവസം ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്നെന്ന വാര്‍ത്ത ചില മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതെന്നാണ്‌ ഐഗ്രൂപ്പിന്റെ പരാതി. റവന്യുവകുപ്പ്‌ എന്ന പ്രചാരണം അഴിച്ചുവിട്ട്‌ വെള്ളാപ്പള്ളി നടേശനെ ചെന്നിത്തലയുടെ എതിരാളിയാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ വകുപ്പ്‌ ഏറ്റെടുക്കുമെന്ന പ്രചാരണം വന്നതോടെ അടൂര്‍ പ്രകാശ്‌ ചെന്നിത്തലയുടെ കടുത്ത വിരോധിയായി മാറി. വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടാണ്‌ എ ഗ്രൂപ്പിന്റേത്‌. ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തരവകുപ്പ്‌ വേണമെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനം വിട്ടുനല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നേരത്തെ വകുപ്പ്‌ മാറ്റിയപ്പോള്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന റവന്യുവാണ്‌ ഐ ഗ്രൂപ്പിന്‌ നല്‍കിയത്‌. ആഭ്യന്തരം കൂടി കൊടുത്താല്‍ എ ഗ്രൂപ്പിന്റെ പ്രസക്‌തി നഷ്‌ടപ്പെടുമെന്ന വാദവും ശക്‌തമായിട്ടുണ്ട്‌. കെ. മുരളീധരനും സി.വി. പത്മരാജനും കെ.പി.സി.സി. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നു മന്ത്രിസഭയിലേക്ക്‌ വന്നപ്പോഴും ആഭ്യന്തരം നല്‍കിയിട്ടില്ല. പിന്നെ ചെന്നിത്തല ഇത്ര പിടിവാശി കാണിക്കുന്നതെന്തിനെന്നും അവര്‍ ചോദിക്കുന്നു.

തന്റെ െകെവശമുള്ള രണ്ടു വകുപ്പുകളും ആര്‍ക്കു വേണമെങ്കിലും ഏറ്റെടുക്കാമെന്നും വിട്ടുനല്‍കാന്‍ തയാറാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. വകുപ്പില്ലാ മന്ത്രിയായി തുടരാന്‍ തയാറാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്നപക്ഷം അദ്ദേഹത്തിന്‌ ഏതു വകുപ്പ്‌ നല്‍കണമെന്നു തീരുമാനിച്ചിട്ടില്ലെന്നും.അര്‍ഹിക്കുന്ന വകുപ്പു നല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു
എന്‍.എസ്‌.എസിനെയും എസ്‌.എന്‍.ഡി.പിയേയും തൃപ്‌തിപ്പെടുത്താനാണോ മന്ത്രിസഭാ അഴിച്ചുപണിയെന്ന ചോദ്യത്തിന്‌ അവരെ മാധ്യമങ്ങള്‍ ഇനി ദ്രോഹിക്കേണ്ട എന്നായിരുന്നു മറുപടി. കാര്‍ത്തികേയന്‍ കെ.പി.സി.സി. പ്രസിഡന്റാകുമോയെന്നത്‌ െഹെക്കമാന്‍ഡാണ്‌ തീരുമാനിക്കേണ്ടത്‌. ഞാന്‍ ഒരു ചെറിയ മനുഷ്യനാണ്‌. പറയാനുള്ളത്‌ പാര്‍ട്ടിയില്‍ പറയും-ആര്യാടന്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment