Wednesday 29 May 2013

[www.keralites.net] എന്തിനീ ദാഹം, ആഭ്യന്തര വകുപ്പിനു വേണ്ടി

 

എന്തിനീ ദാഹം, ആഭ്യന്തര വകുപ്പിനു വേണ്ടി?

പി.സി.സിറിയക്

 

കേരള രാഷ്‌ട്രീയത്തില്‍ പെട്ടെന്നാണ്‌ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തര്‍ രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിക്കുന്നു. രമേശ്‌, ഇതിനു മാനസികമായി തയാറെടുത്ത്‌ മുഖ്യമന്ത്രിയെ കാണാന്‍ ചെല്ലുന്നു. ക്ലിഫ്‌ ഹൗസില്‍ അദ്ദേഹം ചര്‍ച്ചയ്‌ക്ക് എത്തിച്ചേര്‍ന്നത്‌ പ്രസന്നവദനനായി, ചിരിച്ച്‌ തമാശ പറഞ്ഞ്‌. പക്ഷേ, മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ മടങ്ങിയത്‌, മ്ലാനവദനനായിട്ട്‌! അവിടെ എന്താണു സംഭവിച്ചത്‌? പത്രങ്ങള്‍ പറയുന്നതു ശരിയാണെങ്കില്‍, രമേശിന്‌ ഉപമുഖ്യമന്ത്രി സ്‌ഥാനം വേണം; വെറും മന്ത്രിയാണെങ്കില്‍ ആഭ്യന്തരവകുപ്പു തന്നെ വേണം. മുഖ്യമന്ത്രി ഇതു രണ്ടിനും സമ്മതം മൂളുന്നില്ല. അപ്പോള്‍ ആഭ്യന്തരവകുപ്പ്‌ തന്നെയാണോ സര്‍വപ്രധാനമായ 'താക്കോല്‍ സ്‌ഥാനം'?

ഒരു ജനാധിപത്യ സമൂഹത്തില്‍ പോലീസിനു വളരെ പ്രധാനപ്പെട്ട പങ്കാണു വഹിക്കാനുള്ളത്‌. നിയമം കൃത്യമായും കര്‍ശനമായും നടപ്പാക്കി, സാധാരണ ജനങ്ങളുടെ ജീവിതം ക്ലേശരഹിതമാക്കുകയാണ്‌ പോലീസിന്റെ കടമ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത്‌് പോലീസ്‌. 'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന സ്‌ഥിതി ഒഴിവാക്കി, നിയമവാഴ്‌ച ഉറപ്പാക്കിയാല്‍ ജനങ്ങള്‍ക്കു സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനാകൂ. പോലീസ്‌ ഒരിക്കലും സ്‌ഥാപിത താല്‌പര്യങ്ങളുടെയും സമ്മര്‍ദശക്‌തികളുടെയും മാഫിയകളുടെയും പിണിയാളുകളായി പ്രവര്‍ത്തിക്കാന്‍ പാടില്ല. അച്ചടക്കവും കൃത്യനിഷ്‌ഠയും മൂല്യബോധവുമുള്ള ഒരു സേനയായിരിക്കണം പോലീസ്‌.

ഒരുകാലത്ത്‌ നമ്മുടെ പോലീസ്‌ ഏറ്റവും മികച്ച നിയമപരിപാലന സേനയായിരുന്നു. മുഖം നോക്കാതെ കാര്യക്ഷമമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്‍. ചന്ദ്രശേഖരന്‍നായര്‍, എം.കെ. ജോസഫ്‌ മുതലായ പ്രശസ്‌തരായ പോലീസ്‌ മേധാവികളും നമുക്കുണ്ടായിരുന്നു. കളത്തില്‍ വേലായുധന്‍നായര്‍, പി.ടി. ചാക്കോ, സി.എച്ച്‌. മുഹമ്മദ്‌ കോയ മുതലായ ശക്‌തരായ ആഭ്യന്തരമന്ത്രിമാരെയും കേരളം കണ്ടിട്ടുണ്ട്‌. പോലീസിന്റെ കേസന്വേഷണങ്ങളിലും അനുദിന ഭരണകാര്യങ്ങളിലും ഇവര്‍ ഇടപെടാറില്ലായിരുന്നു.

ഇന്ന്‌ മുഖ്യമന്ത്രി സ്‌ഥാനത്തേക്കാള്‍ വലുതായി ആഭ്യന്തരവകുപ്പിനെ കാണാനിടയാക്കിത്തീര്‍ത്തത്‌ എന്തുകൊണ്ട്‌? ഉത്തരം ലളിതം. പോലീസ്‌, അതിന്റെ ജോലി സത്യസന്ധമായി മുഖം നോക്കാതെ നടത്തുന്നതിനു പകരം രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്നു. സംസ്‌ഥാനമൊട്ടുക്കുള്ള പോലീസിന്റെ നിയന്ത്രണം, വമ്പിച്ച അധികാരത്തിന്റെയും സ്വാധീനശക്‌തിയുടെയും സ്രോതസായിത്തീര്‍ന്നിരിക്കുന്നു. ഈ അധഃപതനം എങ്ങനെ സംഭവിച്ചു?

കേരളത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രം അവലോകനം ചെയ്‌താല്‍ നമുക്ക്‌ ഉത്തരം കിട്ടും. ആദ്യകാലത്ത്‌ രാഷ്‌ട്രീയ നേതൃത്വം പോലീസിന്റെ കേസന്വേഷണം, നിയമപരിപാലനം മുതലായ വിഷയങ്ങളില്‍ തലയിടാറില്ലായിരുന്നു. ഓരോ സന്ദര്‍ഭത്തിലും സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി നിര്‍ദേശം നല്‍കാനും ആവേശം കാണിച്ചില്ല. നിയമം അതിന്റെ വഴിക്കു പോകട്ടെ എന്ന്‌ ആത്മാര്‍ഥതയോടെ പറയുകയും അതു കൃത്യമായി നടപ്പാക്കാന്‍ ഉദ്യോഗസ്‌ഥരെ അനുവദിക്കുകയും ചെയ്‌തവരായിരുന്നു അക്കാലത്തെ ആഭ്യന്തരമന്ത്രിമാര്‍.

1957-ല്‍ ഇ.എം.എസ്‌. മന്ത്രിസഭ അധികാരത്തിലെത്തി. അന്നുവരെ പ്രതിപക്ഷത്തിരുന്ന്‌ അക്രമാസക്‌തമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നവര്‍ മന്ത്രിമാരായി. പോലീസ്‌ എക്കാലവും പണക്കാരുടെയും മുതലാളിമാരുടെയും കോണ്‍ഗ്രസുകാരുടെയും നിര്‍ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണെന്ന്‌ അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു.

ജനാധിപത്യ യുഗത്തില്‍ പോലീസ്‌ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒപ്പമായിരിക്കണമെന്നും തൊഴില്‍ സമരങ്ങളില്‍ മുതലാളിമാര്‍ക്ക്‌ അനുകൂലമായി ഇടപെടരുതെന്നും അവര്‍ വാദിച്ചു. എന്നിട്ടും ഇ.എം.എസിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായത്‌ കടുത്ത കമ്യൂണിസ്‌റ്റുകാരനല്ലായിരുന്നു, സ്വതന്ത്രനായിരുന്ന വി.ആര്‍. കൃഷ്‌ണയ്യരായിരുന്നു! കുറേനാള്‍ കഴിഞ്ഞ്‌ വിമോചനസമരവും മറ്റും നേരിടേണ്ടി വന്ന്‌, നിരവധി പോലീസ്‌ വെടിവയ്‌പു സംഭവങ്ങള്‍ നടന്നപ്പോള്‍ ആഭ്യന്തരമന്ത്രിയാക്കിയതും ഒരു മിതവാദിയും പക്വതയുള്ള വ്യക്‌തിയുമായിരുന്ന സി. അച്യുതമേനോനെയായിരുന്നു.

വിമോചനസമരം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യകക്ഷികള്‍ വന്‍ ഭൂരിപക്ഷം നേടി, പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയും ആയപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഇവര്‍ ഇരുവരും ഏറ്റെടുത്തില്ല. മൂന്നാമനായ പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയായി. രാഷ്‌ട്രീയ ഇടപെടല്‍ ഒട്ടുമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പോലീസിനെ അനുവദിച്ചു. ശിപാര്‍ശകള്‍ക്കു വഴങ്ങി തെറ്റു ചെയ്യാതിരിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിച്ചു. 1970-ല്‍ അച്യുതമേനോന്റെ കാബിനറ്റില്‍ ആഭ്യന്തരമന്ത്രിയായി കെ. കരുണാകരന്‍ രംഗപ്രവേശം ചെയ്‌തതോടെ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. പോലീസ്‌ സേനയില്‍ തന്റെ വിശ്വസ്‌തരായ ഒരു വിഭാഗത്തെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും തന്റെ ഇംഗിതമറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന അക്കൂട്ടരുടെ തെറ്റുകളും അതിക്രമങ്ങളും അവഗണിക്കാനും ആശ്രിതവത്സലനായ അദ്ദേഹം തയാറായി. ജയറാം പടിക്കല്‍, ടി.വി. മധുസൂദനന്‍ തുടങ്ങിയ ഒരുകൂട്ടം ഊര്‍ജസ്വലരായ പോലീസ്‌ മേധാവികള്‍ ഇങ്ങനെ ആഭ്യന്തരമന്ത്രിയുടെ വിശ്വസ്‌തരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായി. മന്ത്രിയോടുള്ള ഈ വിധേയത്വ സംസ്‌കാരം പോലീസ്‌ സേനയില്‍ താഴേക്കു പടരാനും താമസമുണ്ടായില്ല.

കെ. കരുണാകരന്‍ ഇന്‍സ്‌പെക്‌ടര്‍മാരുമായി നേരിട്ടു ബന്ധപ്പെടാനും കേസന്വേഷണങ്ങളില്‍ ഇടപെട്ടു നിര്‍ദേശം കൊടുക്കാനും താല്‍പര്യം കാണിച്ചു. തന്റെ വാക്കാലുള്ള ഉത്തരവുകള്‍ ശിരസാ വഹിക്കാന്‍ മടി കാണിച്ചവര്‍ക്ക്‌ ഉടന്‍ സ്‌ഥാനചലനം നല്‍കി അവരെ പാഠം പഠിപ്പിച്ചു. ഈ വഴിവിട്ട പോക്കിനെതിരായി വായ്‌ തുറക്കാന്‍ ഡി.ജി.പി. തുടങ്ങിയ പോലീസ്‌ മേധാവികള്‍ക്കും ആഭ്യന്തരവകുപ്പു സെക്രട്ടറി, ചീഫ്‌ സെക്രട്ടറി, മുഖ്യമന്ത്രി മുതലായവര്‍ക്കും കഴിയാതെ പോയതു നിര്‍ഭാഗ്യകരം. തന്നോട്‌ വിശ്വസ്‌തത പുലര്‍ത്തുന്ന പ്രാദേശിക നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ കെ. കരുണാകരന്‍ പോലീസ്‌വകുപ്പിനെ ഒരു ഉപകരണമാക്കുകയായിരുന്നു.

അതോടെ നാട്ടില്‍ സ്വാധീനശക്‌തി ഉണ്ടാക്കുവാനും അതുണ്ടെന്നു തെളിയിക്കാനും പ്രാദേശിക നേതാക്കന്മാര്‍ പോലീസ്‌ സ്‌റ്റേഷന്‍ കയറിയിറങ്ങാന്‍ തുടങ്ങി. ചുരുക്കത്തില്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ചട്ടുകമായിത്തിര്‍ന്നു കേരളത്തിലെ പോലീസ്‌. ഈ സ്‌ഥിതിക്ക്‌ ഇടക്കാലത്ത്‌ ഒരു ചെറിയ മാറ്റമുണ്ടായത്‌, 2001-ല്‍ എ.കെ. ആന്റണി, മുഖ്യമന്ത്രിയും കെ.ജെ. ജോസഫ്‌ ഡി.ജി.പി.യുമായി പ്രവര്‍ത്തിച്ചപ്പോഴായിരുന്നു.

പോലീസ്‌, നിയമം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കണം, രാഷ്‌ട്രീയ ശിപാര്‍ശകള്‍ തള്ളിക്കളയണം എന്ന നയം ആന്റണിയും ഡി.ജി.പി.യും കൂടി നടപ്പാക്കാന്‍ ശ്രമിച്ചു. പക്ഷേ, നമ്മുടെ പോലീസ്‌ ഏമാന്മാര്‍ സഹകരിച്ചില്ല. പ്രാദേശിക ഭരണകക്ഷി നേതാക്കളും ആന്റണിയുടെ നയത്തെ എതിര്‍ത്തു.

നിയമമനുസരിച്ചു മാത്രം പ്രവര്‍ത്തിച്ചാല്‍ ഇവര്‍ക്കെല്ലാം എങ്ങനെ പണം സമ്പാദിക്കാന്‍ കഴിയും? ഈ സ്‌ഥാപിത താല്‌പര്യക്കാരുടെ ശക്‌തമായ എതിര്‍പ്പ്‌ 'നിയമാനുസൃതം മാത്രം പ്രവര്‍ത്തിക്കുന്ന പോലീസ്‌' എന്ന ആന്റണിയുടെ സ്വപ്‌നത്തെ തകര്‍ത്തുടച്ചു.

വളരെ വേഗം കാര്യങ്ങള്‍ വീണ്ടും പഴയ പോലായിത്തീര്‍ന്നു. ബുദ്ധിമാന്മാരായ പോലീസുകാര്‍ അതിനകം മനസിലാക്കിയിരുന്നു, നാളെ ഭരണമാറ്റമുണ്ടാകും പ്രതിപക്ഷത്തിരിക്കുന്നവര്‍ അന്ന്‌ അധികാരസ്‌ഥാനത്തെത്തും. അപ്പോള്‍ അവരെയും വെറുപ്പിക്കാന്‍ പാടില്ല.

ചുരുക്കത്തില്‍ ഇരുപക്ഷത്തുമുള്ള രാഷ്‌ട്രീയക്കാരുടെ കൊയ്‌ത്തുഭൂമിയായിത്തീര്‍ന്നു പോലീസ്‌ സ്‌റ്റേഷനുകള്‍. ഇന്ന്‌ കേരളത്തിലെ ഒരു പൊതുപ്രവര്‍ത്തകനെ ഏറ്റവും കൂടുതലാളുകള്‍ സമീപിക്കുന്നത്‌ എന്തിനുവേണ്ടിയാണെന്നോ? പോലീസ്‌ സ്‌റ്റേഷനില്‍ ഒന്നു വിളിച്ച്‌ ശിപാര്‍ശ പറയാന്‍.

പാവപ്പെട്ടവര്‍ക്ക്‌ ഏതെങ്കിലുമൊരു കക്ഷിയുടെ ഒരു ഛോട്ടാ നേതാവെങ്കിലും കൈവശമില്ലെങ്കില്‍ സ്വസ്‌ഥമായി ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സ്‌ഥിതിയാണ്‌ ഇന്നു കേരളത്തില്‍ നിലവിലിരിക്കുന്നത്‌.

ചുമ്മാതല്ല ആഭ്യന്തരവകുപ്പിനുവേണ്ടി രമേശ്‌ ചെന്നിത്തല ദാഹിക്കുന്നതും അതു വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ''വിനീതനെങ്കിലും വിധേയനല്ലാത്ത'' ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വിസമ്മതിക്കുന്നതും. പക്ഷേ, ഇവിടെ ജനാധിപത്യം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ചുകൂടണം. പോലീസിനെ രാഷ്‌ട്രീയ ഉപകരണമാക്കുന്ന ദയനീയ സ്‌ഥിതിക്കു മാറ്റം വരുത്തണം. ഇതിനു നമ്മുടെ രാഷ്‌ട്രീയ നേതൃത്വം സമ്മതിക്കുമോ? പോലീസ്‌ മേധാവികള്‍ മുന്‍കൈ എടുക്കുമോ?

നമ്മുടെ എ.ഡി.ജി.പിമാരെല്ലാം ഇന്നു സാമൂഹിക വിമര്‍ശകരായിത്തീര്‍ന്നിരിക്കുകയാണ്‌. എ.ഡി.ജി.പി. സന്ധ്യയും എ.ഡി.ജി.പി. സെന്‍കുമാറുമെല്ലാം ഈ മേഖലയില്‍ സജീവമാണ്‌. പക്ഷേ, ഈ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കേണ്ടത്‌ കവിത എഴുതിയും പ്രസംഗിച്ചുമല്ല, പ്രവൃത്തിയിലൂടെയാണ്‌.

രാഷ്‌ട്രീയ ശിപാര്‍ശകള്‍ തൃണവല്‍ഗണിച്ച്‌, സത്യസന്ധമായി നിയമാനുസൃതം മാത്രം ഇവര്‍ തീരുമാനങ്ങള്‍ എടുക്കട്ടെ. പോരാ, അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരും നിയമാനുസൃതം മാത്രം പ്രവര്‍ത്തിക്കുമെന്ന്‌ ഉറപ്പുവരുത്തട്ടെ! അപ്പോള്‍ നമുക്കവരെ അഭിനന്ദിക്കാം.

(തമിഴ്‌നാട്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment