യന്ത്രപ്പറവക്കിറങ്ങാൻ കായലിൽ റൺവേ, ഫ്ളോട്ടിംഗ് ജെട്ടി  തിരുവനന്തപുരം: കൊല്ലത്തെ അഷ്ടമുടി, ആലപ്പുഴയിലെ പുന്നമട കായലുകളിൽ സീ പ്ളെയിൻ ലാൻഡ് ചെയ്യുന്പോൾ യാത്രക്കാർക്കിറങ്ങാൻ ഫ്ലോട്ടിംഗ് ജെട്ടി, സുരക്ഷയ്ക്കും പരിശോധനയ്ക്കും പൊലീസിന്റെ ഹൗസ് ബോട്ട്! രണ്ട് സംവിധാനങ്ങളും തയ്യാറായിക്കഴിഞ്ഞു. ഈ മാസം അവസാനം കേരളത്തിലെ ആദ്യ സീ പ്ളെയിൻ സർവ്വീസ് തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നാകും ആദ്യ സീ പ്ളെയിൻ ഓപ്പറേഷൻ. കൈരളി ഏവിയേഷന്റെ സെസ്ന 206 എന്ന സീ പ്ളെയിനാകും ആദ്യ സർവ്വീസിനെത്തുക. അഞ്ച് സീറ്റാണ് ഇതിനുള്ളത്. അടുത്ത രണ്ടു മാസത്തിനുള്ളിൽ എട്ട്, പതിനെട്ട് സീറ്റുകളുള്ള സീ പ്ളെയിനുകൾ കൂടിയെത്തും. പ്രത്യേക റൺവേ പൊലീസ് പരിശോധന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സീ പ്ലെയിൻ സർവ്വീസ്. കേരളത്തിലെ മൂന്ന് എയർപോർട്ടുകളിൽ നിന്ന് സീ പ്ലെയിനിലേക്ക് കയറാം. തുടക്കത്തിൽ അഷ്ടമുടിക്കായലിലും പുന്നമടയിലുമാണ് ജലത്താവളങ്ങൾ ഒരുക്കിയിരിക്കുന്നത്. സീ പ്ളെയിനിന് വന്നിറങ്ങാൻ കായലുകളിൽ പ്രത്യേകം മാർക്ക് ചെയ്ത വാട്ടർ റൺവേ ഉണ്ടാകും. ഒരു കിലോമീറ്റർ നീളവും 250 മീറ്റർ വീതിയുമാണ് ഇതിനുണ്ടാകുക. സീ പ്ളെയിനിൽ നിന്ന് ചെറുബോട്ടുകളിലേക്ക് ഇറങ്ങിയാകും ഒഴുകി നടക്കുന്ന ജെട്ടിയിലേക്ക് (ഫ്ലോട്ടിംഗ് ജെട്ടി) എത്തുക. അവിടെ നിന്ന് അവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകാം. ഈ ജലത്താവളങ്ങളിൽ നിന്നാണ് മടങ്ങുന്നതെങ്കിൽ വിമാനത്താവളങ്ങളിലുള്ളതുപോലുള്ള പരിശോധനയുണ്ടാകും. കേരള പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് സുരക്ഷാ ചുമതല. 36 പേരെയാണ് രണ്ട് ജലത്താവളങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 20 പേർ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന്റെ രണ്ടു ലെവൽ പരീക്ഷ പാസായശേഷമാണ് സീ പ്ളെയിൻ സുരക്ഷയ്ക്ക് ഏർപ്പെടുത്തിയത്. യാത്രക്കാരെ പരിശോധിക്കുന്നതിന് ബാഗേജ് സ്കാനർ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉണ്ടാകും. ഹൗസ് ബോട്ടിലാകും ഈ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു പട്രോളിംഗ് ബോട്ടും ഉണ്ടാകും. യാത്രക്കാർക്ക് ഹൗസ് ബോട്ടിലെ പരിശോധനയ്ക്കുശേഷമേ സീ പ്ളെയിനിലേക്ക് കയറാനൊക്കൂ. അരമണിക്കൂറിന് 4,000-5,000 രൂപ സീ പ്ളെയിനിൽ ഒന്ന് പറക്കണമെങ്കിൽ ചെലവ് അൽപ്പം കൂടും. അരമണിക്കൂറിന് 4,000-5,000 രൂപവരെ ചെലവാകുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ചാർജ് നിശ്ചയിക്കുന്നതിൽ സർക്കാരിന് ഒരു പങ്കുമില്ല. അതൊക്കെ തീരുമാനിക്കുന്നത് ഓപ്പറേറ്റിംഗ് ഏജൻസികൾ തന്നെയാണ്. വിദേശ പൈലറ്റുകളാണ് തുടക്കത്തിൽ സർവ്വീസ് ഓപ്പറേറ്റ് ചെയ്യുക. അതിനാലാണ് ഇപ്പോൾ ചാർജ് കൂടുതൽ. ഇന്ത്യൻ പൈലറ്റുമാർക്ക് പരിശീലനം നൽകി നിയോഗിക്കാനും പദ്ധതിയുണ്ട്. സർവ്വീസ് കൂടുതൽ വ്യാപകമാകുന്നതോടെ ടിക്കറ്റ് ചാർജും കുറയും. സീ പ്ളെയിൻ സർവ്വീസ് തുടങ്ങുന്നതിലും സർക്കാർ നിയന്ത്രണമൊന്നുമില്ല. അംഗീകാരമുള്ള ഏജൻസികൾക്ക് സർവ്വീസ് തുടങ്ങാം. വിമാനങ്ങളിലുള്ളതുപോലെ ടോയ്ലെറ്റ്, ഭക്ഷണവും സീ പ്ളെയിനിലുണ്ടാകില്ല. അതിനിടെ കായലുകളിലെ പാരിസ്ഥിതിക പഠനം നടത്താതെ സീ പ്ളെയിൻ കൊണ്ടുവരുന്നതിൽ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്. എന്നാൽ, ഇപ്പോഴെത്തുന്ന സീ പ്ളെയിനുകൾ പരിസ്ഥിതി സൗഹൃദമെന്നാണ് അധികൃതരുടെ വാദം. |