ഡല്‍ഹിയില്‍ വീണ്ടും ക്രൂരതമാനഭംഗം: അഞ്ചുവയസുകാരി ഗുരുതരാവസ്‌ഥയില്‍
ന്യൂഡല്‍ഹി: അയല്‍വാസിയുടെ മാനഭംഗത്തിനും കൊടുംപീഡനത്തിനും ഇരയായ അഞ്ചുവയസുകാരിയെ അതീവ ഗുരുതരാവസ്‌ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.
സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ കിഴക്കന്‍ ഡല്‍ഹി എം.പി. സന്ദീപ് ദീക്ഷിത്, ഡല്‍ഹി ആരോഗ്യമന്ത്രി കിരണ്‍ വാലിയ എന്നിവരെ ആശുപത്രിക്കു മുന്നില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തു. പോലീസ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും ആശുപത്രിക്കു മുന്നിലും വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാരിലൊരാളെ തല്ലിയ അസിസ്‌റ്റന്റ് പോലീസ് കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്‌തു.
200 മില്ലി ലിറ്ററിന്റെ ഒരു കുപ്പിയും മെഴുകുതിരി കഷണങ്ങളും കുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ അകത്തു കയറ്റിയ അവസ്‌ഥയില്‍ കണ്ടെടുത്തു. കുട്ടി നാലുദിവസം തുടര്‍ച്ചയായി മാനഭംഗത്തിന് ഇരയായിട്ടുണ്ട്. അര്‍ധബോധാവസ്‌ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ആര്‍.കെ. ബന്‍സാല്‍ പറഞ്ഞു. ഒരു കുട്ടിയോട് ഇത്ര കൊടുംക്രൂരത ചെയ്‌തതായി തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നായിരുന്നു ഡോക്‌ടര്‍ പറഞ്ഞത്. അണുബാധ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ താഴത്തെ മുറിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന യു.പി. മുസഫര്‍നഗര്‍ സ്വദേശിയാണു പീഡിപ്പിച്ചതെന്നാണു പോലീസ് കരുതുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് യു.പിയിലേക്കു തിരിച്ചു. ഇയാളുടെ പിതാവിനെ കസ്‌റ്റഡിയിലെടുത്തതായും അറിയുന്നു. പീഡനസമയത്ത് കുട്ടിക്കു മയക്കുമരുന്നു നല്‍കിയിരുന്നതായി സൂചനയുണ്ട്. എട്ടു ദിവസംമുമ്പാണ് ഇയാള്‍ വാടയ്‌ക്കു മുറിയെടുത്തതെന്ന് അയല്‍വാസികള്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ കാണാതായത്. പരാതിപ്പെട്ടിട്ടും പോലീസ് വേണ്ടത്ര ഗൗനിച്ചില്ലെന്നു വീട്ടുകാര്‍ പറയുന്നു. വ്യാഴാഴ്‌ച ഉച്ചയോടെയാണു വീട്ടുകാര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെ മുറിയില്‍നിന്നു പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തിയെങ്കിലും കേസ് രജിസ്‌റ്റര്‍ ചെയ്യാനോ
കുറ്റവാളികളെ കണ്ടെത്താനോ ശ്രമിച്ചില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. രണ്ടായിരം രൂപ നല്‍കിക്കൊണ്ട് 'ദൈവത്തിനു നന്ദി പറയൂ, കുട്ടി ജീവനോടെയുണ്ടല്ലോ' എന്നാണു പോലീസ് പറഞ്ഞതെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ മികച്ച ആശുപത്രിയിലേക്കു മാറ്റണമെന്ന് ആവശ്യമുയര്‍ന്നതോടെയാണ് വൈകിട്ട് ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയത്. കുട്ടിയുടെ നില ഗുരുതരമാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്‌തമാക്കി.
ദയാനന്ദ് ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന പെണ്‍കുട്ടികളിലൊരാളെ തല്ലുകയും പിടിച്ചുതള്ളുകയും ചെയ്‌ത എ.സി.പി. ബേണി സിംഗ് അഹ്ലാവത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
No comments:
Post a Comment