Tuesday 23 April 2013

[www.keralites.net] ഈ സിനിമയുടെ ഏഴയലത്തുകൂടി പോകരുതേ

 

ലേഡീസ് ആന്‍ഡ് ജെന്‍്റില്‍മാന്‍: ഈ സിനിമയുടെ ഏഴയലത്തുകൂടി പോകരുതേ!

'ആയിരം നല്ല ചിത്രങ്ങള്‍ പരാജപ്പെട്ടാലും ഒരു മോശം ചിത്രം വിജയിക്കരുത്.' നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ലായ 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന' ആപ്തവാക്യത്തിനൊപ്പിച്ച് വ്യാവസായിക സിനിമക്കുവേണ്ടിയുണ്ടാക്കിയ ആപ്തവാക്യമായി ഇതിനെയും കണക്കാക്കാം. കാരണം ആയിരം നല്ല സിനിമകള്‍ പൊട്ടുന്നതിനേക്കാള്‍ നൂറുമടങ്ങ് മോശം പ്രവണതയാണ് ഒരു കൂതറ സിനിമ ഹിറ്റാവുക എന്നത്. പണ്ട് അഭിമുഖ വാചകമടി തലക്കുപിടിച്ച കാലത്ത് നടന്‍ പൃഥ്വീരാജ് പതിവായി പറഞ്ഞിരുന്ന സാമാന്യയുക്തിക്ക് നിരക്കുന്ന അപൂര്‍വം കാര്യങ്ങളില്‍ ഒന്നിതായിരുന്നു. (ദക്ഷിണ്യേന്ത്യയില്‍ ഇംഗ്ളീഷ് സംസാരിക്കാനറിയാവുന്ന ഏക നടനാണ് തന്‍െറ ഭര്‍ത്താവെന്ന് പൃഥ്വീരാജിന്‍െറ ഭാര്യ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വല്ലാതെ അപമാനിക്കപ്പെട്ടശേഷം വായില്‍ തോന്നുന്നത് കോതക്ക്പാട്ട് മട്ടിലുള്ള ഇന്‍്റര്‍വ്യൂകള്‍ ഈ മികച്ച നടന്‍ നിര്‍ത്തിക്കളഞ്ഞു.അങ്ങനെ മലയാളികള്‍ക്ക് നല്ലൊരു എന്‍റര്‍ടെയ്ന്‍മെന്‍റ് ഇല്ലാതായി !) ചരിത്രത്തിന്‍റ കാവ്യ നീതിയെന്ന് പറയട്ടെ, മലയാളത്തില്‍ പല ശരാശരി പടങ്ങളും ഹിറ്റായിട്ടുണ്ടെങ്കിലും തീര്‍ത്തും തറയെന്ന് വിളിക്കാവുന്ന, ഓര്‍ക്കാന്‍ ഒറ്റഷോട്ടുമില്ലാത്ത ഒരു സിനിമ വന്‍ സാമ്പത്തിക വിജയം നേടിയിട്ടുണ്ടെങ്കില്‍ അത് 2010ല്‍ ഇറങ്ങിയ 'പോക്കിരി രാജ'യായിരുന്നു. അതില്‍ മമ്മൂട്ടിക്ക് തലപ്പൊക്കത്തില്‍ ഇരട്ട നായകനായെത്തിയതും സാക്ഷാല്‍ പൃഥ്വീരാജ് തന്നെ !
അതിനുശേഷം ദിലീപിന്‍െറ 'കാര്യസ്ഥനും' 'മായാമോഹിനിയുമൊക്കെ' തീയേറ്ററില്‍നിന്ന് കോടികള്‍ വാരിയപ്പോള്‍ മലയാളിമനസ്സിന്‍െറ സാമൂഹിക മനശാസ്ത്രത്തെക്കുറിച്ച് ഈ ലേഖകന്‍ അമ്പരക്കുകയായിരുന്നു. 'കാര്യസ്ഥനില്‍' ഇമ്പമാര്‍ന്ന ചില പാട്ടുകളെങ്കിലും ഉണ്ടെന്ന് സമാധാനിക്കാം. 'മോഹിനിയില്‍' അതുമില്ല. പെണ്‍വേഷമെന്ന പേരില്‍ ഹിജഡയായി വേഷമിട്ട ദിലീപിന്‍െറ തറ നമ്പറുകള്‍ കാണുമ്പോള്‍ ഓക്കാനം വരും. കണ്ടിറങ്ങിയ പുരുഷാരത്തില്‍ ഭൂരിഭാഗവും തറവളിപ്പെന്നും വക്കുപൊട്ടിയതെന്നും പ്രാകുന്നു. എന്നിട്ടും കൂടുതല്‍ കൂടുതല്‍ പേര്‍ കണ്ട് പടം ഹിറ്റാവുന്നു. സാമൂഹിക മനശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരൊക്കെ ഗൗരവമായി പഠിക്കേണ്ട വിഷയമാണിത്. ഹിപ്പോക്രാറ്റുകളുടെ കൂട്ടായ്മയായി കേരളം മാറുന്നുവെന്നതിന്‍െറ പുതിയ ഉദാഹരണമാണ് തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള സിദ്ദീഖ് സംവിധാനംചെയ്ത 'ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍'. കടുത്ത മോഹന്‍ലാല്‍ ഫാന്‍സല്ലാത്ത മുഴുവന്‍ പ്രേക്ഷകരും പൊട്ടയെന്ന് പറഞ്ഞിട്ടും ഈ പടത്തിന് ആളുകൂടുന്നു. 10കോടി മുടക്കിയെടുത്ത ഈ 'സാധനത്തിന'് ചാനല്‍റൈറ്റും, റീമേക്ക് ഓവര്‍സീസ് റൈറ്റുമൊക്കെയായി തീയേറ്ററില്‍ എത്തുന്നതിന് മുമ്പുതന്നെ 11.5 കോടി കിട്ടിയെന്നാണ് പ്രചാരണം. (ഇത് പുളുവാകാന്‍ നല്ല സാധ്യതയുണ്ട്.) മാത്രമല്ല ചാനലുകളില്‍ ടോക്ക് ഷോ സംഘടിപ്പിച്ച് മോഹന്‍ലാലും സിദ്ദീഖും മീരാജാസ്മിനുമെല്ലാം ഈ പൊട്ട സിനിമയെ വാഴ്ത്തുന്നു. സന്തോഷ് പണ്ഡിറ്റാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ നിങ്ങളെല്ലാവരും കൂടി അയാളുടെ തലയുംകൊണ്ട് പോവുകയില്ലായിരുന്നോ?

മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുമ്പോള്‍
അക്ഷരാര്‍ഥത്തില്‍ ഒരു അത്ഭുദ പ്രതിഭയാണ് സംവിധായകനും തിരക്കഥാ കൃത്തുമായ സിദ്ദീഖ്. കൊച്ചിയില്‍ മിമിക്രി കളിച്ചുവളര്‍ന്ന ഈ ചെറുപ്പക്കാരന്‍ മലയാളത്തിന്‍െറ ഹിറ്റ്മേക്കറില്‍നിന്ന് വളര്‍ന്നുയര്‍ന്ന് ബോളിവുഡ്ഡില്‍ 100കോടി ക്ളബില്‍ ഇടംപിടിച്ച 'ബോഡിഗാര്‍ഡ'് വരെയെടുത്ത് മാനംമുട്ടെ വളര്‍ന്നു. ഒരു കമേഴ്ഷ്യല്‍ എന്‍റര്‍ടെയിനര്‍ എങ്ങനെ എടുക്കണമെന്ന് സിദ്ദീഖിനെ പഠിപ്പിക്കുന്നത് മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്നതിന് തുല്യമാവും. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം ഒറ്റയടിക്ക് 'ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍' തകര്‍ത്തുകളഞ്ഞു.ആദ്യപകുതി എങ്ങനെയെങ്കിലും കണ്ടിരിക്കാമെന്ന് വെക്കുക. രണ്ടാം പകുതി മൊത്തമായി ഇഴച്ചിലും ഏച്ചുകെട്ടലുമാണ്.
കരുത്തില്ലാത്ത തിരക്കഥ, സാമാന്യ യുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍, അരോചകമായ കോമഡി, ഒട്ടും ഇമ്പമല്ലാത്ത ഗാനങ്ങള്‍. ഒപ്പം ബോറന്‍ ഡയലോഗും മോശം മേക്കപ്പും. ഒരു സിനിമയെ കൂതറയെന്ന് വിളിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.
രാജ്യത്തെ പുതിയ ഐ.ടി സംരംഭകരുടെ പശ്ചാത്തലത്തല്‍ സിനിമയെടുക്കുമ്പോള്‍ സിദ്ദീഖ് ഒട്ടും ഗൃഹപാഠം ചെയ്തിട്ടില്ലെന്ന് ചുരുക്കം. ഐ.ടി എന്നാല്‍ വെറുതെ ഇ-മെയില്‍ വിട്ടു കളിക്കയാണെന്നാണ് അദ്ദേഹത്തിന്‍െറ ധാരണയെന്നാണ് ചിത്രം കണ്ടാല്‍ തോന്നുക. കുഴല്‍പ്പണം കള്ളക്കടത്തുന്നതുപോലെ ബൈക്കില്‍ സോഫ്റ്റുവെയറുകള്‍ സീഡിയിലാക്കി കൊണ്ടുപോയി മറ്റൊരു കമ്പനിയെ തകര്‍ക്കുന്ന സീനിലൊക്കെ വങ്കത്തം ആലോചിച്ചാണ് ചിരി വരിക.

മുഴുക്കുടിയനായ ലാല്‍ കഥാപാത്രം ചന്ദ്രബോസ് ഒരു സുപ്രഭാതത്തില്‍ കുടി നിര്‍ത്തുമ്പോള്‍ ഒരു വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമും ഉണ്ടാവുന്നില്ല. സദാ മദ്യപിച്ച് ആടി നടക്കുന്ന അയാള്‍ അപ്പോഴും ഒരു സംഘം ഗുണ്ടകളെ അടിച്ചു പത്തിരിയാക്കുന്നു.
ഭാര്യ ഓട്ടോമറിഞ്ഞ് മരിച്ചതിനാല്‍ മരണം വിളിക്കുമെന്നോര്‍ത്ത് അയാള്‍ പലപ്പോഴും തന്‍െറ ശിങ്കിടിയെയും കൊണ്ട് ഓട്ടോയിലാണ് കറക്കം. ( ഭാര്യ വിമാനാപകടത്തിലാണ് മരിച്ചതെങ്കില്‍ അയാള്‍ ഒരു ഹെലികോപ്റ്റര്‍ വിലക്കുവാങ്ങി അതില്‍ വട്ടം ചുറ്റുമായിരുന്നു!) ബോസിന്‍െറ ഭാര്യ അപകടത്തില്‍ മരിച്ചതാണെന്ന് നിഷ്പ്രയാസം കണ്ടെത്തുന്ന മംമ്തയുടെ കഥാപാത്രത്തിന് അയാളാണ് താന്‍ ജോലിചെയ്യുന്ന ഐ.ടി കമ്പനിയുടെ ഉടമയെന്ന് മനസ്സിലാക്കാന്‍ കൈ്ളമാക്സ് വരെ പോകേണ്ടിവരുന്നു. സാമാന്യ യുക്തിക്ക് നിരക്കാത്ത ചിത്രത്തിലെ ചില സാമ്പിള്‍ സീനുകള്‍ മാത്രമാണിത്.

പഴയ വീഞ്ഞ്, പഴയ കുപ്പി
ആല്‍ക്കഹോളിക്കിന്‍െറ വേഷങ്ങള്‍ തകര്‍ക്കാന്‍ മോഹന്‍ലാലിനെ കവിഞ്ഞ് മറ്റൊരു നടനില്ല. 'നമ്പര്‍ 20 മദ്രാസ്മെയില്‍' തൊട്ട് 'പകല്‍നക്ഷത്രങ്ങള്‍', 'ഹലോ', 'സ്പിരിരിറ്റ'് വരെയുളള നിരവധി ചിത്രങ്ങള്‍ ഉദാഹരണം. പക്ഷേ സംവിധായകന്‍െറ പാത്രസൃഷ്ടിയിലെ പാളിച്ചകള്‍കൊണ്ടുതന്നെ പതിവ് ലാല്‍ക്കുടിയന്‍െറ റേഞ്ചിലേക്ക് ജെന്‍റില്‍മാനിലെ ചന്ദ്രബോസ് ഉയരുന്നില്ല. പക്ഷേ ഉള്ളത് ലാല്‍ കുളമാക്കിയില്ലെന്ന് മാത്രം. പക്ഷേ മോഹന്‍ലാല്‍ ചെയ്ത സാംസ്ക്കാരിക കുറ്റകൃത്യം ഇതൊന്നുമല്ല. റെസിഡന്‍സ് അസോസിയേഷനുകളുടെയൊക്കെ വാര്‍ഷികത്തിന് അയ്യപ്പബൈജുവിനെ നായകനാക്കി ( നല്ല നടനാണ് ബൈജു, കള്ളുകുടിയനായി സ്പെഷ്യലൈസ് ചെയ്തതുകൊണ്ട് പരാമര്‍ശിച്ചു എന്നേയുള്ളൂ) അവതരിപ്പിക്കാന്‍ തക്ക നിലവരമുള്ള ഈ പീറക്കഥ സിദ്ദീഖ് പറഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ചു എന്നതാണ്. ആ കഥ കീറികൊട്ടയിലിട്ട് അടിമുടി മാറ്റിക്കൊണ്ടുവരാന്‍ പറഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒരു ജെന്‍റില്‍മാനായേനെ. 'സ്പിരിറ്റ'് ഇറങ്ങിയതിനാല്‍ തല്‍ക്കാലം ഈ സിനിമചെയ്യാതെ മാറ്റിവെക്കാമെന്ന് താന്‍ പറഞ്ഞെങ്കിലും 'ഇത് വേറൊരു കള്ളുകുടിയനാവും, അത് എനിക്ക് വിട്ടേക്ക്' എന്ന് പറഞ്ഞ് മോഹന്‍ലാലാണ് പ്രോത്സാഹിപ്പിച്ചതെന്നാണ് ഒരു ചാനല്‍ ടോക്ക് ഷോയില്‍ സംവിധായകന്‍ സിദ്ദീഖ് പറഞ്ഞത്.
കലാഭവന്‍ ഷാജോണിന്‍െറ സ്ഥിതിയാണ് ദയനീയം. പഴയ ജന്‍മിമാരൊക്കെ കൂട്ടത്തില്‍ ഒരു ദലിതനായ സേവകനെ കൊണ്ടുനടക്കുന്നപോലെയാണ് മോഹന്‍ലാലും ഷാജോണും തമ്മിലെ കോംമ്പിനേഷന്‍. നായകന് തല്ലാനും ചവിട്ടാനും തെറിപറയാനും, മദ്യമൊഴിച്ച് കൊടുക്കാനുമായി മാത്രം പിറന്ന യാതൊരു വ്യക്തിത്വവുമില്ലാത്ത ഒരു കോമാളി. ഈ സിനിമ സംബന്ധിച്ച ഒരു ടോക്ക് ഷോയില്‍ മീരാജാസ്മിന്‍ പറഞ്ഞത് ലാല്‍-ഷാജോണ്‍ കോമ്പിനേഷന്‍ കണ്ടപ്പോള്‍ പഴയ ജഗതി- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഓര്‍ത്തുപോയെന്നാണ്. മീരക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മതിഭ്രമത്തിന്‍െറ ആഴം നോക്കുക. കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന, കൊടുത്തും വാങ്ങിയും മുന്നേറുന്ന രസക്കൂട്ടാണ് കിലുക്കത്തിലും മറ്റും ലാലും ജഗതിയുമായുള്ളത്. മോഹന്‍ലാല്‍- ശ്രീനിവാസന്‍ ടീമും ഇതേപോലെയാണ് മുന്നേറിയത്. അല്ലാതെ പട്ടേലറും വിധേയനും തമ്മിലെ ബന്ധമല്ല. നസീര്‍ - അടൂര്‍ഭാസി തൊട്ട് ഇപ്പോഴത്തെ കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കോമ്പിനേഷന്‍വരെ നോക്കിയാല്‍ ലാല്‍-ഷാജോണ്‍ കൂട്ടുപോലെ ഇത്രക്ക് ഏകപക്ഷീയവും മനുഷ്യത്വ വിരുദ്ധവുമായ ഒന്ന് ഉണ്ടായിട്ടില്ലെന്ന് കാണാം. ഒരു തെറ്റും ചെയ്യാതെ ഷാജോണിനെ നിരന്തരം അധിക്ഷേപിക്കുന്ന ലാല്‍ കഥാപാത്രം ഒരുവേള അയാളുടെ അച്ഛന്‍െറ പേരുപറഞ്ഞും അപമാനിക്കുന്നതു കാണാം. യജമാന ഭക്തിയില്‍ നായക്ക് തുല്യനായ അയാള്‍ക്ക് ഇതും വെറും കോമഡി മാത്രമാണ്.

സംവിധായകന്‍ സിദ്ദീഖ് കഴിഞ്ഞാല്‍ ഈ സിനിമകൊണ്ട് ഏറ്റവും ചീത്തപ്പേരുണ്ടായത് നടി മീരാ ജാസ്മിനാണ്. തന്‍െറ പഴയ വേഷങ്ങളുടെ നിഴലാട്ടം മാത്രമാണ് ഇതില്‍ മീര . ദുര്‍ബലമായ കഥാപാത്രത്തെ ഇവര്‍ പരമാവധി ബോറാക്കുകയും ചെയ്തു. മേക്കപ്പാണ് അതി ഗംഭീരമായത്. ഈ ചിത്രത്തിലെ പാട്ടു സീനുകളില്‍ മേക്കപ്പിട്ട മീരയെക്കണ്ടാല്‍ യക്ഷികള്‍ ബോധം കെട്ടുപോകും. പ്രായം പിടിച്ചുനിര്‍ത്താന്‍ മീര നടത്തുന്ന നമ്പറുകള്‍ ബൂമറാങ്ങായി. ഇത്ര അരോചകമായി മേക്കപ്പിട്ട നടിയുടെ മുഖമൊന്ന് തുടക്കാന്‍പോലും പറയാന്‍ കഴിയാത്ത സംവിധായകന് കഥാപാത്രത്തിന്‍െറ സൗന്ദര്യത്തെകുറിച്ച് എന്ത് പിണ്ണാക്കാണ് അറിയുക.
നടി മംമ്താ മോഹന്‍ ദാസിന്‍െറ പിതാവായി വേഷമിട്ട് മുന്‍ മന്ത്രി ഗണേഷ് കുമാര്‍ 'വയസ്സറിയിച്ച' ചിത്രം കൂടിയാണിത്. ജീവിതത്തില്‍ സ്വന്തം ഭാര്യയോട് മുട്ടുകുത്തിയ ഗണേഷ് ഈ സിനിമയില്‍ മകളോട് തോല്‍ക്കുന്നതും അര്‍ഥഗര്‍ഭമായി. ബോറന്‍ പാട്ടുകള്‍ ഒരുക്കിക്കൊണ്ട് രതീഷ് വേഗയും തന്‍െറ ചീത്തപ്പേരിന് മാറ്റുകൂട്ടി. ഗാന ചിത്രീകരണവും തഥൈവ.
ഈ സിനിമ ആര്‍ക്കെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കില്‍ അത് മംമ്ത മോഹന്‍ദാസിന് മാത്രമാണ്. ഒരു സാധാരണവേഷത്തെ നന്നാക്കാന്‍ അവര്‍ പരമാധി ശ്രമിച്ചു. അപാര റേഞ്ചുള്ള നടിയായ പത്മപ്രിയക്ക് ചിത്രത്തില്‍ യാതൊന്നും ചെയ്യാനില്ല. മിത്രാ കുര്യനും വെറും നോക്കുകുത്തിവേഷത്തിലാണ്. സത്താര്‍ -ജയഭാരതി ദമ്പതികളുടെ മകനായ പുതുമുഖ താരം കൃഷ് ജെ. സത്താറും നന്നായില്ല. കൃഷ് പുതുമുഖമാണ്. നന്നാവാന്‍ ഇനിയും അവസരമുണ്ട്. എന്നാല്‍ പഴയമുഖങ്ങുടെ കാര്യമോ.
ഈ സിനിമയുടെ സംവിധായകന്‍ സിദ്ദീഖ് അല്ലായിരുന്നെങ്കില്‍ സകല പാപങ്ങളും വന്നുചേരുക നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍െറ പിടലിക്കായിരുന്നു. ലാലിന്‍െറ ഇമേജിനുവേണ്ടി സ്ക്രിപ്റ്റ് ആന്‍റണി തിരുത്തിച്ച് തിരുത്തിച്ചാണ് കുട്ടിയില്ലാതായതെന്ന് പ്രചരിപ്പിച്ചാണ് പല സംവിധായക പ്രതിഭകളും സമീപകാല മോഹന്‍ലാല്‍ ഫ്ളോപ്പുകളില്‍നിന്ന് സ്വന്തം തടികാത്തത്. 100കോടി ക്ളബില്‍ 'അംഗത്വമെടുത്ത' സിദ്ദീഖിന്‍െറ കൊല്ലക്കുടിലില്‍ ആരും സൂചിവില്‍ക്കാന്‍ ശ്രമിക്കില്ലല്ലോ.

തമോഗര്‍ത്തങ്ങളാവുന്ന താരങ്ങള്‍
മലയാളസിനിമയുടെ സമകാലീന ചരിത്രംവെച്ചുനോക്കിയാല്‍ ഇത് സിദ്ദീഖിന്‍െറ മാത്രം അവസ്ഥയല്ലെന്നുകാണാം. സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനുമെല്ലാം തലകുത്തി മറിഞ്ഞിട്ടും ഒരു പഴയ സത്യന്‍ ചിത്രമോ, പ്രിയന്‍ ടച്ചുള്ള സിനിമയോ എടുക്കാനാവുന്നില്ല. ഇംഗ്ളീഷ് സിനിമകളില്‍നിന്ന് കഥ മോഷ്ടിച്ച പ്രിയന്‍ അവസാനം സ്വന്തം സിനിമകളെതന്നെ മോഷ്ടിച്ച് 'അറബിയും ഒട്ടകവും പോലുള്ള' ചലച്ചിത്ര ആഭാസങ്ങള്‍ ഉണ്ടാക്കേണ്ടിവന്നു. പാടവും പുഞ്ചയും നല്ലവനായ കള്ളുചെത്തുകാരനുമൊക്കെ അടങ്ങുന്ന വാര്‍പ്പ് ഗ്രാമങ്ങളുടെ കഥ യാതൊരു പുതുമയുമില്ലായെ ഒരേ ട്രാക്കില്‍ ആവര്‍ത്തിച്ച് കഴിഞ്ഞുകൂടാനാണ് സത്യന്‍െറ യോഗം. അദ്ദേഹം കടല്‍ പ്രമേയമാക്കിയെടുത്ത അവസാന ചിത്രമായ 'പുതിയ തീരങ്ങ'ളാവട്ടെ തീയേറ്ററുകളില്‍ ഒരാഴ്ചപോലും തികച്ചില്ല. ജോഷി, ഹരിഹരന്‍, കമല്‍, രഞ്ജിത്ത് തുടങ്ങി വിരലിലെണ്ണാവുന്നവരെ മാറ്റിനിര്‍ത്തിയാല്‍ 80കളിലും തൊണ്ണൂറുകളിലെയും ഹിറ്റ്മേക്കര്‍മാരില്‍ ഭൂരിഭാഗവും കനത്ത പരാജയങ്ങള്‍ ഏറ്റവുവാങ്ങി ഫീല്‍ഡ് ഔായി കഴിഞ്ഞിരിക്കുന്നു. ഐ.വി ശശി, തമ്പികണ്ണന്താനം, ഭദ്രന്‍, സിബിമലയില്‍, ഫാസില്‍, ഷാജികൈലാസ് തൊട്ട് വ്യത്യസ്തങ്ങളായ സിനിമയെടുത്ത കെ.ജി ജോര്‍ജ് വരെയുള്ളവരുണ്ട് നിഷ്ക്കാസിതരായവരുടെ ലിസ്റ്റില്‍. (മകന്‍ ഫഹദ് പുതിയകാലത്തിന്‍െറ നായകനായി കത്തിക്കയറുമ്പോഴും പുതിയ തലമുറയുടെ പ്രശ്നങ്ങള്‍ അഭിസംബോധനചെയ്യാന്‍ കഴിയുന്ന ഒരു സിനിമയെടുക്കാന്‍ ഫാസിലിന് കഴിയുന്നില്ല. ഫാസിലിന്‍െറ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും, സിബിയുടെ കിരീടവും, പത്മരാജന്‍െറ തൂവാനത്തുമ്പികളുമൊക്കെ കണ്ടാണ് തങ്ങള്‍ക്ക് സിനിമയോട് കമ്പമുണ്ടായതെന്ന് ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.) എന്തിനധികം സദ്ദീഖിനൊപ്പം ഇരട്ടസംവിധായകനായി പേരെടുത്ത ലാല്‍ സംവിധാനംചെയ്ത അവസാനത്തെ രണ്ടു സിനിമകളും, ('ടൂര്‍ണമെന്‍്റ്', 'കോബ്ര') അസഹനീയവും പ്രേക്ഷകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞ ചവറുകളുമാണ്.
സിബിയുടെ ദേവദൂതന്‍ ഒഴിവാക്കിയാല്‍ ഈ സംവിധായകരുടെ പടങ്ങളില്‍ ഒറ്റയൊന്നും വിജയം അര്‍ഹിക്കുന്നതായിരുന്നില്ല. കെ.ജി ജോര്‍ജിന്‍െറ അവസാനമിറങ്ങിയ 'ഇലവങ്കോട് ദേശവും' അദ്ദേഹത്തിന്‍െറ മുന്‍കാല ചിത്രങ്ങളും താരതമ്യപ്പെടുത്തിയാല്‍ സഹതാപമാണ് തോന്നുക. യാതൊരും ഗൃഹപാഠവും ചെയ്യാതെ എന്തെങ്കിലും തട്ടിക്കൂട്ടിയിറക്കുക. എന്നിട്ട് അത് എട്ടുനിലയില്‍ പൊട്ടിയാല്‍ കാലം മാറിയതിനെയും പ്രേക്ഷകരുടെ സെന്‍സിബിലിറ്റിമാറിയതും പറഞ്ഞ് മേക്കിട്ട് കയറുക. ഇതാണ് ഇവിടുത്തെ നടപ്പുരീതി. ( കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മോഹന്‍ലാലിന്‍െറ 'ചൈന ടൗണ്‍' എന്ന സിനമയുടെ കൈ്ളമാക്സില്‍ എന്താണ് സംഭവിച്ചതെന്ന് സംവിധായകരായ റാഫിയും മെര്‍ക്കാര്‍ട്ടിനും നേരിട്ട് വന്ന് വിശദീകരിക്കേണ്ട രീതിയില്‍ കണ്‍ഫ്യൂഷനായിരുന്നു.) ആദിമധ്യാന്തം ഒരു കഥയുള്ള അല്‍പ്പമെന്തെിലും കിട്ടിയാല്‍ പാവം പ്രേക്ഷകര്‍ വിജയിപ്പിക്കുന്നുണ്ട്. പക്ഷേ ബോറടിപ്പിച്ചേ അടങ്ങൂ എന്നമട്ടില്‍ വന്നാല്‍ അവര്‍ എന്തുചെയ്യാനാണ്.
ഇങ്ങനെ കൂട്ടത്തോടെ കട്ടയുംപടവും മടക്കുന്നവരുടെ ലിസ്റ്റിലേക്ക് പ്രതിഭാധനനായ സിദ്ദീഖും പതിക്കുകയാണോ. അതിന്‍െറ വിപല്‍ സൂചനകളായിരുന്നു മലയാളം 'ബോഡി ഗാര്‍ഡ്' നല്‍കിയത്. അരോചകമായെടുത്ത ആ സിനിമ കൈ്ളമാക്സിന്‍െറ മാത്രം ബലംകൊണ്ടാണ് ശരാശരി വിജയമായത്. എന്നാല്‍ തമിഴിലും ഹിന്ദിയിലെയും റീമേക്കുകള്‍ക്ക് കിട്ടിയ വന്‍ വിജയത്തിന്‍െറ പളപ്പില്‍ ഒരു കലാകാരന് അടിസ്ഥാനപരമായി വേണ്ട ആത്മ വിമര്‍ശനം എന്ന ഘടകം സിദ്ദീഖ് മറന്നു. കഥാപാത്രങ്ങുടെ വികാസത്തിലും എന്തിന് ഇഴച്ചിലില്ലാതെ സിനിമ മുന്നോട്ടുകൊണ്ടുപോകാന്‍പോലും അദ്ദേഹത്തിന് ജെന്‍റില്‍മാനില്‍ ആയില്ല. ബുര്‍ജ് ദുബായില്‍നിന്ന് മറിയാന ട്രഞ്ചിലേക്ക് എടുത്തിട്ടപോലെ അതി ദയനീയമായ പതനം. അടുത്ത സിനിമയിലെങ്കിലും ഇവയൊക്കെ തിരുത്താന്‍ സിദ്ദീഖിന് കഴിയട്ടെ.തീയേറ്ററില്‍ ടിക്കറ്റുകിട്ടാത്തതിനാല്‍ മള്‍ട്ടിപ്ളക്സില്‍ കൊടുത്ത ഇരുനുറുരൂപ ഈ സിനിമയുടെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന് ഭിക്ഷകൊടുത്തതായി ഈ ലേഖകന്‍ കരുതിക്കോളാം!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment