ദൃശ്യാനുഭവമേകും ഒരു നല്ല മലയാള ചിത്രത്തിന് 'ആമേന്‍'!
രാഖി രമേഷ്
ഇനി നമുക്ക് കുമരംകരിയിലേക്ക് പോകാം. നന്മയുടെ, വിശുദ്ധിയുടെ നിഷ്‌കളങ്കതയുടെ ഒരു കുട്ടനാടന്‍ ഗ്രാമം. ആ ഗ്രാമത്തിലാണ് നമ്മള്‍ ഒരുപാട് വര്‍ഷങ്ങളായി എത്തിപ്പെടാന്‍ കൊതിച്ചത്. മലയാള സിനിമയുടെ യഥാര്‍ത്ഥ കവാടം നമുക്ക് മുന്നില്‍ തുറക്കപ്പെടാന്‍ ഒരുപാട് കാലം എടുത്തത് പോലെയൊരു തോന്നലാണ് 'ആമേന്‍' കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും തോന്നിയത്. അതെ, കുമരംകരിയിലെ അമ്പ് പെരുന്നാള്‍ അത്രമേല്‍ വിശ്വസനീയവും ആര്‍ദ്രവുമായ ദൃശ്യാനുഭവമായിരുന്നു.
മലയാള സിനിമാ പ്രേക്ഷകരുടെ അടുത്ത് ഇത്രയും കാലം ഓരോ സിനിമാ സൃഷ്ടാക്കളും അവകാശപ്പെട്ട തങ്ങളുടെ സിനിമയുടെ വശ്യതയാര്‍ന്ന ദൃശ്യാനുഭവം യഥാര്‍ത്ഥമായും വിശ്വസനീയമായും ആമേന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. മനോഹരമായ രീതിയില്‍ പഴയകാല ഒരു കഥാതന്തുവിന്റെ നവ്യമായ അവതരണമാണ് ആമേന്‍ എന്ന ചിത്രം.
ഓരോ ശ്വാസത്തിലും സംഗീതവും ഗീവര്‍ഗ്ഗീസ് പുണ്യാളനോടുള്ള ഭക്തിയും നിറഞ്ഞ നാട്ടുകാരാണ് കുമരംകരിക്കാര്‍, അവരുടെ ഇടയിലെ ഒരു ബാന്റ് സംഘവും രസകരമായ ജീവിത കഥയും, സോളമന്റെ പ്രണയവുമെല്ലാം കുമരംകരിയിലെ മാജിക്കല്‍ റിയലിസത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്.
കുമരംകരി ഒരു ക്രിസ്ത്യന്‍ ഗ്രാമമാണ്, പുണ്യാളന്റെ പള്ളിയെ ചുറ്റിപ്പറ്റിയാണ് അവിടെ കാര്യങ്ങളെല്ലാം നടക്കുന്നത്. ഫാദര്‍ ഒറ്റപ്ലാക്കന്റെ തീരുമാനങ്ങളാണ് എല്ലാത്തിനും അവസാന വാക്ക്. ഒരുകാലത്ത് വിജയങ്ങള്‍ കൊണ്ടുവന്ന പള്ളിയിലെ ബാന്റ് സംഘം ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ബാന്റ് സംഘത്തിന്റെ എല്ലാമെല്ലാമായിരുന്ന എസ്തപ്പാന്‍ മുങ്ങി മരിക്കുന്നതോടെയാണ് അവരുടെ തോല്‍വികളും തുടങ്ങിയത്. പിന്നീട് ലൂയി കാപ്പനും മകനും അതിന്റെ സാരഥികളാകുന്നു. എന്നാല്‍ സോളമന്‍ എന്ന അയാളുടെ പുത്രന്റെ ക്ലാര്‍നെറ്റ് വായന ശോശന്നയ്ക്കല്ലാതെ ആര്‍ക്കും അത്ര സുഖിക്കാറില്ല.
കപ്യാരുടെ ശിഷ്യനായ അവന് തന്റെ മമോദീസക്കാലം മുതലേ ശോശന്നയോട് പ്രണയമാണ്. ശോശന്ന ആ നാട്ടിലെ പണക്കാരന്റെ മകളും സോളമന്‍ പാവപ്പെട്ട അവളുടെ കാമുകനും. കേള്‍ക്കുമ്പോള്‍ പഴയ കഥപോലെ എന്ന് പറയേണ്ട. കാരണം മേരിക്കുണ്ടൊരു കുഞ്ഞാടില്‍ ദിലീപ് ഭാവന ജോഡികളും ഇതുപോലെ തന്നെയായിരുന്നില്ലേ എന്നൊരു ചോദ്യം വരും. അതുപോലെ തന്നെ ഇവിടെയും നായകന് നായികയെ കിട്ടാന്‍ ഒരു വെല്ലുവിളി നേരിട്ടേ മതിയാകൂ. അവന്റെ ബാന്റ് മേളം ജയിക്കാതെ അവന്റെ ആശയും നിറവേറില്ല. പള്ളിയിലെ പുതിയ വികാരിയായി ഫാദര്‍ വിന്‍സന്റ് വട്ടോളി എത്തുന്നതോടെ ബാന്റ് സംഘം വീണ്ടും ഉഷാറായി. ഇന്ദ്രജിത്ത് ആണ് സിനിമയില്‍ വട്ടോളി ഫാദറായി എത്തുന്നത്. സോളമനായി ഫഹദ് ഫാസിലും സൂസന്നയായി സ്വാതിയും മനോഹരമായ അഭിനയാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. ഫഹദ് ഈ സിനിമയിലെ ലളിതവും പക്വതയുമാര്‍ന്ന അഭിനയത്തിലൂടെ 'മെട്രോ ഗൈ' എന്ന തന്റെ പേര് പൊളിച്ചെഴുതിയിരിക്കുകയാണ്.
സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ നവസിനിമയുടെ മിശിഹായായി മാറിയിരിക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വന്നു പോവുണെങ്കിലും അവയിലൊന്ന് പോലും അനാവശ്യമെന്ന തോന്നലുണ്ടാക്കുന്നില്ല. കഥാപാത്രങ്ങളെ കൃത്യമായി കഥായിടങ്ങളില്‍ ചേര്‍ത്തു വെച്ചിരിക്കുന്നതിലെ സാമര്‍ത്ഥ്യവും എടുത്തു പറയേണ്ടതു തന്നെ. ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ലെന്നിരിക്കെ, കാണികള്‍ ചിരിക്കാതെ ഒരഞ്ചു മിനിറ്റ് ചിത്രത്തില്‍ കടന്നു പോവുന്നില്ലെന്നതും ശ്രദ്ധേയമാണ്. ചില വളിപ്പു തമാശകള്‍ ഒഴിവാക്കാമായിരുന്നു എന്ന് മാത്രം ചില സന്ദര്‍ഭങ്ങളില്‍ തോന്നി.
പസോളിനി സിനിമകളുടെ ആവിഷ്‌കാര മികവാണ് ആമേനില്‍ ലിജോ ജോയ് പെല്ലിശ്ശേരി ആവര്‍ത്തിക്കുന്നത്. ചെറിയ കാര്യങ്ങള്‍ വലിയ കാര്യങ്ങളായി കാണുന്ന, അവിശ്വസിക്കേണ്ടതിനെ വിശ്വസിക്കേണ്ടിവരുന്ന മാജിക്കല്‍ റിയലിസം നമ്മെ വിസ്മയിപ്പിക്കുമ്പോള്‍ ഗാര്‍ഷ്യക മാര്‍ക്കേസിന്റെ കൈവിരല്‍ സ്പര്‍ശമേറ്റ മലയാള ചിത്രമായി മാറുകയാണ് ആമേന്‍.
നമുക്കറിയാം, ഈ സംഭവങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണെന്ന്, എങ്കിലും നാട്ടുകാര്‍ സ്‌നേഹിക്കുന്ന കള്ളന്റെ കഥ പറഞ്ഞ ലാല്‍ ജോസിന്റെ മീശമാധവനെ നെഞ്ചേറ്റിയ മലയാളികള്‍ക്ക് നന്മനിറഞ്ഞ ഒരു ചിത്രമായി ഈ സിനിമയെയും സ്‌നേഹിക്കാം. പള്ളിയ്ക്ക് കെട്ടുറപ്പ് പോര എന്നാരോപിച്ച് ജനങ്ങളെ വഞ്ചിക്കുന്നവനും എല്ലാവരെയും കൂട്ടിത്തല്ലിക്കുന്ന 'വിഷക്കോല്‍' എത്ര നിഷ്‌കളങ്കനായ ദുഷ്ടനും എല്ലാമാണ് കുമരംകരിക്കാരുടെ ഇടയിലെ 'പാപികള്‍'. താന്‍ പരാജയപ്പെടുമെന്ന് ഫാദര്‍ ഒറ്റപ്ലാക്കന്‍ തീര്‍ച്ചപ്പെടുത്തുന്ന ഒരു ഘട്ടത്തില്‍ പള്ളിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അടര്‍ന്നുുവീഴുന്ന ഒരു മരക്കഷ്ണം പ്രേക്ഷകര്‍ക്ക് അമ്പരപ്പും ഒറ്റപ്ലാക്കന് ആഹ്ലാദവുമാണുണ്ടാക്കുന്നത്. 'നിന്റെ പിള്ളേരുടെ അച്ഛനായാല്‍ മതി' എന്ന് സോളമന്‍ ശോശന്നയോട് വ്യക്തമാക്കുന്ന നിമിഷം 'ക്ലാസിക് എന്ന് നാം പറഞ്ഞു പോകുന്ന പാലത്തിനടിയിലൂടെ അവരിരുവരും വള്ളത്തില്‍ വരുന്ന കാഴ്ചയെ ഈ സിനിമയിലല്ലാതെ ആര്‍ക്കും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല.
ജോയ് മാത്യു, സുനില്‍ സുഖദ, സുധീര്‍ കരമന, നന്ദു, കുളപ്പുള്ളി ലീല, രചന, കലാഭവന്‍ മണി, അനില്‍ മുരളി, ചെമ്പന്‍ വിനോദ് ജോസ്, ചാലി പാല, ശശി കലിംഗ തുടങ്ങി അഭിനേതാക്കളെല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രകടനം കൊണ്ട് നമ്മളെയും അവരിലെ ഒരാളാക്കി മാറ്റും. ഫാദര്‍ ഒറ്റപ്ലാക്കലിന് ജീവന്‍ കൊടുത്തുകൊണ്ട് ജോയ് മാത്യു ഒന്നാന്തരം വില്ലനായി. സോളമന്റെ ക്ലാര്‍നറ്റ് പൊട്ടിച്ചുകളയുന്ന ഒരു രംഗം മതി ജോയ് മാത്യുവിന് അത് തെളിയിക്കാന്‍. അങ്ങനെ മുഴുവനായും ഒരു പെരുന്നാള്‍ കൂടിയ നിര്‍വൃതിയാണ് ആമേന്‍ കണ്ടിറങ്ങുന്ന നമുക്ക അനുഭവപ്പെടുന്നത് എന്നതില്‍ സംശയമില്ല.
കലാഭവന്‍ മണിയുടേതും വളരെ മിതത്വമുള്ള അഭിനയമാണ്. എന്നാല്‍ മേക്കപ്പ് അല്പ്പം മോശമായി എന്നു പറയാതെ വയ്യ. കുളപ്പുള്ളി ലീലയും ചെമ്പന്‍ വിനോദ് ജോസും അമ്മച്ചിയും മോനുമായി തകര്‍ത്തുവാരി. ലിജോ ജോസ് പല്ലിശ്ശേരിയുടെ നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ മുന്‍ സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണാണ് ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ സറ്റയര്‍ എന്ന നിലയില്‍ ആമേന്‍ കൈവരിച്ച സ്ഥാനം സിനിമയുടെ ചരിത്രത്തിലെഴുതപ്പെടട്ടെ എന്നാശംസിക്കാം.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net