Tuesday 26 March 2013

[www.keralites.net] സുകുമാരി അന്തരിച്ചു

 

ചെന്നൈ: പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.

ഫിബ്രവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് തെളിയിക്കവേ തീ പടര്‍ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് സുകുമാരി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി സുകുമാരിയെ പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്. കുറച്ചു വര്‍ഷം മുമ്പ് അവര്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

പൂജപ്പുര ബാങ്കില്‍ മാനേജരായിരുന്ന മാധവന്‍നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. പൂജപ്പുര എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വരെ പഠനം. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ നൃത്തവും സുകുമാരി അഭ്യസിച്ചു പോന്നു. പിന്നീട് മാധവന്‍നായരുടെ ഇളയ സഹോദരി സരസ്വതി കുഞ്ഞമ്മയുടെ മദ്രാസിലുള്ള വീട്ടിലേക്ക് കുഞ്ഞു സുകുമാരി പഠനത്തിനായി പോയി. സരസ്വതി കുഞ്ഞമ്മയുടെ മക്കളായ ലളിത, രാഗിണി, പത്മിനിമാരോടൊപ്പമായി സുകുമാരിയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും നൃത്താഭ്യാസവും. മദ്രാസില്‍ തേഡ്‌ഫോറം വരെ പഠിച്ചു.

ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ എട്ടാം വയസിലാണ് സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്. ഈ സമയത്ത് സിനിമയിലെ ചില നൃത്ത സംഘങ്ങളിലും സുകുമാരിക്ക് അവസരം ലഭിച്ചു. 12 ാം വയസില്‍ നടി രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ്ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് അവര്‍ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. പത്മിനിക്കൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമാകാന്‍ തുടങ്ങി.വൈ.ജി പാര്‍ഥസാരഥിയുടെ പെറ്റാല്‍ താന്‍ പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം . ചോ രാമസ്വാമിയായിരുന്നു അതില്‍ നായകന്‍. ചോരാമസ്വാമിയുടെ ട്രൂപ്പില്‍ 4000 ത്തിലധികം സ്റ്റേജുകളില്‍ അഭിനയിച്ചു. തുഗ്ലക് എന്ന നാടകം 1500 ലധികം സ്റ്റേജുകളിലാണ് കളിച്ചത്.

തസ്‌ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. സത്യനും രാഗിണിയുമായിരുന്നു അതില്‍ നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറിപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടേതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തി നില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യ വേഷങ്ങളിലാണ് സുകുമാരി തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചു.

സുകുമാരിയുടെ ജോടിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. 30 ലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോടിയായും അമ്മയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോടിയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്.നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പ്പരയായിരുന്നു. അഭ്യസിച്ചിട്ടില്ലങ്കിലും കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടേയും രാഗിണിയുടേയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, സസ്‌നേഹം, പൂച്ചക്കൊരു മുക്കുത്തി, മിഴികള്‍ സാക്ഷി, അരപ്പെട്ട കെട്ടിയ ഗ്രാമം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത് സുകുമാരിക്കാണ്. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974) പ്രചോദനം അവാര്‍ഡ് (1997) മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി സുകുമാരിയെ ആദരിച്ചു. 2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.

19ാം വയസില്‍ മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും സുകുമാരി അഭിനയിച്ചിരുന്നു. ആ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ് മകന്‍. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്.


--


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment