Tuesday, 26 March 2013

[www.keralites.net] ഭക്ഷണം, ഭക്ഷണരീതി, ഭക്ഷണശൈലി

 

ഹൃദ്രോഗം ചെറുക്കാന്‍ ഭക്ഷണക്രമീകരണം

ബിഖില ആന്‍ ഐസക്‌

 

ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ ഹൃദയാരോഗ്യം ഉറപ്പുവരുത്താനാകൂ.
ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌

കിട്ടുന്നതെന്തും വാരിവലിച്ചു കഴിച്ചിട്ട്‌ വ്യായാമം ചെയ്‌താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന തെറ്റായ ധാരണ മലയാളികള്‍ക്കുണ്ട്‌. ഭക്ഷണം, ഭക്ഷണരീതി, ഭക്ഷണശൈലി ഇവയിലുണ്ടായ മാറ്റങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി. ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ ഹൃദ്രോഹം തടയാന്‍ കഴിയുമെന്ന്‌ നാം പലപ്പോഴും മറന്നുപോകുന്നു. ശരീരത്തിലെ കോശങ്ങള്‍ക്ക്‌ ഓക്‌സിജനും പോഷകാംശങ്ങളും ആവശ്യമാണ്‌. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കോശങ്ങള്‍ ഇത്‌ ശേഖരിക്കുന്നു. നേരിട്ടല്ലെന്നു മാത്രം. ദഹനശേഷമാണ്‌ ഭക്ഷണം രക്‌തത്തില്‍ അലിഞ്ഞുചേരുന്നത്‌. രക്‌തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഇത്‌ എത്തുന്നു. ശരീരത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രവര്‍ത്തനം നടത്തുന്ന അവയവമാണ്‌ ഹൃദയം. അതുകൊണ്ട്‌ ആരോഗ്യകരമായ ജീവിതത്തിന്‌ ഹൃദയാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌.

ഭക്ഷണരീതി

വാഹനത്തിന്‌ എണ്ണയടിച്ചിട്ട്‌ അനക്കാതെ ഷെഡില്‍ കയറ്റിയിട്ടാല്‍ എന്താവും ഫലം? തുരുമ്പു പിടിച്ച്‌ നശിച്ചു പോകും. ഇതുപോലെയാണ്‌ കേരളീയരുടെ ഭക്ഷണരീതി. രാവിലെ വളരെ കുറച്ചും രാത്രി വയറു നിറച്ചും കഴിക്കുന്നു. മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്‌ജം ആവശ്യമാണ്‌. ഇത്‌ ഭക്ഷണത്തില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. അതുകൊണ്ട്‌ പ്രഭാത ഭക്ഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതുകൊണ്ട്‌ രണ്ടു പ്രയോജനങ്ങളാണുള്ളത്‌. ഒന്ന്‌ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഊര്‍ജ്‌ജം ലഭിക്കുന്നു. രണ്ട്‌ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നു.
രാത്രിയില്‍ അമിത ഭക്ഷണം കഴിക്കുന്നത്‌ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും. പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത്‌ ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്‌. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ്‌ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്‌ ഹൃദ്രോഗത്തിനും കുടവയറിനും കാരണമാകുന്നു.

എണ്ണയുടെ ഉപയോഗം

സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ അത്‌ കൂടുതല്‍ ഉപയോഗിക്കുന്നവരുണ്ട്‌. എല്ലാത്തരം എണ്ണകളും ദോഷകരമാണ്‌. എന്നാല്‍ ഹൃദയത്തിന്റെ സുഹൃത്ത്‌ എന്നറിയപ്പെടുന്നത്‌ ഒലീവ്‌ ഓയിലാണ്‌. ഇതിന്റെ വിലയും മണവും രുചിയും നമ്മുടെ ശത്രുവാണെന്നു മാത്രം. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്‌ക്കുന്നുവോ അത്രയും നല്ലത്‌. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച്‌ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്‌. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച്‌ ഉപയോഗിക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം.

കഴിക്കാം മത്സ്യവും മുട്ടയും

ചിലയിനം മത്സ്യങ്ങളും മുട്ടയുടെ വെള്ളയും ഹൃദയത്തിന്‌ നല്ലതാണ്‌. എല്ലുകള്‍ക്ക്‌ ആവശ്യമായ കാല്‍സ്യം മുട്ടയുടെ വെള്ളയില്‍ നിന്നു ലഭിക്കുന്നു. മീനെണ്ണയിലുള്ള ഒമേഗാ-3 ഘടകമാണ്‌ ഹൃദയത്തിന്‌ ഗുണം ചെയ്യുന്നത്‌. എന്നാല്‍ മറ്റെണ്ണകളില്‍ മുക്കി വറുത്തെടുത്ത ഫിഷ്‌ഫ്രൈയും മറ്റും ഗുണത്തിനുപകരം ദോഷമേ ചെയ്യൂ. മീന്‍കറി വയ്‌ക്കുമ്പോള്‍ എണ്ണ കുറച്ചു ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ചെറു മത്സ്യങ്ങള്‍, മത്തി, ചൂര, അയല എന്നിവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ്‌ ഉചിതം.

പഴങ്ങളും പച്ചക്കറികളും

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അര്‍ഹമായ സ്‌ ഥാനം നാം നല്‍കാറില്ല. കാരണം പുറത്തുനിന്നു ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം കൂടുതലാണ്‌. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. വീട്ടുമുറ്റത്തു ലഭിക്കുന്ന പപ്പായ, പേരയ്‌ക്ക തുടങ്ങിയ പഴങ്ങളും ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും ധാരാളം കഴിക്കണം.
ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ഉചിതം. ഇതിലൂടെ വിഷമയമില്ലാത്ത ഭക്ഷണം കഴിക്കാം. പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട്‌ വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കണം. പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ
, സി, , സെലീനിയം എന്നിവ ധമനികളില്‍ അതിറോസ്‌ക്ലിറോസിസ്‌ ഉണ്ടാവുന്ന പ്രക്രിയയെ തടഞ്ഞ്‌ ഹൃദയാഘാതത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു.

എന്തു കഴിക്കണം

ഓരോരുത്തരും എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ അവനവന്‍ തന്നെയാണ്‌. ഇന്നതു വേണം ഇന്നതു വേണ്ട എന്നുവയ്‌ക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക്‌ ആവശ്യമായ ഊര്‍ജ്‌ജവും ആരോഗ്യവും മനസിലാക്കി വേണം ഭക്ഷണക്രമം നിശ്‌ചയിക്കാന്‍. മലയാളികളുടെ ഇപ്പോഴത്തെ ഭക്ഷണക്രമത്തില്‍ കുറഞ്ഞത്‌ 4000 കലോറിയെങ്കിലും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്‌. ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കൃത്യമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
2. പ്രാതല്‍ നന്നായി കഴിക്കുകയും അത്താഴം കുറച്ചു കഴിക്കാനും ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
4. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക.
6. 20 വയസിനു ശേഷം ഇടക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കുക.
7. കൊഴുപ്പു കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക.
8. ഫാസ്‌റ്റ് ഫുഡ്‌
, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
9. ചെറു മത്സ്യങ്ങള്‍
, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___