Thursday 28 March 2013

[www.keralites.net] ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!

 

ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!


Fun & Info @ Keralites.netശിവലിംഗത്തിന്റെ സയന്‍സ് വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പോസ്റ്റ് ഇപ്പോ ഫെയിസ്ബുക്കില്‍ കറങ്ങുന്നുണ്ട്. വായിച്ചു വന്നപ്പോള്‍ കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ പോലുള്ള സമിതികള്‍ ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും എന്നാണ് തോന്നുന്നത്. ഇത്തരം ശാസ്ത്രീയ-കണ്ടുപിടിത്ത-മൊത്തവിതരണക്കാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ആ കലാകാരുടെ കോമഡിയ്ക്ക് ഇനി അധികനാള്‍ കഴിയുമെന്ന് തോന്നുന്നില്ല.

നമുക്കിതിലെ വിശിഷ്ടസൂക്തങ്ങള്‍ ഓരോന്നായി പരിചയപ്പെടാം. ഒപ്പം കുറച്ചു കാലം സയന്‍സ് പഠിച്ചുപോയ ഒരു പാവത്തിന്റെ ചില സംശയങ്ങളും ചോദിക്കും കേട്ടോ. ആരും പരിഭവിക്കരുത്.

സൂക്തം നം. 1- "ഇതിനെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിച്ച പണ്ഡിതരും യൂറോപ്യന്മാരും നല്കിയ അറിവിലൂടെ ഒന്ന്‍ കടന്നുപോകാം" –

അതെന്തെഡേയ് അണ്ണാ പണ്ഡിതരും യൂറോപ്യന്മാരും വേറെ വേറെ? യൂറോപ്യരുടെ ഇടയില്‍ പണ്ഡിതര്‍ ഇല്ലേ? അതോ യൂറോപ്യര്‍ മൊത്തം പണ്ഡിതരാണോ? പോട്ടെ, ഏത് യൂറോപ്യന്‍ ആണ് ഇതിനെ ശാസ്ത്രീയമായി പഠിച്ചത്? ശാസ്ത്രീയമായി പഠിക്കുക എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?

സൂക്തം നം. 2 – "ദീര്‍ഘവൃത്താകൃതിയില്‍ അല്ലെങ്കില്‍ സിലിണ്ടര്‍ ആകൃതിയിലാണ് ഇതിന്റെ ഘടന. പ്രപഞ്ചത്തിന്റെ ഒരു പ്രതിരൂപമാണ് ഇത്."

ശിവലിംഗത്തില്‍ സയന്‍സ് കണ്ടുപിടിക്കാന്‍ ഇറങ്ങും മുന്‍പ് പണ്ട് സ്കൂളില്‍ പഠിക്കാന്‍ വിട്ട നേരത്ത് മഴയത്തെങ്കിലും ആ സയന്‍സ് ക്ലാസില്‍ കേറി ഇരുന്നെങ്കിലോ? ദീര്‍ഘവൃത്തം എന്ന്‍ വെച്ചാല്‍ എങ്ങനെ ഇരിക്കും എന്ന്‍ വല്ല പിടിത്തോം ഉണ്ടോ? ഇല്ല എന്ന്‍ മനസ്സിലായി. ദാ ഈ കാണുന്ന ചിത്രത്തില്‍ ഉള്ള, ചുവന്ന ദ്വിമാനരൂപമാണ് (2-Dimensional) ദീര്‍ഘവൃത്തം.

Fun & Info @ Keralites.net

ഈ ഷെയ്പ്പില്‍ ഒരു ശിവലിംഗം ഇന്ത്യയില്‍ എവിടെങ്കിലും ഉണ്ടെങ്കില്‍ ഒന്ന്‍ കണ്ടാല്‍ കൊള്ളാമായിരുന്നു. ഇനി ഉദ്ദേശിച്ചത് ദാ ഈ ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്റെ രൂപമാണ് എങ്കില്‍

Fun & Info @ Keralites.net

ഇത് ദീര്‍ഘവൃത്തമല്ല, ഇതിനെ സയന്‍സില്‍ Ellipsoid എന്നാണ് വിളിക്കുക[1]. ദാ താഴെ കാണുന്നതാണ് അതിന്റെ രൂപം. അതൊരു ത്രിമാന (3-Dimensional) രൂപമാണ്.

Fun & Info @ Keralites.net

എന്നാല്‍ ശിവലിംഗത്തിന്റെ ഈ രൂപം അത്ര സാര്‍വത്രികമല്ല. ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലത്തും (ടി. പോസ്റ്റില്‍ കാണുന്ന ചിത്രത്തിലും) കാണപ്പെടുന്ന ശിവലിംഗരൂപം വേറെയാണ്.

Fun & Info @ Keralites.net

അടുത്ത് എല്‍.പീ.സ്കൂള്‍ ഉണ്ടെങ്കില്‍ അവിടെ ചെന്ന്‍ കണക്ക് സാറിനോട് ഒന്ന്‍ ചോദിക്കണം ഈ രൂപത്തെ സിലിണ്ടര്‍ എന്നെങ്കിലും വിളിക്കാന്‍ പറ്റുമോ എന്ന്‍. ഇനി ഇതെങ്ങനെയാണാവോ പ്രപഞ്ചത്തിന്റെ പ്രതിരൂപം ആവുന്നത്? പ്രപഞ്ചത്തിന്റെ രൂപം ദീര്‍ഘവൃത്തമോ സിലിണ്ടറോ ആണോ?

സൂക്തം നം. 3 – "അതിസൂക്ഷ്മങ്ങളായ ആറ്റങ്ങളുടെ ഘടനയും ഇത് തന്നെ"

ഉം തന്നെ തന്നെ! ആറ്റങ്ങളുടെ യഥാര്‍ത്ഥ ഘടന പഠിക്കുമ്പോ അതിന്റെ ന്യൂക്ലിയസ്, ചുറ്റും ഗോളാകൃതി, ഡംബല്‍-ഡബിള്‍ ഡംബല്‍ തുടങ്ങിയ സങ്കീര്‍ണ്ണരൂപങ്ങളുള്ള അറ്റോമിക് ഓര്‍ബിറ്റലുകള്‍ എന്നിവയെയൊക്കെ എം.എസ്.സി. ഫിസിക്സ് പഠിക്കുന്ന പിള്ളേര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പെടുന്ന പാട് കോളേജ് അദ്ധ്യാപകര്‍ക്ക് അറിയാം. അപ്പഴാണ് ദീര്‍ഘവൃത്താകൃതിയും സിലിണ്ടര്‍ ആകൃതിയും ഒക്കെയുള്ള 'കുന്നിക്കുരു മോഡല്‍' ആറ്റങ്ങളുടെ തിയറിയുമായി ഈ ചേട്ടന്‍ വരുന്നത്.

സൂക്തം നം. 4 -"ഗണിതപരമായി ഇത്തരത്തിലുള്ള രൂപങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശക്തി കേന്ദ്രീകരിച്ചിരിക്കുന്നത്"

ശ്ശൊ! പത്ത് പതിനഞ്ച് വര്‍ഷം ഗണിതം പഠിച്ച ഞാന്‍ ഇത് അറിയാതെ പോയല്ലോ എന്റെ ശിവനേ! ദാണ്ടെ, ദീര്‍ഘവൃത്തം കണ്ടാല്‍ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ഗണിതജ്ഞന്‍ ഗണിതപരമായ ഭയങ്കരശക്തി കണ്ടു പിടിച്ചിരിക്കുന്നു. ആറ്റം ബോംബൂം ആണവറിയാക്ടറും ഒക്കെ ഈ ഷെയ്പ്പിലാണത്രെ ഉള്ളത്. അപ്പോ പിന്നെ ഏതാണ്ട് അതേ ഷെയ്പ്പുള്ള മുട്ടത്തോട് ഒന്നു ഇറുക്കിപ്പിടിച്ചാല്‍ പൊട്ടിപ്പോവുന്നതോ ചേട്ടാ? ഭഗവാന്‍ തേരീ മായാ!!!

സൂക്തം നം. 5 -"ശിവക്ഷേത്രങ്ങളിലെ ഓവിലൂടെ വരുന്നത് ഗംഗയാണ്"

അപ്പോ ഈ കേരളത്തിലെ ശിവക്ഷേത്രങ്ങളായ ശിവക്ഷേത്രങ്ങളിലൊക്കെ ഓവിലൂടെ ഒഴുകി വരുന്നത് ഗംഗയായിരുന്നോ? അല്ല സാര്‍, അപ്പോ ഈ അങ്ങ് ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ച് ബംഗ്ലാദേശിലൂടെ ബംഗാള്‍ ഉല്‍ക്കടലില്‍ ചെന്ന്‍ പതിക്കുന്ന ഗംഗ ഏത് വഴിയാ കേരളത്തിലോട്ട് വരുന്നത്? അതോ കേരളത്തിലുള്‍പ്പടെ ഇന്ത്യയിലേ ഭൂരിഭാഗം ശിവക്ഷേത്രങ്ങളും ഫെയിക്ക് ആണോ?

സൂക്തം നം. 6 – "ഈ സത്യം മനസ്സിലാക്കിയ വിദേശികള്‍ ഇവിടെ നിന്നും സംസ്കൃതപണ്ഡിതരെ വരുത്തി വേദങ്ങള്‍, ഉപനിഷത്തുക്കള്‍, യോഗ, ആയുര്‍വേദം എന്നിവ തര്‍ജ്ജമ ചെയ്ത് അവയില്‍ നിന്നും ലഭിച്ച അറിവ് ഉപയോഗിച്ച് നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു"

പക്ഷേ അവര്‍ തര്‍ജ്ജമ ചെയ്ത് ഓരോന്ന്‍ കണ്ടുപിടിക്കുന്നത് വരെ നമ്മളീ കാര്യമൊന്നും ആരോടും പറയില്ല. നമ്മള്‍ അങ്ങനെ നോക്കി ഇരിക്കും, ഈ സായിപ്പന്മാര്‍ ഇത് കണ്ടുപിടിക്കുമോ ഇല്ലേ എന്നറിയണമല്ലോ! ഹും! നമ്മളാരാ മക്കള്‍?!!

ഇനി ഈ കുപ്രചരണ പോസ്റ്റ് ഉണ്ടാക്കിയ മണ്ടനോടുള്ള പരിഹാസം വിട്ടു ചില കാര്യങ്ങള്‍ സംസാരിക്കാം.

ശിവനെയോ ശിവലിംഗത്തേയോ ആരാധിക്കുന്നതും പൂജിക്കുന്നതും ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം. പക്ഷേ അതിനു ഇത്തരം നുണകളുടെ പിന്‍ബലം എന്തിനാണ്? ഒരുപക്ഷേ ലിംഗം എന്ന വാക്ക് പുരുഷജനനേന്ദ്രിയത്തെ സൂചിപ്പിക്കുന്നതുകൊണ്ട്, ശിവലിംഗാരാധന അല്പ്പം നാണിപ്പിക്കുന്ന ഒന്നായി ഭക്തര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയതുകൊണ്ടാകാം ഇത്തരം കടന്ന കൈകള്‍ക്ക് അവര്‍ മുതിരുന്നത്. പ്രത്യേകിച്ച് നമ്മുടെ 'സദാചാര യൂസര്‍ മാനുവലിന്റെ' ഒരു സെറ്റപ്പ് വെച്ച് ലിംഗം, ലൈംഗികം എന്നൊക്കെ പറഞ്ഞാല്‍ ഘോരമായ പാപങ്ങള്‍ ആണല്ലോ. അപ്പോപ്പിന്നെ "അയ്യേ, ഇത് മറ്റേതല്ല" എന്ന്‍ സ്ഥാപിച്ചാലേ തലയില്‍ തുണിയിടാതെ പ്രാര്‍ത്ഥിക്കാന്‍ പോകാന്‍ പറ്റൂ എന്നാണോ?

ശിവലിംഗം എന്നാല്‍ ശിവന്റെ ലിംഗമല്ല അത് ശിവഭഗവാന്റെ ഒരു പ്രതീകം/ചിഹ്നം മാത്രമാണ് എന്ന വാദം ഈയിടെയായി ശക്തമായിട്ടുണ്ട്. അത് സമ്മതിച്ച് കൊടുക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല താനും. പക്ഷേ, ബ്രഹ്മവിഷ്ണുമാരുടെ മേല്‍ പരമാധീശത്വം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പരമശിവന്റെ ലിംഗം സര്‍വസൃഷ്ടികളെയും നശിപ്പിക്കാന്‍ തുടങ്ങുന്നതും ഒടുവില്‍ പാര്‍വതി ദേവിയുടെ യോനിയാല്‍ മാത്രം ശാന്തമാക്കപ്പെടുന്നതുമായ ഒരു കഥ ഉണ്ട് [2]. ഇന്നും ഭൂരിഭാഗം ലിംഗവിഗ്രഹങ്ങളും ലിംഗ-യോനി സംഗമം ആയിട്ടാണ് കാണപ്പെടുന്നതും. ചിത്രം കാണുക. യോനി എന്നത് പ്രകൃതിയുടെ സൃഷ്ടീശക്തിയെ പ്രതിനിധീകരിക്കുന്നു എന്നും ആ യോനിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ലിംഗം പരംപൊരുളായ ശിവനെയും ഇവകളുടെ സംയോഗം ലൌകീക-ആത്മീയ ലോകങ്ങളുടെ അദ്വൈതത്തെ പ്രതിനിധീകരിക്കുന്നു എന്നുമൊക്കെയുള്ള സൂചനകള്‍ പലയിടത്തും കാണാം.

Fun & Info @ Keralites.net

നമ്മുടെ ഭാഷയില്‍ പുരുഷ ലൈംഗികാവയവത്തെ ലിംഗം എന്നും സ്ത്രീലൈംഗികാവയാവത്തെ യോനി എന്നും വിളിക്കപ്പെടുന്നത് ശ്രദ്ധിയ്ക്കുക. സ്ത്രീ-പുരുഷ ബന്ധമാണ് സൃഷ്ടിയുടെ വഴി എന്ന സത്യവുമായി ഈ സങ്കല്‍പ്പത്തെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

ശിവലിംഗം എന്നത് ശിവന്റെ ലിംഗം അല്ല എന്ന്‍ വാദിക്കുന്നവര്‍ ഭാരതീയ പൌരാണികസങ്കല്‍പ്പങ്ങള്‍ അത്രയും പ്രാകൃതമായിരുന്നില്ല എന്ന്‍ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരു വാദം എത്രത്തോളം സാധൂകരിക്കാവുന്നതാണ് എന്ന്‍ കാണേണ്ടിയിരിക്കുന്നു. "അയ്യേ, ഇങ്ങനെ ഒരു സങ്കല്‍പ്പം നമ്മുടെ പുരാതനഗ്രന്ഥങ്ങളില്‍ ഉണ്ടാകുകയെ ഇല്ല" എന്ന്‍ പെട്ടെന്നങ്ങു മൂക്കത്ത് വിരല്‍ വെക്കാന്‍ നമുക്ക് കഴിയില്ല. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ തീരെ മറ കൂടാതെ പലയിടത്തും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ദേവരാജാവായ ഇന്ദ്രനെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിനോടൊപ്പം ഗൌതമ മഹര്‍ഷിയുടെ പത്നി അഹല്യയോട് 'ഡിങ്കോല്‍ഫി'യ്ക്കു പോകുന്നതും മഹര്‍ഷി ശാപത്തിന്റെ രൂപത്തില്‍ പുറത്തു പറയാന്‍ കൊള്ളാത്ത എട്ടിന്റെ പണി ദേവേന്ദ്രന് കൊടുക്കുന്നതും എല്ലാം നല്ല കിണ്ണനായി പുരാണങ്ങളില്‍ വിവരിക്കുന്നുണ്ട്. അതുപോലെ ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങള്‍ വിവരിക്കാന്‍ ചന്ദ്രദേവന്‍ നക്ഷത്രദേവതകളുമായി 'ഊ ലാ ലാ' യ്ക്കു പോകുന്ന കഥയും ഇതേ പുരാണത്തിന്റെ ഏടുകളില്‍ കാണാം. ഇനി ഈ കഥകള്‍ എല്ലാം വെറും ഇന്‍റര്‍പ്രട്ടേഷന്‍ പ്രശ്നമായി വ്യാഖ്യാനിച്ചൊപ്പിച്ചാല്‍ പോലും നമ്മുടെ അജന്ത, യെല്ലോറ, ഖജുരാഹോ തുടങ്ങിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒക്കെ കാണപ്പെടുന്ന നല്ല ഇടിവെട്ട് Adults Only ശില്‍പ്പകലകള്‍ക്ക് മറ്റൊരു അര്‍ത്ഥവും കാണാന്‍ കഴിയില്ല. ലൈംഗികക്രിയകളെ കുറിച്ച് ലോകത്ത് രചിക്കപ്പെട്ട ആദ്യകൃതികളില്‍ ഒന്നായ വാല്‍സ്യായന മഹര്‍ഷിയുടെ കാമസൂത്രവും ഇതേ പുരാണത്തിന്റെ ഭാഗം തന്നെ. അതില്‍ കാമശാസ്ത്രങ്ങളുടെ തുടക്കം പരമശിവന്റെ കാവല്‍ക്കാരനായ നന്ദീശ്വരനിലാണ് അര്‍പ്പിച്ചിരിക്കുന്നത്. കക്ഷി ശിവപാര്‍വതിമാരുടെ 'ലവ് സീന്‍' ഒളിച്ചു നിന്ന്‍ കേട്ടു ആ കാര്യങ്ങള്‍ മാനവനന്‍മയ്ക്കായി പകര്‍ന്ന് നല്കി എന്നാണ് സങ്കല്‍പ്പം [3]. ഹൈന്ദവ പുരാണങ്ങളില്‍ നാല് പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായാണ് 'കാമം' ദര്‍ശിക്കപ്പെടുന്നതും. അതുപോലെ ബ്രഹ്മ-വിഷ്ണുമാര്‍ ശിവലിംഗത്തിന്റെ അഗ്രങ്ങള്‍ അന്വേഷിച്ച് പോകുന്ന കഥയില്‍ അനന്തമായ ഒരു ജ്യോതിര്‍സ്തംഭമെന്ന പോലെ ശിവലിംഗം പ്രത്യക്ഷപ്പെട്ടു എന്ന്‍ പറയുന്നതല്ലാതെ, ഒരു സിനിമയില്‍ ജഗതി പറയുന്നപോലെ "ഏയ്! ഇത് എന്റെയല്ല, എന്റേത് ഇങ്ങനെയല്ല" എന്ന്‍ പുരാണങ്ങളിലെങ്ങും ശിവഭഗവാന്‍ പറഞ്ഞതായി സൂചനകള്‍ ഇല്ല.

പിന്നെ ഈ ലിംഗാരാധന നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന്‍ സമ്മതിക്കുന്നതില്‍ ഒരു അപകര്‍ഷതയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. ലോകത്ത് മറ്റ് പല സംസ്കാരങ്ങളിലും വളരെ പണ്ട് കാലം മുതല്‍ തന്നെ പുരുഷന്റെ ഉദ്ധൃതലിംഗം (Erect penis) അഥവാ Phallus-നെ സൃഷ്ടിയുടെ പ്രതീകമായി കണ്ടു ആരാധിച്ചിരുന്നു. ഗ്രീക്കു പുരാണങ്ങളില്‍ ഹെര്‍മീസ് ദേവന്റെ ലിംഗത്തെ അവര്‍ ആരാധിച്ചിരുന്നു എന്ന്‍ കാണാം [4]. പുരാതന റോമിലും ഈജിപ്റ്റിലും ഇന്തോനേഷ്യയിലും ജപ്പാനിലും ബാല്‍ക്കന്‍ രാജ്യങ്ങളിലും ഒക്കെ ലിംഗാരാധന നിലനിന്നിരുന്നതായി തെളിവുകള്‍ ഉണ്ട് [5]. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ ആകട്ടെ ലിംഗപ്രതിപാദനം നടത്തുന്ന ചിത്രകലകള്‍ക്ക് പേര് കേട്ട സ്ഥലമാണ്[6]. ഈ അടുത്തിടെ ജര്‍മനിയില്‍ നിന്നും കണ്ടെത്തിയ പുരാതന ലിംഗവിഗ്രഹത്തിന് 28,000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്[7]. ഇതുപോലെ സൃഷ്ടിയുടെയും ഫലസമൃദ്ധിയുടെയും ഒക്കെ പ്രതീകമായി പുരുഷലിംഗത്തെ ആരാധിക്കുന്ന പതിവ് ഒട്ടുമിക്ക സംസ്കാരങ്ങളിലും ഉണ്ടായിരുന്നു എന്നിരിക്കെ നമ്മള്‍ മാത്രം തലയില്‍ മുണ്ടിട്ട് നടക്കേണ്ട കാര്യമില്ല തന്നെ.

എന്നാല്‍ ഇതൊക്കെ മറച്ചുപിടിക്കുന്ന കപടസദാചാരവാദവും പിന്നെ ലിംഗവിഗ്രഹത്തെ നേരെ കൊണ്ട് ആണവറിയാക്റ്ററിന്റെ മേലോട്ടു കെട്ടുന്ന മണ്ടത്തരവും മറ്റേതെങ്കിലും സംസ്കാരത്തില്‍ ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയില്ല. എന്തായാലും സായിപ്പ് ഇപ്പൊഴും സയന്‍സ് പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലാകട്ടെ, സയന്‍സ് പഠിക്കുന്നവന് അംഗീകാരം കിട്ടണമെങ്കില്‍ സായിപ്പിന്റെ നാട്ടിലേക്കു പ്ലെയിന്‍ കേറേണ്ട ഗതികേടാണ്. നമുക്കല്ലേലും മുതുമുത്തച്ഛന്‍മാര്‍ ആനപ്പുറത്ത് കേറിയതിന്റെ തഴമ്പ് സ്വന്തം ആസനത്തില്‍ കണ്ടുപിടിക്കുന്നതിലാണല്ലോ ഇന്‍ററസ്റ്റ്!



Courtesy:
http://boolokam.com/archives/95925

--
KARUNAKARAN
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment