Saturday 2 February 2013

[www.keralites.net] Malabar Mahasangamam-2013

 

മലബാ൪ മഹാസംഗമം: എന്ത്, ​എന്തിന്?​

 

(ജനറൽ സെക്രട്ടറി,​ എസ്.എൻ.ഡി.പി. യോഗം)​
എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന 'മലബാ൪ മഹാസംഗമം' ഇതിനകം കേരളത്തിൽ പരക്കെ ച൪ച്ച ചെയ്യപ്പെട്ടിരിക്കുന്നു. കേവലം ശക്തിപ്രകടനത്തിനപ്പുറം സംഗമം ഉയ൪ത്തുന്ന കാതലായ ചില കാലിക പ്രശ്​നങ്ങളാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധ പ്രധാനമായും പിടിച്ചുപറ്റിയത്.

എസ്.എൻ.ഡി.പി യോഗം ഓരോ കാലത്തും ഏറ്റെടുത്തിട്ടുള്ള ചില ചരിത്രനിയോഗങ്ങളുണ്ട്. യോഗത്തിന്റെ പിറവി തന്നെ ഒരു നിയോഗമായിരുന്നു. ജാത്യാചാരങ്ങളുടെ കെടുതിയിൽ കേരളം ഭ്രാന്താലയമായ കാലം. അന്ന്,​ ശ്രീനാരായണഗുരുദേവന്റെ വിശ്വമാനവ ദ൪ശനത്തിൽ നിന്ന് ഊ൪ജം ഉൾക്കൊണ്ട സമുദായം കേരളത്തിന്റെ പൊതുസമൂഹത്തോട് കൈകോ൪ത്ത് ജാതിയെന്ന സാമൂഹിക വിപത്തിനെ നേരിട്ടു. മാറ്റങ്ങൾ ഉണ്ടായി. പിന്നീട് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി. പുതിയ ഭരണാധികാരികൾ വന്നു. ഇതിനിടയിൽ ആധുനിക കേരളം രൂപംകൊണ്ടു. ഇക്കാലങ്ങളിലെല്ലാം എസ്.എൻ.ഡി.പി യോഗവും അതിന്റെ ദൗത്യങ്ങൾ നിറവേറ്റി വന്നു.

കാലമേറെ വേണ്ടിവന്നില്ല,​ കേരളത്തിന്റെ സാമൂഹിക ഘടനയിലും വിള്ളലുകൾ കണ്ടു. ഒറ്റമനസ്സോടെ പൊരുതിനേടിയ സ്വാതന്ത്ര്യം ചിലകൂട്ട൪ സംഘടിതമായി കൈയടക്കുകയാണോ?​ അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ജാതിയുടെയും മതത്തിന്റെയും ആൾരൂപങ്ങൾ അന്നും സഞ്ചരിക്കുന്നുണ്ടായിരുന്നു. പാത്തുംപതുങ്ങിയുമുള്ള ഈ പോക്കുവരവ് പിന്നീട് പകൽവെട്ടത്തായി. ഇപ്പോൾ,​ അധികാരക്കസേരയിൽ കയറി ഇരിപ്പുറപ്പിക്കാനുള്ള ചങ്കൂറ്റവുമായി. ഈ പോക്ക് എങ്ങോട്ട്?​
മതത്തിനും ജാതിക്കും രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് ഭരണഘടനാ വിലക്കുണ്ട്. എന്നാൽ ഏത് മതക്കാരനും ജാതിക്കാരനും രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയക്കാരന് ഭരണാധികാരിയാകാം. അപ്പോഴും അധികാരം വേറെ,​ രാഷ്ട്രീയം വേറെ,​ മതം വേറെ എന്ന വിവേചനം ഉണ്ടാകണം. അതാണ് ഭരണഘടനാ വിവക്ഷ. ഇന്ന്,​ രാഷ്ട്രീയത്തിൽ ഈ ലക്ഷ്​മണരേഖ ഉണ്ടോ?​ പൊതുമുതലിന്റെ പങ്കുവയ്​പിൽ സാമൂഹികനീതി ഉറപ്പാക്കുന്നതാണ് ജനാധിപത്യ ഭരണസംവിധാനം. ജനസംഖ്യാനുപാതികമായി തന്നെ നീതി ലഭിക്കണം. ഭരണഘടന പ്രകാരം സത്യം ചെയ്​ത് അധികാരമേൽക്കുന്നവ൪ ഈ ചുമതല നിറവേറ്റുന്നുണ്ടോ?​. സത്യപ്രതിജ്ഞാ ലംഘനങ്ങൾക്ക് ചരിത്രത്തിൽ വലിയ വില നൽകേണ്ടി വരും. ഈ ഓ൪മ്മപ്പെടുത്തലാണ് 'മലബാ൪ സംഗമ'ത്തിന്റെ ഒന്നാം പാഠം.

രണ്ടാം പാഠം സ്വയം പഠിക്കാനുള്ളതാണ്. 'നമ്മൾ എവിടെ നിൽക്കുന്നു?​
നമ്മുടെ ദൈവം,​ നമുക്ക് മുന്നിൽ ഒരു കണ്ണാടി പ്രതിഷ്ഠിച്ചത് നമ്മെ തന്നെ കാണാനാണ്. ആ കാഴ്​ചയ്​ക്ക് ബാഹ്യവും ആന്തരികവുമായ തലങ്ങളുണ്ട്. അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഭേദമുണ്ടാവാം. പക്ഷേ,​ സ്വയം കാണുകയെന്നതാണ് പ്രധാനം. സ്വയം കാണുന്നവന് പരസ്​പരം കാണാൻ കഴിയും. കാഴ്​ചകളിലൂടെ അവനവനെ അറിഞ്ഞു മാത്രമേ,​ 'സംഘടനകൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാ'നുമുള്ള ഗുരുദ൪ശനം നമുക്ക് ഗ്രഹിക്കാനാവു. ഈ കാഴ്​ചയുടെ അനുഭവം വ്യക്തികൾക്ക് എന്നപോലെ കൂട്ടായ്മകൾക്കുമുണ്ട്. ആ കൂട്ടായ്മയാണ് സംഘടിത ശക്തിയുടെ സംഘഗാനം ഉയ൪ത്തുന്നത്.
നമ്മൾ എവിടെ നിൽക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന് വേണം അത് ഉണ്ടാവാൻ. ഒരേ കുലത്തിൽ പിറന്നവ൪,​ തെക്ക് ഈഴവരും വടക്ക് തിയ്യരുമായി. നാട്ടുരാജ്യങ്ങളുടെ കെട്ടുപൊട്ടിച്ച് കേരളം ഉണ്ടായപ്പോഴും ഈ അകലം കുലങ്ങളെ കൂട്ടിമുട്ടിച്ചില്ല. ഗുരുദേവന്റെ ഭൗതിക ദ൪ശനം തെക്കും വടക്കും ഒരേപോലെ എത്തിയില്ല. ഈ കാലയളവിൽ ഭരണനേട്ടങ്ങളും ഇവിടെ എത്തിനോക്കിയില്ല. മലബാറിന് ഇത് മാറ്റങ്ങളുടെ കാലമാണ്. പുതിയ മാറ്റത്തിനായുള്ള കുതിപ്പിന് സംഘടിത കരുത്ത് പകരുന്നതാകട്ടെ മലബാ൪ മഹാസംഗമം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment