മണിപ്പൂര്‍, കാശ്മീര്‍ തുടങ്ങിയ അതിര്‍ത്തി മേഖലകളിലെ മേല്‍ജാതിക്കാരും പട്ടാളവും ബി.എസ്.എഫ്. ജവാന്മാരും പെണ്‍ശരീരത്തിന്റെ ചോര ഊറ്റിക്കുടിക്കുന്ന കഥകള്‍ എത്ര നേരം പറഞ്ഞാലാണ് അവസാനിക്കുക. ആന്ധ്രയില്‍ 13 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയിരിക്കുന്നു. ആറ്റു വക്കില്‍ വിരിഞ്ഞ കണിക്കൊന്നയെ തൂത്തുക്കുടിയില്‍ ഒമ്പത് പേര്‍ ചേര്‍ന്ന് കാമത്തിന്റെ നഖം താഴ്ത്തി കൊന്നു കാട്ടില്‍ തള്ളിയിരിക്കുന്നു. അവള്‍ക്ക് പ്രായം 14 മാത്രം. കേരളത്തിന്‍ അച്ഛനും അമ്മയും ചേര്‍ന്ന് തന്റെ ഗര്‍ഭ പാത്രത്തിലിട്ടു വളര്‍ത്തിയ ഭ്രൂണത്തിന് മോഹവിലയിടുന്നു, വില്‍ക്കുന്നു. കോഴികളെ ബലിയര്‍പിക്കുന്നതു പോലെ ഓരോ നിമിഷവും സ്ത്രീകളും കുട്ടികളും പീഡനമേറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലുടെയാണ് നാം സഞ്ചരിക്കുന്നത് .
ഇന്ത്യയില്‍ സതി നടപ്പിലാക്കിയിരുന്ന കാലത്ത് സുമോറിയയിലും, ജപ്പാനിലും, ചൈനയിലും സതിയുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയേയും, വെപ്പാട്ടിയേയും ജീവനോടെ ആ തീയ്യില്‍ ദഹിപ്പിക്കണം. സോളമന്‍ രാജാവിന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു എന്നത് ചരിത്രമെങ്കില്‍ ശ്രീകൃഷ്ണന് 16008 ഭാര്യയെന്നത് ഐതീഹ്യം .
യുദ്ധം ജയിക്കുന്ന പോരാളിക്ക് കളിച്ചുല്ലസിക്കാന്‍ എറിഞ്ഞു കൊടുക്കുക തോറ്റ രാജ്യത്തിലെ കന്യകമാരെയായിരുന്നു. യുദ്ധ വിജയത്തിന്റെ പാരിതോഷികമാണ് സ്ത്രി. സുഖം രുചിച്ചു നോക്കാനുള്ള ഉപകരണം. പഴയ നിയമം പറയുന്നത് ശ്രദ്ധിക്കുക. 'നിങ്ങള്‍ രാജ്യം കീഴ്‌പ്പെടുത്തിയാല്‍ ആദ്യം സ്ത്രീകളെ കീഴടക്കുക. അവള്‍ ആദ്യമൊക്കെ അതിന് വഴങ്ങിയെന്ന് വരില്ല. ബലാല്‍ക്കാരമായി പ്രാപിക്കുക'. അധിനിവേശ സൈന്യം കടന്നു പോയിടത്തെല്ലാം അനാഥ കുട്ടികള്‍ പിറന്നു വീണതങ്ങനെയാണ് . അവര്‍ ദൈവത്തിനു മുമ്പിലെ ജാര സന്ധതികള്‍. പഴി അപ്പോഴും സ്ത്രീക്ക്.
വംശീയ കലാപമുണ്ടായാലും വര്‍ഗീയത മുഴച്ചുനില്‍ക്കുമ്പോഴും അപായപ്പെടുന്നത് സ്ത്രീത്വത്തിന്റെ പരിപാവനതയാണ്. പ്രേമിച്ച് പാട്ടിലാക്കി വിവാഹത്തിനുശേഷം മതം മാറ്റി പീഡിപ്പിച്ച് മാനസിക ആത്മഹത്യയ്ക്ക് വശംവദയാകുന്നതും സ്ത്രീകള്‍.
ഇന്നും സ്തീത്വത്തെ കശക്കിയെറിയാന്‍ അതിര്‍ത്തി പട്ടാളത്തിന് ഭരണകുടം തന്നെ ഒത്താശ ചെയ്തു കൊടുക്കുന്നു. പട്ടാളം ബലാല്‍സംഗത്തിന് ശേഷം പെണ്‍ബലി നടത്താന്‍ - വെടിവെച്ച് കൊല്ലാന്‍ - പോലും അനുവാദം നല്‍കുന്ന ചോദ്യം ചെയ്യപ്പെടാനാകാത്ത ഭരണനിര്‍വഹണ സംവിധാനമുണ്ട് ഇന്ത്യയില്‍. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച - സ്വതന്ത്ര ഇന്ത്യ ഇന്നും അനുവര്‍ത്തിച്ചു പോരുന്ന - പഴകി തുരുമ്പെടുത്ത പീനല്‍ കോഡ് നിയമം പട്ടാളത്തിനും, അലിഖിത ആചാരത്തിന്റെയും കീഴ്‌വഴക്കങ്ങളുടേയും പേരില്‍ മേലാളവര്‍ഗത്തിനും സ്ത്രീത്വത്തെ കൈയ്യില്‍ ഞെരിച്ച് ഇല്ലാതാക്കാനുള്ള അനുവാദം ഇന്ത്യ നല്‍കുന്നു. 1986 ഒക്ടോബറില്‍ കേരളത്തിലെ പോലീസ് തങ്കമണിയില്‍ അനുവര്‍ത്തിച്ചതും മറ്റൊന്നായിരുന്നില്ല.
ശ്രീലങ്കയിലെ വംശഹത്യയില്‍ 'നഗ്നത തളര്‍ന്നുവീണ സ്ത്രീ ശരീരം' കണ്ട് തകര്‍ന്നവരാണ് നാം. വീട്ടിനകത്തും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും പുരുഷന്റെ മേല്‍കോയ്മക്ക് മുമ്പില്‍ കീഴ്‌പ്പെടാന്‍ വിധിക്കപ്പെട്ടവളാണ് സഹജീവിയായ സ്ത്രീ. ജനിപ്പിച്ച പിതാവടക്കമുള്ളവര്‍ ഇന്ദ്രിയ സുഖാനുഭൂതി കൈയ്യെത്തിപ്പിടിക്കാന്‍ തന്റെ രക്തത്തിലുള്ളവളെ പോലും തിരിച്ചറിയാത്ത വിധം ഭോഗിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടിലധികം ഉദയസൂര്യന്മാര്‍ പിറന്നസ്തമിച്ചിട്ടും ഇവിടെ പുരുഷനില്‍ നിന്നും സ്ത്രീക്കുള്ള യഥാര്‍ത്ഥ സ്വാതന്ത്ര്യമെവിടെ? എപ്പോള്‍ വേണമെങ്കിലും പ്രായപരിധി നോക്കാതെ ആക്രമിക്കപ്പെടാം എന്ന ഭീതിയുടെ നിഴലിലാണ് സ്ത്രീത്വത്തിന്റെ വാസം. സന്ധ്യ മയങ്ങിയാല്‍ അവരുടെ സ്വപ്നങ്ങളും, നക്ഷത്രങ്ങളും, ചന്ദ്രന്മാരും, കിളിവാതിലുള്ള നാല്‍ചുമരിന്റെ ജയിലറക്കുള്ളില്‍ നിന്നു മാത്രം.
സ്വകാര്യ സ്വത്തുക്കള്‍ സ്വായത്തമാക്കാന്‍ അനുവദിക്കുന്ന ഇന്ത്യന്‍ നിയമം സ്ത്രീകളെയും തങ്ങളുടെ സ്വകാര്യ സ്വത്താക്കി മാറ്റാന്‍ പുരുഷ മേധാവിത്വത്തെ പ്രേരിപ്പിക്കുന്നു. സ്ത്രീകള്‍ക്കുള്ള അവരുടെ മൗലികാവകാശങ്ങള്‍ പുരുഷന്റെ മുന്നില്‍ ബലിയര്‍പിക്കുമ്പോഴാണ് സമൂഹത്തില്‍ സ്ത്രീ മഹത്വമുള്ളവളാണെന്ന് പുരുഷന്‍ തന്റെ അടിമത്വസ്വാഭാവത്തില്‍ നിന്ന് കൊണ്ട് ആക്രോശിക്കുന്നത്. പുരുഷന്‍ അനുവദിക്കുന്ന അടിമത്വമാണ് സ്ത്രീകള്‍ക്ക് ഭൂഷണമെന്ന് ധര്‍മ - മത - പുരാണ ഗ്രന്ഥങ്ങളുടെ സ്വാധീനമുപയോഗിച്ച്, സീതയുടെയും ശകുന്തളമാരുടെയും കഥകള്‍ പറഞ്ഞ് പുരുഷന്‍ സമര്‍ത്ഥിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് വര്‍ഷങ്ങളിലുള്ള അടിച്ചമര്‍ത്തലുകളുടെയും പീഡന, ചൂഷണങ്ങളുടെയും ചങ്ങലക്കിട്ട സ്ത്രീയുടെ ജനാധിപത്യ സ്വാതന്ത്രം സമൂഹത്തിന്റെ അടിമത്വത്തിലാണ്.
ലോക്കല്‍ സര്‍വ്വീസ് ബസില്‍ രാത്രി 11 മണിയോടെയാണ് രാജ്യത്തെ നടുക്കിയ ദില്ലി സംഭവമുണ്ടായത്. രാംസിംഗും സഹോദരന്മാരും ഒരമ്മ മക്കളെന്ന സാഹോദര്യ ബന്ധം പോലും മറന്ന് മറ്റുള്ളവരുമായി കൂട്ടുചേര്‍ന്ന് ആ പെണ്‍കുട്ടിയുടെ കന്യകാത്വത്തിന്റെ കാണാചരട് കവര്‍ന്നെടുക്കാന്‍ ഗിയര്‍ പൈപ്പെടുത്ത് തലച്ചോര്‍ തകര്‍ത്തു. ഈ കാഴ്ച്ച പരിസരത്തെ ഹോട്ടലുകളിലെ സിസി ടി.വി. ദൃശ്യങ്ങളില്‍ നിന്നുമാണ് തിരിച്ചറിയാനായത്. നിരാംലബയായ പെണ്‍കുട്ടിയെ ബസിന്റെ ക്യാബിനിലേക്ക് വലിച്ചിഴച്ച് മാറി മാറി ഭോഗിച്ചതിന് ശേഷം തെരുവില്‍ തള്ളയിട്ട സംഭവം കേരളത്തിലെ സൗമ്യയുടെ ദാരുണമരണത്തെ ഓര്‍മപ്പെടുത്തുകയാണ്.
ബലാല്‍സംഗത്തിന് ശേഷം ഭീകരമായി മലിനമാക്കപ്പെട്ട സ്ത്രീ ശരീരത്തെ നാം ദില്ലിയില്‍ മാത്രമല്ല കണ്ടത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി എന്ന ഗ്രാമത്തില്‍ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ 9 പേര്‍ കൂട്ട് ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കാട്ടില്‍ തള്ളിയ സംഭവം ദില്ലി സംഭവത്തിനു ഏതാനും ദിവസം മുമ്പു മാത്രമുള്ളതാണ്്. ആ കൊച്ചു കുട്ടി 'രക്തസാക്ഷിത്വത്തിലെ ദളിതിന്റയും പട്ടിണിയുടെയും പ്രതിനിധി'യായതുകൊണ്ടാണോ സമൂഹം ശ്രദ്ധിക്കാതെ പോയത്. അതിനെതിരെ എവിടേയും ഒരു പ്രതിഷേധവും നടന്നില്ലെന്ന വസ്തുത പട്ടിണിപ്പാവങ്ങളുടെ മാനത്തിനു ഇന്നും അയിത്തം മാറിയിട്ടില്ലെന്ന ആശങ്ക ജനിപ്പിക്കുന്നു.
രാജ്യത്ത് പുരുഷനെക്കാള്‍ ഭൂരിപക്ഷം വരുന്ന സ്ത്രീസമൂഹത്തിന്റെ അവസ്ഥയാണിത്. അവര്‍ക്കെവിടെ ജനാധിപത്യവും മൗലികാവകാശവും? സോണിസോറിയും ശാരിയും സൗമ്യയും കൃഷ്ണപ്രിയയും മറ്റും രക്തദാഹികള്‍ക്ക് മുമ്പിലെ രക്തസാക്ഷികള്‍. സൂര്യനെല്ലി തൊട്ട് കവിയൂരും, കിളിരൂരും, വിതുരയും, പറവൂരും, വഴി ഐസ്‌ക്രീം പാര്‍ലര്‍ വരെയുള്ള സംഭവങ്ങള്‍ ഇത്തരം രക്തസാക്ഷിത്വത്തിന്റെ കഥകള്‍ പറയുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉയരുന്ന അക്രമം ഒരു വ്യക്തിയുടെ നേര്‍ക്കു മാത്രമായി കണ്ടു കൂട. അത് വികലമായ വ്യവസ്ഥിതി നിലനില്‍ക്കുന്ന പൊതുസമൂഹത്തിന് നേരെയുള്ള അക്രമമായി വേണം കാണാന്‍. അതുകൊണ്ടുകൂടിയാണ് പുരുഷമേധാവിത്വത്തില്‍ അധിഷ്ഠിതമായ സമൂഹവുമായിട്ടുകൂടി സ്ത്രീ പീഡനത്തിനെ പ്രത്യക്ഷമായെങ്കിലും അപലപിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നത്. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തന്നോളം പോന്ന അംഗീകാരം തന്റെ സഹജീവി-ഇണ-ക്ക് നല്‍കാന്‍ പുരുഷമേധാവിത്വവും അവന്‍ സൃഷ്ടിച്ച വ്യവസ്ഥകളും അനുവദിക്കുന്നില്ലെങ്കിലും സ്ത്രീ കളങ്കപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ പുരുഷ സമൂഹം ഇഷ്ടപ്പെടുന്നില്ല.
ബലാല്‍സംഗം എന്ന കുറ്റത്തിന് മരണശിക്ഷ വിധിക്കാന്‍ നിയമമൊരുങ്ങുകയാണ്. കുറ്റം ചെയ്ത് തടവിലായ പ്രതികളില്‍ ഒന്നിനെയോ ഒന്നില്‍ കൂടുതല്‍ പേരെയോ തൂക്കിലേറ്റിയാല്‍ പീഡനം അവസാനിക്കുമെന്ന് കരുതുക വയ്യ. ഇന്ത്യയില്‍ കൊലപാതകമെന്ന ക്രിമിനല്‍ കുറ്റത്തിനു ഇപ്പോള്‍ തന്നെ തൂക്കുകയറിന്റെ വിധിയുണ്ട്. അതു കൊണ്ട് കൊലപാതകത്തെ അവസാനിപ്പിക്കാനായോ? ബലാല്‍സംഗത്തിന് കൊലയല്ല മറുമരുന്ന്. വ്യവസ്ഥിതിയാണ് മാറേണ്ടത്. ഇരുണ്ട ജയിലില്‍ പോലും പാര്‍ക്കാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. മൃഗങ്ങളെ അടച്ചിട്ട കാഴ്ചബംഗ്ലാവുകളിലെ അഴിക്കുള്ളില്‍ അര്‍ദ്ധനഗ്നരാക്കി പൊതുജനത്തിന് മുമ്പില്‍ പ്രദര്‍ശിക്കുക വഴിയാണ് ഇത്തരക്കാര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കേണ്ടത്. ഇവര്‍ നഷ്ടപ്പെടുത്തിയ പെണ്‍മാനത്തിന് സാധൃമാവും വിധം ഇവരുടെ മാനം കവര്‍ന്ന് കൊണ്ട് ശിക്ഷ നടപ്പാക്കുമ്പോള്‍ മാനത്തിന്റെ വില പൊതുസമൂഹത്തിന് മനസിലാവാനും, കുറ്റ വാസന കുറക്കുവാനും കുറ്റവാളിയുടെ ശേഷിച്ച ജീവിതം ഉതകിയേക്കും.
അല്ലെങ്കില്‍തന്നെ വധശിക്ഷയുടെ നിയമനിര്‍മ്മാണം ഇവിടെ നടപ്പിലാകാന്‍ പോകുന്നില്ല. ഭരണകൂടത്തിന്റെ സാരഥികളും കീഴ്‌വഴക്കങ്ങളുടെ നിര്‍മ്മാതാക്കളും അതിന് അനുവദിക്കുകയില്ലെന്നതു തന്നെ കാരണം. ഇന്നത്തെ വ്യവസ്ഥിതിയും ഭരണക്രമവും നിലനിര്‍ത്താന്‍ സ്ത്രീ വിരുദ്ധ മനോഭാവം അനിവാര്യമാണെന്ന് ഭരണകൂടത്തിനറിയാം. അധികാരത്തില്‍ 50% സംവരണം എന്ന മുറവിളി കേന്ദ്രത്തിന്റെ ചെവിക്കു പുറത്തല്ലേ ഇപ്പോഴും. തദ്ദേശ ഭരണത്തിലെ തുല്യപങ്കാളിത്തം കേരളവും മഹാരാഷ്ട്രയും ഒഴികെ ഏതെങ്കിലും സംസ്ഥാനത്തില്‍ നടപ്പിലായോ? സ്ത്രീ സമൂഹം ഇന്നും വെളിച്ചത്തില്‍ നിന്നും ഇരുട്ടിന്റെ കൂടാരത്തിലേക്ക് ഉള്‍വലിയാന്‍ വിധിക്കപ്പെട്ടവള്‍ തന്നെ.
അധികാരം കൈവശപ്പെടുത്തുന്ന രാഷ്ട്രീയക്കാര്‍ വേണ്ടുന്നതിലധികം കനകവും അത് കഴിഞ്ഞ് ഒന്നിലധികം കാമിനിമാരേയും താന്‍ സൃഷ്ടിച്ചെടുത്ത അധികാരത്തെ ദുരുപയോഗപ്പെടുത്തി കൊണ്ട് നേടിയെടുക്കുന്ന കണക്കുകള്‍ 2012-ലെ നാഷണല്‍ ഇലക്ഷന്‍ വാച്ച് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുന്ന 260 ഓളം ജനപ്രതിനിധികള്‍ കാമിനി സുഖത്തിനായ് പീഡനകേസുകളില്‍ പ്രതിയായവരാണെന്നാണ് ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസില്‍ നിന്ന് മാത്രം 26 പേരും ബി.ജെ.പിയില്‍ നിന്ന് 24 പേരും ബി.എസ്.പിയില്‍ നിന്ന് 18 പേരും സമാജ് വാദിയില്‍ നിന്ന് 16 പേരും എന്നിങ്ങനെ പോകുന്നു ഇവരുടെ ലൈംഗിക പീഡനകേസിന്റെ പട്ടിക. ബലാല്‍സംഗികള്‍ നേതൃത്വം നല്‍കുന്ന ഭാരതത്തില്‍ ഇരകള്‍ക്കെന്തു നീതി? അധികാരത്തിലെത്തിയാല്‍ ഇവരുടെ പീഡനപര്‍വ്വം ആരും അിറയാതെ ജലരേഖകളാകുന്നു. ഐസ്‌ക്രീമും, സൂര്യനെല്ലിയുമൊക്കെ കേരളത്തിലെ തെളിവുകളാണ്.
ഒരാളെയോ ഒരുപറ്റം ആളുകളെയോ ഇല്ലാതാക്കി തടയാനാവുന്നതല്ല ബലാല്‍സംഗം. ഇതുകൊണ്ട് സ്ത്രീ നേരിടുന്ന വിവേചനവും അടിമത്വവും ഇല്ലാതാകില്ല. വ്യവസ്ഥിതികളുടെ ആണ്‍കോയ്മയിലെ കീഴ് വഴക്കങ്ങള്‍ സമൂലമായി മാറണം. അത് നിയമം കൊണ്ട് അസാദ്ധ്യമാണ്. ഇത്തരത്തിലുള്ള സാമൂഹിക പരിശോധന വഴി മാത്രമേ ദില്ലിയിലെ പ്രക്ഷോഭത്തെ സാധൂകരിക്കാനാവുകയുള്ളു . ഇതിന് ചെറു പ്രായം മുതല്‍ ലൈംഗിക വിദ്യാഭ്യാസം ചോദ്യപ്പേപ്പറില്‍ ഉത്തരം തേടിയെത്തണം. സ്ത്രീയുടെ ശരീരത്തില്‍ ഗോപ്യമായ എന്തോ വളര്‍ന്നു വരുന്നുണ്ടെന്നും അവയെ അറിയാനും സ്വന്തമാക്കാനുമുള്ള ത്വര ഇല്ലാതാക്കാന്‍ മനുഷ്യ ശരീര സൃഷ്ടിക്കപ്പുറം ഒന്നും അവളില്‍ പ്രകൃതി രൂപപ്പെടുത്തുന്നില്ലെന്ന തോന്നലിലാണ് വിദ്യാഭ്യാസം വേണ്ടത്. ഒന്നു തൊട്ടു പോയാലും, മുട്ടിപ്പോയാലും, ഒരു സീറ്റിലിരുന്നാലും കളങ്കപ്പെടുന്നതാവരുത് സത്രീ-പൂരുഷ ബന്ധം.
ഡിസംബറിന്റെ തണുപ്പില്‍ ആലിപ്പഴം പെയ്യേണ്ട ദില്ലിയില്‍ പെയ്ത തീക്കനലുകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? കൊടിയും വടിയും അധികാരവും ഇല്ലാത്ത ആള്‍കൂട്ടങ്ങള്‍ തെരുവിലിറങ്ങിയത് സ്ത്രീത്വത്തിന്റെ സംരക്ഷണത്തിനോ അതോ ജനാധിപത്യത്തിന്റെ പോരാട്ടത്തിനോ? നയിക്കാന്‍ നേതാക്കളില്ലാതെ സ്വയം സംഘടിച്ച് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി പൊതുസമൂഹം മാറുന്നതിന്റെ തുടക്കമാണോ നമുക്ക് ദില്ലിയില്‍ കാണാനായത്. ചൈനയിലെ ടിയാനന്‍മെന്‍സ്‌ക്വയറില്‍ നടന്നത് ഇതിന്റെ ഭാഷ്യമായിരുന്നോ? സിറിയയിലെ വംശീയ കലാപങ്ങള്‍ തന്നെയാണോ മറ്റൊരു അവസ്ഥയില്‍ ദില്ലിയില്‍ വീശിയടിച്ചത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും വിവേചനവും കേവലം സ്ത്രീകളുടെ മാത്രം പ്രശ്‌നമായി കാണാതെ അത് ഒരു സാമൂഹ്യവിചാരണയായി കാണുന്ന ഭരണകൂട സൃഷ്ടിക്കു മാത്രമെ ഇവിടെ ഒരു പരിഹാര നിര്‍ദേശത്തിന് സാധ്യമാവുകയുള്ളു. ദില്ലിയിലും മറ്റും ഇറ്റു വീണ ബലിച്ചോര രാജ്യത്തിന്റെ പൊയ്മുഖങ്ങളെ അഴിച്ചുമാറ്റാന്‍ ഉതകട്ടെ.

Best Regards,
Zameer Mavinakatta
Riyadh,
Kingdom Of Saudi Arabia
+966569980707


www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___