Saturday 16 February 2013

[www.keralites.net] ഒരാള്‍മാത്രം രക്ഷപ്പെടുന്നതെങ്ങനെ?--എന്റെ വിധി ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്

 

""കൊച്ചുമക്കളെയും നോക്കി സ്വസ്ഥമായി ജീവിക്കേണ്ട കാലമല്ലേ ഞങ്ങളുടേത്, ഇപ്പോഴും കേസും കോടതിയുമായി കയറിയിറങ്ങുകയാണ്. എല്ലാവരും ഒറ്റപ്പെടുത്തി, സമൂഹവും....""- ഒരു ആയുസ്സില്‍ അനുഭവിക്കാനുള്ളതത്രയും സഹിച്ച അമ്മയുടെ വാക്കുകള്‍ ഈ സമൂഹത്തോടുള്ള ചോദ്യചിഹ്നമാണ്. ഓമനിച്ചുവളര്‍ത്തിയ പെണ്‍കുഞ്ഞുങ്ങളിലൊന്നിനെ ഒരു ദിവസം കാണാതായപ്പോള്‍ തുടങ്ങി അമ്മയുടെ നെഞ്ചില്‍ പിടച്ചില്‍. മകള്‍ ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍ പോയതാകുമെന്നു കരുതി അവര്‍ കാത്തിരുന്നു.
പക്ഷേ, മകളുടെ കത്ത് കൈയില്‍കിട്ടുമ്പോഴാണ് അവര്‍ ചതി മനസിലാക്കുന്നത്. 40 ദിവസത്തിനുശേഷം അവള്‍ തിരിച്ചെത്തിയപ്പോഴും മകളുടെ ദുര്‍ദിനങ്ങളെക്കുറിച്ച് ഇത്രയൊന്നും വിചാരിച്ചില്ല. ആരോഗ്യം ക്ഷയിച്ച് വികൃതരൂപമായി അവള്‍ മടങ്ങിയെത്തിയപ്പോള്‍ കുടുംബമൊന്നാകെ, നാടാകെ ഞെട്ടി. സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. ഇന്നും കേസിന് സമാപനമായിട്ടില്ല, ഉന്നതനായ രാഷ്ട്രീയ നേതാവായതിനാല്‍ ഒരാള്‍ക്കുമാത്രം പ്രത്യേക നീതി! സൂര്യനെല്ലി പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നു പി ജെ കുര്യന്‍ തന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന്.
സൂര്യനെല്ലിയിലെ ആ പെണ്‍കുട്ടി ഓരോരുത്തരെയായി തിരിച്ചറിഞ്ഞ് അവരെ പേരുചൊല്ലി വിളിച്ചു. സമൂഹത്തിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ.... അവള്‍ പറഞ്ഞു. ""ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. ഇവരെല്ലാം എന്നെ ഉപദ്രവിച്ചവരാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഒത്തിരി അനുഭവിച്ചു. ഇപ്പോള്‍ ഒരു ന്യായാധിപനും ഞങ്ങളുടെ കുടുംബത്തെ അപമാനിച്ചു.
"" ജസ്റ്റിസ് ബസന്തിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ""ഇനി ആര്‍ക്കും എന്റെ ഗതികേട് ഉണ്ടാകരുത്. മാനഷ്ടത്തിന് കേസ് കെടുക്കും."" അതിനായി അവള്‍ പൊരുതുകയാണ്. ഉന്നതനീതിപീഠമെങ്കിലും അവളുടെ കരച്ചില്‍ കേട്ടു. നാടാകെ വീണ്ടും സൂര്യനെല്ലി കേസിലെ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന ആവശ്യമുയര്‍ത്തി തെരുവിലാണ്.
അച്ഛന്റെ വിങ്ങിപ്പൊട്ടുന്ന വാക്കുകള്‍... അമ്മയ്ക്കും അസുഖങ്ങളേറെ. പെന്‍ഷന്‍തുകയുടെ നല്ലൊരു ശതമാനവും മരുന്നിന് ചെലവാക്കുന്നു. ""മകള്‍ക്ക് കനിവായി കിട്ടിയ ജോലിയിലും അവള്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല. എനിക്ക് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് സാമ്പത്തിക തിരിമറിക്കുറ്റം ചുമത്തി മോളെ അറസ്റ്റ്ചെയ്യുന്നത്. സമ്പാദ്യങ്ങളെല്ലാം നല്‍കി സ്വര്‍ണവും പണയംവച്ച് 2,26,000 രൂപ തിരിച്ചടപ്പിച്ചു. എന്നിട്ടും പകതീരാതെ കേസുമായി ഞങ്ങളെ കഷ്ടപ്പെടുത്തുകയാണ്, പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഞങ്ങള്‍.... ചില സഹായങ്ങള്‍മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസം..""- അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
സൂര്യനെല്ലിസംഭവം പുറത്തു വന്നതിനുശേഷം നാലു ജീവനുകള്‍ മരവിച്ച അവസ്ഥയിലാണ് കഴിഞ്ഞത്. ജീവനൊടുക്കാതിരിക്കാന്‍ അവര്‍ കഷ്ടപ്പെടുകയായിരുന്നു. അങ്ങനെയുള്ള കുടുംബത്തോടാണ് നിയമത്തിന്റെയും സമൂഹത്തിന്റെയും കൂരമ്പുകള്‍. ബസ്ഡ്രൈവര്‍ വഴി രാജുവിന് കത്ത് കൈമാറിയെന്നുമുള്ള ഹൈക്കോടതിവിധിയിലെ പരാമര്‍ശം തെറ്റാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ""ഞാന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല. രാജു ഭീഷണിപ്പെടുത്തി. പേടിച്ചാണ് കൂടെ പോയത്""- കണ്ണുകള്‍ നിറഞ്ഞു തുളുമ്പുമ്പോഴും വാക്കുകള്‍ പതറിയില്ല. കാരണം അവള്‍ ആവര്‍ത്തിച്ചു: ""ഞാന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്."" ""പി ജെ കുര്യനും കേസില്‍ പ്രതിയാണ്""- അവള്‍ പറഞ്ഞു.
സൂര്യനെല്ലി പെണ്‍കുട്ടി 40 നാള്‍ അനുഭവിച്ച ക്രൂരപീഡനങ്ങളുടെ കഥ ലോകം അറിഞ്ഞതോടെ രക്ഷപ്പെടാനുള്ള നെട്ടോട്ടമായി പ്രതികള്‍. പ്രലോഭനങ്ങളുടെ പട തന്നെ. ""ഞങ്ങള്‍ മകളെ ഒന്നും ചെയ്തില്ല, അവളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു. കേസ് പിന്‍വലിക്കണം. മകള്‍ക്ക് ജീവിതാവസാനംവരെ കഴിയാനുള്ള തുക ഞങ്ങള്‍ തരാം....""
ഉന്നതങ്ങളിലുള്ളവരെ രക്ഷപ്പെടുത്തണമെന്നതിനാല്‍ പണവും നിയമവും എല്ലാം ഈ പാവം കുടുംബത്തിനു നേരെ പ്രയോഗിച്ചു. പലപ്പോഴും അവര്‍ ഭയപ്പെട്ടു. പ്രലോഭനങ്ങളുമായി വന്നവരെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെ: ""ജനലില്‍ക്കൂടി മകള്‍ അവരെ കണ്ടു. അവളെ ഒന്നിലേറെ തവണ ഉപദ്രവിച്ച അതേ രൂപങ്ങള്‍! അവള്‍ ഞെട്ടി."" ഇക്കൂട്ടര്‍തന്നെയെന്ന് അവള്‍ അമ്മയോട് പറഞ്ഞു. പിന്നെ അമ്മയ്ക്ക് മാനസികനില തെറ്റിയ അവസ്ഥയായിരുന്നു. ഇതുവരെ പറയാത്ത ചീത്തപറഞ്ഞ് അവരെ ആട്ടിയിറക്കി. സംഭവം പന്തിയല്ലെന്നുകണ്ട് അന്ന് അവര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെട്ടു എങ്കിലും. അച്ഛന്റെയും അമ്മയുടെയും വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചു. ഉറ്റവരുടെ മരണംപോലും സൂര്യനെല്ലിയിലുള്ള ബന്ധുവിനെ മനഃപൂര്‍വം അറിയിച്ചില്ല. സൂര്യനെല്ലി ആന്റിയുമായി ഒരു കത്തിടപാടുപോലും വേണ്ടെന്നായിരുന്നു അമ്മയുടെ വീട്ടുകാരുടെ ഉപദേശം. നാടും വീടും ഉപേക്ഷിച്ച് ഒളിക്കാന്‍ തോന്നി. ചങ്ങനാശേരി വാണിജ്യനികുതി ഓഫീസില്‍ പ്യൂണായി ജോലി നോക്കിയ പെണ്‍കുട്ടിക്കൊപ്പം ആ കുടുംബം കഴിഞ്ഞു. അവിടെയും വെറുതെവിട്ടില്ല. പണംതട്ടിപ്പ് നടത്തിയെന്ന കുറ്റംചാര്‍ത്തി, അകത്താക്കി. ഭീഷണിപ്പെടുത്തി കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. അവളെ ഒന്നാം പ്രതിയാക്കി. ""ഞാന്‍ ഒരു പൈസയും എടുത്തിട്ടില്ല. ഒരു പൈസപോലും ഉപയോഗിച്ചിട്ടില്ല""- അവള്‍ ആണയിട്ട് പറയുന്നു. ഇപ്പോഴും കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment