Monday 11 February 2013

[www.keralites.net] കേരളത്തില്‍ നിശാക്ലബുകള്‍ വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

 

കേരളത്തില്‍ നിശാക്ലബുകള്‍ വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

Fun & Info @ Keralites.net

തുറന്ന മനസോടെ

കെ.എം. റോയ്

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.

Fun & Info @ Keralites.net

കേരളത്തില്‍ നിശാക്ലബുകള്‍ തുറക്കണമെന്ന നിര്‍ദേശം എമെര്‍ജിംഗ്‌ കേരള കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉയര്‍ന്നുവന്നപ്പോള്‍ 'സദാചാരപോലീസി'നെപ്പോലെ പലേ നേതാക്കളും അതിനെതിരേ കലിതുള്ളി. ലോകത്തില്‍ നടക്കുന്നതെന്താണെന്നു മനസിലാക്കാത്ത ആത്മവഞ്ചകരായ ഇത്തരം നേതാക്കള്‍ സമൂഹത്തിനു ചെയ്യുന്ന ദ്രോഹം നിസാരമൊന്നുമല്ല.
എന്താണ്‌ കേരളത്തിന്റെ മുഖ്യമായ തകരാറ്‌ എന്ന ചോദ്യത്തിന്‌ ഒരേയൊരു മറുപടിയേയുള്ളു. അതു പഴയ തലമുറയിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അച്ചുകുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതപോലും നമ്മുടെ വര്‍ത്തമാനകാല രാഷ്‌ട്രീയഭരണാധികാരികള്‍ക്കു ഇല്ലാതായിരിക്കുന്നു എന്നതാണ്‌.

ഇപ്പോഴത്തെ യു.ഡി.എഫ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും എല്ലാംതന്നെ ജനങ്ങളെ നേര്‍വഴിക്കു നയിക്കുന്നവരല്ല മറിച്ച്‌ ജനങ്ങളില്‍ നയിക്കപ്പെടുന്നവരായി മാറിയിരിക്കുന്നു എന്ന സംശയമാണ്‌ സമീപകാല സംഭവവികാസങ്ങള്‍ വളര്‍ത്തുന്നത്‌. ഗ്യാലറിയിലിരുന്നു കളി കാണുന്നവരുടെ കൈയടിക്കുവേണ്ടി കളിക്കുന്ന കളിക്കാരുടെ അതേ മനോഭാവം.
പ്രതിപക്ഷത്തിരിക്കുന്ന ഇടതുപക്ഷമുന്നണിയും അതില്‍നിന്നും ഒട്ടും വ്യത്യസ്‌തരല്ല. ആകെ ലക്ഷ്യം ഗ്യാലറിയിലിരിക്കുന്ന കാണികളുടെ കൈയടി മാത്രമാണ്‌. എന്നുവച്ചാല്‍ അന്തിമമായി വോട്ടുമാത്രമാണ്‌ ലക്ഷ്യം. വര്‍ത്തമാനകാലത്തില്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ കയറുക എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും ഇടതുമുന്നണിക്കും അതിനെ നയിക്കുന്ന സി.പി.എം. നേതാക്കള്‍ക്കുമില്ല. ചരിത്രത്തില്‍ അങ്ങനെയുള്ള നേതാക്കളുടെ സ്‌ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. സാമൂഹിക പ്രതിബദ്ധതയുള്ള നേതാക്കള്‍ക്ക്‌ ഒരിക്കലും അങ്ങനെയൊരു സമീപനം കൈക്കൊള്ളാനാവില്ല.
പഴയകാല അച്ചുകുത്തുകാരനും വര്‍ത്തമാനകാല നേതാക്കളും തമ്മിലുളള വലിയ വ്യത്യാസമതാണ്‌. സര്‍ക്കാര്‍ അച്ചുകുത്തുകാരന്‍ എന്നത്‌ ആരോഗ്യവകുപ്പിലെ പഴയ വാക്‌സിനേറ്ററാണ്‌. വീടുവീടാന്തരം കയറിയിറങ്ങി കുഞ്ഞുങ്ങള്‍ക്ക്‌ വസൂരി നിര്‍മാര്‍ജന ഔഷധം കുത്തിവയ്‌ക്കലായിരുന്നു അവരുടെ ജോലി. പഴയകാലത്തെ ആ കുത്തിവയ്‌പ് വളരെ വേദനയുളവാക്കുന്നതാണ്‌. എന്നുമാത്രമല്ല കൈഭുജത്തില്‍ നടത്തുന്ന ആ കുത്തിവയ്‌പിനെ തുടര്‍ന്ന്‌ ആ ഭാഗം പഴുത്ത്‌ ഒരാഴ്‌ചക്കാലത്തേക്ക്‌ വ്രണമാകുകയും ചെയ്യും.
അതുകൊണ്ട്‌ അച്ചുകുത്തുകാരന്‍ വരുമ്പോള്‍ മിക്കവാറും അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കുത്തിവയ്‌ക്കാന്‍ സമ്മതിക്കില്ല. ചില അമ്മമാര്‍ കുഞ്ഞുങ്ങളുമായി വീടിനു പുറത്തേക്ക്‌ ഓടിപ്പോവുകയും ചെയ്യും. തന്റെ കുഞ്ഞിനു കുത്തിവയ്‌ക്കേണ്ട എന്ന്‌ ഒരമ്മ വാശിപിടിച്ചാല്‍ അമ്മയ്‌ക്കുവേണ്ടെങ്കില്‍ വേണ്ട എന്നുപറഞ്ഞുകൊണ്ട്‌ അച്ചുകുത്തുകാരന്‍ സ്‌ഥലംവിടില്ല. അമ്മയുടെ പിറകെ ഓടി പിടിച്ചുനിര്‍ത്തി അയാള്‍ കുഞ്ഞിന്‌ കുത്തിവയ്‌ക്കുകതന്നെ ചെയ്യും. കാരണം കുത്തിവയ്‌ക്കാത്ത ആ കുഞ്ഞിനു വസൂരി പിടിച്ചാല്‍ ആ വീട്ടിലെ മറ്റുള്ളവര്‍ക്കും രോഗം പിടിക്കും. അതു അടുത്ത വീട്ടിലേക്ക്‌ പടരും. ആ വീട്ടില്‍നിന്ന്‌ അത്‌ ആ ഗ്രാമത്തിലേക്കു വ്യാപിക്കും. അങ്ങനെ നാടാകെ വസൂരി പടരും. അതുകൊണ്ടാണ്‌ തന്നെ ഏല്‍പ്പിച്ച ജോലി മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ ആ കുത്തിവയ്‌പു രാജ്യത്തുടനീളം അച്ചുകുത്തുകാരന്‍ നടത്തിയത്‌. അങ്ങനെയാണ്‌ വസൂരി എന്ന മാരകരോഗം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെട്ടത്‌.
നാട്ടുകാര്‍ക്കു വേണ്ടെങ്കില്‍ വേണ്ട, തനിക്കു സര്‍ക്കാര്‍ ശമ്പളം കിട്ടുമല്ലോ എന്ന മനോഭാവമല്ല പഴയ അച്ചുകുത്തുകാര്‍ പുലര്‍ത്തിയിരുന്നത്‌. അവിടെയാണ്‌ അച്ചുകുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത നാം മനസിലാക്കിയത്‌. ഇവിടെയാണ്‌ വര്‍ത്തമാനകാലത്തെ രാഷ്‌ട്രീയ നേതാക്കളുടെ പ്രതിബദ്ധതയില്ലായ്‌മ നാം മനസിലാക്കുന്നത്‌. ജനങ്ങള്‍ക്കു മനസിലാകാത്തതുകൊണ്ട്‌ തങ്ങള്‍ക്കു വേണ്ട എന്നു പറയുന്ന കാര്യങ്ങള്‍ അവരുടെ തെറ്റിദ്ധാരണ മാറ്റി നടപ്പാക്കാനാണ്‌ നേതാക്കള്‍ ശ്രമിക്കേണ്ടത്‌. ജനങ്ങളാല്‍ നയിക്കപ്പെടുന്നവര്‍ നേതാവ്‌ എന്ന പദവിക്കു അര്‍ഹനേയല്ല. ജനങ്ങളെ നയിക്കുന്നവനാണ്‌ നേതാവ്‌.
കേരളത്തിനകത്തു ജീവിക്കുന്ന മലയാളി ഒരേസമയം സംശയാലുവും ദോഷൈകദൃക്കും കപടവിശ്വാസിയുമാണെന്നതുകൊണ്ട്‌ എന്തിനേയും ആദ്യം എതിര്‍ക്കും. ആ എതിര്‍പ്പിന്റെ വക്‌താക്കളായി രാജ്യം ഭരിക്കുന്നവര്‍ മാറിയാലോ? അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ എമര്‍ജിംഗ്‌ കേരള എന്ന പേരില്‍ നടത്തിയ വികസന സമ്മേളനവേളയില്‍ ദൃശ്യമായത്‌.

ആ സമ്മേളന പരിപാടികള്‍ക്ക്‌ രൂപം നല്‍കിയപ്പോള്‍ വന്ന ഒരു നിര്‍ദ്ദേശം വിനോദസഞ്ചാരത്തിന്റെ ഭാഗമായി കേരളത്തിലും നിശാക്ലബുകള്‍ തുടങ്ങുകയെന്നതായിരുന്നു. പെട്ടെന്ന്‌ കപടസദാചാരവാദികള്‍ തലയുയര്‍ത്തി. കേരളത്തില്‍ നിശാക്ലബുകളോ? അതു കേരളത്തിന്റെ സദാചാരത്തെ അടിമുടി തകര്‍ക്കും. അതിന്റെ മുന്‍നിരയില്‍ ഏതാനും പ്രായംചെന്ന രാഷ്‌ട്രീയനേതാക്കളുണ്ടായിരുന്നു. പ്രായക്കൂടുതല്‍കൊണ്ട്‌ മനസ്‌ ചെല്ലുന്നിടത്ത്‌ ശരീരം ചെല്ലാതാകുമ്പോള്‍ മനസില്‍ ഉയരുന്ന സദാചാരബോധത്തിനു വീര്യം കൂടുമല്ലോ?

വിദേശത്തും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പോകുമ്പോള്‍ രാത്രികാല നൃത്തപരിപാടികള്‍ നടക്കുന്ന നിശാക്ലബുകളില്‍ താന്‍ പോയിട്ടേയില്ലെന്ന്‌ നെഞ്ചത്തു കൈവച്ചുകൊണ്ട്‌ പറയാന്‍ കേരളത്തിലെ ഏതെങ്കിലും ഒരു എം.എല്‍.എക്കും നേതാവിനും കഴിയുമോ? വാസ്‌തവത്തില്‍ ഇത്തരം ആത്മവഞ്ചനയാണ്‌ അസഹനീയം. ആത്മവഞ്ചകരായ കുറേപ്പേരുടെ എതിര്‍പ്പ്‌ കേട്ട നിമിഷം നിശാക്ലബുകള്‍ എന്ന നിര്‍ദ്ദേശംതന്നെ എമെര്‍ജിംഗ്‌ കേരളയുടെ പരിപാടിയില്‍നിന്ന്‌ മുഖ്യമന്ത്രിയും മറ്റും നീക്കം ചെയ്‌തു. ഇതുതന്നെയാണ്‌ യുക്‌തിയില്ലാതെ എതിര്‍പ്പിന്റെ ഒരു നേരിയ കാറ്റു വീശുമ്പോള്‍ സ്വന്തം വീക്ഷണവും അഭിപ്രായവും മാറ്റുന്നവരാണ്‌ വര്‍ത്തമാനകാല നേതാക്കള്‍ എന്നു ഞാന്‍ പറയുന്നതിനു കാരണം.

ഇന്ത്യയിലെ ഏതു സംസ്‌ഥാനത്താണ്‌ നിശാക്ലബുകള്‍ ഇല്ലാത്തത്‌? അതുപോകട്ടെ ഇന്ത്യയിലെ ഏത്‌ പ്രധാന പട്ടണത്തിലാണ്‌ വേശ്യകള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന അംഗീകൃത ചുവന്ന തെരുവുകളില്ലാത്തത്‌? കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനുതാഴെ ഡല്‍ഹിയില്‍ മുതല്‍ ഇന്ന്‌ കേരളത്തില്‍ നിശാക്ലബുകളെപ്പോലും എതിര്‍ക്കുന്ന കമ്യൂണിസ്‌റ്റുകള്‍ മുപ്പതിലധികം കൊല്ലം ഭരിച്ച ബംഗാളിന്റെ തലസ്‌ഥാനമായ കൊല്‍ക്കത്തയില്‍ വരെ ആയിരക്കണക്കിന്‌ വേശ്യകള്‍ക്ക്‌ അനുമതി നല്‍കിയിരിക്കുന്ന ചുവന്ന തെരുവുകള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ട്‌.

ലോകത്തിലെ എല്ലാ നഗരങ്ങളിലും ചുവന്ന തെരുവുകളുണ്ട.്‌ കാരണം ലൈംഗികത എന്നത്‌ മനുഷ്യശരീരശാസ്‌ത്രത്തിന്റെ ഭാഗമായാണ്‌ സാമൂഹികശാസ്‌ത്രജ്‌ഞന്മാര്‍ കാണുന്നത്‌. അതുകൊണ്ടാണല്ലോ കത്തോലിക്കരുടെ സങ്കേതമായ റോമാ നഗരം മുതല്‍ കമ്യൂണിസ്‌റ്റുകളുടെ കോട്ടക്കൊത്തളമായ ബെയ്‌ജിംഗ്‌വരെ എല്ലാ നഗരങ്ങളിലും ചുവന്ന തെരുവുകളുള്ളതും അവര്‍ക്ക്‌ സംരക്ഷണവും സൗകര്യങ്ങളും ഭരണകൂടങ്ങള്‍ ചെയ്‌തുകൊടുക്കുന്നതും.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബോംബെ എന്ന മഹാനഗരത്തില്‍ വേശ്യകളുടെ ചുവന്ന തെരുവുകള്‍ നിലനിര്‍ത്തിയതും ഭരണകൂടം ആ തെരുവുകള്‍ക്ക്‌ സംരക്ഷണം നല്‍കിയതും രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ അനുമതിയോടെയാണെന്ന്‌ മനസിലാക്കാത്ത വിഡ്‌ഢികളോ അല്ലെങ്കില്‍ മനസിലായിട്ടില്ല എന്ന്‌ നടിക്കുന്നവരോ ആണിന്ന്‌ കേരളത്തില്‍ നേതാക്കളായി വന്നിരിക്കുന്നത്‌. ഇന്ന്‌ മുംബൈ നഗരത്തില്‍ രണ്ടു ലക്ഷത്തോളം വേശ്യകള്‍ ചുവന്ന തെരുവിലുണ്ടെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഇന്നത്തെ ഗള്‍ഫുപോലെയായിരുന്നു പഴയ ബോംബെ നഗരം. ആ നഗരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ജോലി തേടിയെത്തുന്നവര്‍ രണ്ടും മൂന്നും കൊല്ലം കഴിഞ്ഞാണ്‌ നാട്ടിലേക്കു മടങ്ങുക. അവരുടെ ലൈംഗിക തൃഷ്‌ണ ഒരു പ്രശ്‌നം തന്നെയാണ്‌. അതുകൊണ്ടാണ്‌ വീട്ടമ്മമാരുടെ ചാരിത്ര്യം സംരക്ഷിക്കുന്നത്‌ വേശ്യകളാണെന്ന സിദ്ധാന്തംതന്നെ സാമൂഹ്യപണ്ഡിതന്മാര്‍ തുറന്നു പറഞ്ഞത്‌. കാരണം ഇങ്ങനെയുള്ള ചുവന്ന തെരുവുകളില്ലെങ്കില്‍ മാന്യരായ കുടുംബിനികള്‍ മാനഭംഗം ചെയ്യപ്പെടുന്ന അനുഭവങ്ങള്‍ സമൂഹത്തിലുണ്ടാകുമെന്നാണ്‌ അവരുടെ പഠനങ്ങളില്‍നിന്ന്‌ ബോധ്യമായത്‌.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള അനുഭവങ്ങളില്‍നിന്ന്‌ തെളിയിക്കപ്പെട്ട ഈ പച്ചപ്പരമാര്‍ഥമാണ്‌ ഇതെന്നിരിക്കെയാണ്‌ അന്തര്‍ദേശീയ തുറമുഖം വികസിച്ചുനില്‍ക്കുന്ന കൊച്ചിപോലുള്ള മേഖലകളില്‍ നിശാക്ലബുകള്‍പോലും പാടില്ല എന്ന വാദവുമായി കപടസദാചാരികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇതിന്റെയെല്ലാം പൊള്ളത്തരം തുറന്നെഴുതാന്‍ ധൈര്യമില്ലാത്ത ആത്മവഞ്ചകരായി എഴുത്തുകാരും മാറിയിരിക്കുന്നു എന്നതല്ലേ സത്യം. നിശാക്ലബുകളുടെ കാര്യം പോകട്ടെ, ചുവന്ന തെരുവുകളില്ലാത്ത ഒരു തുറമുഖ നഗരം ലോകത്തിലെവിടെയെങ്കിലുമുണ്ടെന്നു പറയാന്‍ സദാചാരവേഷധാരികളില്‍ ആര്‍ക്കെങ്കിലും കഴിയുമോ?

കേരളത്തിലെ ഒരു ഉയര്‍ന്ന പോലീസ്‌ മേധാവിതന്നെ എന്നോടു പറഞ്ഞതു സംസ്‌ഥാനത്തു ഏറ്റവും വലിയ പ്രശ്‌നമായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നത്‌ പെണ്‍കുട്ടികളും സ്‌ത്രീകളും മാനഭംഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ്‌. സര്‍ക്കാരും പോലീസും അതു പരമാവധി മൂടിവയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അന്യസംസ്‌ഥാനങ്ങളില്‍നിന്നു വന്ന ലക്ഷക്കണക്കിനു യുവാക്കളാണിന്ന്‌ കേരളത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുന്നത്‌. അവര്‍ ഉയര്‍ത്തുന്ന സദാചാരലംഘനത്തിന്റെ പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ലെന്നാണ്‌ ആ പോലീസ്‌ മേധാവി പറഞ്ഞത്‌. ഇതിനെയെങ്ങനെയാണ്‌ ഭാവിയില്‍ കേരളം നേരിടാന്‍ പോകുന്നത്‌? ഇതില്‍നിന്ന്‌ ഒരു പരിധിവരെയെങ്കിലും മോചനം നേടാന്‍ നിശാക്ലബുകളില്‍നിന്നെങ്കിലും നമുക്കു ചെറിയ തുടക്കം കുറിക്കാമെന്ന്‌ ധൈര്യമായി പറയാന്‍ കഴിയുന്ന ഭരണാധികാരികള്‍ നമുക്കുണ്ടാവുമോ?

വാല്‍ക്കഷണം: കൊച്ചിയിലെ ട്രാന്‍സ്‌പോര്‍ട്ട്‌ സ്‌റ്റാന്റിലും റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുമുള്ള ലൈംഗികതൊഴിലാളികളുടെ ക്ഷേമത്തിനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ സിസ്‌റ്റര്‍ മേഴ്‌സി വടക്കുഞ്ചേരി, സിസ്‌റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ എന്നീ രണ്ടു കന്യാസ്‌ത്രീകളാണ്‌. ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളുകളില്‍ അധ്യാപികമാരായിരുന്ന അവര്‍ അതുപേക്ഷിച്ചാണ്‌ സാമൂഹ്യസേവനത്തിന്റെ ഈ പുതിയ വഴിയിലേക്കിറങ്ങിയത്‌. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ സേവനമനുഷ്‌ഠിക്കുന്ന നിരവധി കന്യാസ്‌ത്രീകളെ ഇന്നു കാണാം. പാപത്തെ വെറുക്കുന്ന ഈ കന്യാസ്‌ത്രീകള്‍ പാപികളെ വെറുക്കുന്നില്ല. കാനഡയില്‍ ദീര്‍ഘകാലം സേവനമനുഷ്‌ഠിക്കവെ ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞ എറണാകുളം അതിരൂപതയിലെ ബിഷപ്പ്‌ എടയന്ത്രത്തും ഈ കന്യാസ്‌ത്രീകള്‍ക്ക്‌ ഇതിനുള്ള അനുവാദവുംനല്‍കി. ലോകമാധ്യമങ്ങള്‍ കന്യാസ്‌ത്രീകളുടെ ഈ സേവനത്തെ വലിയ വാര്‍ത്തയാക്കിക്കഴിഞ്ഞു.

MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment