Monday 11 February 2013

[www.keralites.net] മീഡിയ വണ്‍ : തുടക്കം കസറി

 

മീഡിയ വണ്‍ : തുടക്കം കസറി.

Fun & Info @ Keralites.net

ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍ അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ്‌ അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്‌. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.

Fun & Info @ Keralites.net

ആ സമയത്ത് എല്ലാ ചാനലുകളും ഞാനോന്നോടിച്ചു നോക്കി. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ .. എല്ലായിടത്തും സ്ത്രീ പീഡനം തന്നെ വിഷയം. പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെയും ബി ജെ പിയിലെയും ചേരിപ്പോരും തമ്മില്‍ തല്ലും വറുത്തു പൊരിച്ചെടുക്കുകയാണ് എല്ലാവരും. പതിവ് വിഷയം, പതിവ് മസാലകള്‍, പതിവ് പ്രതികരണ വ്യവസായികള്‍.. ഒന്നിലും ഒരു മാറ്റവുമില്ല. പക്ഷെ മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.

ഗോപീകൃഷ്ണനും രാജീവ് ശങ്കറും ഒന്നിച്ചാണ് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചത്. ഇന്ത്യാവിഷനില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ പച്ച കണ്ടു ഇറങ്ങിപ്പോയ ശേഷം വഴിയാധാരമായ ഗോപീകൃഷ്ണനെ നികേഷിന്റെ കൂടെ റിപ്പോര്‍ട്ടറില്‍ ഒരു നോക്ക് കണ്ടിരുന്നു. പക്ഷെ മീഡിയ വണ്ണില്‍ തികച്ചും ഒരു സര്‍പ്രൈസ് അപ്പിയറന്‍സാണ് ഗോപീകൃഷ്ണന്‍ നടത്തിയത്. (മുരളിയുടെ കൂടെ ജനപ്രിയക്ക് വേണ്ടി ഇറങ്ങിപ്പോയി വഴിയാധാരമായ ഭഗത്ത് ചന്ദ്രശേഖരനെയും മീഡിയ വണ്ണിന് ഉപയോഗപ്പെടുത്താവുന്നതാണ്) അവതരണത്തിലെ ആ പഴയ ശക്തി ഗോപീകൃഷ്ണനില്‍ നിന്ന് ഒട്ടും ചോര്‍ന്നു പോയിട്ടില്ല. രാജീവ് ശങ്കറും തികഞ്ഞ തന്മയത്വത്തോടെയാണ് ചര്‍ച്ച മുന്നോട്ടു കൊണ്ട് പോയത്. അത് മാത്രമല്ല, പോലീസ് നിരീക്ഷണത്തിലുള്ള കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്‍ ഇഫ്തിഖര്‍ ഗീലാനിയെയും പാര്‍ലിമെന്റ് സ്ഫോടനക്കേസില്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് എ ആര്‍ ഗീലാനിയെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. റോണ വിത്സന്‍, എ കെ രാമകൃഷ്ണന്‍ തുടങ്ങി കേരള ടി വി പ്രേക്ഷകര്‍ക്ക്‌ അത്ര പരിചിതരല്ലാത്ത ചില പ്രഗത്ഭരെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ഹിന്ദു ദിനപത്രത്തില്‍ അരുന്ധതി റോയ് എഴുതിയ ലേഖനം (A perfect day for Democracy) ഒരു പ്രത്യേക സെഗ്മെന്റായി കാണിക്കുകയും ചെയ്തു. ഒരു പുതിയ ചാനലിനെ സംബന്ധിച്ചിടത്തോളം ഇത്രയും പ്രൊഫഷണലായ ഒരു രീതി അതിന്റെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനില്‍ തന്നെ ഉള്‍കൊള്ളിക്കാന്‍ സാധിച്ചത് തികച്ചും അഭിന്ദനാര്‍ഹമാണ്. തുടക്കം കസറിയെന്ന് പറയാതെ വയ്യ.

Fun & Info @ Keralites.net

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. വാര്‍ത്തകള്‍ക്കു ശേഷം വന്ന പരിപാടികള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയതായി തോന്നിയില്ല. ഡോ . യാസീന്‍ അഷ്‌റഫ്‌ അവതരിപ്പിച്ച മീഡിയ സ്കാന്‍ പണ്ടെന്നോ റെക്കോര്‍ഡ്‌ ചെയ്തു വെച്ചതാണെന്നു തോന്നി. ഏറെ പഴകിയ വാര്‍ത്ത‍കളെയാണ് അദ്ദേഹം സ്കാന്‍ ചെയ്തു കൊണ്ട് വന്നത്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്‍റെ പംക്തിയുടെ സുഖം ദൃശ്യമാധ്യമത്തില്‍ പ്രകടമായില്ല എന്ന് തന്നെ പറയാം.

നൈതികത നഷ്ടപ്പെട്ട നിലവിലെ ദൃശ്യമാധ്യമ സംസ്കാരത്തിനും വിവാദങ്ങള്‍ ഉണ്ടാക്കുകയും അവയ്ക്ക് പിറകെ ഓടുകയും ചെയ്യുന്ന വൃത്തികെട്ട സെന്‍സേഷണല്‍ രീതികള്‍ക്കും അല്പമെങ്കിലും അറുതി വരുത്തുവാന്‍ ഇത്തരം പുതിയ സംരംഭങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. റേറ്റിംഗ് ചാര്‍ട്ടില്‍ ഇടം പിടിക്കുവാന്‍ ഒരുതരം ഭ്രാന്തമായ ഓട്ടമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ജസ്റ്റിസ് ബസന്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവങ്ങള്‍ അയാളുടെ 'വിശ്വരൂപം' പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുവാന്‍ സഹായിച്ചു എന്നത് ശരി തന്നെ. എന്നാല്‍ അതോടൊപ്പം ഒരു വ്യക്തിയുടെ സ്വകാര്യസംഭാഷണത്തെ അയാളറിയാതെ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുക എന്ന ഒരു വലിയ പാതകം അവിടെ നടന്നിട്ടുണ്ട്. തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയോട് സംസാരിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ അത് പരസ്യമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടി വിയും ചെയ്തത് മറ്റൊന്നല്ല.

Fun & Info @ Keralites.net

മാധ്യമ രംഗത്ത് ഒരല്‍പമെങ്കിലും നേരും നെറിയും വേണ്ടതുണ്ട്. ദിവസവും വിവാദങ്ങള്‍ പുഴുങ്ങിയെടുത്തു വിളമ്പുന്നതിനു പകരം ഈ നാടിന്റെയും മണ്ണിന്റെയും ജീവത് പ്രശ്നങ്ങളെയും വികസന വിഷയങ്ങളെയും ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പെണ്ണ് കേസുകളും പീഡനങ്ങളും റിപ്പോര്‍ട്ടുകള്‍ ചെയ്യപ്പെടണം. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദിക്കുകയും വേണം. പക്ഷെ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഇതേ വാര്‍ത്തകള്‍ കൊണ്ട് ജീവിച്ചു പോകാം എന്ന് കരുതരുത്. ഒരു സമൂഹത്തെ മുഴുവന്‍ ഇത്തരം വാര്‍ത്തകളുടെ അഡിക്റ്റുകളായ ഞരമ്പ്‌ രോഗികളാക്കി മാറ്റുവാനും ശ്രമിക്കരുത്. വിവാദ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് വളര്‍ന്നു വരേണ്ടത്.

മാധ്യമ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു മീഡിയവണ്‍ ഒരു പ്രചോദനമാകുമോ എന്നെനിക്കറിയില്ല. ഭാവിയില്‍ അവരെന്തു സമീപനം സ്വീകരിക്കുമെന്നും ഉറപ്പു പറയാനാവില്ല. ക്രിയാത്മകകായ ഒരു മാധ്യമ സംസ്കാരത്തിന് വേണ്ടി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. പിടിച്ചു നില്‍ക്കാന്‍ വേണ്ടി സാമുദായികതയുടെയും വര്‍ഗീയതയുടെയും കാര്‍ഡുകള്‍ അവര്‍ പരീക്ഷിക്കില്ല എന്നും പ്രത്യാശിക്കുന്നു. മഅദനിയുടെ തുടക്കകാലത്ത് അദ്ദേഹത്തിന്‍റെ തീവ്രവാദ നീക്കങ്ങള്‍ക്ക്‌ ഏറെ പിന്തുണ നല്‍കിയ ഒരു ചരിത്രം മാധ്യമം പത്രത്തിനുണ്ട്. ആ ചരിത്രം മീഡിയ വണ്ണില്‍ അവര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. പരസ്യത്തിലെന്ന പോലെ പ്രവൃത്തിയിലും നേരും നന്മയും തന്നെയാവട്ടെ ഈ ചാനലിന്റെ മുഖമുദ്ര.

http://www.vallikkunnu.com/2013/02/blog-post_11.html

ABDULGAFOOR MK
TRITHALA(KUWAIT)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment