Monday 11 February 2013

[www.keralites.net] 'വിശ്വരൂപം' എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു ?

 

മുസ്‌ലിം 'തീവ്രവാദികളു'ടെ ഇടയില്‍ കടന്നുകൂടി അവരിലൊരാളായി പ്രവര്‍ത്തിച്ച് സ്ലീപ്പിങ് സെല്ലുകളെ വകവരുത്തി ക്ലൈമാക്‌സില്‍ അവരുടെ കമാന്‍ഡര്‍മാരെയും താവളവും തകര്‍ത്തു വിജയശ്രീലാളിതനായി സ്ലോമോഷനില്‍ നടന്നുവരുന്ന നായകന്‍ സിനിമയില്‍ ആദ്യമല്ല. അമല്‍നീരദിന്റെ അന്‍വറില്‍ ഇത്തരത്തിലുള്ള മാതൃകാനായകനെയാണു കണ്ടത്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനമായിരുന്നു പശ്ചാത്തലം. അഞ്ചു കോടി മുടക്കി മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രീകരിച്ച ചിത്രം ഏഴു കോടി നേടിയതായാണ് ബോക്‌സ് ഓഫിസ് കണക്ക്. ട്രയ്റ്റര്‍ എന്ന 2008ല്‍ പുറത്തിറങ്ങിയ ജെഫ്‌റി നെക്മനോഫിന്റെ അമേരിക്കന്‍ സ്‌പൈത്രില്ലറിന്റെ പകര്‍പ്പായ അന്‍വറിലെ പോലെ തീവ്രവാദികളുടെ മനസ്സില്‍ ഇടംനേടി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന നായകന്‍ തന്നെയാണു വിശ്വരൂപത്തിലും. സത്യം സങ്കീര്‍ണമാണെന്ന പരസ്യവാചകത്തോടെയിറങ്ങിയ ട്രയ്റ്ററിലെ നായകന്‍ സാമിര്‍ ഹോണ്‍ (ഡോണ്‍ കാഡില്‍) കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സുഡാനിയുടെ മകനായിരുന്നു. ആയുധ ഇടപാടിനിടെ പിടിക്കപ്പെട്ടു ജയിലിലായ അയാള്‍ ഇസ്‌ലാമിക് ബ്രദര്‍ഹുഡ് നേതാവായ ഒമറുമായി സൗഹൃദത്തിലാവുന്നു. അവസാനം കനേഡിയന്‍ പോലിസ് എഫ്. ബി. ഐയുമായി ചേര്‍ന്നുനടത്തുന്ന ഓപറേഷനില്‍ ഒമര്‍ കൊല്ലപ്പെടുകയാണ്.
പുതുമയുള്ള പ്രമേയമോ മേജര്‍രവി മോഡലിലെ ഹൈന്ദവപ്രീണനമോ ഒന്നുമല്ല കമല്‍ഹാസന്റെ വിശ്വരൂപം സിനിമയെ വിവാദമാക്കുന്നത്. അസ്ഥാനത്ത് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുപയോഗിക്കുന്നതും ഇസ്‌ലാമിനെ മോശമാക്കി ചിത്രീകരിക്കുന്നതും ഒഴിവാക്കിയിരുന്നെങ്കില്‍ സാങ്കേതികമേന്മയുടെ പേരില്‍ ഇതിനു മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവുമായിരുന്നു.
മുസ്‌ലിം സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത്തരം ഭാഗങ്ങളൊഴിവാക്കാമെന്നു കമല്‍ സമ്മതിച്ചത് കുറ്റസമ്മതംകൂടിയാണ്. സത്യത്തില്‍ അമേരിക്കയും ഇസ്‌ലാമുമാണ് ഇതിലെ നായകനും വില്ലനും. അല്‍ഖാഇദയുടെ അണുബോംബ് ആക്രമണത്തില്‍നിന്ന് അമേരിക്കന്‍സേനയെ രക്ഷിക്കാന്‍ ഇന്ത്യന്‍ റോ ഏജന്റ് ചെല്ലുന്നുവെന്നത് തമിഴന്റെ ദേശസ്‌നേഹത്തിന്റെ തീവ്രതയാണ്. എന്നാല്‍, കോളിവുഡിനു പുറത്തുള്ളവര്‍ക്കിത് ചിരിക്കാന്‍ വക നല്‍കും. യൂനിവേഴ്‌സല്‍ ആക്ടറായ കമല്‍ പക്കാ തമിഴനാവരുതായിരുന്നു.
തീവ്രവാദത്തിനെതിരായ ഒറ്റയാള്‍പോരാട്ടമാണു നായകന്റേത്. എഫ്. ബി.ഐക്കു പോലും സാധിക്കാത്ത വിധത്തില്‍ മുല്ലാ ഉമറിനെയും താലിബാനെയും തകര്‍ക്കുന്നുണ്ട് അയാള്‍. മലമടക്കുകളില്‍ ഒളിവില്‍ കഴിയുന്ന ഉസാമാ ബിന്‍ ലാദിനും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താലിബാന്‍ സൈന്യത്തിനുള്ളില്‍ കയറിപ്പറ്റി അവരെ തകര്‍ക്കുകയെന്ന ഐഡിയ ഒബാമയുടെ 'സേട്ട്ജി'മാരുടെ മണ്ടയില്‍പോലും ഉദിച്ചിട്ടുണ്ടാവില്ല. ഖുര്‍ആന്‍ വായിച്ചിട്ടുണ്ടോ എന്നു താലിബാന്‍ കമാന്‍ഡര്‍ ചോദിക്കുമ്പോള്‍ ശരിയായ മറുപടി നല്‍കാനാവാതിരുന്നിട്ടും അവസാനം വരെ ചാരനെ കണ്ടുപിടിക്കാന്‍ പാവം താലിബാനികള്‍ക്കാവുന്നില്ല. ഇത്ര മണ്ടന്മാരാണോ തീവ്രവാദികള്‍?

റബ്ബനാ ആതിനാ... ആക്ഷന്‍
വിശ്വനാഥന്‍ എന്ന ഒരു കഥക് ട്രെയിനറായാണു സിനിമയില്‍ ആദ്യം കമല്‍ഹാസനെ കാണുന്നത്. തീവ്രവാദസംഘടനയായ അല്‍ ഖാഇദ ന്യൂയോര്‍ക്കില്‍ അണുബോംബിടാന്‍ ശ്രമിക്കുന്നതറിഞ്ഞ് റോ ഏജന്റായ നായകന്‍ ന്യൂജഴ്‌സിയില്‍ ഡാന്‍സ് സ്‌കൂള്‍ ട്രയിനറായി പ്രത്യക്ഷപ്പെടുകയായിരുന്നു. അല്‍ഖാഇദ സംഘത്തില്‍ കയറി അഫ്ഗാനിലെ യു. എസ്. സേനയെ രക്ഷപ്പെടുത്തുകയാണു ലക്ഷ്യം.
ന്യൂയോര്‍ക്കിലെ മോഡലായ പൂജാ കുമാര്‍(ഡോ. നിരുപമ) ഒരു ഡോക്ടറോട് ക്ലാസിക്കല്‍ നര്‍ത്തകനായ തന്റെ ഭര്‍ത്താവ് വിശ്വനാഥി (കമല്‍ഹാസന്‍)ന്റെ സ്‌ത്രൈണസ്വഭാവം കാരണം തനിക്ക് അയാളോട് ഒരു വികാരവും ഇല്ലെന്നു പറയുന്നു. തന്റെ ബോസായ ദീപക്കിനോട് അടുക്കുന്ന അവള്‍ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഒരു കിഴവന്‍ ഡിറ്റക്ടീവിനെ നിയമിക്കുന്നു. വിശ്വനാഥിന്റെ ബന്ധങ്ങള്‍ അന്വേഷിക്കുന്ന കിഴവന്‍ അയാള്‍ നമസ്‌കരിക്കുന്നതും മറ്റും കാണുന്നു. അതിനിടെ തീവ്രവാദികളുടെ ക്യാംപിനടുത്തെത്തുന്ന കിഴവന്‍ കൊല്ലപ്പെടുന്നതോടെ നിരുപമയും ഭര്‍ത്താവും അല്‍ഖാഇദക്കാരുടെ പിടിയിലാവുന്നു. അവിടെ വച്ചു വിശ്വനാഥന്‍ തന്റെ തനിനിറം പുറത്തെടുക്കുന്നു. തന്ത്രപൂര്‍വം തീവ്രവാദികളെയെല്ലാം നിഷ്പ്രയാസം കൊന്നൊടുക്കി ഭാര്യയുമായി രക്ഷപ്പെടുന്നു. 'റബ്ബനാ ആതിനാ ഫിദ്ദുന്‍യാ...' എന്ന പ്രാര്‍ഥന എന്തിനാണ് ഈ ആക്ഷന്‍ സീനിന്റെ തുടക്കത്തില്‍ കൊടുത്തതെന്നു മനസ്സിലാവുന്നില്ല.
പിന്നെ ഉലകനായകനെ കാണുന്നത് അഫ്ഗാനിലെ അല്‍ഖാഇദ ക്യാംപിലാണ്. താലിബാന്‍ കമാന്‍ഡര്‍മാരും മുല്ലാ ഉമറും ഉസാമാ ബിന്‍ലാദിനുമൊക്കെ അവിടെയുണ്ട്. താലിബാന്‍കാര്‍ അപരിഷ്‌കൃതരാണെന്നു വരുത്താന്‍ ഡോക്ടറാവാന്‍ ആഗ്രഹിക്കുന്ന ബാലനെ തോക്കെടുക്കാന്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീകളോടു മോശമായാണ് അവര്‍ പെരുമാറുന്നതെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു.
അമേരിക്കന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ നിറയൊഴിക്കുമ്പോള്‍ തോക്കു മാത്രമേ അല്‍ഖാഇദക്കാരുടെ കൈയിലുള്ളൂ. നിരപരാധികളായ അഫ്ഗാനികള്‍ കൊല്ലപ്പെടുന്നതോ അമേരിക്കന്‍ യുദ്ധക്കൊതിയോ സംവിധായകന്റെ കണ്ണില്‍ പെടുന്നില്ല. വിമാനത്തിനു നേരെ നിറയൊഴിക്കുന്ന താലിബാന്‍ കമാന്‍ഡറെ കീഴ്‌പ്പെടുത്തി അവരെ രക്ഷപ്പെടുത്തുകയാണു നായകന്‍.
ഗായികകൂടിയായ ആന്‍ഡ്രിയ ജെറമിയ, ജയ്ദീപ് അഹ്‌ലവാദ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. യു. എസ്. എ, കാനഡ, മലേസ്യ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്യുന്നുണ്ട്. വിലക്ക് നീങ്ങിയതോടെ തമിഴ്‌നാട്ടിലും പ്രദര്‍ശനത്തിനെത്തി.
2011ല്‍ അഫ്ഗാനിസ്താന്റെ സെറ്റ് ചെന്നൈയില്‍ ഒരുക്കിയാണു സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. പ്രധാന ഔട്ട്‌ഡോര്‍ ഷോട്ടുകള്‍ ന്യൂയോര്‍ക്കിലാണു ചിത്രീക രിച്ചത്. ക്ലാസിക്കല്‍ ഡാന്‍സറായ യു.പി. സ്വദേശി ബ്രിജ്‌മോഹന്‍ മിശ്രയുടെ അടുത്തുനിന്നാണു ചിത്രത്തിലെ ആദ്യ ഭാഗത്തിനുവേണ്ട കഥക് കമല്‍ അഭ്യസിച്ചത്. ന്യൂക്ലിയര്‍ സയന്‍സും തീവ്രവാദവുമൊക്കെ ബന്ധപ്പെടുത്തുന്ന തിരക്കഥയിലെ സങ്കീര്‍ണതകള്‍ സിനിമ മുഴുവന്‍ കണ്ടുകഴിഞ്ഞാലും അഴിഞ്ഞുതീരില്ല.

തിയേറ്ററിലെ രാജ്യദ്രോഹികള്‍
ജനഗണമനയെന്ന ദേശീയഗാനം സിനിമയുടെ തുടക്കത്തില്‍ കാണിച്ചത് മുസ്‌ലിംവിരുദ്ധത ദേശീയതയുടെ ഭാഗമാണെന്ന് കരുതാനാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ദയവായി ദേശീയഗാനത്തിനായി എഴുന്നേറ്റുനില്‍ക്കണമെന്ന സംവിധായകന്റെ നിര്‍ദേശം ശിരസാവഹിച്ചു തിയേറ്ററില്‍ കുറച്ചുപേര്‍ എഴുന്നേറ്റുനിന്നപ്പോള്‍ ചിലര്‍ രണ്ടുകാലും മുന്നിലെ സീറ്റില്‍ കയറ്റിവച്ചിരുന്നു. ഇരുന്നവരെല്ലാം രാജ്യദ്രോഹികളും നിന്നവര്‍ ദേശസ്‌നേഹികളുമാവുന്നു. സ്വകാര്യവ്യക്തികള്‍ ദേശീയഗാനത്തെ ദുരുപയോഗം ചെയ്യുന്നതിനു പണംമുടക്കി തിയേറ്ററില്‍ ചെല്ലുന്നവനെ കുറ്റപ്പെടുത്താമോ? അവന് കൂവാനും വിസിലടിക്കാനും സ്വാതന്ത്ര്യമുണ്ട്. പ്രേക്ഷകരെ വിഭജിക്കുന്ന ഇത്തരം സിനിമകളല്ലേ വര്‍ഗീയതയുണ്ടാക്കുന്നത്?

മുസ്‌ലിം വിരുദ്ധത ആദ്യമല്ല

ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന് മതനിഷേധിയായി പ്രഖ്യാപിച്ച കമലിന്റെ ഉള്ളില്‍ എന്നും ഒരു സവര്‍ണഹൃദയമുണ്ടായിരുന്നു. ഹേ റാമിലും വിരുമാണ്ടിയിലും ഇതു ദൃശ്യമാണ്. അക്രമണോല്‍സുകമായ ദേശീയതയും കമല്‍ നിര്‍മിച്ച ഉന്നൈപോല്‍ ഒരുവന്‍ പോലുള്ള സിനിമകളില്‍ കാണാം. തീവ്രവാദത്തെ എരിച്ചുകളയാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണെന്നു പറയുന്ന ആ സിനിമയും തീവ്രവാദിയെന്നാല്‍ മുസ്‌ലിം ആണെന്നു പഠിപ്പിക്കുന്നതായിരുന്നു. നിരപരാധികളെ ബോംബിട്ടു കൊല്ലുന്ന മിലിറ്റന്റുകള്‍ മുസ്‌ലിം ആയേ തീരൂവെന്ന് കമല്‍ ശഠിക്കുന്നതെന്തുകൊണ്ടാണ്? നിരപരാധികളായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട മലേഗാവ്, മക്കാ മസ്ജിദ് പോലുള്ള നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വശക്തികളാണെന്നു തെളിഞ്ഞിട്ടും കമലിന് അവരെ ഭീകരരാക്കുന്നതിനോടു താല്‍പ്പര്യമില്ല. ഇങ്ങനൊരാള്‍ മതേതര ഇടം തേടുന്നതിലെ യുക്തി എന്താണ്? ഷൂട്ട് ഔട്ട് അറ്റ് വാദ്‌ല പോലെ മുംബൈയില്‍ കര്‍ക്കരെ കൊല്ലപ്പെട്ടതിന്റെ പിന്നിലാരെന്ന സത്യം സിനിമയാക്കാന്‍ കമല്‍ ധൈര്യം കാണിക്കുമോ. രാംഗോപാല്‍ വര്‍മയുടെ റിലീസിനൊരുങ്ങുന്ന ദ അറ്റാക്‌സ് ഓഫ് 26/11ല്‍ അജ്മല്‍ കസബും മുംബൈ ആക്രമണവും വിഷയമാവുന്നുണ്ടെങ്കിലും സത്യങ്ങളൊന്നും പുറത്തുവരില്ലെന്നുറപ്പാണ്.
താലിബാനെ എതിര്‍ക്കുന്നതില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പ്രയാസമുണ്ടാവേണ്ടതില്ലെന്ന വാദവും മറുപക്ഷത്തുണ്ട്. ഹോളിവുഡ് സ്‌പൈത്രില്ലറായ ട്രയ്റ്ററില്‍ നിരപരാധികളെ കൊല്ലരുതെന്നാണെന്നും ഒരു നിരപരാധിയെ കൊല്ലുന്നത് മനുഷ്യകുലത്തെ മുഴുവന്‍ അപായപ്പെടുത്തുന്നതിനു തുല്യമാണെന്നും ഒരു ജീവന്‍ രക്ഷപ്പെടുത്തുന്നത് സകല മനുഷ്യരെയും രക്ഷിക്കുന്നതിനു തുല്യമാണെന്നും നായകന്‍ പറയുന്നുണ്ട്. എന്നാല്‍, വിശ്വരൂപത്തില്‍ ഖുര്‍ആനിന്റെ ശരിയായ അധ്യാപനങ്ങള്‍ പറയുന്നില്ലെന്നു മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. നിരപരാധിയെ ക്രൂരമായി തൂക്കിക്കൊല്ലുമ്പോള്‍ ''അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു കാരണമാണെ''ന്ന സൂക്തം ഉരുവിട്ട് പോരാളികള്‍ നിറയൊഴിക്കുകയാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment