Monday 18 February 2013

[www.keralites.net] ബജറ്റുകളുടെ തമ്പുരാന് ഇന്ന് രാഷ്ട്രത്തിന്റെ ആദരം

 

ബജറ്റുകളുടെ തമ്പുരാന് ഇന്ന് രാഷ്ട്രത്തിന്റെ ആദരം

ബജറ്റുകളുടെ തമ്പുരാന് ഇന്ന്  രാഷ്ട്രത്തിന്റെ ആദരം

അക്കങ്ങള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്തൊരാളെ ഇന്ന് രാഷ്ട്രം ആദരിക്കുകയാണ്.കൊച്ചി ശാസ്ത്ര -സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്ന സെന്‍റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന് കെ എം മാണി എന്ന പേര് നല്‍കുമ്പോള്‍ സര്‍ക്കാര്‍ ബജറ്റുകള്‍ക്ക് ദിശാ ബോധം നല്‍കിയ മാര്‍ഗ്ഗദര്‍ശിക്കുള്ള നാടിന്റെ പ്രണാമമായി അത് മാറും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച കെ എം മാണി എന്ന ധനമന്ത്രി 10-ല്‍ 8 ബജറ്റുകളും അവതരിപ്പിച്ച സെക്രട്ടറിയേറ്റിലെ പഴയ അസംബ്ലി ഹാളിലാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കെ എം മാണി സെന്‍റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്.ബജറ്റുകളെപ്പറ്റി പഠിക്കാന്‍ രാജ്യത്ത് നിലവിലുള്ള നാലാമത്തെ കേന്ദ്രമാണ് കുസാറ്റില്‍ നാളെ ആരംഭിക്കുന്നത്.

ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി , ന്യൂഡല്‍ഹിയിലെ തന്നെ സെന്‍റര്‍ ഫോര്‍ ബജറ്റ് ആന്‍ഡ് ഗാവേണന്‍സ് അക്കൌണ്ടിബിലിട്ടി, ബാംഗ്ലൂരിലെ സെന്‍റര്‍ ഫോര്‍ ബജറ്റ് ആന്‍ഡ്‌ പോളിറ്റി സ്റ്റഡീസ് എന്നിവയാണ് ദേശീയ തലത്തില്‍ നിലവിലുള്ള മറ്റ് സ്ഥാപനങ്ങള്‍ .എന്നാല്‍ ഇവിടങ്ങളിലെ പോരായ്മകള്‍ കൂടി നികത്തി രാജ്യത്തെ ബജറ്റുകളുടെ സമ്പൂര്‍ണ്ണ വിശകലന കേന്ദ്രമായി കുസാറ്റിലെ കെ എം മാണി ബജറ്റ് സ്റ്റഡീസ് മാറും.

ബജറ്റ് രേഖകളുടെ ആര്‍ക്കവൈഡ് സ്ഥാപിക്കുക, ഗവേഷണം നടത്തുക, സംസ്ഥാനത്തിന്റെ പൊതുകടത്തെക്കുറിച്ച് പഠിക്കുക, ബജറ്റ് ഒബ്സര്‍വേറ്ററി വെബ്സൈറ്റ് നിര്‍മ്മിക്കുക, ബജറ്റുകളെക്കുറിച്ച് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍ . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ രാജ്യത്ത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന 2.4 ലക്ഷം തദ്ദേശ ഭരണസ്ഥാപനങ്ങളുണ്ട്.

അവര്‍ക്കൊക്കെ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന സ്ഥാപനമായി ഈ പഠനകേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം.അത്തരം ബജറ്റുകളുടെ രൂപീകരണവും പരിഷ്കരണവും ഒക്കെ ഇനി ഈ പഠന കേന്ദ്രം വഴി നിര്‍വഹിക്കാനാകും.

നാലാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ: എം എ ഉമ്മനാണ് ഈ പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ .ഇത്തരം ഒരുദ്യമത്തെ കുറിച്ച് സര്‍വ്വകലാശാല ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പഠന കേന്ദ്രത്തിന് ഒരു റോള്‍ മോഡല്‍ ഉണ്ടാകണമെന്നും കേന്ദ്രത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ പദവി മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിപദം വരെ എത്തി നില്‍ക്കുന്ന ഡോ: മന്‍മോഹന്‍ സിംഗ് മുതലുള്ളവരുടെ പേരുകള്‍ അക്കൂട്ടത്തില്‍ പരിഗണിച്ചു. മുന്‍ ധനമന്ത്രിയും രാഷ്ട്രപതിയുമായ പ്രണാബ് മുഖര്‍ജി, ധനമന്ത്രി പി ചിദംബരം എന്നീ പേരുകളും പരിഗണനയ്ക്ക് വന്നു.

ഒടുവില്‍ ബജറ്റുകളെക്കുറിച്ച് പറയുമ്പോള്‍ ഈ പ്രതിഭാധനര്‍ പോലും ഏക സ്വരത്തില്‍ പറയുന്ന പേര് എന്ന നിലയിലാണ് ബജറ്റുകളുടെ സര്‍വ്വകലാശാല എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മാണി എന്ന നാമകരണത്തിലേക്ക് കുസാറ്റ് എത്തിച്ചേര്‍ന്നത്. മാണിയുടെ ബജറ്റ് വൈഭവത്തെ പ്രണാബ് മുഖര്‍ജിയും മന്‍മോഹന്‍ സിങ്ങും പോലും വിശേഷിപ്പിക്കുന്നത് -അത്യുഗ്രന്‍ - എന്നാണ്.

അതിശയിപ്പിക്കുന്ന ചിന്താഗതികളാണ് മാണി ബജറ്റുകളുടെ സവിശേഷത എന്നാണ് പി ചിദംബരം വിശേഷിപ്പിച്ചത്.അതിനാല്‍ തന്നെ രാജ്യത്തെ ഏറ്റവും മികച്ച ബജറ്റ് പഠന കേന്ദ്രമായി മാറുന്ന സ്ഥാപനത്തിന് ബജറ്റുകളുടെ വഴികാട്ടിയായ കെ എം മാണിയുടെ പേരായിരിക്കാം ഏറ്റവും അനുയോജ്യം എന്ന് സര്‍വ്വകലാശാല വിലയിരുത്തുകയായിരുന്നു.

അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരിക്കുമ്പോഴാണ് കെ എം മാണി ആദ്യമായി 1976- ല്‍ ബജറ്റ് അവതരിപ്പിക്കുന്നത്.വിസ്മയകരം എന്നായിരുന്നു അന്ന് പ്രമുഖര്‍ അതിനെ വിശേഷിപ്പിച്ചത്. കാരണം അതുവരെ സര്‍ക്കാരിന്റെ വരവ്- ചെലവ് കണക്കുകള്‍ അവതരിപ്പിക്കുന്ന പതിവില്‍ നിന്നും ബജറ്റിനെ യഥാര്‍ത്ഥത്തിലുള്ള വികസന രേഖയായി മാറ്റിയത് ഈ ബജറ്റായിരുന്നു.

പിന്നീടങ്ങോട്ട് കഴിഞ്ഞ വര്‍ഷം വരെ 10 ബജറ്റുകള്‍ .അവയില്‍ പലതും ചരിത്രമായി മാറി.ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകമായി അതിലെ പല നിര്‍ദ്ദേശങ്ങളും സ്വീകരിക്കപ്പെട്ടു.

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മാണി ബജറ്റുകളുടെ കോപ്പികള്‍ വരുത്തി കാര്യങ്ങള്‍ വിലയിരുത്തി.രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അവ അടിമുടി വിശകലനം ചെയ്തു.

കര്‍ഷക തൊഴിലാളികളുടെ പേര് പറഞ്ഞു വളര്‍ന്ന പാര്‍ട്ടികള്‍ പലതവണ കേരളം ഭരിച്ചിട്ടും ആലോചനയില്‍ പോലും കൊണ്ടുവരാതിരുന്ന കാര്യമാണ് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ . 1980 ലെ ബജറ്റുകളിലൂടെ രാജ്യത്താദ്യമായി കര്‍ഷക തൊഴിലാളിക്ക് പെന്‍ഷന്‍ അനുവദിച്ചത് കെ എം മാണിയാണ്.

പിന്നീട് മൂന്ന്‍ പതിറ്റാണ്ടുകള്‍ പലരും മാറി മാറി ഭരിച്ചിട്ടും അധ്വാന ജന വിഭാഗമായ കര്‍ഷകന് പെന്‍ഷന്‍ അനുവദിക്കാനും അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ കെ എം മാണി തന്നെ വേണ്ടി വന്നു.അങ്ങനെ രാജ്യത്താദ്യമായി കര്‍ഷകന് പെന്‍ഷന്‍ അനുവദിക്കുന്ന ബജറ്റ് അവതരിപ്പിച്ചത് കഴിഞ്ഞ കെ എം മാണി ബജറ്റിലൂടെയാണ്.

അതേപോലെ രാജ്യത്താദ്യമായി വക്കീലന്മാര്‍ക്കും വക്കീല്‍ ഗുമസ്തന്‍മാര്‍ക്കും ക്ഷേമനിധി നടപ്പിലാക്കിയതും മാണി തന്നെ.വക്കീലന്മാരെ പരിഗണിക്കുമ്പോള്‍ തൊഴില്‍ രംഗത്ത് രാപകല്‍ അവര്‍ക്കായി വിയര്‍പ്പൊഴുക്കുന്ന അനംഗീകൃത തൊഴിലാളികളായ വക്കീല്‍ ഗുമസ്തന്റെ കാര്യം കൂടി പരിഗണനയില്‍ എടുക്കാന്‍ മറ്റേത് ഭരണാധികാരി തയ്യാറാകും.

അതേപോലെ ആയിരുന്നു മലയോര കര്‍ഷകരുടെ പട്ടയത്തിന്റെ കാര്യവും.മലയോരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്നത് കൈവശാവകാശ രേഖയായിരുന്നു.അതായത് ഉടമസ്ഥാവകാശമില്ല.അത് അനീതിയാണെന്നും ഭൂമിയില്‍ അധ്വാനിച്ച് വിയര്‍പ്പൊഴുക്കി പൊന്നു വിളയിക്കുന്ന അദ്ധ്വാനിക്കുന്നവന്‍ ആ ഭൂമിയുടെ ഉടമ കൂടിയായി മാറണം എന്നും പറഞ്ഞത് കെ എം മാണിയാണ്.

അങ്ങനെ 82- ലെ ബജറ്റിലൂടെ അധ്വാന കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥരാക്കുന്ന പട്ടയ വിതരണത്തിന് മാണി തുടക്കം കുറിച്ചു.യുവാക്കള്‍ക്ക് വേണ്ടിയുള്ള മാണി ബജറ്റുകളുടെ പ്രധാന സംഭാവനകളില്‍ ഒന്ന് സ്വയം തൊഴില്‍ നേടുന്നവര്‍ക്ക് വായ്പയും ഗ്രാന്റും അനുവദിച്ചുകൊണ്ടുള്ള 82-ലെ പ്രഖ്യാപനമാണ്.

ആ പ്രഖ്യാപനത്തിന്റെ മറവില്‍ വായ്പ നേടി തൊഴില്‍ സംരംഭകരായി മാറിയ ആയിരക്കണക്കിന് ആളുകള്‍ പിന്നീട് വമ്പന്‍ സ്ഥാപനങ്ങളുടെ ഉടമകളായി മാറി.അവരിലൂടെ ലക്ഷക്കണക്കിന്‌ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

മഹാത്മാഗാന്ധി സര്‍വ്വകലാശാല, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്,വിദ്യാര്‍ഥികള്‍ക്ക് സഞ്ചയിക പദ്ധതി,ന്യായവില ഷോപ്പുകള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ബജറ്റുകളിലൂടെ മാണിമാജിക് കേരളം കണ്ടു.നിര്‍ധനര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് ,വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നല്‍കുന്ന സ്കില്‍ അക്വിസേഷന്‍ എന്‍ഹാന്‍സ്മെന്‍റ് പദ്ധതി ഇങ്ങനെ കഴിഞ്ഞ ബജറ്റുകളിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ അനവധിയായിരുന്നു.

മാണി ബജറ്റുകളിലെ ഓരോ വരികളിലും ഓരോ പ്രത്യേകതകള്‍ ഉണ്ടാകും.അത് തന്നെയാണ് ബജറ്റുകളുടെ സര്‍വ്വകലാശാല എന്ന വിശേഷണം കെ എം മാണിക്ക് ലഭിക്കാന്‍ കാരണം.മാണിയുടെ ഓരോ ബജറ്റുകളും വരുന്നത് ആകാംഷയോടെയാണ് സാമ്പത്തിക ലോകം കാത്തിരിക്കുന്നത്.സാമ്പത്തിക വിദഗ്ധര്‍ അതിനെ അതീവ ജാഗ്രതയോടെയാണ് വിലയിരുത്തുന്നത്.

വായനയ്ക്കിടയില്‍ തള്ളിവിടാന്‍ കാര്യമാത്രപ്രസക്തമല്ലാത്ത ഭാഗങ്ങള്‍ മാണി ബജറ്റുകളില്‍ ഉണ്ടാകില്ല.ആലങ്കാരിക പ്രയോഗങ്ങള്‍ക്കിടയില്‍ പോലും ഗൗരവതരമായ ആശയങ്ങള്‍ മാണി പങ്കുവയ്ക്കും.അതിനാല്‍ തന്നെ മറ്റ് സര്‍ക്കാര്‍ ബജറ്റുകളില്‍ നിന്നും വ്യത്യസ്തമായി മാണി ബജറ്റ്,- ബജറ്റുകളുടെ ഒരു സുവിശേഷം- തന്നെയായി മാറുകയാണ്.അത്തരം സവിശേഷതകളുടെ ഉടമ എന്ന നിലയിലാണ് കുസാറ്റില്‍ സ്ഥാപിക്കുന്ന ബജറ്റ് പഠന കേന്ദ്രം ആ പേരില്‍ തന്നെ സ്ഥാപിതമാകുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment