ഏഴു കടലുകളിലായി നിറഞ്ഞ് പരന്നുകിടക്കുന്ന വെള്ളം മനുഷ്യരാശി കാലാകാലമായി ഒഴുക്കിയ കണ്ണീരിനോളം വരില്ലെന്ന് പറഞ്ഞത് ശ്രീബുദ്ധനാണ്. അത് പെണ്ണുങ്ങളുടെ കണ്ണീരിനോളം എന്ന് തിരുത്തിപ്പറഞ്ഞാലും അസത്യമാവുകയില്ല. കണ്ണീരിന്റെ വ്യാപ്തിയല്ല, അതിന്റെ പിറകിലുള്ള ആധിയുടെ ആധിക്യവും കാഠിന്യവുമാണ് കാരുണ്യത്തിന്റെ ലാവണ്യമായിരിക്കുന്ന ബുദ്ധന്‍ ഉദ്ദേശിച്ചത് എന്നത് സുവ്യക്തമാണ്.
മനുഷ്യന്‍ ഒരുപാട് വളര്‍ന്നിരിക്കുന്നുവെന്നും അവന്റെ സംസ്‌കാരം ഏറേ പ്രബുദ്ധവും പുരോഗമനാത്മകവുമായിരിക്കുന്നു എന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍, ചില കാര്യങ്ങളില്‍ അവന്റെ മൃഗീയതയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് അനുഭവങ്ങള്‍ ലോകചരിത്രത്തോട് പറയുന്നു. 'മൃഗീയത' എന്ന് പറയുന്നതും അത്രയ്ക്ക് ശരിയല്ല. 'പൈശാചികത' എന്ന പദമാണ് അവന്റെ ദുഷ്ടപ്രകൃതിക്ക് കൂടുതല്‍ ചേരുന്നത്. മാനവന്റെ മൗലികഭാവങ്ങള്‍ എപ്പോഴും എവിടെയും ഒന്നുതന്നെ. അതിനെ സംസ്‌കരിക്കാനും വിമലീകരിക്കാനുമുള്ള മാര്‍ഗങ്ങളും എന്നും ഒന്നുതന്നെ. രോഗവും മരുന്നും എക്കാലത്തും ഒന്നായിരിക്കുന്നു.
ആധുനികസംസ്‌കാരത്തിന്റെയും പച്ചപ്പരിഷ്‌കാരത്തിന്റെയും ഉപകരണങ്ങള്‍ പലതും രോഗം ഭേദമാകാനല്ല, അത് മൂര്‍ച്ഛിക്കാനാണ് ഇടവരുത്തുന്നത് എന്ന യാഥാര്‍ഥ്യവും പലപ്പോഴും അതര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കപ്പെടാതെ പോകുന്നു.
നമ്മുടെ കേരളത്തില്‍ അടുത്തകാലത്ത് രണ്ടു കൊച്ചുപെണ്‍കുട്ടികള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവങ്ങളുണ്ടായി. രണ്ടിലും 'പെണ്‍'കുട്ടികളാണ് എന്ന കാരണത്താലാണ് കൊല നടന്നത്. പോരാത്തതിന് മാനഭംഗശ്രമവുമുണ്ടായി. ഇരുസംഭവങ്ങളിലെയും പ്രതികള്‍, തങ്ങള്‍ കണ്ട സി. ഡി.യിലെ കാഴ്ചകളാണ് ഈ മഹാക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് പറഞ്ഞതായി വാര്‍ത്തകളില്‍ വന്നിരുന്നു. ഡല്‍ഹിയില്‍ വാഹനത്തില്‍ ബലാത്കാരം ചെയ്യപ്പെട്ട് മരണത്തിന്റെ കയത്തിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിക്കെതിരായ അക്രമത്തിലും അതുണര്‍ത്തുന്ന സാമൂഹികപ്രശ്‌നങ്ങളിലും പ്രതിഷേധിച്ചും അതിന് പരിഹാരം ആവശ്യപ്പെട്ടും നടന്ന വ്യാപകമായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഹിന്ദിചലച്ചിത്രമേഖലയിലെ അഭിനേതാക്കളും മറ്റ് കലാകാരന്മാരും സന്നദ്ധരായി വന്നത് നല്ലകാര്യം തന്നെ. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍, അല്ല ജനത ഒന്നായിത്തന്നെ ഉണരേണ്ട സന്ദര്‍ഭങ്ങളില്‍പ്പെട്ടതാണിത്. എന്നാല്‍, അതോടൊപ്പം നമ്മുടെ ചലച്ചിത്രങ്ങളിലും മറ്റ് ദൃശ്യമാധ്യമങ്ങളിലും സ്ത്രീയെ അവഹേളിക്കാനും നശിപ്പിക്കാനും നടത്തിവരുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതും അനിവാര്യതയായിരിക്കുന്നു. പ്രതിഷേധത്തോടൊപ്പം അങ്ങനെയുള്ള തീരുമാനങ്ങളും ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോഴത്തെ അവബോധത്തിനും ജാഗ്രതയ്ക്കും ഗുണം ചെയ്യുമായിരുന്നു. കാഴ്ചകളിലെ ദുശ്ശാസനാവതാരങ്ങള്‍ ചിലപ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയും പരിശീലനവും നല്‍കുന്നതായിപ്പോകുന്നുണ്ട് എന്ന സത്യവും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
സമകാലിക മനുഷ്യന് വേണ്ടുവോളം വിദ്യാഭ്യാസമുണ്ട്. പക്ഷേ, അറിവും വിവരവും ആവശ്യത്തിനുണ്ട് എന്നുപറയാന്‍ ഒക്കില്ല. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വളര്‍ച്ച അവന്റെ ജീവിതം മാറ്റിമറിച്ചുവെന്നതും ശരിതന്നെ. പക്ഷേ, ജീവിതത്തിന്റെ സുഖവും സൗകര്യങ്ങളും ഭൗതികമാത്രപ്രധാനമായ പരിസരമാണ് അവന് പ്രദാനം ചെയ്തത്. എന്നെന്നും മനുഷ്യന്റെ ഉള്ളിലും അവന്‍ പാര്‍ക്കുന്ന ലോകത്തും പ്രകാശം പരത്താന്‍ സഹായിച്ച ധാര്‍മികമായ ഉള്‍ക്കാഴ്ച, നൈതികമായ അഭിവീക്ഷണം, സര്‍വോപരി ആത്മീയമായ ആന്തരികം എന്നിത്യാദി ഏറേ അമൂല്യവും അനിവാര്യവുമായ നന്മകള്‍ അവന് നഷ്ടമാവുകയും ചെയ്തു.
മതകീയമായ അര്‍ഥത്തിലല്ല ഇവിടെ ആത്മീയതയെ വ്യവഹരിക്കുന്നത്. മനുഷ്യന്റെയും ജീവിതത്തിന്റെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും യാഥാര്‍ഥ്യവും ഉള്ളടക്കവും തനിമയും മഹിമയും തിരിച്ചറിയാന്‍ സഹായകമായ കാഴ്ചയാണ് ഉദ്ദേശ്യം. ശരിയായ കാഴ്ച, സമഗ്രവും സമ്പൂര്‍ണവുമായ കാഴ്ച. അതായത്, ശാശ്വതവും ആന്തരികവുമായ ഒരു ദര്‍ശനം. അത് എപ്പോഴും അഭൗതികമായിരിക്കും. അതുകൊണ്ടാണ് അത് ആത്മീയമായിത്തീരുന്നത്. അല്ലാതെ മതപരമായ ആധ്യാത്മികതയെ പ്രാപിക്കുന്നതുകൊണ്ടല്ല.
അത്തരമൊരു കാഴ്ചയില്‍ മാത്രമേ മനുഷ്യന് സ്വന്തം സഹോദരങ്ങളെയും അവര്‍ക്കിടയിലെ സ്ത്രീയെയും പുരുഷനെയും നേരായും ശരിയായും കാണാനും മനസ്സിലാക്കാനും കഴിയുകയുള്ളൂ. ആത്മാവ് ഇല്ലാതെയായാല്‍ പിന്നെ ബാക്കിയാകുന്നത് കേവലം ജഡമാണ്. ആത്മീയതയുടെ ആര്‍ദ്രതയില്ലാത്ത കാഴ്ചപ്പാടുകള്‍ അതുകൊണ്ടുതന്നെ ജഡികവുമാണ്. ജഡികവും ഭൗതികപ്രധാനവുമായ സംസ്‌കാരത്തിന്റെ ഭോഗപരതയ്ക്കും അറ്റമില്ലാത്ത ആര്‍ത്തിക്കും ദയാശൂന്യവും ക്രൂരവുമായ കാഠിന്യപ്രയോഗങ്ങള്‍ക്കുമാണ് ഇന്ന് സ്ത്രീ ഇരയായിരിക്കുന്നത്. സ്‌നേഹമാണ് ആത്മീയത. കാമം ഭൗതികതയാണ്. സ്‌നേഹനിരാസത്തിന്റെ പാരുഷ്യങ്ങളാണ് ഇന്ന് സ്ത്രീയെ കടന്നാക്രമിക്കുന്നത്.
ജീവിതത്തിന്റെ അഭൗതികഭാവമാണ് അതിനെ ആര്‍ദ്രവും അഗാധവും അനശ്വരവും സുന്ദരവും ദീപ്തവുമാക്കുന്നത്. അത് മനുഷ്യന്റെ അകത്ത് പ്രകാശപ്രകര്‍ഷമായിരിക്കുന്നു. പുരുഷനിലും സ്ത്രീയിലും അത് ആന്തരികജീവിതത്തിന്റെ യാഥാര്‍ഥ്യവും ആനന്ദവും സൃഷ്ടിക്കുന്നു. സ്ത്രീയിലാണ് പുരുഷനിലേക്കാള്‍ ആത്മീയത തീക്ഷ്ണവും പ്രകടവുമാകുന്നത്. സ്ത്രീ അടിമുടി ആത്മീയതയെ ആവാഹിച്ച് നില്‍ക്കുന്നു. അതിന് കാരണം അവളുടെ സ്‌നേഹമാണ്. മാതൃത്വത്തിന്റെ മഹത്വത്തിലൂടെ സ്‌നേഹത്തിന്റെ അത്യത്ഭുതകരവും അപ്രമേയവുമായ ആവിഷ്‌കാരമാണ് സംഭവിക്കുന്നത്. നിത്യസ്‌നേഹത്തിന്റെ തികവും മികവും ദൈവത്തിന്റെ ഒരു സൃഷ്ടിയിലും ഒരു സന്ദര്‍ഭത്തിലും ഇത്ര ശക്തമായും നിഷ്‌കളങ്കമായും പ്രയോഗിക്കപ്പെട്ടിട്ടില്ല. സ്ത്രീ പെങ്ങളോ ഭാര്യയോ കാമുകിയോ കൂട്ടുകാരിയോ സഖിയോ തോഴിയോ ഒക്കെ ആകാം. പക്ഷേ, യഥാര്‍ഥത്തില്‍ അവള്‍ അമ്മയാണ്. അപ്പോള്‍ 'അവള്‍' എന്ന പദംപോലും ആ മാഹാത്മ്യത്തിന് മുമ്പില്‍ അപമര്യാദയായിത്തീരുന്നു. പകരം നാം അറിയാതെ 'അവര്‍' എന്ന് പറഞ്ഞുപോകുന്നു.
ഗര്‍ഭാശയം വയറ്റില്‍ വഹിക്കുന്ന ഏതു വ്യക്തിയും മാതാവായിരിക്കുന്നു. മാതൃത്വമാണ് മാനവരാശിയുടെ ആദിമബിന്ദു. ആദാമിനെക്കാള്‍ അവന്റെ ദേഹത്തിലെ വാരിയെല്ലിന് മഹത്വം നല്‍കിയ മഹാത്ഭുതമാണ് നാരി. അവള്‍ പ്രപഞ്ചഛായാചിത്രത്തിലെ വര്‍ണമാണെന്ന് പറഞ്ഞ ദാര്‍ശനിക മഹാകവി അല്ലാമാ ഇഖ്ബാലിന് തെറ്റിയിട്ടില്ല.പക്ഷേ, ഇന്ന് അവള്‍ പരസ്യപ്പലകയിലെ നിറക്കൂട്ടായിരിക്കുന്നു. വിഷം വിറ്റഴിക്കാനും തൊലിവെളുപ്പുള്ള ഒരു ദേഹം മതി. അവളുടെ ആത്മീയസ്വത്വം ഭോഗപരതയുടെ അള്‍ത്താരയില്‍ ബലികഴിക്കപ്പെട്ടു. യാന്ത്രികസംസ്‌കൃതി സ്ത്രീയുടെ മാത്രമല്ല, മാതാപിതാക്കളുടെയും മക്കളുടെയും കുടുംബത്തിന്റെയും അയല്‍ക്കാരന്റെയുമെല്ലാം ആത്മീയമായ അര്‍ഥതലങ്ങളെ തകര്‍ക്കാനുള്ള പുറപ്പാടിലാണ്. ദേഹപൂജയുടെ ലോകം സര്‍വത്ര കൃത്രിമമാണ്. അവിടെ ദേഹിയുടെ ദാഹവും അതിന്റെ ആര്‍ത്തനാദവും ആര് ശ്രദ്ധിക്കാന്‍ !
സിംഗപ്പൂരിലെ മരണശയ്യയില്‍ അമ്മയോടും ആങ്ങളയോടുമായി ഒരു സ്ത്രീജന്മം മന്ത്രിച്ച ''എനിക്ക് ജീവിക്കണം'' എന്ന വാക്കുകള്‍ നമ്മുടെ സമൂഹത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ്. ആ വാക്കുകളില്‍ സ്‌നേഹനിധിയായ ഒരു പൊന്നുമോളുടെ സ്വന്തം മാതാവിന്റെ ഉദരത്തില്‍ പിറക്കുക വഴി സഹോദരിയായിത്തീര്‍ന്ന ഒരു പെങ്ങളുടെ സര്‍വോപരി വാത്സല്യസാകല്യവും കാരുണ്യസിന്ധുവുമായിരിക്കുന്ന സ്വന്തം അമ്മയുടെ സ്വരം കേള്‍ക്കാന്‍ ലോകമെങ്ങുമുള്ള പുരുഷന്മാരുടെ സമൂഹത്തിന് സാധിക്കുന്നുണ്ടോ?
അവളുടെ ദീനനാദം കേള്‍ക്കാന്‍ കാതുണ്ടായതാണ് ഡല്‍ഹിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പ്രബുദ്ധതയ്ക്ക് ഹേതുവായത്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്ത്രീത്വ സുരക്ഷയുടെയും പ്രാണനോടുള്ള ആദരത്തിന്റെയുമെല്ലാം മഹനീയ സന്ദേശം വിളംബരം ചെയ്യുന്ന പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. പിന്നീടത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ നേതാവിന്റെയോ കാര്‍മികത്വമോ നേതൃത്വമോ ഇല്ലാതെ നടന്ന ഈ വിശുദ്ധസമരം ഏറ്റവും വലിയ രാഷ്ട്രീയമാണ് പഠിപ്പിക്കുന്നത്. ജനങ്ങളുടെ ജാഗ്രതയാണ് ജനാധിപത്യരാഷ്ട്രീയത്തിന്റെ മൂലധനം. ലോകത്താകെ ഇത്തരത്തിലുള്ള ജനജാഗ്രതാ രാഷ്ട്രീയം ഉയര്‍ന്നുവരുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിലേക്ക് വഴുതിപ്പോകാതെ അതിനെ നേരായ ദിശാബോധത്തില്‍ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വവും ജനങ്ങള്‍ത്തന്നെ നിറവേറ്റേണ്ടതുണ്ട്. മറിച്ചൊരു പ്രതീതി ഉളവാക്കുംവിധം ഡല്‍ഹിയിലുണ്ടായ ചെറുതെങ്കിലുമായ കാര്യങ്ങള്‍ ഒഴിവാക്കേണ്ടത് തന്നെയാണ്.
കേരളത്തില്‍ മനുഷ്യത്വമുള്ളവരെ നടുക്കുംവിധത്തിലുള്ള സ്ത്രീനിന്ദയുടെ സംഭവങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചുവരികയാണെന്നത് ആശങ്കാജനകമാണ്. സൗമ്യയുടെ കൊലപാതകം ഒരു ഉദാഹരണം മാത്രം. എന്നാല്‍, ഡല്‍ഹിയില്‍ നടന്നതുപോലുള്ള പ്രതികരണം പ്രബുദ്ധതയുടെ കുത്തക അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍നിന്ന് പ്രകടമാകുന്നില്ല എന്നത് ശുഭകരമല്ല. കേരളത്തിലെ പല സമരപരിപാടികളും വിനാശത്തില്‍നിന്ന് ഉദിക്കുന്നതും അതിലേക്കുതന്നെ നയിക്കുന്നതുമാണ്.ലൈംഗിക അരാജകത്വമുണ്ടെന്ന് നാം ആക്ഷേപിക്കാറുള്ള പാശ്ചാത്യസമൂഹങ്ങളില്‍പ്പോലും നടക്കാത്ത അക്രമങ്ങളാണ് പെണ്ണായിപ്പിറന്നവളോട് നമ്മുടെ നാട്ടില്‍ നടക്കുന്നത്.
പ്രാകൃതവും ക്രൂരവും കിരാതവുമായ ഈ ദുരവസ്ഥയെ നേരിടാന്‍ അവബോധവും ജാഗ്രതയും മാത്രം പോരാ. ശക്തവും കണിശവും കര്‍ശനവുമായ നിയമങ്ങള്‍ നിര്‍ബന്ധമായും ആവശ്യമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്നുറപ്പുവരുത്തുന്നത് അതിന്റെ ആവര്‍ത്തനം ഒരു പരിധിവരെ തടയാന്‍ സഹായകമാകും. ഡല്‍ഹിയില്‍ത്തന്നെ 2012-ല്‍ നടന്ന 635 മാനഭംഗസംഭവങ്ങളില്‍ ഒരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നെ എങ്ങനെയാണ് ഇത്തരം നഗരങ്ങള്‍ നാരിക്ക് നരകവും അവളുടെ മാനം കവരുന്നവന് പറുദീസയുമാകാതിരിക്കുക ? ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ക്യാമറയുടെ മുന്നിലെത്തിയ സൗമ്യയുടെ അമ്മ വീണ്ടും കരഞ്ഞത് മകളുടെ കാര്യത്തിലുണ്ടായ കുറ്റത്തോടും അതിന്റെ ശിക്ഷയോടും പുലര്‍ത്തിയ മൃദുസമീപനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. അക്കാര്യത്തിലെങ്കിലും ആ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെപോകുന്നത് മറ്റൊരു കുറ്റകൃത്യമായിത്തീരുന്നു.
''ഇയം പരിശുദ്ധ സമാചാരാ, അപാപാ പരിദേവതാ'' എന്ന് വല്മീകി മഹര്‍ഷി പ്രകീര്‍ത്തിച്ച സീതയുടെ വ്യക്തിത്വമാണ് രാമായണത്തിന്റെ അന്തഃസത്ത. കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് ക്രൈസ്തവതയുടെ ആത്മാവ് കുടികൊള്ളുന്നത്. സത്യപ്രബോധനം കാരണമായ കൊടിയമര്‍ദനങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതരായ ശിഷ്യരില്‍ ഒരാള്‍ എന്നാണ് ഇതിനൊരറുതിയുണ്ടാവുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകതിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'എല്ലാ അന്യായങ്ങളും അവസാനിക്കും. ഒറ്റയ്‌ക്കൊരു പെണ്ണ് ഈ വഴിയെ സഞ്ചരിക്കും'.മനുഷ്യസംസ്‌കാരത്തിന്റെ ആദിമധ്യാന്തങ്ങള്‍ സ്ത്രീത്വത്തിന്റെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും മാന്യതയിലും മാഹാത്മ്യത്തിലുമാണെന്ന പ്രാപഞ്ചിക യാഥാര്‍ഥ്യം പൂര്‍ണമായി പുലരുന്ന പ്രഭാതംവരെ നമുക്ക് ഉറക്കമിളച്ചു കാത്തിരിക്കാന്‍ കഴിയേണ്ടതുണ്ട്.