ദേവദൂതന്‍

76 ദിവസങ്ങള്‍ നീണ്ടു നിന്ന സമരം. വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ ?
സമരം വിജയിക്കുമെന്നുറപ്പായിരുന്നു. ഇതുവരെ ചെയ്‌ത എല്ലാ സമരങ്ങളിലും ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്‌തു. ഇത്രയും ദിവസം സമരം ചെയ്യുന്നത് ഇതാദ്യമാണ്. എങ്കിലും എത്ര ദിവസം ചെലവഴിച്ചാലും ന്യായത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നു പിന്മാറാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ തികച്ചും സത്യസന്ധമായിരുന്നു. മാടിനെ പോലെ രാത്രിയെന്നും പകലെന്നും വേര്‍തിരിവില്ലാതെ പണിയെടുക്കുന്നവരാണ് നഴ്‌സുമാര്‍. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് അധികൃതരുടെ കടമയല്ലേ. ജീവിതത്തില്‍ ഒരിക്കലെങ്കിലും നഴ്‌സുമാരെ ആശ്രയിക്കാത്തവര്‍ ചുരുക്കമല്ലേ? ഇത്രയും അത്യന്താപേക്ഷിതമായ ഒരു സമൂഹത്തിനു വേണ്ടി പ്രതികരിക്കാനായില്ലെങ്കില്‍ ഞങ്ങളെന്തിന് വിശുദ്ധിയുടെ ചിഹ്നമായ വെള്ളവസ്‌ത്രം ധരിക്കുന്നു.
ഒരു പ്രവാസി മലയാളി കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി സംസാരിക്കുന്നു ?
അതിനെന്താ. പ്രവാസി മലയാളിയാണെന്നു കരുതി ജന്മം കൊണ്ട് ഞാനൊരു മലയാളി ആകാതിരിക്കുന്നില്ലല്ലോ. തൃശൂരില്‍ നിന്ന് നഴ്‌സിംഗ് പഠനം കഴിഞ്ഞ് ഇവിടെ ജോലി ചെയ്‌തത ശേഷമാണ് ഞാന്‍ വിദേശത്തേക്ക് പോകുന്നത്.
സംഘടന തുടങ്ങാനുള്ള ആശയം എവിടെ നിന്നാണ് കിട്ടിയത് ?
വിദേശത്ത് ജോലി ചെയ്‌ത സമയത്ത് അവധിക്കു നാട്ടിലെത്തിയപ്പോള്‍ പഴയ സൗഹൃദം ഒന്ന് ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചു. പഠിക്കുന്ന കാലത്തു തന്നെ ചെറിയ തോതില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു നഴ്‌സിംഗ് സംഘടന രൂപീകരിച്ചിരുന്നു. അതിലുള്ളവരെ അന്വേഷിക്കുന്ന കൂട്ടത്തില്‍ നല്ല അടുപ്പമുണ്ടായിരുന്ന സുധീഷിനെ ഞാന്‍ കണ്ടെത്തി. എന്നോടൊപ്പം വെള്ള കുപ്പായമിട്ട് നഴ്‌സിംഗ് ബിരുദം നേടിയ അവന്‍ റബര്‍ ടാപ്പിംഗിനു പോകുന്നതു കണ്ടു ഞാന്‍ ഞെട്ടി. പഠിക്കുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായിരുന്നു സുധീഷ്. പഠിച്ച മേഖലയില്‍ കിട്ടിയ ജോലി കൊണ്ട് അവന് കുടുംബം പോറ്റാന്‍ കഴിയുന്നില്ല. അതിന് അവന്‍ തെരഞ്ഞെടുത്തത് ഈ വഴിയായിരുന്നു. കൂട്ടത്തില്‍ കോട്ടയത്തുള്ള ഞങ്ങളുടെ ഒരു സഹപാഠിയെയും വിളിച്ചു. അച്‌ഛന്‍ മരിച്ച ശേഷം കുടുംബം പോറ്റാനും വിദ്യാഭ്യാസ വായ്‌പ അടച്ചു തീര്‍ക്കാനുമുള്ള ബദ്ധപ്പാടിലായിരുന്നു അവള്‍. അവളുടെ അവസ്‌ഥ കേട്ടപ്പോള്‍ സങ്കടം തോന്നി സഹായം ചെയ്യാന്‍ കാനറ ബാങ്കില്‍ എത്തിയപ്പോഴാണ് സ്‌തംഭിച്ചു പോയത്. ഇതുപോലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കപെട്ട് നില്‍ക്കുന്നു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത് അപ്പോഴാണ്.
ആദ്യത്തെ ചവിട്ടുപടി എന്തായിരുന്നു ?
എത്ര പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. അതിനു വേണ്ടി നഴ്‌സസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങി. വിദ്യാഭ്യാസ വായ്‌പ അടയ്‌ക്കുന്ന ബുദ്ധിമുട്ടുള്ള നഴ്‌സിംസ് വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിച്ചത്. അതിനോടൊപ്പം മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ബീനാ ബേബി ആശുപത്രി പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്‌ത സംഭവം വെറുതെ ഇട്ടു കൊടുത്തു. വിറങ്ങലിച്ച പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ സഹിക്കുന്ന പീഡനങ്ങള്‍ അവര്‍ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചു. ഓരോന്നു കേള്‍ക്കുമ്പോഴും ഞങ്ങളുടെ മനസ്സ് തിളച്ചു മറിഞ്ഞു. ഒരു സംഘടനയിലൂടെയല്ലാതെ ഇതിനൊന്നും പരിഹാരം കാണാന്‍ കഴിയില്ലെന്നു മനസ്സിലായി. അങ്ങനെ 2011 നവംബര്‍ 14ന് നഴ്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രജിസ്‌റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ അതേ പേരില്‍ മറ്റൊരു സംഘടന ഉള്ളതിനാല്‍ യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന നിലവില്‍ വന്നത്. ഫെയ്‌സ് ബുക്കിലൂടെ കിട്ടിയ ആത്മബലം നേരിട്ട് കിട്ടുന്നുണ്ടോ എന്നറിയാന്‍ തൃശൂരില്‍ വച്ച് ഒരു സമ്മേളനം പ്ലാന്‍ ചെയ്‌തു. ഞങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിച്ചു കൊണ്ട് നൂറ്റിമുപ്പത്തിയെട്ട് പേര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു.
ആദ്യത്തെ സമരം ?
ഫെയ്‌സ് ബുക്ക് കമ്യൂണിറ്റിയിലൂടെ പങ്കുവെയ്‌ക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും മുന്നില്‍ കണ്ട് ഇതിനെതിരെ സമരം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തൃശൂരുള്ള മദര്‍ ഹോസ്‌പിറ്റലായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. അവിടെ സംഘടന രൂപികരിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് അവര്‍ എതിര്‍ത്തു. ആ ദേഷ്യത്തില്‍ അവിടെ ഇന്റണ്‍ഷിപ്പ് ചെയ്‌തിരുന്ന 32 പേരെ പുറത്താക്കി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍ അവര്‍ പരിഹസിച്ചു. സംഘടനയ്‌ക്ക് വേണ്ടി ബലിയാടവരെ തിരിച്ചെടുക്കാന്‍ ഞങ്ങള്‍ പണിമുടക്കി സമരം ചെയ്യാന്‍ തീരഒമാനിച്ചു. നഴ്‌സുമാരും ട്യൂട്ടര്‍മാരും ഹെഡ്‌നഴ്‌സുമാരും അടങ്ങിയ സമരത്തില്‍ ആശുപത്രി മാനേജ്‌മെന്റ് ശരിക്കും ഞെട്ടി. അവസാനം ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ കളക്‌ടറും ഉന്നത ഉദ്യോഗസ്‌ഥരുമെത്തി. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിച്ചപ്പോള്‍ സമരം ഞങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അങ്ങനെ ആദ്യ സമരത്തില്‍ ഞങ്ങള്‍ നൂറു ശതമാനം വിജയിച്ചു.
സമരങ്ങള്‍ വിജയം മാത്രമാണോ സമ്മാനിച്ചത് ?
ഒരിക്കലുമില്ല. തൃശൂരില്‍ ചെയ്‌ത സമരത്തിനു ശേഷം രണ്ടാമത്തെ അങ്കം കൊച്ചി അമൃത ആശുപത്രിയിലെ മാനേജ്‌മെന്റുമായിട്ടായിരുന്നു. അവിടെ വച്ചാണ് അധികൃതരുടെ മറ്റൊരു മുഖം ഞങ്ങള്‍ തിരിച്ചറിയുന്നത്. സംഘടനയിലുള്ള ശ്രീകുമാറിന്റെയും ഷിബുവിന്റെയും നേതൃത്വത്തിലാണ് ഞങ്ങള്‍ അവിടെ പ്രവര്‍ത്തനം തുടങ്ങിയത്. സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി (ഒരു നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി) പിരിച്ചുവിട്ടു. നഴ്‌സിനു പരാതിയില്ലാത്തതിനാല്‍ കേസ് ദുര്‍ബ്ബലമായി. ഞങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചാണ് അവര്‍ ഇതിനെതിരെ പ്രതികരിച്ചത്. മാനേജ്‌മെന്റിന് സംസാരിക്കാനുണ്ടെന്ന വ്യാജേന എച്ച്. ആര്‍ മാനേജറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഇടനാഴിയിയിലൂടെ നടക്കുമ്പോള്‍ മുപ്പതു ആളുകള്‍ ഞങ്ങള്‍ക്ക് മുന്നിലും പിന്നിലുമായി നിരന്നു കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ നടന്നവര്‍ പെട്ടെന്ന് നില്‍ക്കുകയും തിരിഞ്ഞ് അടി തുടങ്ങുകയും ചെയ്‌തു. ഇടിക്കട്ടയും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ചെറുത്തു നില്‍ക്കാനോ ഓടി രക്ഷപെടാനോ ഉള്ള സാവകാശം അവര്‍ തന്നില്ല. നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല. ഞങ്ങള്‍ ചോരയില്‍ കുളിച്ചു എന്നിട്ടും അവര്‍ അടി നിര്‍ത്തിയില്ല. അവസാനം അവിടെ നിന്ന് വലിച്ചിഴച്ച് കാഷ്വാലിറ്റിയില്‍ എത്തിച്ചു. അവിടെയുള്ള നഴ്‌സുമാര്‍ ഞങ്ങളെ തിരിച്ചറിഞ്ഞു. അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. കാരണം ഞങ്ങളെ കാത്ത് ഗുണ്ടകള്‍ അപ്പോഴും പുറത്തുണ്ടായിരുന്നു. ഇതറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഞങ്ങള്‍ക്കുള്ള ചികിത്സ നല്‍കാന്‍ സഹായിച്ചത്. വേദന സഹിക്കുന്ന നിമിഷത്തിലും ഞങ്ങള്‍ മനസ്സിലെടുത്ത പ്രതിജ്‌ഞ മുന്നോട്ടുള്ള യാത്രയില്‍ എത്ര വേദനകള്‍ സഹിക്കേണ്ടി വന്നാലും തളരില്ല എന്നതായിരുന്നു. അതിനു ശേഷം എത്രയോ തിക്‌താനുഭവങ്ങള്‍ ഉണ്ടായി.
നിങ്ങളുടെ ആവശ്യങ്ങള്‍ ന്യായമായവയാണോ ?
അതെ. ഏതൊരു വ്യക്‌തിക്കും അവര്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ശമ്പളം കിട്ടണ്ടേത് ന്യായമല്ലേ. മിനിമം വേതനം ലഭിക്കേണ്ടത് അന്യായമല്ലല്ലോ. പിന്നെ മറ്റേണിറ്റി ലീവ് അനുവദിക്കാതിരിക്കുക, ബോണ്ട് ചെയ്യുന്നതിനു പുറമേ ട്രെയിനിംഗ് എന്ന പേരില്‍ ശമ്പളം കൊടുക്കാതിരിക്കുക എന്നിങ്ങനെ ഏതൊരു മാനേജ്‌മെന്റിനും അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്.
സമരം പ്രാദേശികമാണോ ?
ഒരിക്കലുമല്ല തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്നു തുടങ്ങിയ സമരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലേക്കും വ്യാപിപിച്ചു. എറണാകുളം അമൃത, അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്‌പിറ്റല്‍, പത്തനംതിട്ട മുത്തൂറ്റ്, എറണാകുളം ലേക്ക് ഷോര്‍ ആശുപത്രി എന്നിങ്ങനെ പലതും. ആശുപത്രിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഏതൊരു അംഗം സംഘടനയില്‍ വന്നു പറഞ്ഞാലും ന്യായമാണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെതിരെ പ്രതികരിക്കും.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുടുംബം ?
ജോലി ചെയ്യുന്ന സമയത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടത്ര വേതനം ലഭിച്ചിരുന്നില്ലല്ലോ. വായ്‌പ എടുത്ത് പഠിച്ച പലരും തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലാതെ കഷ്‌ടപ്പെടുകയാണ്. അവര്‍ക്കൊക്കെ പേരിനു മാത്രമാണ് ജോലിയുണ്ടായിരുന്നത്. ഇപ്പോള്‍ സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന എല്ലാവരുടെയും കുടുംബമാണ് ഏറ്റവും കൂടുതല്‍ പിന്തുണ തരുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ഞങ്ങള്‍ ഓരോരുത്തര്‍ക്കും ആഹാരവും വെള്ളവുമൊക്കെ എത്തിച്ചു തരുന്നത് ഇവരുടെ കുടുംബത്തിലുള്ളവരാണ്. അവരുടെ പിന്തുണയില്ലെങ്കില്‍ ഞങ്ങളാരും ഇത്ര ശക്‌തിയോടെയും ആവേശത്തോടെയും സമരം ചെയ്യില്ല.
കുടുംബത്തിന്റെ പ്രതികരണം ?
മുന്‍പ് പറഞ്ഞതില്‍ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല. ഞങ്ങളുടെ കുടുംബത്തിലെ ഏക നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥി ഞാന്‍ മാത്രമാണ്. എന്നെ പഠിപ്പിച്ചപ്പോള്‍ ഈ മേഖലയില്‍ ഇത്ര കണ്ട് ചൂഷണമുണ്ടാകുമെന്ന് അവര്‍ ചിന്തിച്ചു കാണില്ല. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്ററായ മുഹമ്മദും അദ്ധ്യാപികയായ ഹനീമാബിയും എന്നെ വളര്‍ത്തിയത് മനുഷത്വമുള്ള ഒരു വ്യക്‌തിയായിട്ടാണ്. സഹജീവികളോടുള്ള ചൂഷണത്തെ എതിര്‍ക്കാനാണ് അവരെന്നെ പഠിപ്പിച്ചത്. ഞാന്‍ വിവാഹം കഴിച്ചതും തൃശൂര്‍ അശ്വിനി ഹോസ്‌പിറ്റലിലെ നഴ്‌സായ ഷബ്‌നയെയാണ്. ഈ മേഖലയില്‍ അനുഭവിക്കുന്ന കഷ്‌ടപ്പാടുകള്‍ അവള്‍ക്കും അറിയാം. എല്ലാ അര്‍ത്ഥത്തിലും എനിക്ക് ഏറ്റവും ശക്‌തിയായി നില്‍ക്കുന്നത് എന്റെ കുടുംബമാണ്. കുടുംബത്തിന്റെ ശക്‌തിയാണ് ഏറ്റവും വലിയ സമ്പത്ത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net