Thursday 21 February 2013

Re: [www.keralites.net] ചുവന്ന തത്വശാസ്ത്രത്തിന് ഇന്ത്യന്‍ മണ്ണില്‍ അടിവേരിളകുന്നു

 

Kaaryangal kannadiyil enna pole eduthu kaanikkunna varikal.
Ini dhanika vargathe maathram prathinidheekarikkane ivarkku pattoo.
Oru corrective force enna nilayil Keralathinu upakarikkumaayirunnu.Athum poyi.

On Thu, Feb 21, 2013 at 3:29 PM, abhi mathew <abhiman004@yahoo.co.in> wrote:
 

 
ചുവന്ന തത്വശാസ്ത്രത്തിന് ഇന്ത്യന്‍ മണ്ണില്‍ അടിവേരിളകുന്നു

പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അച്യുതാനന്ദനെ ഇപ്പോള്‍ കൊള്ളാനും തള്ളാനും സി.പി.എം നേതാക്കള്‍ക്ക് കഴിയുന്നില്ല. ജനങ്ങളില്‍ നിന്ന് അകന്നുപോകുന്ന സി.പി.എം അടിക്കടി പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നു. നിയമവ്യവസ്ഥയിലും ധാര്‍മ്മിക വ്യവസ്ഥയിലും നേതാക്കളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുന്നു. വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ തല്‍സ്ഥാനത്തു പകരം വരാന്‍ മറ്റൊന്നില്ലെന്നിരിക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുഗാന്ത്യം അടുക്കുകയാണ്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആത്മനാശത്തിന്റെ അവസാന അധ്യായം എഴുതുകയാണ്. ചുവന്ന തത്വശാസ്ത്രത്തിന് ഇന്ത്യന്‍ മണ്ണില്‍ ഒരു നൂറ്റാണ്ടുപോലും തികയ്ക്കാനാവുമെന്ന് തോന്നുന്നില്ല. ശാസ്ത്രീയമെന്ന് കമ്യൂണിസത്തിന്റെ പ്രണേതാക്കള്‍ സ്വയം വിശേഷിപ്പിച്ച തത്വശാസ്ത്രം അടിവേരിളകി ഉലയുന്ന കാഴ്ച വളരെ ദയനീയമാണ്. സ്വാതന്ത്ര്യസമരം ഗാന്ധിജിയിലൂടെ ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മാനവേന്ദ്രനാഥ റോയി സോവിയറ്റ് റഷ്യയില്‍ നിന്ന് ലെനിന്റെ നിര്‍ദ്ദേശം വാങ്ങി ഇന്ത്യയിലെത്തി കമ്യൂണിസത്തിന്റെ വിത്തിട്ടു. സഹനസമരത്തോടും അക്രമരാഹിത്യത്തോടും യോജിപ്പില്ലാത്തവര്‍ കോണ്‍ഗ്രസ്സില്‍ ഒരു തീവ്രപക്ഷമായി വേര്‍തിരിയുന്ന കാലം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ ജയിലില്‍ നിന്ന് കമ്യൂണിസത്തിന്റെ പാഠങ്ങള്‍ കേട്ടു.

സേലം, മുംബെയ്, യര്‍വാദ, തിഹാര്‍ ജയിലുകളില്‍ എത്തിയ തൊഴിലാളികളായ സമരഭടന്മാരില്‍ നിന്നു ലഭിച്ച ചുവന്ന പുസ്തകം ജയില്‍ മോചിതരായി വന്നവരിലൂടെ നാട്ടില്‍ പ്രചരിച്ചു. എം.എന്‍.റോയി പാകിയ വിത്ത് വളരെ വേഗം രാജ്യമെങ്ങും കിളിര്‍ത്തു വളരാന്‍ തുടങ്ങി. ദേശീയതലത്തില്‍ ഒരു സംഘടനാരൂപം ഉണ്ടായപ്പോള്‍ത്തന്നെ വൈരുദ്ധ്യങ്ങളും വിഭാഗീയതകളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിഴല്‍ പരത്തി. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിമോചനവും തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യവും എന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരാനാവുന്ന യാതൊന്നും പാര്‍ട്ടിയുടെ നയരൂപീകരണ സമിതികളില്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവിഭജന സിദ്ധാന്തം ആയുധമാക്കി ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണടച്ചു.

സി.പി.ഐയുടെ ഒന്നാമത്തെ പോളിറ്റ് ബ്യൂറോയില്‍ അംഗമായി വന്നവരെല്ലാം ഒരേയൊരു സമുദായത്തില്‍പ്പെട്ടവര്‍. നൂറ്റാണ്ടുകളായി വൈജ്ഞാനിക സമ്പത്തും ഭൂസമ്പത്തും കൈയടക്കി സമൂഹത്തിന്റെ ഉപരിവര്‍ഗ്ഗമായി എന്നും കഴിഞ്ഞുപോന്ന കുടുംബങ്ങളിലെ യുവതലമുറ കമ്യൂണിസ്റ്റ് നേതൃത്വത്തിലേക്ക് കൂട്ടത്തോടെ വന്നതിന്റെ രഹസ്യം ഒരു സാമൂഹിക ശാസ്ത്രവിഷയമായി ആരും പഠിച്ചിട്ടില്ല. അടിസ്ഥാനവര്‍ഗ്ഗം പാര്‍ട്ടിയുടെ അടിത്തട്ടില്‍ വരാന്‍ പോകുന്ന നല്ല നാളെയെപ്പറ്റി കിനാവുകണ്ടു നടന്നു. നേതൃപദവികളും അധികാരവും ഒരു ന്യൂനപക്ഷം പങ്കുവച്ചു. അറിവും വിദ്യാഭ്യാസവും ഉള്ളവര്‍ ആദ്യകാലത്ത് അവര്‍ മാത്രമായിരുന്നു എന്ന് ഈ വൈരുദ്ധ്യത്തെ ന്യായീകരിച്ചുകൊണ്ട് ചില മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ പറയുന്നത് അസംബന്ധമാണ്. കാരണം ബി.ആര്‍.അംബേദ്കര്‍ എന്ന ദളിത് വംശജനോളം അറിവും ആധുനിക വിദ്യാഭ്യാസവും നേടിയ ഒരാള്‍ കമ്യൂണിസ്റ്റ് നേതൃനിരയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അംബേദ്ക്കറെ അംഗീകരിക്കാനോ സ്വീകരിക്കാനോ കഴിയാതെ പോയത് ഇന്ത്യന്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവര്‍ ഒരിക്കലും പര്യാപ്തമായിരുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. അങ്ങനെ കിഴക്കന്‍ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായി വന്ന എം.എന്‍.റോയി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ ഘട്ടത്തില്‍ തന്നെ ആശയറ്റു മടങ്ങിപ്പോയി. കോണ്‍ഗ്രസ്സിന് ബദല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന രൂപത്തിലാണ് സ്വാതന്ത്ര്യപ്പുലരിയില്‍ ദേശീയ രാഷ്ട്രീയം തെളിഞ്ഞുവന്നത്. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സ്വാതന്ത്ര്യം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചില്ല. രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങണമെന്നും ജനാധിപത്യ യുദ്ധങ്ങള്‍ക്കു പകരം വര്‍ഗ്ഗസംഘര്‍ഷം വളര്‍ത്തണമെന്നും ബി.ടി. രണദിവെ അവതരിപ്പിച്ച കല്‍ക്കത്ത തിസീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയമവിരുദ്ധ സംഘടനയുടെ സ്വഭാവം പകര്‍ന്നു.

പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഒടുവില്‍ കല്‍ക്കത്ത തിസീസ് ഉപേക്ഷിച്ച് സി.പി.ഐ പരീക്ഷണാര്‍ത്ഥം പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധമായി. 'ജയിക്കാനും ഭരിക്കാനുമല്ല, പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാത്രം' തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ സ്ഥാനാര്‍ത്ഥികളായി. പാര്‍ട്ടിയില്‍ അംഗത്വമോ സജീവ പ്രവര്‍ത്തനമോ ഇല്ലാത്തവരും വിദ്യാസമ്പന്നരും നാട്ടുപ്രമാണികളും കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായി. ഭൂരിഭാഗം പേരും തോറ്റു. ജയിച്ച ചുരുക്കം ചിലര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് നേതാക്കളായി. പത്തുകൊല്ലം അങ്ങനെ കടന്നുപോയി.

ഭാഷാ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഒരു ശിഥില സംഘടനയായിത്തീര്‍ന്നിരുന്നു. തിരുക്കൊച്ചിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും മലബാര്‍ പ്രദേശത്ത് നാഷണല്‍ കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. തിരുക്കൊച്ചിയില്‍ കോണ്‍ഗ്രസ്സിന് ഒരു സുസ്ഥിര ഭരണകൂടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 1947 മുതല്‍ 57 ല്‍ കേരളം രൂപം കൊള്ളുന്ന പത്തുകൊല്ലത്തിനിടയില്‍ തിരുക്കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പത്ത് ഭരണകൂടങ്ങള്‍ ഉണ്ടായി. ഒരു മുഖ്യമന്ത്രിയേയും സ്വസ്ഥമായി വാഴാന്‍ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പനമ്പിള്ളി, പട്ടം, സി.കേശവന്‍, ജോണ്‍, നാരായണപിള്ള എന്നിവര്‍ക്കൊന്നും രണ്ടുകൊല്ലം തികച്ചു ഭരിക്കാന്‍ അവസരം ലഭിച്ചില്ല.

ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ മടുത്തും വെറുത്തും കഴിയുമ്പോഴാണ് മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന മലബാര്‍ പ്രദേശം തിരുക്കൊച്ചിയോട് ചേര്‍ത്ത് 1956 നവംബറില്‍ മലയാള ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനമായി കേരളം രൂപംകൊണ്ടത്. മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഒട്ടും വിജയപ്രതീക്ഷയില്ലാതെ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റുനേടി വലിയ ഒറ്റക്കക്ഷിയായി. എങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏതാനും സീറ്റിന്റെ കുറവുണ്ടായിരുന്നു. മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസ് അശക്തമായിരുന്നതിനാല്‍ നാല് സ്വതന്ത്രന്മാരെ കൂട്ടുപിടിച്ച് ആദ്യത്തെ മന്ത്രിസഭയുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിഞ്ഞു.

എം.എന്‍.ഗോവിന്ദന്‍ നായരായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി. തിരുക്കൊച്ചി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ടി.വി.തോമസ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും കരുതി. എറണാകുളം ലനിന്‍ സെന്ററില്‍ പാര്‍ട്ടി യോഗം ചേര്‍ന്നു. എന്‍.എസ്.എസ് കരയോഗത്തില്‍ നിന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ വന്ന ഗോവിന്ദന്‍ നായരോട് മന്നത്തു പത്മനാഭന്‍ ഉന്നയിച്ച നിര്‍ദ്ദേശം രഹസ്യമായിരുന്നു. ട്രേഡ് യൂണിയന്‍ നേതാവും യുവ അഭിഭാഷകനും ഉജ്ജ്വല പ്രഭാഷകനുമായ ടി.വിയെ മുഖ്യമന്ത്രിയായി എതിരേറ്റ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ നൂറുകണക്കിന് കാറുകളില്‍ പ്രവര്‍ത്തകര്‍ എറണാകുളത്ത് എത്തിയിരുന്നു. എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് എം.എന്‍ മുഖ്യമന്ത്രിയായി ഇ.എം.എസ്സിന്റെ പേരു നിര്‍ദ്ദേശിച്ചു.

നീലേശ്വരം മണ്ഡലത്തില്‍ നിന്നുള്ള നിയമ സഭാംഗമായിരുന്ന ഇ.എം.എസ് തിരുവിതാംകൂര്‍ പ്രദേശത്ത് അപരിചിതനായിരുന്നെങ്കിലും അപ്രതീക്ഷിതമായി ആദ്യത്തെ കേരള മുഖ്യമന്ത്രിയായി. എങ്ങനെ ഭരിക്കണം എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു രൂപവുമില്ല. വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗഭരണകൂടം ഉണ്ടാക്കണമെന്ന് ചുവന്ന പുസ്തകത്തില്‍ വായിച്ചവര്‍ക്ക് ജനാധിപത്യ ഭരണവ്യവസ്ഥയെപ്പറ്റി ഒരു രൂപവുമില്ല. സത്യപ്രതിജ്ഞ ചെയ്തശേഷം ആകാശവാണിയിലൂടെ ഇ.എം.എസ് നടത്തിയ ആദ്യ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു: ''കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതും എന്നാല്‍ അവര്‍ നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്നതുമായ നയപരിപാടികള്‍ എന്റെ ഗവണ്‍മെന്റ് ഏറ്റെടുക്കും.'' അതായത്, കോണ്‍ഗ്രസ്സിന്റെ പരിപാടികള്‍ നടപ്പാക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണമെന്ന് സാരം.

രാജ്യഭരണം അസാധ്യമാകുകയും സ്റ്റേറ്റ് മാത്രം ഭരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ വൈരുദ്ധ്യത്തെ ആശ്രയിക്കാന്‍ മാത്രമേ നമ്പൂതിരിപ്പാടിന് കഴിയുമായിരുന്നുള്ളൂ. ഫെഡറല്‍ സംവിധാനത്തില്‍ സ്റ്റേറ്റിന്റെ അധികാരങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു. ഇന്നോളം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ദേശീയ ഭരണപദ്ധതിയില്ല. ജനാധിപത്യ പരീക്ഷണം വിട്ട് വര്‍ഗ്ഗവിപ്ലവ പരിപാടികളുമില്ല. ഒന്നാം മന്ത്രിസഭ വിമോചന സമരക്കാറ്റില്‍ അകാലത്തില്‍ പറന്നുപോയി. 
കമ്യൂണിസ്റ്റ് നേതൃത്വം വലിയ ആശയപ്രതിസന്ധിയില്‍ അകപ്പെട്ടു. ചൈനയില്‍ മാവോസേ തൂങ്ങ് മനോഹരമായി സംസാരിക്കുന്നു. ''വിപ്ലവം തൂവാല തുന്നലല്ല. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്ത് മുന്നേറുന്ന ഒരു അക്രമപ്രവൃത്തിയാണ് വിപ്ലവം.'' അതിന് നൂറുപൂവുകള്‍ വിരിയട്ടെ എന്ന് മാവോ പറഞ്ഞു.

ഇന്ത്യയുമായി അടുത്തുകിടക്കുന്ന ഏഷ്യന്‍ രാജ്യമായ ചൈനയുടെ രീതികളാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കും സ്വീകാര്യമാകുന്നതെന്ന് ഒരുവിഭാഗം നേതാക്കള്‍ വിശ്വസിച്ചു. സോവിയറ്റ് റഷ്യയുടേത് പടിഞ്ഞാറന്‍ സംസ്‌ക്കാരമാണ്. ലെനിനു ശേഷം അധികാരത്തില്‍ വന്ന സ്റ്റാലിന്റെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയവും രീതികളും എതിര്‍പ്പുളവാക്കുന്നതാണ്. അതുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ചൈനയുടെ മാര്‍ഗ്ഗം മതിയെന്ന് അവര്‍ വാദിച്ചു. എന്നാല്‍ സോവിയറ്റ് പക്ഷക്കാര്‍ ശ്രീപദ് അമൃത ഡാങ്കെയുടെ നേതൃത്വത്തില്‍ പ്രബല ചേരിയായി നിന്ന് ചൈനാപക്ഷത്തെ എതിര്‍ത്തു. ഇന്ത്യ-ചൈന യുദ്ധം കഴിഞ്ഞ് ജനങ്ങളില്‍ ചൈനാവിരുദ്ധ മനോഭാവം പ്രബലമായി നിന്ന ഘട്ടമായിരുന്നു. സോവിയറ്റ് ചായ്‌വും ചൈനാ ചായ്‌വും വ്യക്തിനിഷ്ഠമായ ചില താല്‍പ്പര്യങ്ങളുടെ പേരില്‍ നേതാക്കളെ രണ്ട് ചേരിയാക്കി.

1964 ല്‍ സി.പി.ഐ നെടുകെ പിളര്‍ന്നു. അന്ന് വഴക്കിട്ടിറങ്ങിയവര്‍ എ.കെ.ഗോപാലന്റെ നേതൃത്വത്തില്‍ സി.പിഎം രൂപീകരിച്ചു. മാര്‍ക്‌സിന് ബ്രായ്ക്കറ്റില്‍ സ്ഥാനം കൊടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണികള്‍ കൂടുകയും പ്രമുഖ നേതാക്കള്‍ ഒന്നൊന്നായി പിന്നാലെ വന്നുചേരുകയും ചെയ്തു. സി.പി.ഐയില്‍ നിന്ന് ആദ്യം ഇറങ്ങിപ്പോന്ന നേതാക്കളില്‍ വി.എസ്. അച്യുതാനന്ദന്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. ഒമ്പതാം വയസില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും ഇല്ലാതായ അച്യുതാനന്ദന്റെ അനാഥബാല്യം ജ്യേഷ്ഠ സഹോദരന്റെ തണലിലാണ് പുലര്‍ന്നത്. പതിനേഴാം വയസില്‍ അച്യുതാനന്ദനെ ജ്യേഷ്ഠന്റെ തുന്നല്‍ക്കടയില്‍ നിന്ന് പി.കൃഷ്ണപിള്ള കണ്ടെടുത്ത് തൊഴിലാളികള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കാന്‍ വിട്ടു.

കര്‍ഷകതൊഴിലാളികളെയും കയര്‍ ഫാക്ടറി തൊഴിലാളികളെയും സംഘടിപ്പിച്ച് ജീവിതയാതനകള്‍ അനുഭവിച്ച് നേതൃനിരയിലേക്ക് വളര്‍ന്നു വന്ന വി.എസ്സിന് ഇന്നത്തെ സി.പി.എം നേതൃത്വത്തെ ദഹിച്ചെന്നു വരില്ല. അരിവാളിനെ കൊടുവാളാക്കി എതിരാളിയുടെ മേല്‍ ഇരുള്‍മറവില്‍നിന്ന് ചാടിവീഴുന്ന രാഷ്ട്രീയ സംസ്‌ക്കാകരം ഒരു പരിഷ്‌കൃത സമൂഹത്തിന് സ്വീകാര്യമാകുകയുമില്ല. സി.പി.എമ്മിനെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാക്കി മാറ്റി ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെപ്പോലെ പെരുമാറുന്ന നേതാക്കളെ ജനങ്ങള്‍ക്കും സഹിക്കാന്‍ വിഷമം. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അച്യുതാനന്ദനെ ഇപ്പോള്‍ കൊള്ളാനും തള്ളാനും നേതാക്കള്‍ക്ക് കഴിയുന്നില്ല. ജനങ്ങളില്‍ നിന്ന് അകന്നുപോകുന്ന സി.പി.എം അടിക്കടി പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നു. നിയമവ്യവസ്ഥയിലും ധാര്‍മ്മിക വ്യവസ്ഥയിലും നേതാക്കളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുന്നു. വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ തല്‍സ്ഥാനത്തു പകരംവരാന്‍ മറ്റൊന്നില്ലെന്നിരിക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുഗാന്ത്യം അടുക്കുകയാണ്

www.keralites.net




--
C P VIJAYAN

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment