Saturday 9 February 2013

[www.keralites.net] ജീവിതം നഷ്ടപ്പെട്ട പെണ്‍കുട്ടി

 

ജീവിതം നഷ്ടപ്പെട്ട പെണ്‍കുട്ടി

ജീവിതം സ്വപ്നംകണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണീരിനു മുകളിലാണ് ചിലര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേരിനു പിറകില്‍, ഇപ്പോഴും മറ്റൊരാളുടെ മുഖത്തേക്ക് നോക്കാന്‍ കഴിയാത്തത്ര അപമാനഭാരവും പേറി ജീവിക്കുന്ന അവളുടെ കണ്ണീരിനു മുകളില്‍ ഇനിയാര്‍ക്കും അധികകാലം സത്യസന്ധപട്ടവും കാണിച്ച് മാന്യനായി തുടരാന്‍ കഴിയില്ല. ആ പെണ്‍കുട്ടിയുടെ ദുരന്തകാലങ്ങളിലും തുടര്‍ന്നും ഇടക്കിടെ അവളെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നീതി ലഭിക്കുംവരെ അവള്‍ക്കൊപ്പം തുടരാനാണ് എന്‍െറ തീരുമാനം. ശരീരം മുഴുവന്‍ പുഴുത്ത് ആര്‍ക്കുംവേണ്ടാത്ത പരുവത്തിലാണ് കാഴ്ചവെക്കാന്‍ കൊണ്ടുനടന്നവര്‍ അവളെ വഴിയില്‍ ഉപേക്ഷിച്ചത്. കൊണ്ടുനടന്ന 41 ദിവസവും മയക്കുമരുന്നിന്‍െറ പിടിയിലേക്ക് അവരവളെ തള്ളി വീഴ്ത്തി. എന്നിട്ടും വലിച്ചുകീറാന്‍ വരുന്നവരോടൊക്കെ എന്നെ രക്ഷിക്കണേ എന്നവള്‍ കേണപേക്ഷിച്ചു. കുമളി ഗെസ്റ്റ് ഹൗസില്‍ വന്ന ബാജി എന്നു പേരുള്ളയാളോടും അവള്‍ ഇങ്ങനെ കേണപേക്ഷിച്ചിരുന്നു. അന്നയാള്‍ പറഞ്ഞത്, ഇതൊക്കെയാണ് തുടക്കത്തില്‍ എല്ലാവരും പറയാറ് എന്നാണ്. ബാജി എന്നയാളെ പത്രത്തിലെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞപ്പോള്‍ അവളുടെ പിതാവ് ഫോണ്‍ വിളിച്ചറിയിച്ചിരുന്നു. പടത്തില്‍ കണ്ടയാള്‍ പി.ജെ. കുര്യന്‍ ആണെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. കുര്യനുമായി പിന്നീട് ഞാന്‍ സംസാരിച്ചപ്പോള്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. പക്ഷേ, ഇക്കാര്യത്തില്‍ കുര്യന്‍ കുറ്റക്കാരന്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്.

ജി. സുകുമാരന്‍ നായരുടെ മൊഴിക്കെന്താണ് വില! നേട്ടമുണ്ടെങ്കില്‍ ആര്‍ക്കുവേണ്ടിയും അയാള്‍ എന്തു മൊഴിയും പറയും. സുകുമാരന്‍ നായരുടെ മൊഴി മാത്രം കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് കുര്യനെ കേസില്‍നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ സിബി മാത്യൂസിന്‍െറ വാദവും പൊളിഞ്ഞു രാത്രി എട്ടു മണി വരെ സുഹൃത്ത് ഇടിക്കുളയുടെ വീട്ടിലായിരുന്നു താനെന്ന കുര്യന്‍െറ പ്രസ്താവനയെ ഇടിക്കുളയുടെ ഭാര്യ അന്നമ്മ തിരുത്തിയിരിക്കുന്നു. നാലു മണിക്കുതന്നെ കുര്യന്‍ പോയെന്നും അന്നമ്മ വെളിപ്പെടുത്തി. മറ്റു പലരും ഇത് സ്ഥിരീകരിക്കുന്നവിധമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നേരിട്ട ദുരന്തത്തിന്‍െറ മൊഴിയില്‍തന്നെ ഉറച്ചുനില്‍ക്കുകയാണ് പെണ്‍കുട്ടി ഇപ്പോഴും. അവളുടെ ഉറപ്പും നിഷ്കളങ്കതയും കുര്യന്‍െറ പങ്കു തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുര്യന്‍ സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടാനുള്ള ആര്‍ജവം കാണിക്കണം.

സൂര്യനെല്ലി കേസാണ് കേരളത്തിലെ ആദ്യ പെണ്‍വാണിഭക്കേസ്. ഇതിനു ശേഷം വന്ന വിതുര, തോപ്പുംപടി കേസുകളെല്ലാം സൂര്യനെല്ലി കേസ് പോലെതന്നെ മരവിച്ചുപോയിരുന്നു. ദല്‍ഹി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്‍െറ തുടര്‍ച്ചയായി സ്ത്രീപീഡനക്കേസുകള്‍ പുനര്‍വിചാരണ ചെയ്യപ്പെടണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിക്ക് അനുകൂലമായി വന്നുഭവിച്ചിരിക്കുന്നു. ഇതുതന്നെ മറ്റു കേസുകളിലും ഉണ്ടാകുമെന്നാണ് വിശ്വാസം. സൂര്യനെല്ലി കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. അന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് എല്ലാവരും പറഞ്ഞ സമയത്ത് അവളുടെ അഭിമുഖം ഇന്ത്യന്‍ എക്സ്പ്രസില്‍ സ്കൂപ്പ് ആയി നല്‍കിയിരുന്നു. ഇത് സാധ്യമാക്കിയത് അഡ്വ. ജനാര്‍ദനക്കുറുപ്പിന്‍െറ മകളും എന്‍െറ ഉറ്റസുഹൃത്തുമായ ശാരി എന്ന ഡോ. ശാരദ രാജീവന്‍ ആയിരുന്നു. കുറുപ്പുചേട്ടന്‍െറ വീട്ടിലെത്തിയ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. മുട്ടുവരെ പാവാടയും ജാക്കറ്റും അണിഞ്ഞ ഒരു കൊച്ചു പെണ്‍കുട്ടി. ഇവളെയാണോ ഇത്ര പേര്‍ കാമാര്‍ത്തിക്ക് ഇരയാക്കിയത് !.

അവള്‍ പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കാന്‍ ഇപ്പോഴും തോന്നുന്നില്ല. 'എന്നും സ്കൂളിലേക്ക് പോകുന്ന ബസിലെ ക്ളീനറാണ് രാജു. ഇടക്കൊക്കെ അപ്പനെ കാണാന്‍ വീട്ടില്‍ വരാറുള്ള രാജുവിനെ ആ നിലക്കും പരിചയമുണ്ട്. കൂട്ടുകാരികളെ കാണിക്കാന്‍ വീട്ടിലെ ആല്‍ബം കൊണ്ടുപോയപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടെ രാജു അത് കാണാന്‍ ചോദിച്ചു വാങ്ങി. പിന്നീട് ആല്‍ബം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പ്രേമം ആണെന്നും അവന്‍െറ കൂടെ ടൂറിനു വരണം എന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ചുവരിലും മതിലുകളിലുമെല്ലാം നഗ്നചിത്രം പതിക്കുമെന്ന് ഭീഷണിപ്പെടുത്തി. അത് പേടിച്ചാണ് അവന്‍െറ കൂടെ ഇറങ്ങിപ്പോയത്. അവന്‍െറ ഭീഷണിപ്രകാരം എല്ലാ ആഭരണങ്ങളും കൂടെ കൊണ്ടുപോകേണ്ടി വന്നു. അമ്മയുടെ തലയണക്കീഴില്‍ സൂക്ഷിച്ചിരുന്ന പണവും എടുത്തു. കോട്ടയം ബസിലാണ് കയറിയത്. പിറകിലെ വാതിലിലൂടെ വരാമെന്നു പറഞ്ഞ അവനെ ബസ് പുറപ്പെട്ടപ്പോഴും കണ്ടില്ല. പരിഭ്രമിച്ച അവസ്ഥയിലായിരുന്നു പിന്നീട്. തൊട്ടു പിറകില്‍ ഇരുന്ന സ്ത്രീ സംഭാഷണത്തിന് വന്നു. കോട്ടയത്ത് ചെന്നിറങ്ങുമ്പോള്‍ രാത്രി വൈകിയിരുന്നു.'

പേടിച്ചരണ്ട പെണ്‍കുട്ടിയെ ആ സ്ത്രീ കൂട്ടിക്കൊണ്ടുപോയി. പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാലാണ് അവര്‍ക്കൊപ്പം പോയത്. അവളുടെതന്നെ ഭാഷയില്‍ അവരൊരു സ്ത്രീയായതുകൊണ്ട് വിശ്വസിച്ചുപോയി എന്നാണ്. എന്നാല്‍, അവര്‍ ആ പെണ്‍കുട്ടിയെ ധര്‍മരാജന്‍െറ അടുക്കലെത്തിച്ചു. 2000 രൂപക്കു വിറ്റെന്ന വിവരം പിന്നെയാണ് അറിഞ്ഞത്. അയാളുടെ അമ്മയുടെ അടുത്തേക്ക് എന്നുപറഞ്ഞ് കൊണ്ടുപോയത് മെട്രോ ലോഡ്ജിലേക്കാണ്. അവിടെയെത്തിയപ്പോള്‍ കുടിക്കാന്‍ കൂള്‍ഡ്രിങ്സ് നല്‍കി. അതില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നെന്ന് അറിഞ്ഞില്ല. ബോധം വന്നപ്പോഴാണ് ബലാത്സംഗത്തിന് ഇരയായ കാര്യം മനസ്സിലായതെന്നും അവള്‍ പറയുന്നുണ്ട്. പിറ്റേന്ന് മുതല്‍ അയാള്‍ പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി. മയക്കുമരുന്നിന്‍െറ പിടിയിലായതിനാല്‍ അയാള്‍ പറഞ്ഞത് പാവയെപ്പോലെ അനുസരിച്ചു. ഗുഹ്യഭാഗങ്ങളില്‍ പഴുപ്പ് ബാധിച്ച് നടക്കാന്‍ വയ്യാത്ത അവസ്ഥയായപ്പോഴാണ് അവര്‍ മൂന്നാര്‍ ടൗണില്‍ ഇറക്കിവിടുന്നത്. പിന്നീട് പിതാവ് ജോലിചെയ്യുന്ന പോസ്റ്റ് ഓഫിസിലേക്ക് ഇഴഞ്ഞു രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും അവള്‍ക്ക് ജീവിതമില്ല. അവളുടെ ചേച്ചിക്കും വിവാഹം വന്നില്ല. നഴ്സായ അമ്മയും പോസ്റ്റ് മാസ്റ്ററായ അച്ഛനും ഏറെ അപമാനിതരായി സ്വന്തം നാട് വിട്ട് സൂര്യനെല്ലി പെണ്‍കുട്ടി എന്ന പേര് മാത്രമുള്ള മകള്‍ക്കൊപ്പം ജീവിക്കുന്നു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ പെണ്‍കുട്ടിക്ക് ജോലി കൊടുത്തിരുന്നു. അവിടെയും ഓഫിസ് മേധാവി അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അത് എതിര്‍ത്തപ്പോള്‍ അവളുടെ പേരില്‍ കള്ളക്കേസ് കൊടുത്തു. നായനാരോട് അഡ്വ. ജനാര്‍ദനക്കുറുപ്പ് എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു. പി. ശശി ഇതിനിടയില്‍ കുറെ കളിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും അവള്‍ക്കും കുടുംബത്തിനും ജീവിതം നഷ്ടമായി. അവള്‍ക്കു നീതി കിട്ടും വരെ എന്നും പോരാട്ടവേദിയില്‍ ഞാനും ഉണ്ടാകും. ഒരു പെണ്ണിനും ഇനി ഈ ഗതി ഉണ്ടാകരുത്.

Abdul Jaleel
Office Manager

: 00966 (1) 2116891
: www.alrajhibank.com.sa

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment