Saturday 9 February 2013

Re: [www.keralites.net] അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

 

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് തൊട്ടുപിന്നാലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ദല്‍ഹിയില്‍ കരുതല്‍ തടങ്കലിലാക്കി. ഹുര്‍റിയത്ത്് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്.എ.ആര്‍ ഗീലാനി, കാശ്മീരി പത്രപ്രവര്‍ത്തകന്‍ ഇഫ്തിഖാര്‍ ഗീലാനി എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനമാണെന്നും ശിക്ഷ നടപ്പാക്കുന്നത് കുടുംബത്തെ അറിയിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും എസ്.എ.ആര്‍ ഗീലാനി പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഉച്ച ഒരു മണിയോടെ അദ്ദേഹത്തെ ദല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്.

ചികിത്സക്കുവേണ്ടിയാണ് സയ്യിദ് അലി ഷാ ഗീലാനി ദല്‍ഹിയില്‍ തങ്ങുന്നത്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മീര്‍വാഇസ് ഉമര്‍ ഫാറൂഖ് തലസ്ഥാനത്തെത്തിയത്. അഫ്സലിനെ തൂക്കിലേറ്റിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇവര്‍ താമസിക്കുന്ന തെക്കന്‍ ദല്‍ഹിയിലെ വീടുകള്‍ പൊലീസ് നിയന്ത്രണത്തിലാക്കി. കൂടെയുള്ള കുടുംബാംഗങ്ങളടക്കം വീടിന് പുറത്തിറങ്ങുന്നത് വിലക്കി.

സയ്യിദ് അലിഷാ ഗീലാനിയുടെ വക്താവ് അയാസ് അക്ബറിനെ കശ്മീരിലും കരുതല്‍ തടങ്കിലാക്കി. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. തൂക്കിലേറ്റുന്നതിനുമുമ്പ് കുടുംബത്തെ വിവരമറിയിച്ചിരുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണെന്ന് എസ്.എ.ആര്‍. ഗീലാനി പറഞ്ഞു. രാവിലെ ആറരയോടെ അഫ്സല്‍ ഗുരുവിന്‍െറ ഭാര്യ തബസ്സുമിനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ ഒരു വിവരവും അറിഞ്ഞിരുന്നില്ല.

ശിക്ഷ നടപ്പാക്കുംമുമ്പ് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ അവകാശമുണ്ട്. ദയാഹരജി തള്ളിയതിനെതിരെ കോടതിയെ സമീപിക്കാനും അവസരമുണ്ടായിരുന്നു. അവയെല്ലാം നിഷേധിച്ചത് മനുഷ്യാവകാശലംഘനമാണ്. 2014ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തീരുമാനമാണിത്.
കെട്ടിച്ചമച്ച തെളിവുകളുടെ പേരിലാണ് അഫ്സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചതെന്നും എസ്.എ.ആര്‍. ഗീലാനി കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിനൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് എസ്.എ.ആര്‍. ഗീലാനി. ദല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളജില്‍ അധ്യാപകനായ ഇദ്ദേഹത്തെ സുപ്രീംകോടതി തെളിവില്ലെന്ന് കണ്ടാണ് കുറ്റമുക്തനാക്കിയത്. ശേഷം ദല്‍ഹിയില്‍ എസ്.എ.ആര്‍. ഗീലാനിക്കെതിരെ വധശ്രമവുമുണ്ടായി. വെടിയേറ്റെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
വധശ്രമത്തിന് പിന്നില്‍ സംഘ്പരിവാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഈയിടെ കണ്ടെത്തിയിരുന്നു

From: martinkgeorge2006 george2006
To: "Keralites@yahoogroups.com"
Sent: Saturday, February 9, 2013 8:37 AM
Subject: [www.keralites.net] അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

ശിക്ഷ നടപ്പിലാക്കിയത് കാലത്ത് എട്ട് മണിക്ക് തിഹാര്‍ ജയിലില്‍

അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കി. കാലത്ത് എട്ട് മണിക്ക് തിഹാര്‍ ജയിലില്‍ അതീവരഹസ്യമായിട്ടായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. 2006ല്‍ സുപ്രീംകോടതി വധശിക്ഷ വിധിച്ച അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ ഉടനെയായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. പത്ത് മണിയോടെ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വധശിക്ഷ നടപ്പിലാക്കിയ വിവരം സ്ഥിരീകരിച്ചു.

ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഫയലില്‍ ഫിബ്രവരി മൂന്നിനാണ് രാഷ്ട്രപതി ഒപ്പുവച്ചതെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ഫിബ്രവരി ആറിനാണ് ആഭ്യന്തരമന്ത്രി വധശിക്ഷയ്്ക്ക അനുമതി നല്‍കിക്കൊണ്ട് ഫയലില്‍ ഒപ്പിട്ടത്.

എന്നാല്‍, ആഭ്യന്തരമന്ത്രാലയം ജനവരി 23ന് നല്‍കിയ ശുപാര്‍ശയുടെ തുടര്‍ന്ന് ജനവരി 26നു തന്നെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയതായാണ് റിപ്പോര്‍ട്ട്. പിന്നീട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്ന് രഹസ്യമായെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ശനിയാഴ്ച വധശിക്ഷ നടപ്പിലാക്കിയത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിശ്വാസത്തിലെടുത്തശേഷമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.

പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ തീവ്രവാദ വിഷയത്തില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ പ്രതിപക്ഷ നടത്താനിരിക്കുന്ന ശക്തമായ നീക്കത്തിന്റെ മുനയൊടിക്കാന്‍ വേണ്ടിയാണ് പെട്ടന്നു ന്നതെ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അറിയുന്നു.

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് തൊട്ടു പിറകെയാണ് അഫ്‌സല്‍ ഗുരുവിന്റെയും ശിക്ഷ നടപ്പിലാക്കിയത്. 2012 നവംബര്‍ 21നായിരുന്നു അതീവരഹസ്യമായി തന്നെ കസബിനെയും തൂക്കിലേറ്റിയത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഗുരുവിന്റെ ജന്മദേശമായ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തലസ്ഥാനമായ ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2001 ഡിസംബര്‍ 13ന് ജെയ്ഷ-ഇ-മുഹമ്മദിന്റെയും ലഷ്‌കര്‍ -ഇ-തൊയ്ബയുടെയും തീവ്രവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ 2001 ഡിസംബര്‍ 13നാണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത്. ഡെല്‍ഹിയിലെ ഇയാളുടെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് സ്‌ഫോടകവസ്തുക്കളും തീവ്രവാദികള്‍ നല്‍കിയ പത്ത് ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തു. ഡിസംബര്‍ 19നു തന്നെ അഫ്‌സല്‍ ഗുരു പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് 2003ലാണ് ഡെല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. 2004ല്‍ ഈ വിധി സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വച്ച് ശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍, അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു രാഷ്ട്രപതിഭവന്‍.

2001 ഡിസംബര്‍ 13ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച വേളയില്‍ സായുധരായ അഞ്ചു തീവ്രവാദികള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എല്‍ .കെ.അദ്വാനിയും സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

MARTIN K GEORGE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment