Friday 1 February 2013

[www.keralites.net] ഏതറ്റം വരെയും പോകുമെന്ന്‌ പെണ്‍കുട്ടി- സൂര്യനെല്ലി

 

ഏതറ്റം വരെയും പോകുമെന്ന്‌ പെണ്‍കുട്ടി

 

ഇടുക്കി: ''ഭാജിയെന്ന പേരിലാണ്‌ അദ്ദേഹം എത്തിയത്‌. അന്നെനിക്ക്‌ അതു രാഷ്‌ട്രീയ നേതാവാണെന്ന്‌ അറിയില്ലായിരുന്നു. കൈത്തണ്ടകളില്‍ കൂടുതല്‍ രോമമുള്ള ഒരാള്‍. ജമാലും ധര്‍മരാജനും കൂടിയാണ്‌ അദ്ദേഹത്തെ കൊണ്ടുവന്നത്‌. അദ്ദേഹം മുറിയില്‍ കയറിയ ഉടന്‍ ഞാന്‍ കരഞ്ഞ്‌ അപേക്ഷിച്ചു. എന്നെ ഉപദ്രവിക്കരുത്‌, ഞാനിങ്ങനെ ആകാന്‍ വന്നതല്ല, ഇവിടെ നിന്ന്‌ രക്ഷിക്കണമെന്ന്‌ പറഞ്ഞു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ അദ്ദേഹം തയാറായില്ല.''
പീഡന നാളുകളില്‍ കുമളി പഞ്ചായത്ത്‌ ഗസ്‌റ്റ്ഹൗസ്‌ മുറിയില്‍ നടന്ന സംഭവത്തെക്കുറിച്ച്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ തെളിയുന്ന ചിത്രമിതാണ്‌. ഭാജിയെന്നയാള്‍ പി.ജെ. കുര്യനാണെന്ന്‌ തിരിച്ചറിയുന്നത്‌ പിന്നീടത്രേ. അതു പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ അവരത്‌ എഫ്‌.ഐ.ആറില്‍ ചേര്‍ത്തില്ല. ഇനി ഏതായാലും പിന്നോട്ടില്ല. പി.ജെ. കുര്യനെ നിയമത്തിന്റെ മുന്‍പിലെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പെണ്‍കുട്ടി മംഗളത്തോടു പറഞ്ഞു.
പി.ജെ. കുര്യനെതിരേയുള്ള മൊഴിയില്‍ ഉറച്ചുനിന്നുകൊണ്ട്‌ പെണ്‍കുട്ടി അഭിഭാഷകന്‌ എഴുതിയ കത്ത്‌ പുറത്തുവന്നതിന്റെ പിന്നാലെ മംഗളത്തോടു സംസാരിക്കവേയാണ്‌ പെണ്‍കുട്ടി ഉറച്ച നിലപാട്‌ വ്യക്‌തമാക്കിയത്‌. അഭിഭാഷകന്റെ നിര്‍ദേശമനുസരിച്ച്‌ കുര്യനെ പ്രതി ചേര്‍ക്കാനുള്ള കേസുമായി മുന്നോട്ടു പോകുമെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിനു ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചവരുടെ പേരു പറഞ്ഞപ്പോള്‍ ധര്‍മരാജന്‍
'ഭാജി' എന്ന പേരില്‍ ഒരാളെ കൊണ്ടുവന്നുവെന്ന്‌ മൊഴി നല്‍കിയിരുന്നു. ധര്‍മരാജന്‍ വിളിക്കുന്നത്‌ കേട്ടാണ്‌ ഭാജി എന്ന പേരു മനസിലാവുന്നത്‌.
പിന്നീട്‌ ദിനപത്രത്തില്‍ പി.ജെ. കുര്യന്റെ ചിത്രം കണ്ട്‌ ഇദ്ദേഹമാണ്‌ ഭാജി എന്ന പേരില്‍ എത്തിയതെന്ന്‌ മനസിലാക്കുകയായിരുന്നു. അമ്മയോടാണ്‌ ആദ്യം വിവരം പറഞ്ഞത്‌. പിന്നീട്‌ വിവരം കേസ്‌ അന്വേഷിച്ചിരുന്ന ദേവികുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പിന്നീട്‌ എഫ്‌.ഐ.ആര്‍ ലഭിച്ചപ്പോഴാണ്‌ അതില്‍ കുര്യന്റെ പേരില്ല എന്നു കണ്ടത്‌. അതുകൊണ്ടാണ്‌ പീരുമേട്‌ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തത്‌. മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. കോടതിയില്‍ ഹാജരാകാന്‍ കുര്യന്‌ നോട്ടീസും അയച്ചു. എന്നാല്‍ കോടതി നടപടി റദ്ദ്‌ ചെയ്യാനുള്ള ഉത്തരവ്‌ കുര്യന്‍ സമ്പാദിക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ്‌ കോടതി നടപടി റദ്ദ്‌ ചെയ്‌തത്‌. കേസ്‌ അന്വേഷിച്ച ഐ.ജിയായിരുന്ന സിബി മാത്യൂസ്‌ ഉള്‍പ്പെടെയുള്ളവര്‍ കുര്യനെ പെണ്‍കുട്ടിക്ക്‌ തിരിച്ചറിയാനായില്ല എന്നാണ്‌ പറയുന്നത്‌. എന്നാല്‍ സിബി മാത്യൂസ്‌ തന്നെ കുര്യന്റെ ഫോട്ടോ കാണിക്കുക പോലും ചെയ്‌തിട്ടില്ലെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. മകളോട്‌ ക്രൂരത കാണിച്ചവരെ നിയമത്തിന്റെ മുന്‍പിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന നിലപാടിലാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കളും.
എം.എസ്‌. സന്ദീപ്‌

കുര്യനെ രക്ഷിച്ചത്‌ മൂന്നു തെളിവുകള്‍

 

 

തിരുവനന്തപുരം: '' മിസ്‌റ്റര്‍ സിബി മാത്യൂസ്‌, നിങ്ങള്‍ തന്നെ പി.ജെ. കുര്യനെ പ്രതിയാക്കണം. എങ്കില്‍ മാത്രമേ ജനം വിശ്വസിക്കൂ''- മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ. ദാമോദന്‍, മുന്‍ ഡി.ജി.പി: സി.എ. ചാലി, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവരുടെ സാന്നിധ്യത്തില്‍ സൂര്യനെല്ലി കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജനാര്‍ദനക്കുറുപ്പ്‌ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്ന്‌ സിബി മാത്യൂസ്‌.
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഓഫീസില്‍ നടന്ന ഈ സംഭവം പതിനേഴു വര്‍ഷത്തിനു ശേഷവും ദുരൂഹതയുണര്‍ത്തുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ഈ ആവശ്യം പലതവണ ഉയര്‍ന്നെങ്കിലും താന്‍ വഴങ്ങിയില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന സിബി മാത്യൂസ്‌ വ്യക്‌തമാക്കി.
ഞാന്‍ വേണമെങ്കില്‍ അവധിയില്‍ പൊയ്‌ക്കൊള്ളാം. അനാരോഗ്യം കാരണമെന്നും പറയാം. പക്ഷേ
, നീതിബോധം വിട്ട്‌ നിരപരാധികളെ ഇന്നുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ല. നിങ്ങള്‍ പറയുന്നതു പോലെ ചെയ്‌തുതരാന്‍ വേറെ ആള്‍ക്കാരുണ്ടാവും. എന്നെ അതിനു കിട്ടില്ല -സിബിമാത്യൂസ്‌ നിലപാടില്‍ ഉറച്ചുനിന്നിട്ടും ജനാര്‍ദനക്കുറുപ്പ്‌ വഴങ്ങിയില്ല. കേസിന്റെ വിജയത്തിന്‌ പി.ജെ. കുര്യനെ പ്രതിയാക്കണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ കേസ്‌ ഡയറി വിശദമായി പരിശോധിച്ചശേഷം ഇ.കെ. നായനാരുടെ നിര്‍ദേശപ്രകാരം കുര്യനെ ഒഴിവാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഈ തര്‍ക്കം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ കുറ്റപത്രം കോടതിയില്‍ എത്തുമായിരുന്നു.
കേന്ദ്രമന്ത്രി കൂടിയായിരുന്ന കുര്യനെ പ്രതിയാക്കിയിരുന്നെങ്കില്‍ തന്റെ തൊപ്പിയില്‍ ഒരു കള്ളത്തൂവല്‍ സ്‌ഥാനം പിടിച്ചേനെ. ഇന്നേവരെയുള്ള ഔദ്യോഗിക ജീവിതത്തില്‍ കറ പുരളാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്‌.
സ്വന്തം പ്രതിച്‌ഛായ വിഷയമല്ല-സിബി മാത്യൂസ്‌ മംഗളത്തോട്‌ പറഞ്ഞു. കുര്യനെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ തനിക്ക്‌ ലഭിച്ചില്ല. കുര്യനെ ഒഴിവാക്കാനുള്ള കാരണമായി താന്‍ ചൂണ്ടിക്കാണിച്ച മൂന്നു കാരണങ്ങള്‍ ഇവയാണ്‌:
ഒന്ന്‌: കേസില്‍ 40 പ്രതികളുണ്ട്‌. എല്ലാ പ്രതികളുടെയും വ്യക്‌തിബന്ധങ്ങളും പശ്‌ചാത്തലവും ആഴത്തില്‍ പരിശോധിച്ചിരുന്നു. ഇതില്‍ ഒരാള്‍ പോലും എന്തെങ്കിലും കാര്യത്തിനായി പി.ജെ. കുര്യനുമായി ബന്ധപ്പെട്ടിരുന്നില്ല. പലര്‍ക്കും കുര്യനെ അറിയുക പോലുമില്ല. പെണ്‍കുട്ടിയുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്‌ത്‌ കുര്യനെപ്പറ്റി ചോദിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരാളുമായി ബന്ധപ്പെടാതെ കുര്യന്‌ പെണ്‍കുട്ടിയില്‍ എത്തിച്ചേരാനാവില്ല.
രണ്ട്‌: കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്‌ പെണ്‍കുട്ടി പറയുന്ന ദിവസവും സമയവും ഒരു തെളിവുകളുമായും ഒത്തുപോകുന്നില്ല. അന്നേ ദിവസം കുര്യന്റെ ടൂര്‍ ഡയറി വിശദമായി പരിശോധിച്ചു. തിരുവല്ല ടി.ബിയില്‍ വന്നശേഷം ടെലിഫോണ്‍ വിളിക്കാന്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന തിരുവല്ലയിലുള്ള ഇടിക്കുളയുടെ വീട്ടില്‍ പോയി. അവിടെവച്ച്‌ അദ്ദേഹം ഡല്‍ഹിയിലേക്കു ഫോണ്‍ ചെയ്‌തു. ഫോണ്‍ ബില്ല്‌ വിശദമായി പരിശോധിച്ച്‌ കുര്യന്‍ വിളിച്ച കോളുകളുടെ നിജസ്‌ഥിതി വിലയിരുത്തി. ഈ കോളുകള്‍ അദ്ദേഹം തന്നെ വിളിച്ചതാണോയെന്നും അന്വേഷിച്ചിരുന്നു. ഇവിടെയും തെളിവ്‌ ലഭിച്ചിരുന്നില്ല.
മൂന്ന്‌: ഇടിക്കുളയുടെ വീട്ടില്‍നിന്ന്‌ അദ്ദേഹം പോയത്‌ എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്തായിരുന്നു. തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ എസ്‌കോര്‍ട്ട്‌ സംവിധാനം ഉപേക്ഷിച്ചാണ്‌ ചങ്ങനാശേരിയിലെത്തിയത്‌. ഇക്കാര്യവും അന്വേഷണ സംഘത്തിന്‌ ബോധ്യപ്പെട്ടിരുന്നു.
പി.ജെ. കുര്യനെക്കുറിച്ച്‌ പെണ്‍കുട്ടി നല്‍കിയ മൊഴികളില്‍ തന്നെ പെരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി എ.കെ. ആന്റണിക്ക്‌ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുര്യന്റെ ഫോട്ടോ മാതൃഭൂമി ദിനപത്രത്തില്‍ കണ്ടുവെന്നാണ്‌ പറഞ്ഞിരുന്നത്‌. അതേസമയം പി.ജെ. കുര്യനെ തനിക്കറിയില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഫോട്ടോ കാണിച്ചിരുന്നുവെങ്കില്‍ തിരിച്ചറിഞ്ഞേനെയെന്നും പറയുന്നു. ഫോട്ടോ നേരത്തെ കണ്ടുവെന്ന്‌ പറയുന്ന പരാതിക്കാരി മാസങ്ങള്‍ക്കുശേഷം ഫോട്ടോ കാണിച്ചുതന്നാല്‍ കുര്യനെ തിരിച്ചറിയുമെന്ന്‌ പറഞ്ഞതിലെ യുക്‌തി അന്വേഷണസംഘം വിലയിരുത്തി. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്‌ പലരുടെയും ഫോട്ടോ പ്രത്യേകസംഘം ഒത്തുനോക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കേസ്‌ ഡയറിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സംശയമുള്ളവര്‍ക്ക്‌ ഡയറി പരിശോധിക്കാം. അതിലാര്‍ക്കും തിരുത്താന്‍ പറ്റില്ലല്ലോ-സിബി മാത്യൂസ്‌ ചൂണ്ടിക്കാട്ടുന്നു.
കടുത്ത മാനസിക സമ്മര്‍ദം കുര്യനെ പ്രതിയാക്കാത്തതിന്റെ പേരില്‍ താന്‍ അനുഭവിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ നിര്‍ദേശപ്രകാരം രണ്ടുതവണയാണ്‌ കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌.
എസ്‌. നാരായണന്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment