വീണ്ടുംവായിക്കാന്‍ -
എന്‍ ഇ സുധീര്‍
ഈയിടെ അന്തരിച്ച പി ഗോവിന്ദപ്പിള്ളയുമായി ഈ ലേഖകന്‍ പലപ്പോഴായി നടത്തിയ സംഭാഷണങ്ങളിലെ ഒരു ഭാഗം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ (90:39) പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ അഭിമുഖത്തിലെ അവസാന ചോദ്യവും അതിനു പി ജി നല്‌കിയ മറുപടിയും പലരെയും ക്ഷുഭിതരാക്കിയിരിക്കുന്നു.
കേസരി വാരികയാണ് വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുള്ളത്. കേസരിയുടെ ഡിസംബര്‍ 30ന്റെ ലക്കത്തില്‍ `പൂര്‍വപക്ഷം' എന്ന പംക്തിയില്‍ സാരസ്വതന്‍ എന്നൊരാള്‍ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. അവ വസ്‌തുതാവിരുദ്ധമായതുകൊണ്ടു മാത്രം ഒരു വിശദീകരണം അര്‍ഹിക്കുന്നു. വിവരക്കേടിനോടും ഭ്രാന്തമായ അസഹിഷ്‌ണുതയോടും പ്രതികരിക്കേണ്ടതില്ലെന്ന ഉത്തമബോധ്യം ഈ ലേഖകനുണ്ട്. എങ്കിലും പി ജിയെന്ന സുഹൃത്തിനോടുള്ള സ്‌നേഹവും ആ ധൈഷണിക ജീവിതത്തോടുള്ള ആദരംകൊണ്ടും കൂടിയാണ് ഇത്രയും കുറിക്കുന്നത്.
സാരസ്വതനെ ചൊടിപ്പിച്ച ചോദ്യവും ഉത്തരവും ഇതായിരുന്നു:
``പി ജി യ്‌ക്ക് ഇഷ്‌ടപ്പെട്ട മതമേതാണെന്ന് വ്യക്തമാക്കാമോ? ജീവിതത്തില്‍ ഒരു മതം തിരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കില്‍ ഏതായിരിക്കും തെരഞ്ഞെടുക്കുക?''
പി ജിയുടെ ഉത്തരം: ``ഒരു മതത്തിന്റെ ആവശ്യം ജീവിതത്തിലുണ്ടായിട്ടില്ല. പലതും വെച്ചുനോക്കുമ്പോള്‍ ഏറ്റവും നല്ല മതം ഇസ്‌ലാം മതമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളിലേക്കും വെച്ച് ഏറ്റവും നല്ലത് ഖുര്‍ആന്‍ ആണെന്നാണ് എന്റെ അഭിപ്രായം.''
പി ജി ഇസ്‌ലാം മതത്തെ ലോകത്തിലെ ഏറ്റവും നല്ല മതമാണെന്ന് വിശേഷിപ്പിച്ചതാണ് കേസരിയിലെ സാരസ്വതനെ വിറകൊള്ളിച്ചിരിക്കുന്നത്. ഇതില്‍ പ്രകോപിതനായ അദ്ദേഹം മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ നോക്കുക:
``ഭഗവത്‌ഗീതയാണ് വിഷമഘട്ടങ്ങളില്‍ തന്റെ മനസ്സിന് ശാന്തി പകര്‍ന്നിട്ടുള്ളതെന്ന് തുറന്നു സമ്മതിച്ചിട്ടുള്ളയാളാണ് പി ജി. എന്നാല്‍ അദ്ദേഹത്തിന്റെ അഭിമുഖം എന്ന പേരില്‍ മാതൃഭൂമിയില്‍ കൊടുത്തിരിക്കുന്നത് സത്യസന്ധമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മരണത്തിനു മുന്‍പ് നടത്തിയതെന്നു പറഞ്ഞ് കൊടുത്തിരിക്കുന്ന അഭിമുഖം സത്യത്തില്‍ നടന്നതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ നിവൃത്തിയില്ലല്ലോ.
ഇത്തരത്തില്‍ ഒരുത്തരം നല്‌കിയോ എന്ന് പി ജിയോട് ചോദിക്കുവാന്‍ ഇനി സാധിക്കയില്ലല്ലോ. ഇത്തരത്തില്‍ ഒരു അഭിമുഖം നടത്തിയിട്ട് ഇതുവരെ പത്രങ്ങള്‍ക്കു കൊടുക്കാതെ സൂക്ഷിച്ചുവെച്ചത് അദ്ദേഹത്തിന്റെ മരണം മുന്‍കൂട്ടി മനസ്സിലാക്കിയതു കൊണ്ടാണോ? പി ജിയെപ്പോലൊരാള്‍ ഒരിക്കലും ഇസ്‌ലാംമതം ലോകത്തിലേറ്റവും ഉന്നതമായ മതമാണെന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. ഹിന്ദുമതത്തോടും ഭഗവദ്‌ഗീത, മഹാഭാരതം, ഉപനിഷത്തുക്കള്‍ എന്നിവയോടുമെല്ലാം അസാധാരണമായ താല്‌പര്യം കാണിച്ചിരുന്ന പി ജി തന്റെ ആത്മീയാഭിമുഖ്യം ഒട്ടൊക്കെ ഒളിച്ചുവെച്ചത് താന്‍ പ്രതിനിധാനം ചെയ്‌തിരുന്ന രാഷ്‌ട്രീയ പ്രസ്ഥാനം അതു വകവെച്ചുകൊടുക്കില്ല എന്നതുകൊണ്ടാണ്. ഹൈന്ദവാശ്രമങ്ങളിലും ക്ഷേത്രങ്ങളിലും പോകുമായിരുന്ന, എന്തിന് യാഗങ്ങളില്‍ പോലും പങ്കെടുത്തിരുന്ന, അദ്ദേഹം ഇസ്‌ലാം മതത്തെ ആരാധിച്ചിരുന്നു എന്നത് വിശ്വസിക്കുക പ്രയാസമുള്ള കാര്യമാണ്. മരണം വരെ അദ്ദേഹം അതു പറയാതിരുന്നതെന്താണ്? പാര്‍ട്ടിയെ തൃപ്‌തിപ്പെടുത്താന്‍ ചില്ലറ മതേതരത്വമൊക്കെ പുറമെ പ്രകടിപ്പിച്ചിരുന്നെങ്കിലും അത്യഗാധമായ വായനയുണ്ടായിരുന്ന അദ്ദേഹത്തിന് ഗീതയുടെയും ഉപനിഷത്തുക്കളുടെയും സന്ദേശം മനസ്സിലാകാതെ പോകാനിടയില്ല......
മാതൃഭൂമി വാരിക കുറേക്കാലമായി പാക് ചാരസംഘടനയായ ഐ എസ് എയുടെ സാംസ്‌കാരിക നിലപാടുകള്‍ കേരളത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് തീര്‍ച്ചയായും യാദൃച്ഛികമാകാനിടയില്ല. ഹിന്ദു മതവിശ്വാസികളെ തമ്മിലടിപ്പിക്കാനും ഇസ്‌ലാം മതാഭിമുഖ്യം വളര്‍ത്താനും മാതൃഭൂമി ശ്രമിക്കുന്നത് ഏതോ ചില ഏജന്‍സികളില്‍ നിന്നും പ്രതിഫലം പറ്റിക്കൊണ്ടുതന്നെയാണ്. പി ഗോവിന്ദപ്പിള്ളയുടേതെന്നു പറഞ്ഞ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന അഭിമുഖത്തില്‍ അവസാനഭാഗവും ഈയൊരു ഉദ്ദേശ്യത്തോടുകൂടി മെനഞ്ഞെടുത്തതാകാനാണിട. ഒരുപക്ഷേ, പി ജി തന്നെ പറഞ്ഞതാണെങ്കില്‍ അത് കടുത്ത ആത്മവഞ്ചനയാണെന്ന് പറയാതെ വയ്യ.''
ഈ പ്രതികരണം കുറിച്ച സാരസ്വതനെയും അതിനവസരം നല്‌കിയ കേസരി വാരികയുടെ പത്രാധിപസമിതിയെയും ഉദ്‌ബുദ്ധരാക്കുക എന്നത് സാധിക്കാത്ത കാര്യമാണെന്നറിയാം. അതെന്റെ ലക്ഷ്യവുമല്ല. മാതൃഭൂമി ആഴ്‌ചപ്പതിന്റെ വായനക്കാരുടെ അറിവിലേക്കായി മാത്രമാണീ കുറിപ്പ്. ആഴ്‌ചപ്പതിപ്പില്‍ വന്ന അഭിമുഖ സംഭാഷണം മരണാനന്തരം പ്രസിദ്ധപ്പെടുത്താനായി മാറ്റി വെച്ചതല്ല. പി ജിയുടെ ഒരു ധൈഷണിക ജീവചരിത്രം തയ്യാറാക്കുക എന്ന വലിയൊരു ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആറേഴു വര്‍ഷക്കാലമായി ഞാനും പി ജിയും പലപ്പോഴായി നടത്തിയ സംഭാഷണങ്ങളിലെ തെരഞ്ഞെടുത്ത കുറച്ചുഭാഗം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധപ്പെടുത്തിയെന്നു മാത്രം. അതിലെ അവസാന ഭാഗത്തെ ഒന്‍പത് ചോദ്യങ്ങളൊഴിച്ചുള്ളവ ആദ്യമായാണ് പ്രസിദ്ധപ്പെടുത്തിയത്.
എന്നാല്‍ അവസാനത്തെ ഒന്‍പത് ചോദ്യവും ഉത്തരവും മുന്‍പൊരിക്കല്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2008 സപ്‌തംബര്‍ 5-ന്റെ പ്രത്യേക ലക്കത്തില്‍ `ഈശ്വരന്‍, മതം, വിശ്വാസം' എന്ന പേരില്‍ ഈ അഭിമുഖസംഭാഷണം കാണാം. ആ ലക്കം മലയാളം വാരികയുടെ 287-ാം പേജില്‍, ഇന്നിപ്പോള്‍ സാരസ്വതന്‍ പി ജിയുടേതാണോ എന്ന് സംശയിക്കുന്ന ചോദ്യവും ഉത്തരവും കാണാം. 2008 സപ്‌തംബറില്‍ പി ജി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാനിടയില്ലല്ലോ! അതിനുശേഷമാണ് അദ്ദേഹത്തിന്റെ മൂന്ന് പ്രധാന രചനകള്‍ പുറത്തുവന്നത്. അന്നത്തെ അഭിമുഖം ഇവരൊന്നും വായിച്ചില്ലെന്നാണോ? അതോ പി ജിയോട് ഏറ്റുമുട്ടി കനത്ത പ്രഹരം ഏറ്റുവാങ്ങേണ്ടതില്ലെന്ന് നിശ്ചയിച്ചതോ? മതവിഭ്രാന്തിയാല്‍ തീക്ഷ്‌ണമായ ഇവരുടെയൊക്കെ കാഴ്‌ചയില്‍ അത്തരമൊരു ചോദ്യോത്തരം പെടാതെ പോകുമെന്ന് കരുതുക വയ്യ. പി ജി യോട് തര്‍ക്കിച്ച് സ്വന്തം നിലപാടിലെ ആശയദാരിദ്ര്യത്തെയും അസഹിഷ്‌ണുതയെയും പരസ്യപ്പെടുത്തേണ്ടെന്ന് കരുതിയതാവാനേ തരമുള്ളൂ. പി ജിയെ പോലെ ഭാരതീയ ദര്‍ശനത്തെയും ഹൈന്ദവ പാരമ്പര്യത്തെയും അഗാധമായി മനസ്സിലാക്കിയ ഒരാള്‍ ഇസ്‌ലാം മതത്തെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കുമ്പോള്‍ ഹിന്ദുത്വവാദികളുടെ അസഹിഷ്‌ണുത പുറത്തുചാടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അഭിമുഖ സംഭാഷണം നടത്തിയ ഈ ലേഖകന്റെയും അത് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെയും ബൗദ്ധിക സത്യസന്ധതയെ കേസരിക്കാര്‍ ചോദ്യം ചെയ്യുന്നത് മതാന്ധതയില്‍ നിന്നുരുത്തിരിഞ്ഞ ഈ അസഹിഷ്‌ണുതയില്‍ നിന്നാണ്.
ഇന്ത്യന്‍ താര്‍ക്കിക പാരമ്പര്യത്തിന്റെ സമര്‍ഥനായ പ്രയോക്താവായിരുന്നു പി ഗോവിന്ദപ്പിള്ള. ആ വൈശിഷ്‌ട്യത്തിന്റെ പിന്‍ബലത്തോടെയാണ് അദ്ദേഹം തന്റെ വൈജ്ഞാനികാന്വേഷണം സഫലീകരിച്ചതും. ചരിത്രപരമായ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ മതങ്ങള്‍ മാനവരാശിയുടെ മുന്നേറ്റത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യമായിരുന്നു എന്നദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് യാന്ത്രിക ഭൗതികവാദികളെപ്പോലെ മതങ്ങളെ പാടെ കണ്ടില്ലെന്ന് നടിക്കാനും ഒഴിവാക്കപ്പെടേണ്ടതാണെന്നു വാദിക്കാനും പി ജി തയ്യാറായില്ല. ഈ നിലപാടിനെയാണ് മതമൗലികവാദികളിപ്പോള്‍ അവര്‍ക്കനുകൂലമായി വളച്ചൊടിച്ച് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. പി ജിയ്‌ക്ക് ഒരാത്മീയ മനസ്സുണ്ടെന്നും ഭഗവദ്‌ഗീതയില്‍ പി ജി മാനസികോന്മേഷം കണ്ടെത്തിയെന്നുമൊക്കെ തട്ടിവിടുന്നത് ഇതുകൊണ്ടു മാത്രമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിനിപ്പോഴില്ലാതെ പോയി.
പി ജി തന്റെ നിലപാട് പ്രസ്‌തുത അഭിമുഖസംഭാഷണത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നും മതങ്ങളില്‍ നിന്ന് ധാര്‍മികത ചോര്‍ന്നുപോയിരിക്കുന്നെന്നും വ്യക്തിപരമായി ഒരു മതത്തിന്റെ ആവശ്യകത തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും അദ്ദേഹം അസന്നിഗ്‌ധമായി പ്രസ്‌താവിച്ചിട്ടുണ്ട്. മാനവരാശി സൃഷ്‌ടിച്ച എല്ലാ മതങ്ങളെപ്പറ്റിയും അവയുടെ ചരിത്രപരമായ പ്രാധാന്യത്തെപ്പറ്റിയും തീവ്രപഠനം നടത്തി ഉത്തമബോധ്യം വന്നതിനുശേഷം കൈക്കൊണ്ട നിലപാടാണ് ഇദ്ദേഹത്തിന്റേത്.
ഇസ്‌ലാം മതത്തെപ്പറ്റി പി ജി പലപ്പോഴും ശ്ലാഘിച്ചെഴുതിയിട്ടുമുണ്ട്. `പ്രവാചകന്റെ വിപ്ലവസത്യവും അപവാദത്തിന്റെ ഉറവിടങ്ങളും' എന്ന ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം നോക്കുക:
``ഇസ്‌ലാമിന്റെ ഐതിഹാസികമായ ദൗത്യത്തെക്കുറിച്ചും ഇസ്‌ലാം മതസ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രവാചകപ്രതിഭയെക്കുറിച്ചും പഠിക്കാനും സ്‌മരിക്കാനും ഒരാള്‍ മുസ്‌ലിമെന്നപോലെ മതവിശ്വാസിപോലും ആയിക്കൊള്ളണമെന്നില്ല. ദാരിദ്ര്യത്തില്‍നിന്ന് സമൃദ്ധിയിലേക്കും അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും അന്ധതയില്‍ നിന്ന് അറിവിലേക്കും തിന്മയില്‍നിന്ന് നന്മയിലേക്കുമുള്ള മനുഷ്യരാശിയുടെ അവിരാമമായ പ്രയാണത്തിലും പോരാട്ടത്തിലും തത്‌പരരായ ഒരാള്‍ക്കും അവഗണിക്കാനാവാത്ത ആവേശകരമായ ഒരധ്യായമാണ് ഇസ്‌ലാമിന്റെ ചരിത്രവും പ്രവാചകന്റെ ദൗത്യവും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇത്രയേറെ അനര്‍ഹമായി അധിക്ഷേപിക്കപ്പെട്ട ഒരു മതമോ തെറ്റിദ്ധരിക്കപ്പെട്ട ഒരു മതസ്ഥാപനമോ ഇല്ല'' (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍-പി ഗോവിന്ദപ്പിള്ള-കേരള സാഹിത്യ അക്കാദമി, പേജ് 185)
ഇസ്‌ലാം മതസ്ഥാപകനായ മുഹമ്മ്‌ദ നബിയെ യഥാര്‍ഥ വിപ്ലവകരിയായാണ് പി ജി വിശേഷിപ്പിക്കുന്നത്. പ്രവാചകനെപ്പറ്റി എഴുതുമ്പോള്‍ പി ജി സ്വതസിദ്ധമായ വാചകപിശുക്കുപോലും കാണിക്കുന്നില്ല. അതേ ലേഖനത്തില്‍ പി ജി തുടരുന്നു:
``ചരിത്രപരമായ കാരണങ്ങളാല്‍ നവീന മതസ്ഥാപനത്തോടൊപ്പം ആയുധമേന്തി പടവെട്ടാനും രാഷ്‌ട്രതന്ത്രജ്ഞനെന്ന നിലയില്‍ രാഷ്‌ട്രം കെട്ടിപ്പടുക്കാനും ഒരുമ്പെട്ട പ്രവാചകന്‍ അന്യമതങ്ങളോടും വിശ്വാസങ്ങളോടും സഹിഷ്‌ണുത പുലര്‍ത്തിയിരുന്നു എന്ന് തെളിയിക്കുന്ന അനേകം വചനങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലുമുണ്ട്. അദ്ദേഹത്തെ വളരെ ദ്രോഹിച്ച യഹൂദന്മാരോടുപോലും സഹവര്‍ത്തിത്വത്തിനും സമാധാനത്തിനും ശ്രമിച്ച നബി ഒപ്പുവെച്ച ഉടമ്പടികള്‍ ഇസ്‌ലാമിക ചരിത്രത്തിലെ തിളങ്ങുന്ന രേഖകളാണ്. തീര്‍ച്ചയായും അല്ലാഹുവില്‍നിന്ന്‌തനിക്ക് ലഭിച്ചതായി അദ്ദഹേം കരുതിയ അരുളപ്പാടുകളും വെളിപാടുകളും പ്രചരിപ്പിക്കാന്‍ നബി അത്യധ്വാനം ചെയ്‌തു. എന്നാല്‍ ബലപ്രയോഗം മതപരിവര്‍ത്തനത്തിന് ഉപയോഗിച്ചുകൂടെന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വചനങ്ങള്‍ പ്രസിദ്ധമാണ്. അന്ധതയിലും നിന്തരവും നിരര്‍ഥകവുമായ പരസ്‌പര യുദ്ധത്തിലും കാലംപോക്കുകയും കുടുംബബന്ധം, ലൈംഗികത, ധനാര്‍ജനം എന്നിവയിലെല്ലാം അധാര്‍മികത മുഖമുദ്രയാക്കുകയും ചെയ്‌തിരുന്ന അറബികളെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹനീയമായ സംസ്‌കൃതിയും നാഗരികതയും രാഷ്‌ട്രവുമായി വളര്‍ത്തിയ ഐതിഹാസികമായ പ്രതിഭാസമാണ് നബി. അത്തരം പല മഹദ് വ്യക്തികളെയും അനുയായികള്‍ ദൈവമോ ദൈവാവതാരമോ ആക്കിയപ്പോള്‍ മുഹമ്മദ് പ്രവാചകനെങ്കിലും മനുഷ്യനായി തുടരുന്നു. അതിന്റെ കാരണക്കാരന്‍ അദ്ദേഹം തന്നെയാണ്. തന്റെ പ്രതിമയോ ചിത്രമോ രചിക്കരുത് എന്നും താന്‍ ദൈവവചനങ്ങളുടെ പ്രഘോഷകന്‍ മാത്രമാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുയായികളെ പഠിപ്പിച്ചു. താന്‍ വിശ്വാസികളുടെയും ദൈവത്തിന്റെയും ഇടയ്‌ക്കുള്ള ഒരു മധ്യവര്‍ത്തിയല്ല, പുരോഹിതര്‍ എന്ന് പറയുന്ന മധ്യവര്‍ത്തി വര്‍ഗം ഇസ്‌ലാമിനന്യമാണ്. വിശ്വാസി അല്ലാഹുവിനെ നേരിട്ടു സമീപിക്കുക. ഇത്ര ശക്തവും വ്യക്തവുമായ ഭാഷയില്‍ തന്നെ മനുഷ്യപദവിയില്‍ നിന്ന് ഉയര്‍ത്തുന്നതിനെ ദൈവനിന്ദയായിപ്പോലും കല്‌പിച്ച മതസ്ഥാപകര്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയം'' (പേജ് 189)
ഇസ്‌ലാമിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഇത്തരം ഉദ്ധരണികള്‍ ഇനിയും ധാരാളം പി ജിയുടെ ലേഖനങ്ങളില്‍ നിന്ന് കണ്ടെത്താവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്ന് വിശേഷിപ്പിക്കപ്പെടുന്ന `വൈജ്ഞാനിക വിപ്ലവം - ഒരു സാംസ്‌കാരിക ചരിത്രം' എന്ന ഗ്രന്ഥത്തില്‍ ശാസ്‌ത്രപുരോഗതിക്ക് ഏറ്റവും നല്ല കളമൊരുക്കിയത് ഇസ്‌ലാം മതമാണെന്ന് വിശദീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഹിന്ദുമതവും ക്രിസ്‌തുമതവും നടത്തിയ ദോഷകരമായ ഇടപെടലുകളെപ്പറ്റിയും പി ജി സ്‌മരിക്കുന്നുണ്ട്. പ്രപഞ്ച യാഥാര്‍ഥ്യത്തെ നിരാകരിക്കുകയും യാഥാര്‍ഥ്യം എന്നത് മായാമോഹം മൂലം ഉണ്ടാകുന്ന വിഭ്രാന്തിയാണെന്നും മറ്റുമുള്ള ശങ്കരസിദ്ധാന്തങ്ങള്‍ ഭാരതീയ ശാസ്‌ത്ര പുരോഗതിയെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ആചാര്യന്‍ പ്രഫുല്ല ചന്ദ്ര റേയെ ഉദ്ധരിച്ചുകൊണ്ട് പി ജി തന്റെ പഠനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഖുറാന്‍ എന്ന ഇസ്‌ലാമിക പുണ്യഗ്രന്ഥത്തോട് പി ജിക്കുള്ള സ്‌നേഹം മനസ്സിലാക്കണമെങ്കില്‍ `പി ജിയുടെ വായനാലോകം' (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചത്) എന്ന ഗ്രന്ഥത്തിലെ `ഖുര്‍ആന്‍ ആദ്യപരിഭാഷ' എന്ന ലേഖനം (പേജ് 108) മാത്രം നോക്കിയാല്‍ മതി. ഒരു കാര്യംകൂടി വിശദമാക്കാം: പി ജി ഇസ്‌ലാമിനെ ഇഷ്‌ടമതമായി വിശേഷിപ്പിച്ചത് മറ്റു മതങ്ങളെ കുറച്ചുകാണിക്കാന്‍ വേണ്ടിയായിരുന്നില്ല. മതം എന്ന സാമൂഹിക പ്രതിഭാസത്തിന്റെ ചരിത്രപരവും ആശയപരവും ധാര്‍മികവുമായ ഒരു വിലയിരുത്തലില്‍ ഇസ്‌ലാമിന്റെ മികവ് അഥവാ പ്രഥമസ്ഥാനം അംഗീകരിച്ചുകൊടുത്തു എന്നു മാത്രം. ഖുര്‍ആനെപ്പറ്റിയുള്ള പരാമര്‍ശവും ആ അര്‍ഥത്തില്‍ തന്നെയാണ്. ഭഗവദ്‌ഗീതയെ സമീപിച്ചതും ഇതേ വീക്ഷണത്തിലൂടെയാണ്. ഒരുതരം വഴുവഴുപ്പന്‍ അവസരവാദമാണ് ഗീതയുടെ മൊത്തം സ്വഭാവവിശേഷമെന്ന് പി ജി കളിയാക്കിയിട്ടുണ്ട്. ഗീതയില്‍ നിറഞ്ഞുനില്‌ക്കുന്ന വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും ഗീതാഭക്തരെപ്പോലും കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും പി ജി കണ്ടെത്തുന്നു.
എന്നാല്‍ അത് മുന്നോട്ടുവെക്കുന്ന കര്‍മോന്മുഖതയെ അദ്ദേഹം സ്വാഗതംചെയ്യുകയും ചെയ്‌തു. ഭഗവദ്‌ഗീതയുടെ ഇരുപത്തഞ്ചിലധികം വ്യത്യസ്‌ത പതിപ്പുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞതാവാം പി ജിയെ ഗീതാഭക്തനാണെന്ന് സാരസ്വതന്‍ തെറ്റിദ്ധരിക്കാനിടയാക്കിയത്. പി ജിയുടെ വീട്ടിലെ ഗ്രന്ഥശഖരത്തില്‍ മാര്‍ക്‌സിയന്‍ ഗ്രന്ഥങ്ങളെക്കാള്‍ കൂടുതലുള്ളത് മതവിഷയങ്ങളുമായി ബന്ധപ്പെട്ട കൃതികളാണ്. അത് കാണിക്കുന്നത് അദ്ദേഹത്തിന്റെ മതസ്‌നേഹത്തെയല്ല. മതങ്ങള്‍ സമൂഹത്തില്‍ നേടിയെടുത്ത സ്വാധീനത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍വേണ്ടി ആ മനുഷ്യന്‍ നടത്തിയ ധൈഷണികാന്വേഷണത്തെയാണ്. ഇതൊന്നും തിരിച്ചറിയാനുള്ള വിവേകമില്ലാത്തവര്‍ പി ജിയെന്ന മനുഷ്യസ്‌നേഹിയെ ആത്മീയവാദിയും ഹിന്ദുമത വിശ്വാസിയുമൊക്കെയായി ചിത്രീകരിച്ചെന്നുവരും, കപട മതേതരവാദിയെന്ന് വിശേഷിപ്പിക്കും. ആ ജീവിതത്തെ അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ചൊരാള്‍ എന്ന നിലയിലാണ് ഇത്രയും വിശദമാക്കിയത്. അല്ലാതെ സാരസ്വതന്‍ ആരോപിക്കുന്നതുപോലെ പാകിസ്‌താനുവേണ്ടി പണിയെടുക്കുന്നതുകൊണ്ടോ ഏതെങ്കിലും ഇസ്‌ലാമിക ഏജന്‍സികളില്‍ നിന്ന് പ്രതിഫലം പറ്റുന്നതുകൊണ്ടോ അല്ല. മതഭ്രാന്തില്‍ നിന്നുണ്ടാവുന്ന ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെയൊക്കെ അതര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാനുള്ള വിവേചനശേഷി എനിക്കുണ്ട്.
(മാതൃഭൂമി ആഴ്‌ചപ്പതിച്ച്, ലക്കം 46, 2013 ജനുവരി 27-ഫിബ്രവരി 2)
No comments:
Post a Comment