Sunday, 6 January 2013

[www.keralites.net] അധാര്‍മിക സമരം..

 

€ ¢ഒ¥ധാര൒­⒠'­മിഒµ € ¢സമരഒ¢
അനിശ്ചിതകാല സമരങ്ങള്‍ വിപുലമായ തോതില്‍ പ്രഖ്യാപിക്കപ്പെടുന്നത് സാധാരണഗതിയില്‍ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന മട്ടില്‍ തൊഴില്‍, വേതന പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ്. ജനുവരി എട്ടിന് കേരളത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഇത്തരമൊരു സാഹചര്യത്തിലുള്ളതല്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥ മാറ്റി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ബാധകമാകരുത് എന്ന ആവശ്യം മാത്രമാണ് സമരത്തിന് തയാറെടുക്കുന്ന ഇടതുപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളിലൊഴികെ ഇതിനകം നടപ്പാക്കിക്കഴിഞ്ഞതും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ആവശ്യംതന്നെയാണെന്നിരിക്കെ ഈ സമരം അനാവശ്യമാണെന്നതാണ് ഒന്നാമത്തെ കാര്യം. അതിനപ്പുറം, ഈ സമരത്തിന്റെ അധാര്‍മികതയാണ് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്. വിശേഷിച്ചും, സമരത്തില്‍ പങ്കെടുക്കുന്ന ഇരുപതിനായിരത്തിന് അടുത്തുവരുന്ന കോളജ്, സര്‍വകലാശാലാ അധ്യാപകരുടെ സമരപങ്കാളിത്തത്തിലെ അധാര്‍മികത.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നെല്ലാം ഭിന്നമായി അതിഭീമമായ ശമ്പളവര്‍ധന നടപ്പായി പ്രതിവര്‍ഷം അഞ്ചു ലക്ഷം (തുടക്കക്കാര്‍ക്ക്) മുതല്‍ 15 ലക്ഷം (മുതിര്‍ന്ന പ്രഫസര്‍മാര്‍ക്ക്) രൂപവരെ വരുമാനമുള്ളവരാണ് ഇന്ത്യയിലെവിടെയുമെന്നപോലെ കേരളത്തിലും യു.ജി.സി അധ്യാപകര്‍. രണ്ടു വര്‍ഷം മുമ്പുവരെ വാങ്ങിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് ആറാം ശമ്പളകമീഷന്റെ ഫലമായി ഇപ്പോള്‍ ഇവരുടെ വരുമാനം.
പൊതുസമൂഹം ശമ്പളം നല്‍കുന്ന ഈ അധ്യാപകരില്‍ വലിയൊരു വിഭാഗത്തിന്റെ നിയമനരീതികളും അക്കാദമിക നിലവാരവും തൊഴില്‍ സംസ്കാരവും നിലനില്‍ക്കുന്നതാകട്ടെ പൊതുസമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത രീതിയിലുമാണ്. ഉദാഹരണത്തിന്, ഇവരില്‍ മൂന്നില്‍ രണ്ടുഭാഗം വരുന്ന എയ്ഡഡ് കോളജ് അധ്യാപകരുടെ കാര്യംതന്നെയെടുക്കുക. ഇവരുടെ നിയമനപ്രക്രിയയില്‍ സംവരണം എന്നൊരു സങ്കല്‍പംതന്നെയില്ല. ആര്‍ക്കുമറിയാവുന്നതുപോലെ ജാതി, മത പരിഗണനകളും സ്വാധീനവും വന്‍കോഴയുമാണ് ഈ രംഗത്തെ നിയമനവ്യവസ്ഥ. സമരത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ അധ്യാപക സംഘടനപോലും നാളിതുവരെ ഈ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നോ മെറിറ്റ് പാലിക്കണമെന്നോ കോഴ അവസാനിപ്പിക്കണമെന്നോ ആവശ്യമുന്നയിച്ചിട്ടില്ല. കാരണം, ഈ സംഘടനയിലെ അംഗങ്ങളില്‍ 99 ശതമാനവും മേല്‍പറഞ്ഞ രീതിയില്‍ നിയമനം നേടിയവരാണ്.
കേരളത്തിലെ യു.ജി.സി അധ്യാപകരുടെ അക്കാദമിക നിലവാരം അതിന്റെ നെല്ലിപ്പടി കണ്ടിട്ട് കാലമേറെയായി. സര്‍വീസില്‍ കയറുന്ന കാലത്ത് തയാറാക്കുന്ന ടീച്ചിങ് നോട്സ് (അതോ വല്ല ഗൈഡുകളും പകര്‍ത്തിയതോ?) മാത്രമാണ് വലിയൊരു ശതമാനംപേരും പെന്‍ഷന്‍പറ്റുംവരെ ഉപയോഗിക്കുക. സ്വാഭാവികമായും സിലബസ് പരിഷ്കരണം മുതല്‍ ക്രെഡിറ്റ്, സെമസ്റ്റര്‍ രീതിവരെയുള്ളവക്ക് ഇവര്‍ സംഘടിതമായി പാരവെക്കും. വര്‍ഷത്തില്‍ രണ്ടു മാസം അവധി എന്നതാണ് വ്യവസ്ഥ. ഫലത്തില്‍ പരീക്ഷാക്കാലമുള്‍പ്പെടെ ഇത് നാലു മാസം വരും. തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനും പേപ്പര്‍ മൂല്യനിര്‍ണയം നടത്താനും ശമ്പളത്തിനു പുറമെ പ്രതിഫലം കണക്കെണ്ണി വാങ്ങുന്നവരാണ് കേരളത്തിലും യു.ജി.സി അധ്യാപകര്‍. വിദ്യാര്‍ഥിസമരവും ഉത്സവകാല അവധികളും സ്വന്തം ലീവ് അവകാശങ്ങളുമൊക്കെയായി വീട്ടിലിരിക്കുന്ന ദിവസങ്ങള്‍ വര്‍ഷത്തില്‍ ഇരുനൂറില്‍ കുറയില്ല. യഥാര്‍ഥത്തില്‍ 100-150 ദിവസത്തിലധികം സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടി വരാറില്ല ഒരധ്യാപകനും. ചെയ്യുന്ന ദിവസങ്ങളിലാകട്ടെ പരമാവധി മൂന്നു പീരിയഡ് ക്ളാസെടുക്കലാണുള്ളത്. ക്ളാസ് എന്നുവെച്ചാല്‍ കാലങ്ങളായി കാണാതെ പഠിച്ച കാര്യങ്ങളുരുവിടലാണ് മിക്കവര്‍ക്കും.
ഏറ്റവും കുറഞ്ഞത് 12 മണിക്കൂര്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അയ്യായിരവും ആറായിരവും രൂപ മാസശമ്പളത്തിനായി തെരുവുസമരം നടത്തുന്ന നാട്ടിലാണ്, ഏതാണ്ടത്രയും തുക പ്രതിദിനം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസര്‍മാര്‍ ഇപ്പോള്‍ സമരത്തിന് തയാറെടുക്കുന്നത് എന്നുകൂടി ഓര്‍മിക്കാവുന്നതാണ്. ഗവേഷണ വിഭാഗത്തിലുള്ള അധ്യാപകര്‍ക്ക്, നിശ്ചയമായും ജോലിക്കൂടുതലുണ്ട് എന്നതു മറക്കുന്നില്ല. പക്ഷേ, 10 ശതമാനത്തിലധികം വരില്ല അക്കൂട്ടര്‍. ഒരൊറ്റ ക്ളാസില്‍പോലും കയറാത്ത എത്രയെങ്കിലും അധ്യാപകരെ നമ്മുടെ കോളജുകളിലും സര്‍വകലാശാലകളിലും കാണാം. വെറും 1500 വിദ്യാര്‍ഥികളുള്ള കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ 400 അധ്യാപകരുണ്ട് എന്നു പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്തോ? പക്ഷേ, സത്യമതാണ്. അപ്പോഴും അധ്യാപകര്‍ ക്ളാസെടുക്കുന്നില്ല എന്ന പരാതി കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്.
എന്നിട്ടും പ്രതിമാസം അര ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളം വാങ്ങും സാറന്മാര്‍. ഇക്കൂട്ടരാണ് ഇപ്പോള്‍, നിലവില്‍ തങ്ങള്‍ക്ക് ബാധകമാവില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞ ഒരു വ്യവസ്ഥക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്നത്.
പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടാന്‍ സമരക്കാര്‍ക്കു വേണമെങ്കില്‍ മറ്റൊരു വാദമുന്നയിക്കാവുന്നത്, ഇനി സര്‍വീസില്‍ വരാനിരിക്കുന്നവര്‍ക്കുവേണ്ടി കൂടിയാണ് ഈ സമരം എന്നതാണ്. പക്ഷേ, അങ്ങനെയൊരു വാദം അവര്‍ ഉന്നയിക്കുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ പെന്‍ഷന്‍ പ്രായം നിലവിലുള്ള 56 (കോളജ് അധ്യാപകര്‍ക്ക്), 60 (സര്‍വകലാശാല അധ്യാപകര്‍ക്ക്) എന്നിവ യഥാക്രമം 60, 65 എന്നിങ്ങനെയാക്കി ഉയര്‍ത്തണമെന്നാണ് അടുത്തിടെ അധ്യാപക സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. പെന്‍ഷന്‍പ്രായം നൂറാക്കിയാലും അവര്‍ക്ക് സന്തോഷംതന്നെ.
പങ്കാളിത്ത പെന്‍ഷന്‍ എന്ന നയത്തെക്കുറിച്ചാണ് മറ്റൊരു തര്‍ക്കമുള്ളത്. ഇവിടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കുറേക്കാലമായി അനുഭവിച്ചുവരുന്ന പെന്‍ഷന്‍ വ്യവസ്ഥയുടെതന്നെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നത്. സമൂഹത്തില്‍ മറ്റൊരു വിഭാഗത്തിനുമില്ലാത്ത ഒരു വിശേഷാവകാശം, ആനുകൂല്യം എന്ന നിലയില്‍ ഇവര്‍ അനുഭവിച്ചുവരുകയാണ്. എന്നിട്ടും അത് നിര്‍ത്തലാക്കാനുള്ള നീക്കമല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. മറിച്ച്, ശമ്പളപരിഷ്കരണങ്ങള്‍ വഴി ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അതിലൊരു ഭാഗം പെന്‍ഷനുവേണ്ടി നീക്കിവെക്കണമെന്ന ആവശ്യമാണ്. യഥാര്‍ഥത്തില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവിലും യു.ജി.സി അധ്യാപകര്‍ക്ക് വിശേഷിച്ചും ഇതിനെന്താണ് തടസ്സം? പ്രതിമാസം ജീവിതാവശ്യങ്ങള്‍ കഴിഞ്ഞ് 30,000 മുതല്‍ 90,000 രൂപവരെ മിച്ചംപിടിക്കുന്നുണ്ട് ഇന്ന് കേരളത്തിലെ ശരാശരി യു.ജി.സി അധ്യാപകര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത്രയുമെങ്കിലും തുക അവര്‍ റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലും വാഹനങ്ങളിലുമൊക്കെ ചെലവഴിക്കുന്നുണ്ട്. ഈവിധം ജീവിച്ചശേഷം സര്‍വീസില്‍നിന്ന് പിരിയുമ്പോഴും സമൂഹം തങ്ങളെ പോറ്റിക്കൊള്ളണം എന്ന, സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ന്യായമല്ലെന്നു മാത്രമല്ല, തികഞ്ഞ അധാര്‍മികത തന്നെയാണ്. പല എയ്ഡഡ് കോളജുകളിലും 10 മുതല്‍ 30 ലക്ഷം രൂപവരെ കോഴ നല്‍കാന്‍ മത്സരിക്കുന്നവരാണ് പ്രതിമാസം അഞ്ചോ പത്തോ ആയിരം രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കാന്‍ തയാറല്ലാത്തത്. സംവരണവ്യവസ്ഥ അട്ടിമറിച്ച് നിയമനം നേടിയ ഇതേ കൂട്ടരാണ് ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും മുദ്രാവാക്യം മുഴക്കുന്നത്. വിചിത്രമായി തോന്നാം, ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസറും 6000 രൂപ ശമ്പളം വാങ്ങുന്ന അതേ കോളജിലെ അറ്റന്‍ഡറും സമരം വരുമ്പോള്‍ (മാത്രം) വര്‍ഗസമരക്കാരാണ്.
ചിലരെങ്കിലും വാദിക്കുന്നതുപോലെ പൊതുമേഖലയുടെ നിലനില്‍പോ ആഗോളീകരണത്തിന്റെ നടപ്പാകലോ ഒന്നുമല്ല ഇവിടെ വിഷയം. പൊതുമേഖലയുടെ ജനാധിപത്യസ്വഭാവം ഇവര്‍ക്ക് ബാധകമല്ല; ആഗോളീകരണത്തിന്റെ ആനുകൂല്യങ്ങളൊന്നും അസ്വീകാര്യവുമല്ല. ചെയ്യുന്ന ജോലിക്ക് ലഭിക്കേണ്ടതിന്റെ പതിന്മടങ്ങ് ശമ്പളം ലഭിച്ചിട്ടും അടങ്ങാത്ത ധനാര്‍ത്തിയും ധാര്‍മികത ഒരു വിഷയം തന്നെയല്ലാത്ത സംഘടനാമുഷ്കും മാത്രമാണ് ജനുവരി എട്ടിന് ആരംഭിക്കുന്ന സമരത്തിന്റെ യഥാര്‍ഥ രാഷ്ട്രീയം. കേരളത്തിലെ യു.ജി.സി അധ്യാപകരുടെ കാര്യത്തിലെങ്കിലും ഇതാണ് വസ്തുത.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment