വരുന്നത് പണിമുടക്ക് 'പരമ്പര': സ്വകാര്യ ബസ് സമരം ഇന്ന് അര്‍ധരാത്രി മുതല്‍
തൃശൂര്‍/കൊച്ചി: ഇന്നു അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് ജീവനക്കാരും ചൊവ്വാഴ്‌ച അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അനിശ്‌ചിതകാല പണിമുടക്കിലേക്ക്. ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളും നാളെ സൂചനാ പണിമുടക്കു നടത്തുന്നതോടെ സമരക്കുരുക്കില്‍പ്പെട്ടു നട്ടംതിരിയുന്നത് അസംഘടിതരായ ജനം.
സി.പി.എമ്മിന്റെ ഭൂസമരം ഇന്ന് ആറാം ദിവസത്തിലേക്കു കടന്നു. സമരത്തിനെതിരേയുള്ള സര്‍ക്കാര്‍ നിസംഗത കണക്കിലെടുത്ത് മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമരം ശക്‌തമാക്കാനാണു സി.പി.എം. തീരുമാനം.
കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സ്വകാര്യ ബസ് ജീവനക്കാര്‍ സംസ്‌ഥാന വ്യാപകമായി നടത്തുന്ന അനശ്‌ചിതകാല പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ബസ് നിരക്കു വര്‍ധിപ്പിച്ചിട്ടും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാത്ത ഉടമകള്‍ക്കെതിരേയാണു സംയുക്‌ത ട്രേഡ്‌യൂണിയന്‍ അനിശ്‌ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. സമരം മധ്യകേരളത്തെയും വടക്കന്‍ ജില്ലകളേയും സാരമായി ബാധിക്കും. തെക്കന്‍ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് മെച്ചപ്പെട്ടതാണെങ്കിലും യാത്രാദുരിതം വര്‍ധിക്കുമെന്നുറപ്പ്.
ജനുവരി 15 കഴിഞ്ഞു ചര്‍ച്ച നടത്താമെന്നാണു സര്‍ക്കാര്‍ നിലപാട്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു, യു.ടി.സി, എച്ച്.എം.എസ്, ടി.യു.സി.ഐ. സംഘടനകളുടെ നേതൃത്വത്തിലാണു സമരം.
നാളെമുതല്‍ കേരള ഭരണം സ്‌തംഭിപ്പിക്കുന്ന വിധത്തില്‍ ശക്‌തമായ സമരത്തിനാണ് ഭരണപക്ഷ സംഘടനകള്‍ ഒഴിച്ചുള്ള പ്രതിപക്ഷ അധ്യാപക-സര്‍വീസ് സംഘടനകളുടെ നീക്കം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 33 ദിവസം നടത്തിയ ഐതിഹാസികമായ സമരത്തേക്കാള്‍ വര്‍ധിത വീര്യത്തോടെയാണ് ഇത്തവണത്തെ തയാറെടുപ്പ്.
പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ജീവനക്കാരെ രണ്ടുതട്ടിലാക്കി വിഭജിപ്പിക്കാനും ശത്രുതയിലാക്കാനുമുള്ള ശ്രമമാണു സര്‍ക്കാരിന്റേതെന്നാണു സമരക്കാരുടെ ആരോപണം. 2013 ഏപ്രില്‍ ഒന്നുമുതല്‍ ജോലിക്കു പ്രവേശിക്കുന്നവര്‍ക്കു മാത്രം പങ്കാളിത്ത പെന്‍ഷനെന്ന നയം ഇതിനുവേണ്ടിയാണെന്നും സമരക്കാര്‍ പറഞ്ഞു.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ എസ്‌മയടക്കമുള്ള കരിനിയമങ്ങളും നടപ്പാക്കിയേക്കും. സമരത്തില്‍ പങ്കെടുക്കുന്നവരെ അറസ്‌റ്റ് ചെയ്‌താല്‍ ജാമ്യത്തിലെടുക്കാന്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ സംഘടനാ ഭാരവാഹികള്‍ ശേഖരിച്ചുകഴിഞ്ഞു. സമരത്തെ സഹായിക്കാന്‍ പ്രാദേശിക നിയമസഹായ സമിതികളും സമരസഹായ സമിതികളും രൂപീകരിച്ചു. ഇടതുപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്.
സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സ്വകാര്യ ബസ് ഉടമകള്‍ക്ക് ഒത്താശചെയ്‌ത് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നെന്ന് ആരോപിച്ചുമാണ് നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ ഏകദിന പണിമുടക്കു നടത്തുന്നത്. സ്വകാര്യ ബസ് ജീവനക്കാരുടേയും സര്‍ക്കാര്‍ ജീവനക്കാരുടേയും സമരങ്ങള്‍ അനിശ്‌ചിതമായി നീളുമ്പോള്‍ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ഭാഗികമായി സ്‌തംഭിക്കും. സാധാരണക്കാര്‍ക്കു ലഭിക്കേണ്ട സേവനങ്ങളും തടസപ്പെടും. മലപ്പുറത്തു നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തേയും സമരം ബാധിച്ചേക്കും. സംസ്‌ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവയ്‌ക്കണമെന്ന് അധ്യാപക സര്‍വീസ് സംഘടന സമരസമിതി ആവശ്യപ്പെട്ടു.
കൊച്ചി: കൂലി വര്‍ധന ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജനവരി 7 മുതല്‍ ബസ് ജീവനക്കാര്‍ സംസ്ഥാന തലത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഞായറാഴ്ച അര്‍ധരാത്രി പണിമുടക്ക് ആരംഭിക്കും.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു,എച്ച്. എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി എന്നീ സംഘടനകളാണ് പണിമുടക്കിലുള്ളത്.
ഡിസംബര്‍ 29 മുതല്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക്, ചര്‍ച്ചയ്ക്കും മന്ത്രിയുടെ ഇടപെടലിനുമായാണ് ജനവരി 7 ലേക്ക് മാറ്റിയത്. എന്നാല്‍ ശനിയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടു.
അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം ഉടമകളുടെ പിടിവാശി മൂലം പരാജയപ്പെട്ടിരിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് 6ന് അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുന്നതെന്നും സമിതി വ്യക്തമാക്കി.
No comments:
Post a Comment