Sunday, 6 January 2013

[www.keralites.net] ഇങ്ങനെയും ഒരു പ്രണയം

 

ഇങ്ങനെയും ഒരു പ്രണയം

Fun & Info @ Keralites.net

പ്രേമത്തിന്‌ കണ്ണില്ലെന്നാണ്‌. തുമ്മിയാലുടന്‍ വിവാഹമോചനം നേടുന്ന ഹൈടെക്ക്‌ യുഗത്തില്‍ പ്രണയത്തിനു മനസ്സുമില്ലെന്നായിട്ടുണ്ട്‌. എന്നാല്‍ മനസ്സുകൊണ്ടു പ്രണയിക്കുന്ന വിനോദും ഷിജിതയും തോല്‍പ്പിക്കുന്നത്‌ വിധിയെ മാത്രമല്ല, ആര്‍ദ്രത നഷ്‌ടമാവുന്ന സമൂഹത്തെത്തന്നെയാണ്‌.

ഇതൊരു കഥയല്ല, ജീവിതമാണ്‌. ഇങ്ങനെയൊരു ജീവിതമോ എന്ന്‌ ചോദിച്ചേക്കാം. അതെ ; ഇങ്ങനെയും ചിലര്‍ ജീവിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയേ...ഈ ജീവിതത്തിലെ രണ്ട്‌ കഥാപാത്രങ്ങളെ ആദ്യം പരിചയപ്പെടാം. വിനോദ്‌, മലപ്പുറം വേങ്ങര സ്വദേശി. ഭാര്യ ഷിജിത, വിനോദിന്റെ നാട്ടുകാരി തന്നെ. ഡിസംബര്‍ 28ന്‌ ഇവരുടെ ദാമ്പത്യം ഒരു വയസ്‌ പിന്നിടും. ഇവര്‍ എങ്ങനെ ജീവിക്കുന്നു എന്നത്‌ എഴുതി ഫലിപ്പിക്കാന്‍ കഴിയുമോ എന്നറിയില്ല. കാരണം സങ്കീര്‍ണമായ ഒരുപാട്‌ ഇടവഴികളുള്ള ജീവിതപ്പാതയാണിവരുടേത്‌.

യാത്രയുടെ തുടക്കം

വേങ്ങരയ്‌ക്കടുത്താണെന്റെ നാട്‌, ഊരകം. അവിടെനിന്ന്‌ അല്‍പ്പംകൂടി പോയാല്‍ ഊളാപ്പീസ്‌ ആയി. അവിടെയൊരു വീട്ടിലായിരുന്നു എന്റെ ജനനം, വേലായുധന്റെയും ലീലയുടെയും നാലാമത്തെ പുത്രനായി. വീട്‌ പുലര്‍ത്താനുള്ള അച്‌ഛന്റെ കഷ്‌ടപ്പാടിനിെട ഒരു വളര്‍ത്തച്‌ഛനായിരുന്നു എന്നെ പാട്ടുപാടി ഉറക്കിയത്‌. അണ്ണാറക്കണ്ണനെ കാണിച്ചുതന്ന, കുയിലിനോടൊപ്പം കൂവാന്‍ പഠിപ്പിച്ചയാള്‍. കണ്ണിമാങ്ങാ ഉപ്പും കൂട്ടി കഴിച്ചാല്‍ രുചി കൂടുമെന്ന്‌ പറഞ്ഞുതന്നതും അദ്ദേഹമായിരുന്നു. അത്‌ മറ്റാരുമല്ല. എന്റെ ചേട്ടന്‍ തന്നെ, വേണു.അച്‌ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും വേണുച്ചേട്ടനില്‍നിന്നു കിട്ടിയപ്പോള്‍ എന്റെ ബാല്യം തികച്ചും സന്തുഷ്‌ടമായിരുന്നു. വീട്ടിലെ കഷ്‌ടപ്പാടിനിടയിലും അല്ലലില്ലാതെ ഞാന്‍ ജീവിച്ചതിന്‌ കാരണക്കാരനും ചേട്ടന്‍ തന്നെ.പക്ഷേ വാത്സല്യം ഇത്തിരി കൂടിപ്പോയോ? കാരണം പരീക്ഷാഫലങ്ങള്‍ തന്നെ. എങ്ങനെയൊക്കെ ഉഴപ്പാം എന്ന സംശയം തീരണമെങ്കില്‍ എന്നെ മാത്രം സമീപിച്ചാ ല്‍ മതിയായിരുന്നു. അങ്ങനെ പത്താംക്ലാസോടെ എന്റെ വിദ്യാഭ്യാസത്തിന്‌ പൂര്‍ണ്ണവിരാമമായി.
ജീവിതത്തിന്റെ നിര്‍ണായകപരീക്ഷ കയ്‌പുനീരായി മാറുന്ന ഏതൊരുവനെയും പോലെ പതിനാറാംവയസില്‍ ഞാനുമൊരു തൊഴിലന്വേഷിയായി. അലഞ്ഞതു മാത്രം മിച്ചം. ഒരു ജോലിയും ശരിയാകാതെ വീട്ടിലും നാട്ടിലും ഞാനൊരു ചോദ്യച്ചിഹ്നമായി. അലച്ചിലിനിടെ റോഡില്‍ക്കൂടി ചീറിപ്പായുന്ന വാഹനങ്ങളും അതിന്റെ വളയവും എന്നെ വല്ലാതങ്ങ്‌ ആകര്‍ഷിച്ചു. ഒട്ടും അമാന്തിച്ചില്ല. വളയം പിടിക്കാന്‍ ഞാനും പഠിച്ചു. പതിനെട്ടുതികഞ്ഞ അന്നുതന്നെ ഡ്രൈവിംഗ്‌ ലൈസന്‍ സും കരസ്‌ഥമാക്കി. അങ്ങനെ കാക്കിക്കുപ്പായത്തില്‍ എന്റെ ഔദ്യോഗികജീവിതത്തിന്‌ തുടക്കം കുറിച്ചു.

കൂടിക്കാഴ്‌ച


വളയമെനിക്ക്‌ നന്നായി വഴങ്ങിത്തുടങ്ങിയപ്പോള്‍ അലുമിനിയം നിര്‍മ്മാണക്കമ്പനിയില്‍ ഡ്രൈവറായി ജോലി ലഭിച്ചു. മോശമില്ലാത്ത വരുമാനം. ജീവിതത്തെപ്പറ്റി അത്യാവശ്യം സ്വപ്‌നം കാണാനൊക്കെ അതു ധാരാളമായിരുന്നു.
വാഹനമോടിച്ചുപോകുന്ന പതിവ്‌ വഴികളില്‍ ഒരു പാവാടക്കാരി എന്നെ ചെറുതായി ആകര്‍ഷിച്ചു തുടങ്ങി. സ്‌കൂളിലേക്ക്‌ പോവുകയും വരികയും ചെയ്യുന്ന പാവാടക്കാരിയുടെ സമയത്തിനനുസരിച്ച്‌ ഞാനും എന്റെ വാഹനവും സഞ്ചരിക്കാന്‍ തുടങ്ങി. വെറുമൊരു നോട്ടത്തില്‍ മാത്രം സംതൃപ്‌തനായിരുന്നില്ല ഞാന്‍.ആ അസംതൃപ്‌തി ഏറെ നീണ്ടുനിന്നില്ല. അമ്മയുടെ ഒരകന്ന ബന്ധുവാണ്‌ പെ ണ്‍കുട്ടി എന്നത്‌ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തിരിച്ചുകിട്ടാത്ത നോട്ടത്തില്‍ ഞാ ന്‍ ചെറിയതോതില്‍ നിരാശനായിരുന്നു. ഇതിനിടെ പാവാടക്കാരി വളര്‍ന്ന്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായി. നിരാശ പ്രതിഫലിച്ച എന്റെ മുഖം അവളില്‍ സങ്കടമുണ്ടാക്കിയിരിക്കാം. അവളും എനിക്ക്‌ ഇടയ്‌ക്കിടെ ഒരു നോട്ടം സമ്മാനിച്ചു. അത്‌ വളര്‍ന്ന്‌ പുഞ്ചിരിയായി. പുഞ്ചിരിയും വളര്‍ന്നപ്പോള്‍ ഷിജിത എന്ന പേര്‌ ഞാന്‍ മനസില്‍ കുറിച്ചിട്ടു. നോട്ടത്തിലും ചിരിയിലും ആ പ്രണയം ഒരുപാട്‌ വളര്‍ന്നു.

വിഷുപ്പുലരി സമ്മാനിച്ചത്‌


ഷിജിത എനിക്ക്‌ ജീവനായിരുന്നെങ്കില്‍ കൂട്ടുകാര്‍ എനിക്കെന്റെ ലോകമായിരുന്നു. ഒത്തുചേരലും തമാശകളും ഞങ്ങളുടെ യുവത്വത്തിന്‌ കൂടുതല്‍ പ്രസരിപ്പേകി. വിനോദയാത്രകളായിരുന്നു പലപ്പോഴും ഞങ്ങള്‍ കൂട്ടുകാരുടെ ബന്ധം ഊട്ടിയുറപ്പിച്ചത്‌. ഊട്ടിയിലെ കോടമഞ്ഞ്‌ ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു. ആ തണുപ്പിലൂടെ ഒഴുകിയിറങ്ങാന്‍ വല്ലാത്തൊരാവേശമായിരുന്നു. 2006-ലെ വിഷുപ്പുലരി. ഊട്ടിയാത്രയ്‌ക്കുള്ള തയാറെടുപ്പിലായിരുന്നു ഞങ്ങള്‍. എന്നാല്‍ അപ്രതീക്ഷിതമായ ഒരഭിപ്രായത്തില്‍ യാത്ര കൊച്ചിയിലേക്കായി.

എല്ലാ യാത്രയ്‌ക്ക് മുന്‍പും അഞ്ചുമിനിട്ട്‌ ഷിജിതയോട്‌ ഫോണില്‍ സംസാരിക്കാറുണ്ട്‌. അന്നതിനും കഴിഞ്ഞില്ല. ആടിപ്പാടിയുള്ള യാത്രയുടെ അവസാനം വീഗാലാന്‍ഡിലായിരുന്നു. ഓരോ അത്ഭുതങ്ങളിലും ചാടിത്തിമിര്‍ക്കുമ്പോഴും ഷിജിതയോട്‌ സംസാരിക്കാനാവാത്തതു മനസില്‍ നൊമ്പരമായി അവശേഷിച്ചു. കൂട്ടുകാര്‍ക്ക്‌ മുന്നില്‍ അതൊന്നും പ്രകടിപ്പിക്കാതെ എല്ലാ സന്തോഷത്തിലും ഞാന്‍ മുന്നിലുണ്ടായിരുന്നു.
ഇടയ്‌ക്കെപ്പെഴോ കണ്ണിലുടക്കിയ ദൃശ്യം മനസില്‍ ആവേശ കൊടുമുടി സൃഷ്‌ടിച്ചു. മുകളില്‍നിന്ന്‌ നോക്കിയപ്പോള്‍ നീലക്കടല്‍പോലെ തോന്നിച്ച ഒരു കുളം. ഒഴുകിയിറങ്ങാനുള്ള പാതയിലൂടെ അതിവേഗം താഴേക്കെത്താനുള്ള വെമ്പലായിരുന്നു പിന്നീട്‌. ശരീരത്തിന്റെ നടുഭാഗം ചെന്ന്‌ അതിശക്‌തമായി ഇടിച്ചത്‌ മാത്രം എനിക്കോര്‍മ്മയുണ്ട്‌. പിന്നെ എല്ലാം ഒരു മരവിപ്പായിരുന്നു. മരവിച്ച കാലുകള്‍കൊണ്ട്‌ എനിക്ക്‌ നടക്കാന്‍ കഴിയുമായിരുന്നില്ല. നാലുപേര്‍ എന്നെ താങ്ങിയെടുത്ത്‌ അവിടുത്തെ ഫസ്‌റ്റ് എയ്‌ഡ് സെന്ററില്‍ എത്തിച്ചു. അവിടുത്തെ മരുന്നുകള്‍ക്കോ ഉപകരണങ്ങള്‍ക്കോ എന്റെ ശരീരത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക്‌ ആംബുലന്‍സ്‌ കുതിച്ചു പാഞ്ഞു. രണ്ടുദിവസംകൊണ്ട്‌ അവര്‍ക്ക്‌ ബോധ്യമായി, എന്നില്‍ പ്രതീക്ഷയ്‌ക്ക് വകയുള്ള ഒന്നും അവശേഷിക്കുന്നില്ല എന്ന്‌. അടുത്തയാത്ര അമൃതയിലേക്ക്‌. അപ്പോഴേക്കും ശരീരം കോമ എന്ന അവസ്‌ഥയുമായി പൊരുത്തപ്പെട്ടിരുന്നു. വാര്‍ത്തകളില്‍നിന്ന്‌ ഷിജിതയും കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയിരുന്നു. മിനിറ്റുകള്‍ ഇടവിട്ട്‌ അവളുടെ കോളുകള്‍ ചേട്ടന്റെ മൊബൈലിലേക്ക്‌ വന്നുകൊണ്ടേയിരുന്നു. മറുപടി പറഞ്ഞ്‌ ചേട്ടനൊരിക്കലും മടുത്തില്ല. ചേട്ടനെക്കൊണ്ട്‌ പറ്റുന്നവിധത്തിലെല്ലാം അവളെ ആശ്വസിപ്പിച്ചു; സ്വന്തം സങ്കടം മനസില്‍ ഒതുക്കിവച്ചുകൊണ്ടുതന്നെ.ദിവസങ്ങള്‍ കടന്നു പോയി. എല്ലാ ട്രീറ്റ്‌മെന്റുകള്‍ക്കും അവസാനം ഡോക്‌ടര്‍ വിധിയെഴുതി. എന്റെ ശരീരം മുഴുവനായി തളര്‍ന്നിരിക്കുന്നു. റൂമിലേക്ക്‌ മാറ്റിയ ആദ്യ നാളുകളില്‍ കാണാന്‍ ഒരുപാട്‌ പേര്‍ വന്നു. പിന്നെ എല്ലാവര്‍ക്കും അവരവരുടെ കാര്യം. അന്നാദ്യമായി എനിക്ക്‌ എന്നോട്‌ വെറുപ്പു തോന്നി. എല്ലാവര്‍ക്കുമൊരു ഭാരമായി എന്തിനാണ്‌ ജീവിക്കുന്നതെന്ന്‌ തോന്നിത്തുടങ്ങി.
അക്കാലത്ത്‌ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌ ചേട്ടനായിരുന്നു. ചേട്ടനിലൂടെ അവളും. എന്നും രണ്ടും മൂന്നും പാവശ്യം അവള്‍ വിളിക്കും. പലപ്പോഴും എനിക്ക്‌ സംസാരിക്കാനാവില്ല എന്നു പറയുന്നതിനു പകരം പല ഒഴികഴിവുകളും പറഞ്ഞ്‌ ചേട്ടന്‍ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ അവള്‍ നിര്‍ബന്ധം പിടിച്ചു. അവസാനം എനിക്ക്‌ സംസാരിക്കാനാവില്ല എന്ന സത്യം ചേട്ടന്‍ അവളെ അറിയിച്ചു. കൂടെ എന്റെ കൃത്യമായ അവസ്‌ഥയും. പിന്നീടു വിളി ഉണ്ടാവില്ലെന്നാണ്‌ ഞാന്‍ കരുതിയത്‌. പക്ഷേ അതിനു ശേഷമാണ്‌ അവള്‍ ദിവസവുമുള്ള വിളി നാലും അഞ്ചും പ്രാവശ്യമായി കൂട്ടിയത്‌.
ഇതിനിടെ എന്നെ കാണണമെന്ന ആവശ്യവുമായി അവള്‍ അവളുടെ അമ്മായിയെ സമീപിച്ചു. അവളുടെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ കണ്ടിട്ട്‌ വന്ന്‌ വിവരം പറയാമെന്ന്‌ അറിയിച്ചു. എന്നെക്കാണാനെത്തിയ അവര്‍ ശരിക്കും ഞെട്ടി. എന്നെ കണ്ടു കഴിഞ്ഞപ്പോള്‍ അവര്‍ക്ക്‌ ഉള്ള പ്രതീക്ഷ കൂടി നശിച്ചു. എന്റെ പരിതാപകരമായ അവസ്‌ഥ അമ്മായി അവളെ പറഞ്ഞു കേള്‍പ്പിച്ചു. പക്ഷേ ഓരോന്നറിയുന്തോറും അവളെന്നെ കൂടുതല്‍ സനേഹിച്ചു തുടങ്ങി. അപ്പോഴേക്കും എന്നെ പെരിന്തല്‍മണ്ണയിലേക്കു മാറ്റിയിരുന്നു.

മരുന്നിന്റെ ഗുണമോ അവളുടെ പ്രാര്‍ത്ഥനയോ, എന്തായാലും ചികിത്സകള്‍ എനിക്കു ഫലപ്രദമായിത്തുടങ്ങി. ചെറിയ തോതില്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. ചേട്ടന്‍ ആ സന്തോഷത്തില്‍ കണ്ണു നിറച്ചപ്പോഴേക്കും അവളുടെ ഫോണ്‍ വന്നു. എന്നിലുണ്ടായ മാറ്റം കേട്ടപ്പോള്‍ തന്നെ സംസാരിക്കണമെന്ന്‌ അവള്‍ക്ക്‌ നിര്‍ബന്ധം. നിര്‍ബന്ധം ഏറെയായപ്പോള്‍ ചേട്ടന്‍ എന്റെ ചെവിയിലേക്ക്‌ ഫോണ്‍ വച്ചു തന്നു. മൂന്നരമാസത്തിനു ശേഷം അവളുടെ ശബ്‌ദം ഞാന്‍ കേട്ടു. ഒരു സപ്പോര്‍ട്ടില്ലാതെ മുന്നോട്ടുള്ള ജീവിതം ബുദ്ധിമുട്ടാണെന്ന്‌ ഞാനവളോട്‌ പറഞ്ഞു. കരച്ചിലാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. ഒന്നുമുണ്ടായില്ല. എല്ലാത്തിനും ഞാനുണ്ട്‌ എന്ന്‌ തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു അവളുടെ സംസാരം.
അകലെയാണെങ്കിലും അവളുടെ ശബ്‌ദം എനിക്ക്‌ ഏറെ ആശ്വാസം തരാന്‍ തുടങ്ങി. 19 വയസ്സുള്ള കുട്ടിക്ക്‌ പെട്ടെന്ന്‌ പക്വത വന്നതു പോലെയാണ്‌ എനിക്കു തോന്നിയത്‌. ദിവസവും നാലും അഞ്ചും തവണ അവളുടെ ഫോണ്‍ വരുന്നത്‌ മരുന്നിനെക്കാളേറെ എനിക്ക്‌ ആശ്വാസമായി. അതറിയിക്കാതെ, മറ്റൊരു ജീവിതം നോക്കണമെന്ന്‌ ഞാനും ചേട്ടനും അവളോട്‌ പലപ്പോഴും പറഞ്ഞു. അതു പറയുമ്പോള്‍ "പിന്നെ വിളിക്കാ"മെന്ന്‌ പറഞ്ഞ്‌ അവള്‍ ഫോണ്‍ കട്ടു ചെയ്യും. അഞ്ചു മിനിറ്റിനു ശേഷം പുതിയ വിശേഷങ്ങളുമായി വീ ണ്ടും വിളിക്കും. ദിവസങ്ങള്‍ കടന്നു പൊയി. ആശുപത്രിയിലാണെങ്കിലും വീട്ടിലാണെങ്കിലും ഒരുപോലെയായിരിക്കും എന്ന തിരിച്ചറിവവില്‍ ചേട്ടന്‍ ഡോക്‌ടറില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ വാങ്ങി. എന്റെ അവസ്‌ഥ കൂടുതലൊന്നും മെച്ചപ്പെട്ടില്ല. വീട്ടിലെല്ലാവരോടും വഴക്കിട്ട്‌ അവള്‍ ഇടയ്‌ക്കിടെ എന്നെ കാണാന്‍ വരും. ആ സമയത്ത്‌ എന്നില്‍ എന്തോ ഒരു ഉന്മേഷം വരും. അവള്‍ പോയ്‌ക്കഴിയുമ്പോള്‍ വീണ്ടും പഴയതു പോലെ തന്നെ. ഇതിനിടെ അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നു. സ്വഭാവികമായും അവള്‍ക്കും ആലോചനകള്‍ വന്നു തുടങ്ങി. ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ അവളത്‌ വേണ്ടെന്നു വയ്‌ക്കും. വിളിക്കുമ്പോള്‍ പലപ്പോഴും ഇക്കാര്യം പറയുമായിരുന്നു. കേള്‍ക്കുമ്പോള്‍ ഞാനും നിര്‍ബന്ധിക്കും. പക്ഷേ അവള്‍ അണുവിടെ മാറാന്‍ തയറായില്ല. ഓരോ തവണ പറയുമ്പോഴും അവള്‍ എന്നെ കൂടുതല്‍ സ്‌നേഹിക്കും. ആ സമയത്ത്‌ എനിക്ക്‌ ചങ്ങനാശ്ശേരിയിലുള്ള സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലില്‍ ഇന്‍ജക്ഷന്‍ തെറാപ്പി തുടങ്ങിയിരുന്നു. കട്ടിലില്‍ നിന്നു വീല്‍ചെയര്‍ വരെയെത്തിയത്‌ അങ്ങനെയാണ്‌. എന്നെ നോക്കാനുള്ളത്‌ കൊണ്ട്‌ ചേട്ടന്‍ പണിക്കു പോകുന്നില്ലായിരുന്നു. ഇതെല്ലാം അറിഞ്ഞിരുന്ന അവള്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട്‌ ഇനി വച്ചു താമസിപ്പിക്കാതെ കഴുത്തില്‍ ഒരു താലിച്ചരട്‌ കെട്ടണമെന്ന്‌ ആവശ്യപ്പെട്ടു. പിന്‍തിരിപ്പിക്കാനും ഒഴിവാക്കാനും വീട്ടിലുള്ളവരും ഒരുപാട്‌ ശ്രമിച്ചു. പക്ഷേ അവളുടെ തീരുമാനം ദൃഢമായിരുന്നു.

വീട്ടില്‍ എല്ലാവരോടും പറഞ്ഞ്‌, കഴുത്തില്‍ കിടന്ന മാല വരെ അമ്മയുടെ മുന്നില്‍ ഊരി വച്ച്‌ അവള്‍ വീട്ടില്‍ നിന്നിറങ്ങി. ഡിസംബര്‍ 28നു തൃപുരാന്തക ശിവക്ഷേത്രത്തില്‍ വച്ച്‌ അവളെ ഞാന്‍ താലി കെട്ടി. വിറച്ചു പോകുന്ന എന്റെ കൈകളെ താങ്ങിയത്‌ അവളാണ്‌. അതിനു ശേഷം അവള്‍ എനിക്കൊപ്പം ജീവിക്കാന്‍ തുടങ്ങ; എന്റെ എല്ലാമെല്ലാമായി. അവള്‍ വന്ന ശേഷമാണ്‌ ചേട്ടന്‍ ജോലിക്കു പോയിത്തുടങ്ങിയത്‌. കൈയ്‌ക്കും കാലിനും ചെറിയ തോതില്‍ ചലനം വച്ചു തുടങ്ങി. അവളാണ്‌ എനിക്കിന്ന്‌ കരുത്തും പ്രേരണയും. ഒരു നല്ല ജീവിതം മാറ്റിവച്ച്‌ എന്നെ എന്തിനു സ്വീകരിച്ചു എന്ന ചോദ്യത്തിന്‌ മറുപടിയായി അവളിന്നും നിഷ്‌കളങ്കമായി ചിരിക്കും. സ്‌കൂള്‍ യൂണിഫോമിട്ട്‌ എന്റെ മുന്നിലെത്തിയപ്പോള്‍ ചിരിച്ച അതേ ചിരി.
എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്ന ചോദ്യം അവളോട്‌ പലരും ചോദിക്കും. അതിനുള്ള മറുപടിയായി അവള്‍ പറയും "തീരുമാനം വൈകിപ്പോയി എന്ന വിഷമമേയുള്ളു" എന്ന്‌. അവളുടെ കരുത്തിലാണ്‌ ഞാനിന്ന്‌ ജീവിക്കുന്നത്‌. എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയാണ്‌ അവളെന്റെ ജീവിതത്തിലേക്ക്‌ വന്നത്‌. കടപ്പാടിന്റെ കണക്കില്‍ അവള്‍ക്കുള്ള സ്‌ഥാനം എന്താണെന്ന്‌ എനിക്കിന്നുമറിയില്ല. ഒരു പക്ഷേ എനിക്കു വേണ്ടി ദൈവം അയച്ചു തന്ന മാലാഖയാവും അവള്‍.

വിനോദ്‌ ഇപ്പോള്‍...


ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലിലെ ചികിത്സയിലാണ്‌ വിനോദ്‌ ഇപ്പോള്‍. ഏറെ ചെലവു വരുന്ന ഇന്‍ജക്ഷന്‍ തെറാപ്പിയിലൂടെയാണ്‌ വീല്‍ചെയറില്‍ ഇരിക്കാനെങ്കിലും വിനോദിന്‌ സാധിക്കുന്നത്‌. മാസത്തില്‍ ഒരു പ്രാവശ്യം മലപ്പുറത്തു നിന്നു ചങ്ങനാശ്ശേരിയില്‍ എത്തുന്ന വിനോദിന്റെ യാത്ര ചെലവും ചികിത്സാചെലവും താങ്ങാവുന്നതിലും അപ്പുറമാണ്‌. ഓട്ടോറിക്ഷാ ഡ്രൈവറായ ജേ്യഷ്‌ഠന്‍ വേണുവിന്റെ കാരുണ്യത്തിലാണ്‌ വിനോദിന്റെ ജീവിതം ഇന്ന്‌ മുന്നോട്ടു പോകുന്നത്‌. വിനോദിന്റെ വിശേഷങ്ങള്‍ നിങ്ങള്‍ക്കും ചോദിച്ചറിയാം

ഫോണ്‍: 9846235900

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment