കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നായി
തീയതി കഴിഞ്ഞു പോയ ഈ വിവാഹക്ഷണക്കത്തിന് എന്തു പ്രസക്‌തിയാണെന്നു ചോദിക്കാം. ചോദ്യം ശരിയാണെങ്കിലും ഉത്തരം ലളിതമാണ് ഇവിടെ വധുവിന്റെ പ്രായം മധുരപ്പതിനേഴല്ല, അറുപത്തിനാലാണ്. വരന്റെ പ്രായമാകട്ടെ എഴുപത്തിയാറും. അത്ഭുതപ്പെടാന്‍ വരട്ടെ, ഇവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് പ്രണയത്തിന്റെ കൊടുമുടി ചവിട്ടിക്കയറിയതു കൊണ്ടല്ല. പരസ്‌പരം മുന്‍പരിചയം പോലുമില്ലാത്ത ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത് ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞതു കൊണ്ടാണ്. ആ വേദനയ്‌ക്ക് കാരണക്കാരായവര്‍ ഇവരുടെ ഉറ്റവരും ഉടയവരും തന്നെയാണ്. ഈ ക്ഷണക്കത്തിനു പിന്നിലെ കഥകളറിയാന്‍ ഇവരുടെ ജീവിതത്തിലേക്ക് ആഴ്‌ന്നിറങ്ങി ചെല്ലണം.
കഥയിലെ നായിക
എന്റെ പേര് സുശീല. കൊല്ലം കരീക്കോടാണ് സ്വദേശം. അച്‌ഛനും അമ്മയും എന്നെയും അനിയനെയും വളര്‍ത്താന്‍ കഷ്‌ടപ്പെടുന്നതു കണ്ടാണ് ഞാനെന്റെ ചെറുപ്പം തള്ളിനീക്കിയത്. കഷ്‌ടപ്പാടിനകത്തു നിന്നു കൊണ്ടുതന്നെ ഞങ്ങളെ രണ്ടിനേയും കഴിയും വിധം പഠിപ്പിക്കാന്‍ അച്‌ഛനും അമ്മയും പരമാവധി ശ്രമിച്ചു. ചെറുപ്പം മുതല്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാനാണ് എന്റെ അനിയന്‍ ഇഷ്‌ടപ്പെട്ടത്.
കഷ്‌ടപ്പാടിനിടയ്‌ക്ക് അച്‌ഛനും അമ്മയ്‌ക്കും എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഒറ്റപ്പെടുമോയെന്ന പേടി അവരെ വല്ലാതെ അലട്ടിയിരുന്നു. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ എനിക്കൊരു കുടുംബം ആവശ്യമാണെന്ന് അവര്‍ ചിന്തിച്ചു തുടങ്ങി. മോശമല്ലാത്ത വിദ്യാര്‍ത്ഥിനിയായിരുന്നിട്ടും മികച്ച വിദ്യാര്‍ത്ഥിനിയാകാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. സ്വയം തൊഴിലായി എന്തെങ്കിലുമൊന്ന് പഠിക്കണമെന്നുള്ളത് കൊണ്ട് അമ്മ ബ്യൂട്ടീഷന്‍ കോഴ്‌സിന് ചേര്‍ത്തു. അവിചാരിതമായി അമ്മയ്‌ക്ക് മുന്നിലെത്തിയ ഒരു ചെറുപ്പക്കാരന്റെ ആലോചനയാണ് വിവാഹക്കരാറില്‍ ഞാന്‍ ഒപ്പു വയ്‌ക്കാന്‍ കാരണമായത്. ഒരു വിവാഹാലോചനയിലൂടെ എനിക്ക് ഒരുപാട് പ്ര?മോഷന്‍ കിട്ടി, കൂട്ടത്തില്‍ പുതിയൊരു വീടും. ആ വീട്ടിലേക്ക് പടി കയറിച്ചെല്ലുമ്പോള്‍ ഉള്ളില്‍ പരിഭ്രാന്തി ഉണ്ടായിരുന്നു. പക്ഷേ അമ്മ എന്നെ കൈ പിടിച്ച് ഏല്‍പ്പിച്ച ആ വ്യക്‌തി ഒരിക്കല്‍ പോലും എന്നെ വേദനിപ്പിച്ചില്ല.
പണം കൊണ്ട് മൂടിയില്ലെങ്കിലും സ്വസ്‌ഥതയും സമാധാനവുമുള്ള ഒരു ജീവിതം ഞാനറിഞ്ഞു തുടങ്ങി. കൊല്ലത്തു തന്നെയുള്ള ഒരു സ്വകാര്യ സ്‌ഥാപനത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ആ ദാമ്പത്യത്തില്‍ ഞാന്‍ രണ്ടു കുട്ടികള്‍ക്കും ജന്മം നല്‍കി.
ഞങ്ങളുടെ സ്വസ്‌ഥതയുള്ള ജീവിതം കണ്ട് ആര്‍ക്കാണ് കണ്ണു കടിച്ചതെന്നറിയില്ല. എന്നെ വിധവയാക്കി, ഒരു ഹൃദയസ്‌തംഭനത്തില്‍ അദ്ദേഹം എന്നില്‍ നിന്നകന്നു പോയി. അല്‌പനാളത്തെ സന്തോഷത്തിനു ശേഷം വീണ്ടും കഷ്‌ടപ്പാടിന്റെ നാളുകള്‍. കുട്ടികളുടെ വിദ്യാഭ്യാസമെന്നു വേണ്ട ഒരു നേരത്തെ അന്നം പോലും ബുദ്ധിമുട്ടായിത്തുടങ്ങി.
അങ്ങനെയാണ് ഞാന്‍ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിക്കു പോയിത്തുടങ്ങിയത്. അവിടുത്തെ ജോലി കാരണം എന്റെ കൈയിലെ തൊലി പൊട്ടി ഇളകിയിട്ടുണ്ട്. വേദന സഹിച്ച് വീണ്ടും ജോലിക്കു പോകും. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും മനസ്സില്‍ രണ്ടു കുട്ടികളുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശന്നു കരയുന്ന അവരുടെ മുഖം തളര്‍ന്നു പോകുന്ന എന്റെ മനസ്സിന് കരുത്ത് നല്‍കാന്‍ തുടങ്ങി.
കുട്ടികളെ പഠിപ്പിച്ച് ഒരു നിലയിലെത്തിച്ച് മറ്റാരുടെയും സഹായമില്ലാതെ ഒരു ജീവിതവും ഉണ്ടാക്കിക്കൊടുത്തു. മകളുടെ കല്യാണം നടക്കുന്ന സമയത്ത് മകന്‍ ഗള്‍ഫിലാണ്. അവനും ഒരു ജീവിതം ആവശ്യമാണെന്ന് മനസ്സിലാക്കിയപ്പോള്‍ സാധാരണ കുടുംബത്തില്‍ നിന്നും അവനും ഒരു പെണ്ണിനെ കണ്ടെത്തിക്കൊടുത്തു. മകന്റെ ജോലിയും ശമ്പളവും നാള്‍ക്കു നാള്‍ കൂടിക്കൂടി വന്നു. അതിനനുസരിച്ച് മരുമകളുടെ സ്വഭാവവും മാറിത്തുടങ്ങി. അവരെയാരേയും ബുദ്ധിമുട്ടിക്കാതെ എന്റെ ചെലവിനുള്ളത് ഞാന്‍ തന്നെ കഷ്‌ടപ്പെട്ട് കണ്ടെത്തുമായിരുന്നു.
ഇതിനിടെ എന്റെ മരുമകള്‍ക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം ഞാന്‍ കണ്ടുപിടിച്ചു. അതിനു ശേഷമാണ് ക്രൂരത തുടങ്ങിയത്. മകനെ വിവരമറിയിച്ചപ്പോള്‍ എന്നെ അവള്‍ വീട്ടില്‍ നിന്നു പുറത്താക്കി. ഭര്‍ത്താവ് മരിച്ച ശേഷം ഞാന്‍ എന്റെ അധ്വാനം കൊണ്ട് സമ്പാദിച്ച വീട്ടില്‍ നിന്നുമുള്ള എന്റെ ആദ്യത്തെ ഇറങ്ങിപ്പോക്ക്.
മകന്‍ നാട്ടിലെത്തിയ ശേഷം തിരിച്ചെത്തിയ എനിക്ക് അവന്റെ മറ്റൊരു മുഖമാണ് കാണാന്‍ കഴിഞ്ഞത്. പേപ്പട്ടിയെ തല്ലുന്നത് പോലെ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. അവള്‍ പറഞ്ഞു കൊടുത്ത കഥയിലെ വില്ലത്തി ഞാനായിരുന്നു. ഇത്രയും നാള്‍ മരുഭൂമിയിലെ ചൂടില്‍ നിന്ന് അവന്‍ അയച്ചു കൊടുത്ത സമ്പാദ്യം മുഴുവന്‍ നശിപ്പിച്ചത് ഞാനാണത്രേ. കുട്ടികളില്ലാത്ത കാരണം പറഞ്ഞ് എന്റെ മകളെ അപ്പോഴേക്കും ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ഉള്ളതെല്ലാം അവള്‍ക്ക് കൊടുത്തു എന്നാണ് മരുമകള്‍ പറഞ്ഞത്. മകന്‍ വിശ്വസിക്കുകയും ചെയ്‌തു. അതു തെളിയിക്കാന്‍ ബാങ്കിലെ കാലിയായ പാസ് ബുക്കും അവള്‍ കാണിച്ചു. വരദാനങ്ങളായി കിട്ടിയ എന്റെ കൊച്ചുമക്കളുടെ പേരില്‍ അവള്‍ സത്യം ചെയ്‌തപ്പോള്‍ അവന്റെ വിശ്വാസം ഇരട്ടിയായി. ഞാന്‍ പറയുന്നത് ആരു വിശ്വസിക്കാന്‍. എനിക്കു വേണ്ടി പറയാന്‍ ആരാണുള്ളത്?
മരിച്ചു പോയ ഭര്‍ത്താവിന്റെ വില ഞാനറിഞ്ഞ നിമിഷങ്ങള്‍. അന്ന് വീട്ടില്‍ നിന്നു വീണ്ടും അടിച്ചിറക്കി. മഴയും വെയിലും അസഹ്യമാകുമ്പോള്‍ കടത്തിണ്ണയും അമ്പലനടയുമായിരുന്നു ആശ്വാസം. കൂടെപ്പിറന്ന സഹോദരന്‍ പോലും എനിക്കു വേണ്ടി സംസാരിച്ചില്ല. എന്റെ പേരിലുള്ള പന്ത്രണ്ടര സെന്റ് അവന്റെ പേരിലെഴുതിയാല്‍
എനിക്കു വേണ്ടി സംസാരിക്കാമെന്നായിരുന്നു അവന്റെ വാദം. ആരുടെയൊക്കെയോ സഹായം കൊണ്ട് അമൃത ടി വി യുടെ കഥയല്ലിത് ജീവിതം എന്ന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. അതിന്റെ അവസാനം എന്നെ ഉപദ്രവിക്കരുതെന്നും സംരക്ഷിക്കണമെന്നും ഏല്‍പ്പിച്ചാണ് കൂടെ വിട്ടത്.
രണ്ടു വര്‍ഷം വലിയ കുഴപ്പമില്ലായിരുന്നു. അതിനു ശേഷം അവന്റെ പേരിലും മകളുടെ പേരിലുമായി വീതിച്ച സ്‌ഥലത്തെപ്പറ്റിയായിരുന്നു അടുത്ത വഴക്ക്. മകളുടെ പേരിലെഴുതിയ ആറര സെന്റ് കൂടി അവനു വേണമത്രേ. അതിന്റെ പേരില്‍ വീട്ടിനകത്ത് പൂട്ടിയിട്ട് ഉപദ്രവം തുടങ്ങി. ഭക്ഷണം തരാതെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ ദിവസങ്ങളോളം പൂട്ടിയിട്ടു. എന്നെ പറ്റി ചോദിക്കുന്നവരോടൊക്കെ, ഭ്രാന്തായതു കൊണ്ട് ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൂട്ടിയിട്ടിരിക്കുകയാണെന്ന് മകനും മരുമകളും മറുപടി പറഞ്ഞു. ഇതിനിടയിലെപ്പോഴോ എന്നെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി ഷോക്കടിപ്പിക്കാനും ശ്രമിച്ചു. അന്ന് എന്നെ രക്ഷിച്ചത് മരുകമളുടെ സഹോദരനാണ്. അവന്‍ മാത്രം എനിക്കു വേണ്ടി സംസാരിച്ചു.
അവിടെ നിന്നെന്നെ രക്ഷിച്ചത് കായംകുളത്തുള്ള ബാബു ഉമാശ്ശേരി എന്റെ അകന്ന ബന്ധുവാണ്. എന്റെ സങ്കടങ്ങള്‍ കേട്ടതു കൊണ്ടാവണം അവന്‍ എന്നെ കുറച്ചു നാള്‍ വീട്ടില്‍ നിര്‍ത്തി. ആ സമയത്ത് എന്റെ ജോലി പോകാതിരിക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റും തയാറാക്കിയത് ബാബുവാണ്. എന്നെ സുരക്ഷിതമായ ഒരു സ്‌ഥലത്ത് ഏല്‍പ്പിക്കണമെന്ന് ബാബുവിനു തോന്നി. അങ്ങനെയാണ് ഞാന്‍ പത്തനാപുരത്തു ഗാന്ധിഭവനിലേക്ക് എത്തുന്നത്. എന്നെ പറഞ്ഞു വിടുന്നതിലുള്ള സങ്കടം അവന്റെ മുഖത്തുണ്ടായിരുന്നു. എനിക്കു സമാധാനമായ ഒരു ജീവിതം ആവശ്യമാണെന്ന് അവനു തോന്നി. ഗാന്ധിഭവനിലേക്കുള്ള യാത്ര എന്റെ രണ്ടാം ജന്മമായിരുന്നു. എന്നെപ്പോലെ ഉറ്റവരും ഉടയവരും ഉപേക്ഷിച്ച ഒരുപാട് വ്യക്‌തികള്‍. അവരോട് സംസാരിച്ചപ്പോള്‍ ഞാനനുഭവിച്ചതൊന്നും ഒന്നുമല്ലെന്നു തോന്നി. എല്ലാം നഷ്‌ടപ്പെട്ട് പ്രതീക്ഷയ്‌ക്ക് ഒരു വകയുമില്ലാതെ ജീവിതത്തിനു മുന്നില്‍ പകച്ചു പോയവരാണധികവും. എല്ലാം അറിഞ്ഞും കേട്ടും കഴിഞ്ഞപ്പോള്‍ ഇങ്ങനെയുള്ള കുട്ടികള്‍ ഉണ്ടാവാത്തതാണു ഭാഗ്യമെന്നു തോന്നിപ്പോയി. എനിക്കാണെങ്കില്‍ ദൈവം സഹായിച്ച് എന്റെ ജോലികള്‍ ചെയ്യാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. അതിനു പോലും വയ്യാത്ത ഒരുപാട് പേര്‍ ഇവിടെ എന്നോടൊപ്പമുണ്ട്.
കഥയിലെ നായകന്‍
എന്റെ പേര് ഗോപിനാഥന്‍. ആലപ്പുഴയിലെ എന്റെ കുടുംബവീട്ടിലാണ് ഞാനെന്റെ ചെറുപ്പം മുഴുവന്‍ ചെലവഴിച്ചത്. അവിടെയുള്ള ആരോടു ചോദിച്ചാലും എടുത്തു പറയത്തക്ക കുടുംബമഹിമ ഞങ്ങളുടെ കുടുംബത്തിനുണ്ടായിരുന്നു. ഈഴവ സമുദായത്തില്‍ ആദ്യമായി ഗ്രാജ്വവേഷന്‍ നേടിയ വനിതയാണ് എന്റെ അമ്മ. അതുകൊണ്ട് മറ്റെന്തിനെക്കാളും വിദ്യാഭ്യാസത്തിന് വില കല്‍പ്പിക്കണമെന്നുള്ളത് അമ്മയുടെ നിര്‍ബന്ധമായിരുന്നു. ജന്മി കുടുംബമല്ലെങ്കില്‍ പോലും അമ്മയുടെ സ്വത്തു കൊണ്ട് എനിക്കു ശേഷമുള്ള പത്തു തലമുറയ്‌ക്കു കൂടി സുഖമായി ജീവിക്കാമായിരുന്നു. എന്റെ വിദ്യാഭ്യാസത്തിനു യാതൊരുവിധ നിബന്ധനകളും അമ്മ ഏര്‍പ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് ഇഷ്‌ടമുള്ള മേഖല തെരഞ്ഞെടുക്കാനുള്ള അവകാശം എനിക്കു തന്നിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാന്‍ തെരഞ്ഞെടുത്തത് എയറോണോട്ടിക്കല്‍ എന്‍ജിനീയറിംഗായിരുന്നു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഹിന്ദുസ്‌ഥാന്‍ എയറണോട്ടിക്കല്‍ ലിമിറ്റഡില്‍ പവര്‍ പ്ലാന്റില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്‌ടറായി ബാഗ്ലൂരില്‍ ജോലി കിട്ടി. എറ്റവുമധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്.
ഞാന്‍ എന്റെ അമ്മയുടെ മൂത്ത മകനായിരുന്നു. എനിക്കു ശേഷം നാലു സഹോദരങ്ങള്‍ക്ക് കൂടി അമ്മ ജന്മം നല്‍കി. അവര്‍ക്കെല്ലാം ഞാന്‍ ഏട്ടനെക്കാളേറെ അച്‌ഛനു തുല്യമായിരുന്നു. എനിക്കു ജോലി കിട്ടിയപ്പോള്‍ എന്നെക്കാളേറെ സന്തോഷിച്ചത് അവരായിരുന്നു. ആ സമയത്ത് ഞാന്‍ നാട്ടിലെത്തുന്നത് വളരെ ചുരുക്കമായിരുന്നു. എന്നിലെ എന്‍ജിനീയറുടെ കഴിവ് നന്നായി മനസ്സിലാക്കിയിട്ടാവണം എനിക്ക് ജോലിയില്‍ പ്ര?മോഷന്‍ കിട്ടി. ഓരോ അവധിക്കാലത്തും വീട്ടിലെത്തുമ്പോള്‍ അമ്മ എനിക്കു വേണ്ടി പെണ്ണന്വേഷിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഒരവധിക്കാലത്ത് ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ എന്നോട് ഒരു കുട്ടിയെ പറ്റി പറഞ്ഞു. എന്റെ മുറപ്പെണ്ണ് തന്നെയാണ് കക്ഷി. ഒരുമിച്ചു കളിച്ചു വളര്‍ന്ന അവളെപ്പോലെ ഒരാളെ നിനക്ക് വേറെ കിട്ടില്ല എന്ന് അമ്മ പറഞ്ഞു.
ഞാന്‍ ഒഴിയാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ കണ്ണു നിറഞ്ഞു. ഒരു കുടുംബത്തിന്റെ ദീര്‍ഘകാലമായുള്ള പ്രാര്‍ത്ഥനയാണ് അവളുടെ വിവാഹം. അവള്‍ക്ക് താഴെയുള്ള കുട്ടികള്‍ക്കും പ്രായമേറുന്നു. അമ്മയുടെ വിഷമം എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല ആ കുട്ടിയോട് എനിക്ക് പ്രത്യേകിച്ച് വെറുപ്പൊന്നുമില്ല. അങ്ങനെ എല്ലാവരുടേയും അനുഗ്രാശ്ശിസുകളോടെ ഞാന്‍ പ്രസന്ന എന്ന എന്റെ മുറപ്പെണ്ണിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. അമ്മയുടെ ഊഹം ശരിയായിരുന്നെന്ന് എനിക്കും തോന്നി. കുറച്ചു പ്രായമേറിയെങ്കിലും എനിക്കു കിട്ടിയ പങ്കാളി നല്ലതാണെന്ന് എനിക്കും തോന്നിത്തുടങ്ങി. എന്റെ ജോലിയുടെ സ്വഭാവം കാരണം നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. ആ സമയത്ത് പ്രസന്നയ്‌ക്കും ജോലിയുണ്ട്. സിംഗപ്പൂരിലേക്ക് എനിക്കു മാറ്റം കിട്ടിയപ്പോള്‍ അവളെയും കൂടെ കൂട്ടി;അധ്യാപികയായ അവള്‍ക്കും ജോലി തരപ്പെടുത്താമെന്ന വിശ്വാസത്തില്‍.
അവിടെ പ്രസന്നയ്‌ക്ക് ജോലി കിട്ടുക എളുപ്പമായിരുന്നില്ല. അതിനിടെ ഞാനൊരു അച്‌ഛനാകാന്‍ പോകുന്നു എന്ന സത്യവും ഞാനറിഞ്ഞു. അങ്ങനെ പ്രസന്ന വീണ്ടും നാട്ടിലെത്തി. കുഞ്ഞിന്റെ പഠനം കണക്കിലെടുത്ത് നാട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ഞാന്‍ ഇടയ്‌ക്കിടയ്‌ക്ക്
നാട്ടിലെത്തും. നാളുകള്‍ കടന്നു പോയി. അപ്പോഴേക്കും ഞാന്‍ മൂന്നു കുട്ടികളുടെ അച്‌ഛനായി. രണ്ട് പെണ്‍കുട്ടികളുടെയും ഒരാണ്‍കുട്ടിയുടെയും. ജോലിത്തിരക്കിനിെട കുടുംബജീവിതം നഷ്‌ടപ്പെടുമെന്ന തോന്നലുണ്ടായപ്പോള്‍ ജോലി രാജി വയ്‌ക്കാന്‍ ഞാന്‍ തീരുമാനിച്ചു.
നാട്ടിലെത്തിയ ഞാന്‍ കുറച്ചുകാലം ഒരു ജോലിയും ചെയ്‌തില്ല. ജീവിക്കാനുള്ള ചുറ്റുപാട് അമ്മ ഒരുക്കിത്തന്നിരുന്നു. എങ്കിലും വീട്ടിലിരുപ്പ് മടുപ്പായപ്പോള്‍ ഭാര്യയുടെ സഹോദരനൊപ്പം ബിസിനസ്സില്‍ കൂടാന്‍ ഞാന്‍ തീരുമാനിച്ചു. എറണാകുളത്തുള്ള അവന്റെ ഓഫീസിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. ബിസിനസ്സ് വളര്‍ന്നു. പല ശാഖകളായി. കേരളത്തിലെ പല ബ്രാഞ്ചിന്റെ ഉത്തരവാദിത്തം എനിക്കായി. വീട്ടില്‍ വന്നു പോകാമെന്നുള്ളതു കൊണ്ട് ആ ജോലി സന്തോഷത്തോടെ ഏറ്റെടുത്തു.
ഇടയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു വിവരം ഞാനറിഞ്ഞു. എന്റെ പേരില്‍ അമ്മ എഴുതിയ സ്‌ഥലം ഒരു മുസ്ലീമിന് വില്‍ക്കാനുള്ള തയാറെടുപ്പിലാണ് അളിയന്‍. അതിനു കൂട്ടായി എന്റെ ഭാര്യയും. ഞാനറിയാതെ ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ പ്രസന്ന കൂട്ടു നില്‍ക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. സംശയം തീര്‍ക്കാന്‍ അളിയനെ സമീപിച്ചപ്പോള്‍ കിട്ടിയ ഉത്തരം അതിലും വിചിത്രം. പണത്തിന്റെ കാര്യത്തിലുള്ള തര്‍ക്കം മാത്രമേയുള്ളൂ. ബാക്കിയെല്ലാം ഉറപ്പിച്ചത്രേ.
എന്റെ വസ്‌തു ഞാനറിയാതെ വില്‍ക്കാനൊരുങ്ങുന്നു. ആ അരിശത്തില്‍ എന്റെ ബന്ധുവായ ഒരു അമ്മായിക്ക് പണം പോലം വാങ്ങാതെ ഞാന്‍ ആ വസ്‌തു എഴുതിക്കൊടുക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം എടുത്തതിന്റെ അടുത്ത ആഴ്‌ച എന്റെ പേരിലൊരു രജിസ്‌റ്റേര്‍ഡ് കത്തു വന്നു. വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ എനിക്കയച്ച വക്കീല്‍ നോട്ടീസ്!
അവര്‍ ഒരുപാട് മുന്നോട്ടു ചിന്തിച്ചാണ് പ്രവര്‍ത്തിച്ചത്. എന്റെ കൂടെ ഒരു തരത്തിലും ജീവിക്കാന്‍ കഴിയില്ല, അതുകൊണ്ട് അവര്‍ക്ക് വിവാഹമോചനം വേണം. കേട്ട മാത്രയില്‍ സ്‌തംഭിച്ചിരുന്നെങ്കിലും ഞാന്‍ സമ്മതം മൂളി. കുട്ടികളെ പിരിയുന്ന വേദന ഉള്ളിലുണ്ടായിരുന്നെങ്കിലും രണ്ടു പെണ്‍കുട്ടികള്‍ക്ക് ഒരു ജീവിതമായതിനു ശേഷമാണല്ലോ ഇത് സംഭവിക്കുന്നത് എന്ന ആശ്വാസമുണ്ടായിരുന്നു. മ്യൂച്ചല്‍ ഡൈവോഴ്‌സിന്റെ പേപ്പറില്‍ ഒപ്പിട്ട് ഞങ്ങള്‍ രണ്ടായി. കാത്തു കാത്ത് ഞങ്ങള്‍ക്ക് കിട്ടിയ മകന്‍ ഈ സമയത്ത് ഒരു കേസില്‍ അകപ്പെട്ടതാണ് എന്നെ ഏറ്റവും തളര്‍ത്തിയത്. ദ് ഗ്രേറ്റ് ബാങ്ക് റോബറി എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രേരണ ഉള്‍ക്കൊണ്ട് അവനൊറ്റയ്‌ക്ക് പള്ളുരുത്തി ഫെഡറല്‍ ബാങ്കില്‍ നിന്നു രണ്ടരലക്ഷം രൂപ മോഷ്‌ടിച്ചു. അവനാണതു ചെയ്‌തതെന്ന് മനസ്സിലാക്കിയ നിമിഷം പ്രസന്ന അവനെ പോലീസിനു മുന്നില്‍ ഹാജരാക്കി. എന്റെ മനസ്സിനെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയ സംഭവമാണത്. ഒരുപക്ഷേ ഞങ്ങള്‍ വിവാഹമോചനം ചെയ്‌തതു വരെ അവന്റെ ഈ തെറ്റിന് കാരണമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നെ ഒറ്റയ്‌ക്കുള്ള ജീവിതമായിരുന്നു; ആരുമില്ലാതെ. ഒന്നുമില്ലാതെ. എങ്ങോട്ടെന്നില്ലാത്ത യാത്രകള്‍. ആ യാത്രകള്‍ എന്നെ അവസാനം എത്തിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. മാനസികപ്രയാസം കുറച്ചൊന്നു മാറാന്‍ വേണ്ടി എല്ലാ വര്‍ഷവും ശബരിമലയ്‌ക്ക് പോകുമായിരുന്നു. ആ യാത്രയ്‌ക്കിടയില്‍ കാലിനുണ്ടായ ഒരു മുറിവ് എന്നെ ആശുപത്രി കിടയ്‌ക്കയിലെത്തിച്ചു. നോക്കാനാളില്ലാത്തതിനാല്‍ അവിടെയുള്ള നഴ്‌സുമാരെ ആശ്രയിക്കാന്‍ തുടങ്ങി.
അവിടെ വച്ചാണ് ഞാന്‍ ഗാന്ധി ഭവനെക്കുറിച്ച് കേള്‍ക്കുന്നത്. ആരുമില്ലാത്ത ഒരുപാട് ജന്മങ്ങള്‍ക്ക് ആശ്രയമായ സ്‌ഥാപനം. ആരുമില്ലാത്ത ഈ അവസരത്തില്‍ എനിക്കു മുന്നില്‍ ദൈവം കാണിച്ച വഴിയാണ് ഗാന്ധിഭവനെന്ന് ഞാനുറപ്പിച്ചു. എന്റെ അവസ്‌ഥ കണ്ട ഒരു നഴ്‌സ് തന്ന പൈസയുമായി ഞാന്‍ ഗാന്ധിഭവനിലേക്ക് പോകാന്‍ തീരുമാനിച്ചു.
പത്തനാപുരത്തെത്തിയപ്പോള്‍ കൈയിലുള്ള ബാക്കി പൈസ തീര്‍ന്നു. ഓട്ടോ വിളിക്കാനുള്ള പണമില്ല. വയ്യാത്ത കാലും വച്ച് ഞാന്‍ അവിടെ നിന്നും നടന്നു. രാവിലെ പത്തു മണിക്ക് തുടങ്ങിയ നടപ്പ് തീര്‍ന്നപ്പോള്‍ ഉച്ചയ്‌ക്ക് രണ്ടു മണി കഴിഞ്ഞു. തളര്‍ന്ന് അവശനായ എന്നെക്കണ്ട് ഇവിടെയുള്ളവര്‍ അകത്തേക്കു ക്ഷണിച്ചു. ഒരു രാത്രി തങ്ങണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ ആരെങ്കിലും ശുപാര്‍ശ ചെയ്യുമോന്ന് ചോദിച്ചു. ആരുമില്ലാത്ത എനിക്കാരു ശുപാര്‍ശ ചെയ്യാന്‍. ഏതായാലും ദൈവദൂതനെപ്പോലെ വന്ന ഒരു ഫോണ്‍ കോളില്‍ എനിക്കുള്ള ശുപാര്‍ശയായിരുന്നു. ഫോണിന്റെ മറുതലയ്‌ക്കലെ ശബ്‌ദം വെള്ളാപ്പള്ളി നടേശന്റെതായിരുന്നു. എനിക്കിന്നുമറിയില്ല അദ്ദേഹം എന്തിനാണത് ചെയ്‌തതെന്ന്. ഒരുപക്ഷേ ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകുന്നതാവാം.
കഥയുടെ ബാക്കി
26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ഉപേക്ഷിച്ച് ആരുമില്ലാതെയായ ഗോപിനാഥന്‍ സാറിനും 23 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച് അനാഥയായ സുശീലാമ്മയ്‌ക്കും ഒരുമിച്ചൊരു ജീവിതം നല്‍കിയത് ഗാന്ധിഭവനിലുള്ളവരാണ്.
"ഞങ്ങള്‍ക്ക് ഇവര്‍ സ്വന്തം അച്‌ഛനും അമ്മയും പോലെയാണ്. മക്കളുപേക്ഷിച്ച് ആരുമില്ലാത്തവരായി ജീവിക്കുന്ന ഇവരെപ്പോലുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊന്ന് ചെയ്യാനായല്ലോ എന്ന സന്തോഷമുണ്ട്. ഇവരുടെ വിവാഹത്തിനു ശേഷം ബന്ധുക്കളെന്ന് പറയുന്ന പലരും വിളിച്ച് ദേഷ്യം അറിയിക്കാറുണ്ട്. അവരോട് ചോദിക്കാന്‍ ഒറ്റ ചോദ്യം മാത്രമേയുള്ളൂ. ആരുമില്ലാതെ കടത്തിണ്ണയും വഴിയോരവും അമ്പലനടയുമൊക്കെയായി ഇവര്‍ അലഞ്ഞു തിരിഞ്ഞപ്പോള്‍ ഈ ബന്ധുക്കള്‍ എവിടെയായിരുന്നു." ചോദ്യം ചെയ്‌ത പലരോടുമുള്ള അമര്‍ഷം ജോയിന്റ് സെക്രട്ടറിയായ ഭുവനചന്ദ്രന്റെ വാക്കുകളില്‍ പ്രകടമാണ്.
"ഒറ്റപ്പെടലിന്റെ വേദന തിരിച്ചറിഞ്ഞതു കൊണ്ടാവാം ഇവിടെയുള്ളവര്‍ പരസ്‌പരം സ്‌നേഹത്തോടെ ജീവിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. ഈ മതില്‍ക്കെട്ടിനുള്ളിലെ അന്തേവാസികള്‍ തമ്മില്‍ ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല. അപ്രതീക്ഷിതമായി ഒരു ദിവസം എന്നെ വിളിച്ച് "ഇനിയൊരു വിവാഹജീവിതത്തിന് താത്‌പര്യമുണ്ടോ?"എന്ന് ചോദിച്ചു. തമാശയാണെന്നുള്ള രീതിയില്‍ ഞാന്‍ സമ്മതം മൂളി. പക്ഷേ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവര്‍ എനിക്കു വേണ്ടി തെരഞ്ഞെടുത്തത് സുശീലാമ്മയെയാണ്. "എതിര്‍പ്പുണ്ടോ?" എന്ന ചോദ്യം കേട്ടപ്പോള്‍ ശരിക്കും ഞെട്ടി. ഉത്തരം ആലോചിച്ച് പറഞ്ഞാല്‍ മതിയെന്നായിരുന്നു സോമരാജന്‍ സാറിന്റെ അഭിപ്രായം. ഇതേ ചോദ്യം സുശീലാമ്മയോടും ചോദിച്ചിരുന്നു." ഗോപിനാഥന്‍ വിവാഹം കഴിക്കാനുണ്ടായ സാഹചര്യം തന്റെ വാക്കുകളില്‍ കൂടി അറിയിക്കുന്നു.
"ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്. ഞങ്ങളെ ആര്‍ക്കും വേണ്ട. വളര്‍ത്തി വലുതാക്കിയ മക്കള്‍ക്കും വേണ്ട. ഞാന്‍ കാരണം ഒരാള്‍ക്ക് ഈ സമയത്ത് ഒരു തുണയാകുമെങ്കില്‍ എന്തിന് എതിര്‍ക്കണം. അങ്ങനെയാണ് ഞാന്‍ സമ്മതം മൂളിയത്.
ഈ പ്രായത്തില്‍ ഒരു വിവാഹജീവിതം ആഗ്രഹിച്ചത് കൊണ്ടൊന്നുമല്ല ഞാനും സമ്മതം പറഞ്ഞത്. എല്ലാവരും പറയുന്നതു കേട്ടപ്പോള്‍ ശരിയാണെന്നു തോന്നി. എനിക്കു വേണ്ടി ചോദിക്കാനും പറയാനും ആളില്ലാത്തതു കൊണ്ടാണല്ലോ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടുന്നത്. പക്ഷേ ഈ കല്യാണത്തിനു ശേഷം പലരും പറഞ്ഞത് ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നാണ്. എന്റെ മകളുടെ നാലാമത്തെ ഭര്‍ത്താവും (എത്രാമത്തെയാണെന്ന് കൃത്യമായി അറിയില്ല) മകനും വിളിച്ച് ദേഷ്യപ്പെട്ടു. അവര്‍ക്ക് നാണക്കേടായത്രേ. ഈ പ്രായത്തില്‍ അമ്മ കല്യാണം കഴിച്ചത് കാരണം അവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യത്രേ. എന്നെ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോഴും ആരുമില്ലാതെ വഴിയോരത്ത് കിടന്നപ്പോഴും ഇല്ലാത്ത ബന്ധമാണ് ഇപ്പോള്‍ അവര്‍ പൊടിതട്ടിയെടുക്കുന്നത്. മുകളിലിരിക്കുന്ന ദൈവത്തിനും ഈ സ്‌ഥാപനത്തിലെ അന്തേവാസികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും സത്യമറിയാം. എനിക്കതുമതി." കുത്തി നോവിക്കാനുള്ള അവസരം നോക്കി നടക്കുന്ന ബന്ധുക്കളെ ഓര്‍ത്തുള്ള സങ്കടം സുശീലാമ്മയുടെ വാക്കുകളിലും പ്രകടമാണ്. ഇത് വരും തലമുറയ്‌ക്കൊരു പാഠമാണ്. വളര്‍ത്തി വലുതാക്കിയ അച്‌ഛനമ്മമാരെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്ന എല്ലാ മക്കളും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നാളെ വാര്‍ദ്ധക്യം ഇവര്‍ക്കു മുന്നിലും വന്നു ചേരും. അന്ന് ഗാന്ധിഭവനെപ്പോലെയുള്ള സ്‌ഥാപനങ്ങള്‍ ഇവരുടെ മക്കള്‍ ഇവര്‍ക്കു വേണ്ടി ഓര്‍മ്മയില്‍ സൂക്ഷിക്കില്ലെന്ന് എന്താണുറപ്പ് ?
--
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment