Tuesday, 1 January 2013

[www.keralites.net] വേണം, നമുക്ക് നല്ല നഗരങ്ങള്‍

 

വേണം, നമുക്ക് നല്ല നഗരങ്ങള്‍


സ്വാതന്ത്യാനന്തര ഇന്ത്യയില്‍ വ്യാവസായിക വിപ്ലവവും സ്വകാര്യമേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് നഗരവത്കരണത്തിന് ആക്കം കൂട്ടിയ പ്രധാനഘടകങ്ങള്‍. ഇന്ത്യയുടെ നഗരങ്ങളുടെ വളര്‍ച്ച വളരെ വേഗതയിലായിരുന്നു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷികമേഖലയുടെ പങ്ക് ക്രമേണ കുറഞ്ഞ് വരുകയും ആ സ്ഥാനം വ്യാവസായിക മേഖല ഏറ്റെടുക്കുകയും ചെയ്തു. 1901 ലെ സെന്‍സസ് അനുസരിച്ച് നഗരജനസംഖ്യ ആകെയുള്ളതിന്റെ 11.4 ശതമാനം ആയിരുന്നെങ്കില്‍ 2001-ല്‍ ഇത് 28.53 ശതമാനം ആയും 2011 ല്‍ 30 ശതമാനവും ആയും മാറി. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ വളര്‍ച്ചാ നിരക്ക് 2.07 ശതമാനമാണ്. നിലവില്‍ 30 കോടി ഇന്ത്യാക്കാര്‍ നഗരജീവികളാണ്. ഐക്യരാഷ്ട്രസഭയുടെ 2007 ലെ 'സ്‌റ്റേറ്റ് ഓഫ് ദ വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട്' പ്രകാരം 2030 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 40.76 ശതമാനം ആളുകളും നഗരങ്ങളിലായിരിക്കും താമസം.

ആയിരങ്ങളെ ആകര്‍ഷിക്കുന്ന നഗരം

ഇന്ത്യയില്‍ നഗരത്തിന്റെ വലി കൊണ്ടല്ല, മറിച്ച് ഗ്രാമത്തിന്റെ തള്ളല്‍ കൊണ്ടാണ് പ്രധാനമായും നഗരവത്കരണം നടന്നത്. എന്നാല്‍ തൊഴില്‍ തേടി ഗ്രാമങ്ങളില്‍ നിന്ന് വരുന്ന ജനലക്ഷങ്ങളെ ഒരിക്കല്‍ വാസമുറപ്പിച്ചാല്‍ പിന്നൊരിക്കലും വിട്ടുപിരിയാന്‍ വിടാതെ നഗരം ആകര്‍ഷിച്ചു നിര്‍ത്തുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും ഗ്രാമം നല്‍കുന്നതിനേക്കാള്‍ നല്ല ജീവിതം നഗരം നല്‍കുന്നു. നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയില്‍ നിലകൊള്ളുന്ന ഗ്രാമസാമൂഹ്യവ്യവസ്ഥിതിയില്‍ വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകള്‍ ഇപ്പോഴും ശോചനീയമാണെന്നതും ഒട്ടും ഉത്പാദനപരം അല്ലാത്ത ഗ്രാമീണതൊഴില്‍ രംഗവും നഗരത്തില്‍ തന്നെ വാസമുറപ്പിക്കാന്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളാണ്. ക്യഷിഭൂമി വിറ്റ് നഗരത്തില്‍ താമസമാക്കുന്ന ഗ്രാമീണന്റെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെടുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത. ഫാക്ടറിയിലോ മറ്റോ ജോലി നേടുന്ന അവന്റെ വരുമാനവുംക്രയശേഷിയും വര്‍ദ്ധിക്കുന്നു . പുറകെ ജീവിതനിലവാരവും ഉയരുന്നു, താന്‍ ജീവിച്ച ഗ്രാമത്തിന് ഒരിക്കലും നല്‍കാന്‍ കഴിയാത്തവണ്ണം.

നഗരവത്കരണം ഒരു ശാപമോ?

നഗരവത്കരണം എന്നത് ഗര്‍ഹണീയമായ ഒരു സംഗതിയാണെന്ന കാഴ്ച്ചപ്പാട് ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. നഗരവത്കരണം ഒരു ശാപമല്ല, മറിച്ച് ഗുണം തന്നെയാണ് സമൂഹത്തിനു നല്‍കുന്നത്. അത് സാമൂഹ്യഘടനയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു, വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുന്നു, ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കുപോലും വര്‍ധിച്ച സാമ്പത്തികഅവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്നു. പൊതുവേ, വികസനപ്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് നഗരങ്ങളുടെ വളര്‍ച്ച. കൂടുതല്‍ തൊഴില്‍സാധ്യതകളും സാമ്പത്തികനേട്ടവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ജീവിതനിലവാരവും പ്രദാനം ചെയ്യാന്‍ അവസരമൊരുക്കും എന്നതിനാല്‍ നഗര ജനസംഖ്യയില്‍ വേഗത്തിലുള്ള വര്‍ധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ നഗരങ്ങളിലേക്കു പ്രവഹിക്കുന്നത് നഗരങ്ങള്‍ മെച്ചപ്പെട്ട സാമ്പത്തികസാധ്യതകളും സാമൂഹ്യഉയര്‍ച്ചയും വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ്.

വികസിത രാഷ്ട്രങ്ങളിലെല്ലാംതന്നെ നഗരങ്ങള്‍ വികസനപ്രക്രിയയുടെ വിജയത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിജയപ്രദമായ നഗരങ്ങള്‍ ആസൂത്രണ തത്ത്വങ്ങളുടെയും തന്ത്രങ്ങളുടെയും വിജയമാണ് കാണിക്കുക. മറിച്ച് നഗരങ്ങളുടെ പരാജയവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിയമരാഹിത്യവും പരിസ്ഥിതിവിനാശവും തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തികത്തകര്‍ച്ചയുമെല്ലാം ആസൂത്രണത്തിലുണ്ടായ ദൌര്‍ബല്യങ്ങളിലേക്കും വ്യവസ്ഥിതിയിലെ പരസ്പരവൈരുധ്യങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളായും മാറുന്നു.

വളര്‍ന്നു വരുന്ന വന്‍നഗരങ്ങള്‍

വ്യാവസായിക വിപ്ലവത്തിന്റെ പുത്തന്‍ ലോകത്തിലേക്ക് കാലെടുത്ത് വെച്ച ഇന്ത്യയില്‍ നാല്പതുകളില്‍ വളര്‍ച്ച പ്രാപിച്ച മെട്രോ നഗരങ്ങള്‍ മുംബൈ, കൊല്‍ക്കൊത്ത, ഡല്‍ഹി, ചെന്നൈ, ബാംഗളൂര്‍, ഹൈദരാബാദ് എന്നിവയായിരുന്നു. വ്യാവസായിക യുഗത്തിന്റെ സംഭാവനകളായ പുതിയ ജീവിതസൌകര്യങ്ങള്‍ ഈ നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തി. ആദ്യകാല ഇന്ത്യ വിഭാവനം ചെയ്ത മിശ്രസമ്പദ്ഘടനയുടെ സാന്നിദ്ധ്യം മൂലം സ്വകാര്യമേഖലയ്‌ക്കൊപ്പം പൊതുഗതാഗതം, ജലവിതരണം, വൈദ്യുതി, ഭവനനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ പൊതുമേഖലയും വളര്‍ച്ച പ്രാപിച്ചു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് കുടിയേറുന്ന ആളുകളെയും ഉള്‍ക്കൊള്ളേണ്ടിയിരുന്നു ഈ നഗരങ്ങള്‍ക്ക്.

ഇന്ത്യയിലെ നഗരവത്കരണം വികസിതരാജ്യങ്ങളിലേതില്‍ നിന്ന് ഒട്ടേറെ വ്യത്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണമായ തോതിലുള്ള വ്യവസായവത്കരണത്തിന്റെയും ഉറച്ച സാമ്പത്തിക അടിത്തറയുടെയും അഭാവം ഇതില്‍ പ്രധാനപ്പെട്ടതാണ്. ജനസംഖ്യാവിസ്‌ഫോടനത്തിന്റെയും ദാരിദ്യം മൂലം ഗ്രാമത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെയും ഫലമായ ജനസംഖ്യാവര്‍ദ്ധന, പെട്ടെന്നുള്ള നഗരവത്കരണത്തിന്റെ സ്യഷ്ടിയായ ചേരികള്‍, ഇവയൊക്കെ മൂലമുള്ള നഗരജീവിത നിലവാരത്തിന്റെ തകര്‍ച്ച എന്നിവയും ഉള്‍ക്കൊള്ളുന്നു ഈ വ്യത്യാസങ്ങള്‍.

തൊണ്ണൂറുകള്‍ മുതല്‍ സാമ്പത്തികനയങ്ങളിലുണ്ടായ കാതലായ മാറ്റങ്ങള്‍ പിന്നെയും കുറേ കൂടി വന്‍നഗരങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു, ഇന്ത്യയില്‍. 77 ലക്ഷം ജനസംഖ്യയുള്ള ഹൈദരാബാദ് മുതല്‍ 1.84 കോടി ജനസംഖ്യയുള്ള മുംബൈ വരെയുള്ള ആദ്യകാല 6 വന്‍നഗരങ്ങള്‍ക്ക് പുറമെ 19 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ഭോപ്പാല്‍ മുതല്‍ 62 ലക്ഷം എത്തിനില്‍ക്കുന്ന അഹമ്മദാബാദ് വരെയുള്ള 14 വന്‍നഗരങ്ങളാണ് വളര്‍ച്ച പ്രാപിച്ച് വരുന്നത്. കൂടാതെ ഒട്ടേറെ പട്ടണങ്ങള്‍ നഗരങ്ങളായി മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയും ചെയ്യുന്നു . അഹമ്മദാബാദില്‍ തുടങ്ങി മുംബൈ കടന്ന് തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന രാജ്യത്തിന്റെ പശ്ചിമതീരം മുഴുവന്‍ തന്നെ ഒരു വന്‍നഗരമായി വളര്‍ന്നു വരികയാണ്. വരുന്ന 2 ദശകത്തിനുള്ളില്‍ ന്യൂയോര്‍ക്കിനേക്കാള്‍ വലിയതായ 6 മഹാനഗരങ്ങള്‍ ഉണ്ടാകും ഇന്ത്യയില്‍ എന്ന് പ്രവചിക്കപ്പെടുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റിന്റെ പഠനം അനുസരിച്ച് ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 16 ശതമാനം ജീവിക്കുന്ന 100 വലിയ നഗരങ്ങള്‍ എല്ലാം കൂടി നല്‍കുന്നത് ദേശീയ വരുമാനത്തിന്റെ 43 ശതമാനം ആണ്. നഗരങ്ങളിലെ ചേരിനിവാസികള്‍ പോലും കൂടുതല്‍ പ്രൊഡക്ടീവ് ആയ നിര്‍മ്മാതാക്കളും കച്ചവടക്കാരുമാണ്.

എന്നാല്‍ ഈ നഗവത്കരണം ഒരിക്കലും ശരിയായ വിധം ആസൂത്രണം ചെയ്തതായിരുന്നില്ല, ആരംഭകാലം മുതല്‍ക്കു തന്നെ. വന്‍ നഗരങ്ങള്‍ അവയ്ക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്തത്ര വലിയ ജനസംഖ്യയെ കുറഞ്ഞ കാലം കൊണ്ട് ഉള്‍ക്കൊള്ളേണ്ടി വന്നു. ഇതു മൂലം ജനങ്ങള്‍ക്ക് അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെയും പോകുന്നു. ഇതു മൂലം ഇന്ത്യയിലെ നഗരവത്കരണത്തെ സ്യൂഡോ അര്‍ബനൈസേഷന്‍' എന്ന് വിശേഷിപ്പിക്കാറുണ്ട്.

നഗരാസൂത്രണം എന്നാല്‍

മെച്ചപ്പെട്ട ജീവിതസൗകര്യം പ്രദാനം ചെയ്യത്തക്ക രീതിയില്‍ നഗരഘടകങ്ങളുടെ ക്രമീകരണം മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന പ്രക്രിയയായ നഗരാസൂത്രണം എന്നത് ഇന്ത്യന്‍ നഗരങ്ങളുടെ കാര്യത്തില്‍ ഇല്ലാത്ത ഒരു സംഗതിയാണ്. നഗരത്തിലെ ആവാസകേന്ദ്രങ്ങള്‍, സേവനകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, വ്യാപാരവ്യവസായ കേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഗതാഗതസൗകര്യങ്ങള്‍, കൃഷിസ്ഥലങ്ങള്‍, ചുറ്റുപാടുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ശരിയായ വിധത്തില്‍ ചിട്ടപ്പെടുത്തി, മനോഹരവും സൗകര്യപ്രദവുമായി, ചുരുങ്ങിയ ചെലവില്‍ മികവുറ്റതാക്കിയെടുക്കുന്ന ആസൂത്രണ പ്രക്രിയയാണ് നഗരാസൂത്രണം. ഈ കാഴ്ചപ്പാട് അനുസരിച്ച് നോക്കിയാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം നഗരങ്ങളും നഗരാസൂത്രണം എന്ന വ്യവസ്ഥയ്ക്കകത്ത് നില്‍ക്കുന്നില്ല എന്ന് കാണാം.

മികച്ച രീതിയിലുള്ള നഗരാസൂത്രണത്തിന്റെ ഇന്ത്യയിലെ അപൂര്‍വ ഉദാഹരണങ്ങളില്‍ ഒന്നാണ് ചണ്ഡിഗഡ്. പ്രശസ്ത ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ആയ ലെ കൊര്‍ബസിയേ, ഇംഗ്‌ളീഷുകാരായ ജെയിന്‍ ഡ്രൂ, മാക്‌സ്വെല്‍ െ്രെഫ , സംസ്ഥാന ചീഫ് എഞ്ചിനീയര്‍ പി.എല്‍. വര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഈ നഗരം ആസൂത്രണം ചെയ്തത്. 5,00,000 ജനങ്ങളെ ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യശരീരംപോലെ സുബന്ധിതമായാണ് ഈ നഗരം രൂപകല്പന ചെയ്തിട്ടുള്ളത്. സെക്രട്ടറിയറ്റ്, നിയമസഭ എന്നിവ തലയും തലച്ചോറും പോലെ വടക്കേ അറ്റത്തും വ്യവസായശാലകള്‍ കാലുകളെന്നപോലെ തെക്കേ അറ്റത്തും സിറ്റി സെന്റര്‍ ഹൃദയമെന്ന കണക്കെ നഗരമധ്യത്തിലുമാണ് നിര്‍മിച്ചിരിക്കുന്നത്. നഗരവുമായി ബന്ധപ്പെട്ട ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ വിവിധ വിനിമയ വ്യവസ്ഥകള്‍ ധമനികളും സിരകളുമെന്നപോലെ ഒരോ ഭാഗത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു. എന്നാല്‍ ചണ്ഡിഗഡിന്റേത് ഇന്ത്യന്‍ അവസ്ഥയില്‍ അത്ര എളുപ്പത്തിലൊന്നും മാത്യകയാക്കാന്‍ പറ്റാത്ത ഒന്നായി ഇന്നും നിലനില്‍ക്കുന്നു.

ആസൂത്രണം തൊട്ടുതീണ്ടാത്ത നഗരികള്‍
രാഷ്ട്രത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും പ്രദാനം ചെയ്യുന്ന നഗരങ്ങള്‍ക്ക് രാഷ്ട്രം എന്ത് തിരികെ നല്‍കുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടെത്തിക്കുക വളരെ ശോചനീയമായ ഒരു അവസ്ഥയിലേക്കാണ്. ആകെ ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരുന്ന ആളുകളെ ഉള്‍ക്കൊള്ളുന്ന നഗരങ്ങളുടെ വികസനത്തില്‍ സര്‍ക്കാര്‍ നല്‍കിയ 'ശ്രദ്ധ'യ്ക്ക് ഉദാഹരണം ഇന്നത്തെ അവയുടെ അവസ്ഥ തന്നെയാണ്. 'ഭവനനിര്‍മ്മാണം' എന്ന പരാജിതമേഖലയെ എടുത്തു കാട്ടും എല്ലാ നഗരങ്ങളുടെയും പാര്‍ശ്വങ്ങളില്‍ പരന്നു കിടക്കുന്ന ചേരികള്‍. ആസൂത്രിതമല്ലാത്ത നഗരവത്കരണത്തിന്റെ ശാപമാണ് ചേരികള്‍. ഗ്രാമങ്ങളില്‍ നിന്ന് ചേക്കേറുന്ന ദരിദ്രരും തൊഴില്‍രഹിതരും പുറമ്പോക്കുകളിലും മറ്റും ചെറ്റക്കുടിലുകള്‍ കെട്ടി തിങ്ങിപ്പാര്‍ക്കുകയും ക്രമേണ അത് ചേരിവത്കരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഏത് നഗരത്തിലെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജനത ആയിരിക്കും ഈ ചേരികളില്‍ വസിക്കുക.

ജലവിതരണം,ഗതാഗതം,വൈദ്യുതി തുടങ്ങിയ മേഖലകളില്‍ ശോചനീയമായ അവസ്ഥ തന്നെയാണ് തങ്ങള്‍ക്കാകാവുന്നതിലുമധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ഈ നഗരങ്ങള്‍ കാഴ്ച വെയ്ക്കുന്നത്. വളരുന്ന ഇന്ത്യയുടെ മുഖമായി ഭരണാധികാരികള്‍ പലപ്പോഴും എടുത്തു കാട്ടുന്ന ഈ നഗര ഇന്ത്യ മെഴുകുതിരി വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടിയുടെയും ഒറ്റമഴയ്ക്ക് മുങ്ങിപ്പോകുന്ന റോഡുകളുടെയും ഒരിക്കലും എത്തിച്ചേരാത്ത ബസ്സ് കാത്തു നില്‍ക്കുന്നവന്റെയും രാഷ്ട്രം കൂടിയാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈയില്‍ മഴ പെയ്താലുള്ള അവസ്ഥ ഓരോ ഇന്ത്യന്‍ നഗരത്തിന്റെയും പരിഛേദത്തെ കാഴ്ച വെയ്ക്കുന്നു.

പ്രതിസന്ധികള്‍ ഒട്ടേറെ

രാജ്യത്തിന്റെ 'തലസ്ഥാന'ങ്ങളായ ഈ നഗരങ്ങളില്‍ നല്ല ജീവിതവും മികച്ച സൌകര്യങ്ങളും നല്‍കാന്‍ കഴിയാത്ത പ്രതിസന്ധി തന്നെയാണ് ഇന്ത്യയിലെ നഗരവികസനം നേരിടുന്ന ഏറ്റവും കാതലായ പ്രശ്‌നം. ഒരു വശത്ത് വലിയ അംബരചുംബികള്‍ നിരന്തരം ഉയരുന്നു, മറുവശത്ത് എല്ലായ്‌പ്പോഴും ഇടുങ്ങിയ റോഡുകള്‍, നിറഞ്ഞ് കവിയുന്ന അഴുക്കുചാലുകള്‍, സര്‍വവ്യാപിയായ ട്രാഫിക് ജാം. ഈ നഗരങ്ങളുടെ യഥാര്‍ഥ ഭരണാധികാരികള്‍ റിയല്‍ എസ്‌റ്റേറ്റ് / ബില്‍ഡര്‍ മാഫിയയും അവരുടെ സഹായത്താല്‍ തഴച്ചു വളരുന്ന മത,ജാതി രാഷ്ട്രീയവും അധോലോകവുമാണ്. താറുമാറായ ക്രമസമാധാന വ്യവസ്ഥയാണെങ്കില്‍ പൌരന് സുരക്ഷ നല്‍കാന്‍ പര്യാപ്തമല്ലാതെ പരാജയപ്പെടുകയും ചെയ്യുന്നു. വളര്‍ന്നു വരുന്ന ദാരിദ്യം സാമൂഹ്യ സംഘര്‍ഷങ്ങള്‍ ത്വരിതപ്പെടുത്തുകയും കുറ്റക്യത്യങ്ങള്‍,മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വളമാകുകയും ചെയ്യുന്നു, നഗരങ്ങളില്‍.

ദാരിദ്യത്തിന്റെ കൈമാറ്റം

മുംബൈ,ചെന്നൈ,കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങള്‍ തങ്ങള്‍ക്ക് നല്‍കാനാവുന്ന തൊഴിലിന്റെ പരിധിയിലെത്തിയതായി 1997 ലെ ഒരു പഠനം വിലയിരുത്തുന്നു. ദാരിദ്യം, തൊഴിലില്ലായ്മ, ഭവനരാഹിത്യം, അടിസ്ഥാനമേഖലയിലെ പ്രതിസന്ധി എന്നിവ അവയെ ഗ്രസിച്ചു കഴിഞ്ഞു. തുടര്‍ന്നും നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഈ മഹാനഗരങ്ങളെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ നിന്നുള്ള നിരക്ഷരരായ പാവങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ച് ഉത്പാദനം നടത്തുന്ന നഗരത്തിനാവാതെ വരുന്നു. അങ്ങനെ ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള ദാരിദ്യത്തിന്റെ കൈമാറ്റം ആണ് യഥാര്‍ഥത്തില്‍ ഈ കുടിയേറ്റം നല്‍കുന്നത് എന്ന് വരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഗ്രാമജീവിതത്തില്‍ വരുത്തിയ മാറ്റത്തിനു സമാനമായ ഒന്ന് നഗരപ്രദേശങ്ങളിലേക്കും ഗവണ്മെന്റ് ആവിഷ്‌കരിച്ചെങ്കിലും അതിനു ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. അവിടെ 'തൊഴിലുറപ്പ്' വാഗ്ദാനം ചെയ്യാന്‍ പോലും ഭരണത്തിനാവുന്നില്ല.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റിന്റെ അഭിപ്രായത്തില്‍ 2031 ഓടെ ഇന്ത്യയ്ക്ക് അതിന്റെ നഗരങ്ങളുടെ മാനേജ്‌മെന്റിന് ആവശ്യമായ ഒരു ലക്ഷത്തിലധികം ടൌണ്‍ പ്ലാനര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ കുറവ് ഉണ്ടാകും. മുംബൈ എന്ന മഹാനഗരത്തിന്റെ മുഴുവന്‍ നഗരവികസനത്തിന് ഇപ്പോള്‍ മേല്‍നോട്ടം നല്‍കാന്‍ ഒറ്റ ഒരു ടൌണ്‍ പ്ലാനര്‍ മാത്രമേ ഉള്ളൂ എന്ന വിചിത്രമായ വസ്തുത മാത്രം മതി ഈ വിഷയത്തില്‍ ഭരണാധികാരികള്‍ പുലര്‍ത്തുന്ന ഉദാസീനത വ്യക്തമാകാന്‍.

ചുരുക്കത്തില്‍ നഗരവികസനം എന്ന വിഷയത്തില്‍ ഇന്ത്യ നേരിടുന്നത് വലിയ ഒരു ഘടനാപരമായ പ്രശ്‌നം തന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നു. രാഷ്ട്രത്തിന്റെ ജി.ഡി.പി യുടെ 80 ശതമാനം പ്രദാനം ചെയ്യുന്ന നഗരസമ്പദ് വ്യവസ്ഥ എന്ന സുപ്രധാന ഘടകം അതിന്റെ പ്രജകള്‍ക്ക് നല്‍കുന്നത് പ്രതിസന്ധികള്‍ തന്നെയാണ്. സാമ്പത്തിക വളര്‍ച്ചയുടെ അച്ചുതണ്ട് ഈ നഗരങ്ങളായിരിക്കെ തന്നെ ഇവ ഉള്‍ക്കൊള്ളുന്ന ആന്തരികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് രാഷ്ട്രത്തിന്റെ മുന്‍പില്‍ വലിയ വെല്ലുവിളി സ്യഷ്ടിക്കുകയും ചെയ്യുന്നു. നാല്‍പ്പത് ശതമാനം ആളുകളും ചേരികളില്‍ ആണ് കഴിയുന്നത് എന്നത് തന്നെ ഈ നഗരങ്ങള്‍ പേറുന്ന പ്രതിസന്ധികളുടെ സൂചന ആകുന്നു. പാര്‍പ്പിടം, പൊതുജനാരോഗ്യം, സാനിറ്റേഷന്‍ ,ശുദ്ധജലലഭ്യത,അന്തരീക്ഷ മലിനീകരണം, മാലിന്യസംസ്‌കരണം,ഗതാഗതം,ക്രമസമാധാനം എന്നീ മേഖലകളിലെല്ലാമാണ് വലിയ അസമത്വങ്ങളും പ്രശ്‌നങ്ങളും വളര്‍ന്നു നില്‍ക്കുന്നതെന്ന് ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

കേരളം വ്യത്യസ്തമാണോ?
കേരളത്തിലെ അഞ്ചു കോര്‍പ്പറേഷനുകളും 60 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേരുമ്പോള്‍ കേരളത്തിലെ ഭൂവിസ്തൃതിയുടെ 16 ശതമാനത്തോള വരും. എന്നാല്‍ ഈ നഗരങ്ങളിലാണ് ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. ഈ അമ്പതു ശതമാനം പേരുടെ ഉപജീവനമാര്‍ഗങ്ങളായ കൈത്തൊഴിലും കച്ചവടവും മറ്റ് തൊഴിലുകളുമാണ് കേരളത്തിന്റെ വരുമാനത്തിലെ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കുന്നത്. ഈ തോത് ഇന്ത്യന്‍ പൊതു അവസ്ഥയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ വലുതാണ്. കേരളം മൊത്തത്തില്‍ തന്നെ ഒറ്റ നഗരമായി പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഏതൊരാള്‍ക്കും ബോധ്യമാകത്തക്ക രീതിയിലാണ് ഇവിടത്തെ നഗരവത്കരണത്തിന്റെ ഗതിവേഗം. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നഗരജനസംഖ്യയില്‍ 88.2 ശതമാ!നം വര്‍ദ്ധന ഉണ്ടായതായി 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ 2021 ഓടെ 92 ശതമാനം കേരളീയരും നഗരജീവികള്‍ ആയി മാറും. ഇക്കാലയളവില്‍ വന്‍ തോതിലുള്ള നഗരവത്കരണം ആണുണ്ടായത്. എന്നാല്‍ ഇതിന് ആനുപാതികമായ ഭൗതിക സാമ്പത്തിക വികസനം സംസ്ഥാനത്തു പ്രകടമായിട്ടുമില്ല. മറിച്ച് ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ ക്യഷിയില്‍ നിന്നുള്ള വരുമാനം വെറും 11 ശതമാ!നം ആയി മാറിയിരിക്കുന്നു. ക്യഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഭൂരിപക്ഷം വരുന്ന ആളുകള്‍ക്കും അത് വരുമാനം നല്‍കാത്ത അവസ്ഥ.

നഗരാസൂത്രണത്തിലെ പ്രധാന ഘടകമായ പാര്‍പ്പിടനിര്‍മ്മാണത്തിനും പൊതു ഇടങ്ങളുടെ വികസനത്തിനും ആവശ്യമായ ഭൂമിയുടെ ലഭ്യതക്കുറവ് കേരളത്തിലെ ഒരു പ്രധാന പ്രശ്‌നമാണ്. ഉടമകള്‍ക്ക് യാതൊരു വരുമാനവും നല്‍കാത്തതും പാരിസ്ഥിതികമായ പ്രാധാന്യം ഇല്ലാത്തതുമായ തരിശുനിലങ്ങള്‍, ചതുപ്പുകള്‍ എന്നിവ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ ആണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. 2008 ലെ നെല്‍ക്യഷി തണ്ണീര്‍ തട സംരക്ഷണ നിയമത്തെ യാഥാര്‍ഥ്യബോധത്തോടെ പൊളിച്ചെഴുതേണ്ടതും അനിവാര്യമാണെന്ന് കരുതുന്നു ഒരു വിഭാഗം വിദഗ്ധര്‍.

കേരളത്തിലെ നഗരവത്കരണത്തിന്റെ പ്രധാന പ്രത്യേകതകളെ സമഗ്രമായി പഠിക്കുന്ന , നഗര ഗ്രാമാസൂത്രണവകുപ്പ് തയാറാക്കിയ പഠനം ആയ സ്‌റ്റേറ്റ് അര്‍ബനൈസേഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ നഗരവത്കരണത്തിന്റെ നേര്‍ചിത്രം നല്‍കുന്നുണ്ട്. സവിശേഷമായ ഭൂപ്രക്യതിയുള്ള കേരളത്തില്‍ രാജ്യത്തിലെ മറ്റ് നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രീകൃതമായ ഒരു നഗരപ്രദേശവും അതിനോടു ചുറ്റപ്പെട്ടുകിടക്കുന്ന ഗ്രാമപ്രദേശങ്ങളും എന്ന രീതിയിലല്ല നഗരവത്കരണം രൂപപ്പെട്ടത്. നഗരഗ്രാമ വ്യത്യാസമില്ലാതെ ഏറെക്കുറെ എല്ലായിടവും വ്യാപിച്ചിരിക്കുന്ന രീതിയിലാണു ഇവിടെ ജനവാസം. വാസയോഗ്യമായ പ്രദേശങ്ങള്‍ ഏറെക്കുറെ ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. നഗരങ്ങളില്‍ ജനസാന്ദ്രത കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം നാട്ടിന്‍പുറങ്ങളില്‍ താരതമ്യേന കൂടിയ ജനസാന്ദ്രതയാണുള്ളത്. ഈ അവസ്ഥ വലിയ വികസനത്തിനാവശ്യമായ സ്ഥലം ലഭിക്കുന്നതില്‍ തടസമാകുന്നു.

നഗരവത്കരണത്തിലെ മൂന്ന് ഘടകങ്ങളായ നഗരപ്രദേശത്തെ സ്വാഭാവിക ജനസംഖ്യാവര്‍ധനവ്, കുടിയേറ്റം മൂലമുണ്ടാകുന്ന വര്‍ധനവ്, ഗ്രാമീണമേഖലയെ നഗരം എന്ന ഗണത്തിലേക്കു കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന നഗരജനസംഖ്യാ വര്‍ധനവ് എന്നിവയില്‍ ആദ്യത്തെ രണ്ടും കേരളത്തിന്‍റെ സാഹചര്യത്തില്‍ നിര്‍ണായകമല്ലെന്നും ഗ്രാമപ്രദേശങ്ങളെ സെന്‍സസ് മാനദണ്ഡങ്ങളെത്തുടര്‍ന്നു നഗരം എന്ന ഗണത്തിലേക്ക് കൊണ്ടുവരുന്നതാണ് കേരളത്തിലെ നഗരവത്കരണത്തിന്‍റെ പ്രധാനകാരണമെന്നു റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിന്റെ നഗരവത്കരണത്തിന്റെ മുഖമുദ്ര തന്നെ ഇതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

200111 കാലയളവില്‍ ഏറ്റവും കൂടുതല്‍ നഗരവത്കരണം നടന്നത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ 1971 മുതലുള്ള കണക്കുകള്‍ പരിഗണിച്ചാല്‍ നഗരവത്കരണം കൂടുതലുണ്ടായത് കണ്ണൂര്‍ ജില്ലയിലാണ്. ഇത്തരത്തില്‍ വന്‍തോതില്‍ നഗരവത്കരണം ഉണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേതുപോലെ വലിയ നഗരങ്ങള്‍ക്ക് പകരം നഗരസമുച്ചയങ്ങളാണ് കേരളത്തിന്‍റെ നഗരവത്കരണത്തിന്റെ പ്രത്യേകത. ഇവിടത്തെ നഗരവത്കരണം പ്രധാനമായും നഗരവ്യാപനം മൂലമാണെന്നാണ് സ്‌റ്റേറ്റ് അര്‍ബനൈസേഷന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു. ആസൂത്രിതവും കേന്ദ്രീകൃതവുമായ ഇടപെടലുകളിലൂടെ നഗര, ഗ്രാമ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സംയോജിതവികസനത്തിന് ഊന്നല്‍ നല്‍കണം നമ്മുടെ ആസൂത്രണ പ്രക്രിയയില്‍.

നഗരവത്കരണത്തിന്റെ പരാധീനതകളായി മുന്‍പ് ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങളെല്ലാം തന്നെ കേരളത്തിനും ബാധകമാണ്. എങ്കിലും നഗരവത്കരണത്തില്‍ കേരളം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യസംസ്‌കരണം ആണ് . ഈ കൊച്ചു സംസ്ഥാനത്തിലെ ഏറ്റവും ഗൗരവതരമായ ആരോഗ്യ സാമൂഹ്യപ്രശ്‌നമായി മാലിന്യപ്രതിസന്ധി മാറിയിരിക്കുന്നു. മിക്ക നഗരങ്ങളിലും മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. അടുത്ത കാലത്ത് ഈ പ്രാദേശിക പ്രതിഷേധങ്ങള്‍ മൊത്തം ജനശ്രദ്ധയെ ആകര്‍ഷിക്കുകയുമുണ്ടായി. ഇത് മൂലം നഗര മാലിന്യം നഗരത്തിനുളളില്‍ തന്നെ കുഴിച്ചു മൂടുകയോ തീയിടുകയോ ചെയ്യേണ്ട അവസ്ഥയിലെത്തി നില്‍ക്കുന്നു. റോഡരുകിലും വിജനപ്രദേശങ്ങളിലുമെല്ലാം മാലിന്യം കുന്നുകൂടി മാരകമായ അനാരോഗ്യസാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തിലെ നഗരങ്ങള്‍ ഇത് വരെ തുടര്‍ന്ന് വന്നിരുന്ന കേന്ദ്രീക്യത മാലിന്യസംസ്‌കരണരീതിയ്ക്ക് കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. മാലിന്യം അതുണ്ടാകുന്ന സ്ഥലത്ത് വെച്ചു തന്നെ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ അവിടത്തന്നെ ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ച് സംസ്‌കരിച്ച് ഊര്‍ജ്ജമാക്കി മാറ്റുകയും അജൈവ മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്യുക എന്ന രീതിയാണ് പൊതുവെ നിര്‍ദ്ദേശിക്കപ്പെടുന്നത്. മാലിന്യ സംസ്‌കരണം എന്ന ചുമതല നഗരഭരണകൂടത്തിന്റെ ചുമലിലിടുന്ന നിലവിലെ രീതി ഇനി തുടരാനാവില്ല എന്ന് സാരം.

സുസ്ഥിര വികസന സമീപനം

എണ്‍പതുകളുടെ അവസാന ദശകത്തിലാണ് സുസ്ഥിര വികസനം എന്ന സങ്കല്പം നഗരാസൂത്രണത്തിലും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ സങ്കല്പത്തില്‍ നഗരം എന്നത് ക്രമമില്ലാതെ നീണ്ടു പരന്നു കിടക്കുന്ന ഒരു വ്യവസ്ഥയല്ല. കുറഞ്ഞ ജനസാന്ദ്രതയുള്ള, ചിതറിക്കിടക്കുന്ന നഗരങ്ങള്‍ക്ക് ഊര്‍ജസ്വലത ഉണ്ടാവില്ല. അതുകൊണ്ട് ഉയര്‍ന്ന സാന്ദ്രതയും ഒതുക്കവുമുള്ള, ദീര്‍ഘകാലം നിലനില്ക്കുന്ന നഗരങ്ങളാണ് സുസ്ഥിര നഗരവികസന പദ്ധതികളില്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. നിലവിലുള്ള രൂപരേഖകളും വികസനവും കൂടുതല്‍ സുസ്ഥിര നിലയിലേക്കു നയിക്കുന്നതിനുവേണ്ടി പലവിധ ക്രമീകരണങ്ങളും പ്രതിവിധികളും നിര്‍ദേശിക്കുകയും സുസ്ഥിര നഗരങ്ങള്‍ക്കുള്ള പല മാതൃകകളും അവതരിപ്പിക്കുകയുമുണ്ടായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

നഗരം എങ്ങനെ നന്നാകും?

ഇന്ത്യന്‍ നഗരങ്ങളിലെ പ്രതിസന്ധി അത്ര എളുപ്പമൊന്നും പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിംഗ് ഇതിനാവശ്യമുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. ഇപ്പോള്‍ തന്നെ വീര്‍പ്പുമുട്ടുന്ന വലിയ നഗരങ്ങളിലേക്കുള്ള കുടിയേറ്റം അവയ്ക്ക് ചുറ്റുമുള്ള ചെറുപട്ടണങ്ങളിലേക്ക് തിരിച്ച് വിടുകയും ചെറു പട്ടണങ്ങളുടെ വികാസത്തിനാവശ്യമായവ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുകയും വേണം. ആസൂത്രണം എന്നതിനു പരമപ്രാധാന്യം നല്‍കി വേണം ഭാവിയിലുള്ള നഗരവത്കരണം നടത്തേണ്ടത്. നിലവിലുള്ള വന്‍ നഗരങ്ങളുടെ സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. നഗരഗ്രാമ സമ്പത് വ്യവസ്ഥകളുടെ കൂട്ടിച്ചേര്‍ക്കല്‍ ആണ മറ്റൊരു പ്രധാനമേഖല. കാര്‍ഷികമേഖലയെ ആശ്രയിച്ചുള്ള വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കാവശ്യ്മായത് ചെയ്യുകയും നഗരത്തിനാവശ്യ്മായ അസംസ്‌ക്യത വസ്തുക്കള്‍ ഗ്രാമം ഉത്പാദിപ്പിച്ചു നല്‍കുന്നത് കൂടുതല്‍ ശക്തിപ്പെടുമ്പോള്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായി കുറയുകയും ചെയ്യും. ഇതിനെല്ലാമുപരി നഗരങ്ങളിലെ ചേരികളിലടിഞ്ഞിരിക്കുന്ന പാവപ്പെട്ടവരെ മാനുഷിക മുഖത്തോടെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നഗരം എന്നത് ജീവിതയോഗ്യമാവുകയുള്ളൂ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment