Monday, 12 November 2012

[www.keralites.net] ഒരുവശത്ത് സാമ്പത്തിക പരിഷ്‌ക്കരണം; മറുവശത്ത് പകല്‍ക്കൊള്ള

 

ഒരുവശത്ത് സാമ്പത്തിക പരിഷ്‌ക്കരണം; മറുവശത്ത് പകല്‍ക്കൊള്ള


ന്യായമായ കാര്യസാധ്യത്തിന് പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. അതിനെ എതിര്‍ക്കുന്നവരുടെ കാര്യങ്ങള്‍ ഒരിടത്തുമെത്താതെ തുരുമ്പെടുക്കുന്നു. ലോകബാങ്ക് പ്രസിദ്ധീകരിച്ച 'എളുപ്പം വ്യാപാരം നടക്കുന്ന രാജ്യങ്ങളുടെ പട്ടിക' പ്രകാരം 183 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 132 ആണ്. അതായത് കാര്യങ്ങള്‍ തെല്ലും നേര്‍വഴിക്ക് നടക്കില്ലെന്ന് അര്‍ഥം



കുതിക്കുന്ന പ്രതിശീര്‍ഷ വരുമാനം, ഉയര്‍ന്ന ജനസംഖ്യ, മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണപ്പെരുപ്പം, ഉപഭോക്തൃ രീതികളോടുള്ള വളരുന്ന ആസക്തി, വിദേശകുത്തകകള്‍ക്കായി തുറന്നുകൊണ്ടേയിരിക്കുന്ന വിപണി, 2012 നും 2030 നും ഇടയില്‍ 9.2 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ആഭ്യന്തര വിപണി...

ലോകസാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ വളരുന്നുവെന്ന് സര്‍ക്കാരും ധനശാസ്ത്ര വിദഗ്ധരും അവകാശപ്പെടുന്നത് ഇത്തരം ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവയ്‌ക്കൊക്കെ തുരങ്കം വെയ്ക്കാന്‍ പാകത്തില്‍ മറ്റൊരു ഘടകം സമാന്തരമായി വളരുന്നുണ്ട്. 'വിവിധതരം സാമ്പത്തികതട്ടിപ്പുകള്‍'. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുബന്ധ, സര്‍ക്കാരിതര മേഖലകളിലെ വ്യത്യസ്ത തട്ടിപ്പിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 6,600 കോടി രൂപയാണെന്നറിയുമ്പോള്‍, ആ സമാന്തരഘടകമുയര്‍ത്തുന്ന പ്രതികൂലാവസ്ഥ മനസിലാക്കാവുന്നേതേയുള്ളൂ.

അടുത്തിടെ കെ.പി സേതുനാഥ് എഴുതിയ ഒരു ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് നവംബര്‍ 4, 2012) പരാമര്‍ശിച്ച ഒരു കണക്ക് ഇതിനോട് കൂട്ടിവായിക്കാം. 1948 - 2008 കാലയളവില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടത്തിയ സമ്പത്ത് ഏകദേശം 46200 കോടി ഡോളറാണ്. ഇതില്‍ വലിയൊരു പങ്ക് 1991 ലെ ഉദാരവത്കരണത്തിന് ശേഷമാണ് കടത്തിയത്. 'ഗ്ലോബല്‍ ഫൈനാന്‍സിഷ്യല്‍ ഇന്റഗ്രിറ്റി'യെന്ന സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ കണക്ക്. 

ആ പഠനത്തിന് സമാനമായ മറ്റൊന്ന് നടത്തിയത് ഏര്‍സ്റ്റ് ആന്‍ഡ് യങ്ങ്‌സ് എന്ന കമ്പനിയാണ്. അവര്‍ കണ്ടെത്തിയത് ഇങ്ങനെ: അഴിമതിയിലൂടെ, തിരിമറിയിലൂടെ, കൈക്കൂലിയായി, കൈയിട്ടുവാരലായി, പദ്ധതികള്‍ പൂഴ്ത്തി, കടങ്ങള്‍ എഴുതിത്തള്ളി, കള്ളക്കണക്കുണ്ടാക്കി, വിദേശബാങ്കുകളിലേക്ക് ഹവാലയിലൂടെ കടത്തി, സാധാരണക്കാരില്‍നിന്ന് പിരിച്ച്, അവരെ പിഴിഞ്ഞ്, അവരറിയാതെ കഴിഞ്ഞ വര്‍ഷം ചോര്‍ത്തിയത് 6,600 കോടി രൂപ! 

ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച 1,80,000 ലധികം വാര്‍ത്താ റിപ്പോര്‍ട്ടുകളും മറ്റു സാമ്പത്തിക പഠനങ്ങളും വ്യവഹാരകണക്കുകളും പരിശോധിച്ച ശേഷമാണ് ഏര്‍സ്റ്റ് ആന്‍ഡ് യങ്ങ്‌സ് ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അരങ്ങേറിയ വിവിധ തട്ടിപ്പുകളെ കുറിച്ചന്വേഷിച്ച് വിശദറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക തിരിമറികളില്‍ 63 ശതമാനവും നടന്നത് ധനകാര്യസ്ഥാപനങ്ങളിലാണ്. ഇത്തരത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്കുണ്ടായ ധനനഷ്ടം അതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം വര്‍ധിച്ചു. ഇതില്‍ 79 ശതമാനം കേസുകളും പണമിടപാട് സ്ഥാപനങ്ങളുടെ നിയമങ്ങളില്‍ നിയമവിരുദ്ധ ഭേദഗതി വരുത്തി ഉന്നത ഉദ്യോഗസ്ഥര്‍ വന്‍കിട കമ്പനികളെ വഴിവിട്ട് സഹായിച്ചതിന്റെ ഫലമായിട്ടുണ്ടായതാണ്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുപുറകില്‍ ആന്ധ്രാപ്രദേശാണ്. 

ബാങ്കുകള്‍ കൂടാതെ, ബാങ്കുകളല്ലാത്ത പണമിടപാട് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളാണ് അഴിമതിയില്‍ മുങ്ങിയിരിക്കുന്നത്. കൂടാതെ ഐ.ടി കമ്പനികള്‍, ഉപഭോക്തൃ സ്ഥാപനങ്ങള്‍, സേവനമേഖലയിലുള്ള വിവിധതരം സ്ഥാപനങ്ങള്‍ തുടങ്ങിയവയും അഴിമതിയില്‍ നിന്ന് വിമുക്തമല്ല. 

കൈക്കൂലിയും അഴിമതിയും കൂടാതെ നിയമവിരുദ്ധമായ വ്യവഹാരങ്ങളിലൂടെയും വിവരങ്ങള്‍ ചോര്‍ത്തിയും വിവിധതരം ഡാറ്റ മറിച്ചുവിറ്റും പുതിയ ടെക്‌നോളജിയില്‍ മറ്റുള്ളവര്‍ക്കുള്ള അറിവില്ലായ്മയെ ചൂഷണം ചെയ്തും നിയമങ്ങളില്‍ ഭേദഗതി വരുത്തിയും ഇവിടെ തട്ടിപ്പുകള്‍ അരങ്ങേറുന്നു. പുതിയ ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ധനവിവരക്കണക്കുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നവീകരിക്കാത്തത് പണച്ചോര്‍ച്ച വ്യാപകമാക്കി. ഇന്ത്യയിലെ 60 ശതമാനം കമ്പനികളും ഇപ്പോഴും സ്‌പ്രെഡ് ഷീറ്റ് പോലുള്ള കാലപ്പഴക്കം വന്ന രീതികളാണ് ഉപയോഗിക്കുന്നത്. ഭൂരിപക്ഷം ഓഡിറ്റിങ്ങും വെറും ചടങ്ങ് മാത്രമായി മാറുന്നു. 

ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ് പുറത്തുള്ളവരേക്കാള്‍ തട്ടിപ്പ് നടത്തുന്നതെന്ന കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. അത്തരക്കാര്‍ വിവിധതരം തട്ടിപ്പ് ശൃംഖലകളില്‍ അംഗങ്ങളാകുന്നു. സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിയമജ്ഞരും പോലീസ് ഉദ്യോഗസ്ഥരും ഈ ശൃംഖലയിലുണ്ട്. പരസ്പര-സഹായ-സഹകരണ-സൗഹൃദം വളരുന്നു. അങ്ങനെ കേസുകള്‍ തേച്ചുമാച്ച് കളയുന്നു, ഒതുക്കുന്നു, പൂഴ്ത്തുന്നു. 

ഉപഭോക്തൃ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തിരിമറികള്‍ പലപ്പോഴും ക്രയവിക്രയങ്ങളുടെ സങ്കീര്‍ണാവസ്ഥകളെ മുതലെടുക്കുന്നവയാണ്. വിവിധതരം ഇടനിലക്കാരുള്ള ഈ മേഖലയില്‍ പലരീതിയിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. വിലയില്‍ മാറ്റം വരുത്തി ഉപഭോക്താവിനെ പറ്റിക്കുന്നതില്‍ തുടങ്ങി ഉത്പന്നങ്ങളുടെ സ്റ്റോക്കുകള്‍ എഴുതിത്തള്ളി പണം കീശയിലാക്കുന്ന രീതികള്‍ വരെ വ്യാപകമാണ്. 

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. കേന്ദ്രസര്‍ക്കാര്‍ അഴിമതിയാരോപണത്തില്‍ കുളിച്ചു നില്‍ക്കുമ്പോഴും അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധ ജാഥകള്‍ അരങ്ങേറുമ്പോഴും യാതൊരു കുറ്റബോധവുമില്ലാതെ പലരും കൂടുതല്‍ അഴിമതിയിലേക്ക് മുങ്ങിത്താഴുകയാണ്. സ്വകാര്യകമ്പനികളില്‍ അഴിമതി വ്യാപിക്കുന്നതിന് മറ്റൊരു കാരണം അഴിമതിക്കാരെ ശിക്ഷിക്കുന്നതില്‍ കാട്ടുന്ന വിമുഖതയാണ്. വെറും 30 ശതമാനം കമ്പനികള്‍ മാത്രമേ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുള്ളൂ. വെര്‍ച്വല്‍ കമ്പനികളുടെ ആവിര്‍ഭാവവും അഴിമതി കൂട്ടി. സ്വന്തമായി ഓഫീസില്ലാത്ത ഇത്തരം കമ്പനികളില്‍ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനുള്ള സംവിധാനമില്ല എന്നത് തന്നെ കാരണം. 

കറന്‍സി നോട്ടുകള്‍ തന്നെയാണ് കൈക്കൂലിക്കാര്‍ക്ക് ഇപ്പോഴും പ്രിയം. അമ്പത് ശതമാനം വ്യവഹാരങ്ങളും ഇപ്പോഴും ഇത്തരത്തിലാണ്. 21 ശതമാനം പേര്‍ കൈക്കൂലിയായി പാരിതോഷികങ്ങളാണ് നല്‍കുന്നത്. 

ന്യായമായ കാര്യസാധ്യത്തിന് പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളത്. അതിനെ എതിര്‍ക്കുന്നവരുടെ കാര്യങ്ങള്‍ ഒരിടത്തുമെത്താതെ തുരുമ്പെടുക്കുന്നു. ലോകബാങ്ക് പ്രസിദ്ധീകരിച്ച 'എളുപ്പം വ്യാപാരം നടക്കുന്ന രാജ്യങ്ങളുടെ പട്ടിക' പ്രകാരം 183 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 132 ആണ്. അതായത് കാര്യങ്ങള്‍ തെല്ലും നേര്‍വഴിക്ക് നടക്കില്ലെന്ന് അര്‍ത്ഥം. 

വിപണിയിലെ മത്സരം, സാമ്പത്തിക വ്യവസ്ഥയിലെ അനിശ്ചിതാവസ്ഥ എന്നിവ തരണം ചെയ്യാനും അഴിമതി കൂട്ടാകുന്നു. കടബാധ്യതയേറുമ്പോഴും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് (കൈക്കൂലി കൊടുത്ത്) വായ്പയെടുത്ത് ബിസിനസ്സ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ബിസിനസ് പൊളിയുമ്പോള്‍ വായ്പ എഴുതിത്തള്ളേണ്ടിയും വരുന്നു. 

സര്‍ക്കാര്‍ അഴിമതികളെക്കുറിച്ചുള്ള നിരീക്ഷണവും ശ്രദ്ധേയമാണ്. മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്ന 'സര്‍ക്കാര്‍ മാഫിയ' വീട്ടില്‍ കൊണ്ടുപോകുന്ന പണത്തിന്റെ വെറും 40 ശതമാനം ഉണ്ടെങ്കില്‍ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിനൂതനമായ രീതിയില്‍ നവീകരിക്കാമത്രേ. ലോകത്തെ വികസിത- വികസ്വര രാജ്യങ്ങളിലെ ഈ 'സര്‍ക്കാര്‍ മാഫിയ' കഴിഞ്ഞവര്‍ഷം കീശയിലാക്കിയത് നാല്‍പ്പതിനായിരം കോടി യു.എസ് ഡോളറാണ്! അതിശക്തരായ ഇവര്‍ക്കെതിരെ നിയമനടപടികളെടുക്കേണ്ടത് ഇവര്‍ തന്നെയാണെന്ന വിരോധാഭാസവും ലോകവ്യാപകമായി നിലനില്‍ക്കുന്നു. കാലപ്പഴക്കം വന്ന നിയമങ്ങളും അഴിമതിക്കനുകൂലമായി തീര്‍ന്നേക്കാവുന്ന നയങ്ങളും ഇക്കൂട്ടരെ സംരക്ഷിക്കുന്നു.

എന്നിരുന്നാലും ഇന്ത്യയില്‍ അടുത്ത കാലത്ത് അഴിമതിയുമായി ബന്ധപ്പെട്ട ആറ് നിയമങ്ങളില്‍ കാലാനുസൃതമായി ഭേദഗതി വരുത്തി. പബ്ലിക് ഇന്ററസ്റ്റ് ഡിസ്‌കോഴ്‌സ് ബില്‍, പ്രിവന്‍ഷന്‍ ഓഫ് ബ്രൈബറി ഓഫ് ഫോറിന്‍ പബ്ലിക് ഒഫിസിയല്‍സ് ആന്‍ഡ് ഒഫിസിയല്‍സ് ഓഫ് പബ്ലിക് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് ബില്‍, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ അമന്‍മെന്റ് ആക്ട്, കമ്പനീസ് ബില്‍ 2011, ഡാറ്റാ പ്രൈവസി ലോ, കോമ്പറ്റിഷന്‍ ആക്ട് എന്നിവയാണവ. 

ബഹുജന താത്പര്യാര്‍ഥം സര്‍ക്കാര്‍ രേഖകള്‍ വെളിപ്പെടുത്തുക (സ്വകാര്യമേഖലയെ ഇതിലുള്‍പ്പെടുത്തിയിട്ടില്ല), കൈക്കൂലി വാങ്ങുന്ന വിദേശിയരെ അറസ്റ്റുചെയ്യാനുള്ള അധികാരം, ഭരണഘടനയെ മനപ്പൂര്‍വമോ അല്ലാതെയോ വളച്ചൊടിച്ച് പണംതട്ടുന്നവരെ പിടിക്കാനുള്ള അധികാരം, സംശയത്തിന്റെ നിഴലിലുള്ള കമ്പനികളുടെ പണമിടപാടുകള്‍ പരിശോധിക്കാനുള്ള അധികാരം, കമ്പനികളുടെയോ വ്യക്തികളുടെയോ അനുമതിയില്ലാതെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം തുടങ്ങി നിരവധി പുതിയ വ്യവസ്ഥകളാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

ഇത്തരം നിയമങ്ങളുടെ കാര്യക്ഷമമായ നടപ്പാക്കലിനൊപ്പം അഴിമതിവിരുദ്ധ മനോഭാവം ഒരു സംസ്‌കാരമായി വളര്‍ത്തിയില്ലെങ്കില്‍ നമ്മുടെ കൈയില്‍നിന്ന് ചോര്‍ന്നു പോകുന്ന ധനം മൂലം വരുംകാലങ്ങളില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ (സാമ്പത്തിക മാന്ദ്യത പോലും) അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 

 

Mathrubhumi web edition

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___