Thursday 15 November 2012

[www.keralites.net] ആശുപത്രി വിട്ട് സ്വകാര്യവിരുന്നില്‍ ;

 

ആശുപത്രി വിട്ട് സ്വകാര്യവിരുന്നില്‍ ; വയലാര്‍ രവിയുടെ മസ്കത്ത് സന്ദര്‍ശനം വിവാദമാകുന്നു

Fun & Info @ Keralites.net
വയലാര്‍ രവി ചികില്‍സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഇറങ്ങുന്നു
മസ്കത്ത്: കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ മസ്കത്ത് സന്ദര്‍ശനം വിവാദത്തിലേക്ക്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മസ്കത്തിലെ പൊതുപരിപാടിയിലൊന്നും പങ്കെടുക്കാതിരുന്ന മന്ത്രി രാത്രി ആശുപത്രിയില്‍ നിന്നിറങ്ങി ഒരു പ്രമുഖ മലയാളി വ്യവസായിയുടെ വീട്ടിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല സാംസ്കാരിക സംഘടനയായ 'കൈരളി' രംഗത്തെത്തി. ആശുപത്രിവിടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ നടക്കേണ്ട ഔദ്യാഗിക ചടങ്ങ് ഒഴിവാക്കിയ മന്ത്രിക്ക് പ്രമുഖര്‍ മാത്രം എത്തിയ വിരുന്നില്‍ പങ്കെടുക്കാന്‍ അസുഖം തടസമായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മസ്കത്തിലെ അല്‍റഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി അവിടെ നിന്ന് നേരെ പോയത് വിമാനത്താവളത്തിലേക്ക് ആയിരുന്നില്ലെന്ന് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ 'ഗള്‍ഫ് മാധ്യമ'ത്തോടു പറഞ്ഞു. സ്വകാര്യ വിരുന്നില്‍ പങ്കെടുത്തത് നിഷേധിക്കാനും ഇവര്‍ തയാറായില്ല. വിരുന്ന് നേരത്തേ നിശ്ചയിച്ചതാണെന്നും അവിടെ കാത്തിരുന്നവരെ മുഷിപ്പിക്കാതിരിക്കാന്‍ അവിടെ അദ്ദേഹം മുഖം കാണിക്കുക മാത്രമായിരുന്നുവെന്നുമാണ് വിശദീകരണം. വിരുന്നില്‍ അദ്ദേഹം ഭക്ഷണം പോലും കഴിച്ചില്ലത്രെ. ഈമാസം 13ന് രാവിലെ മസ്കത്തിലെത്തിയ മന്ത്രിക്ക് രാത്രി ഏഴിന് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ മാത്രമാണ് ഔദ്യാഗിക പരിപാടിയുണ്ടായിരുന്നത്.
രാവിലെ ചില ഒമാനി മന്ത്രിമാരുമായി കൂടിക്കാഴ്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട് സംസാരിച്ച അദ്ദേഹത്തെ അധികം വൈകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാത്രി എംബസിയില്‍ നിരവധി പേര്‍ കാത്തുനില്‍ക്കെ അവസാന നിമിഷമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. മന്ത്രി സന്ദര്‍ശിക്കുന്ന ദിവസം 'കരിദിനം' പ്രഖ്യാപിച്ച കൈരളി പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ഈ ചടങ്ങില്‍ കറുത്ത വസ്ത്രമണിഞ്ഞ് പങ്കെടുക്കുമെന്നറിഞ്ഞ മന്ത്രി മന:പൂര്‍വം ചടങ്ങ് ഒഴിവാക്കുകയായിരുന്നു എന്ന പ്രചരണം ഇതോടെ ശക്തമാവുകയാണ്. രാത്രി ഒമ്പതിന് ആശുപത്രിയില്‍ നിന്നിറങ്ങിയ മന്ത്രി മറ്റൊരു വ്യവസായിയുടെ കാറിലാണ് സല്‍കാരത്തില്‍ പങ്കെടുക്കാനെത്തിയത്. അവിടെ നിന്ന് നേരെ വിമാനത്താവളത്തിലേക്ക് പോയെന്നാണ് വിവരം.
സര്‍ക്കാര്‍ ചെലവില്‍ മസ്കത്തിലെത്തിയ മന്ത്രി സ്വകാര്യചടങ്ങില്‍ പങ്കെടുത്തതിനേയോ, അദ്ദേഹത്തിന്‍െറ രോഗാവസ്ഥയേയോ അല്ല, മറിച്ച് സാധാരണക്കാര്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങ് ഒഴിവാക്കി പ്രമുഖരുടെ ചടങ്ങില്‍ അതിഥിയായതിന്‍െറ അനൗചിത്യം ചോദ്യം ചെയ്യപെടേണ്ടതാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സാമൂഹിക ക്ഷേമവിഭാഗം കണ്‍വീനറും കൈരളി നേതാവുമായ പി.എം. ജാബിര്‍ പറഞ്ഞു.
മന്ത്രിയുടെ ആമനോദ്ദേശ്യം സംശയകരമാണെന്നും പൊതുചടങ്ങ് ഉപേക്ഷിച്ച് സ്വകാര്യചടങ്ങിലെത്തിയ നടപടി പ്രവാസികളെ അവഹേളിക്കുന്നതാണെന്നും കൈരളി ഭാരവാഹികളായ ഷാജി സെബാസ്റ്റ്യന്‍, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പാര്‍ട്ടി പ്രശ്നവുമായി ബന്ധപ്പെട്ട് ബഹ്റൈന്‍, സൗദി എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കിയത് അവിടുത്തെ പ്രവാസി സമുഹത്തെയും നിരാശപ്പെടുത്തിയിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment