ലഹരി എന്ന രോഗം
2011 ഡിസംബറില്‍ മാത്രം കേരളത്തില്‍ 702.91 കോടി രൂപയ്ക്ക് വിദേശമദ്യം വിറ്റെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പറയുന്നു. 2010-ല്‍ 4,360 കോടി നേടിയ കോര്‍പ്പറേഷന്‍ 2011-ല്‍ 5,300 കോടിയിലേറേ വിറ്റുവരവ് ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് രാഷ്ട്രപതിതന്നെ ഒരു പ്രസംഗത്തില്‍ പറഞ്ഞു (കേരളത്തില്‍ വളരുന്ന മദ്യാസക്തിയെ പറ്റി കേഴുകയായിരുന്നു അവര്‍).
നിത്യവും സംസ്ഥാനത്തെ റോഡുകളില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരില്‍ 80 ശതമാനത്തിലേറേ പേരും മദ്യം സൃഷ്ടിക്കുന്ന അപകടങ്ങളുടെ ഇരകളാണെന്ന് അറിവുള്ള ഡോക്ടര്‍മാര്‍ പറയുന്നു. അതുപോലെ അക്രമങ്ങളുടെ പ്രധാനകാരണവും മദ്യമാണെന്ന് കോമണ്‍സെന്‍സുള്ള ഏത് പോലീസുകാരനും പറഞ്ഞുതരും.
മദ്യോപയോഗം അസ്വാസ്ഥ്യജനകമായ വിധത്തില്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. ഒരു വിഷയം എന്ന നിലയില്‍ ഇതിനെ അഭിമുഖീകരിക്കാന്‍ രാഷ്ട്രീയമോ സാമൂഹിക വിഭാഗങ്ങളോ ശ്രമിക്കുന്നുമില്ല.വിഷയം കൈകാര്യം ചെയ്യുന്ന ഏക കൂട്ടര്‍ സംസ്ഥാന റവന്യൂവകുപ്പ് മാത്രമാണ്. മദ്യത്തിന്റെ ഉത്പാദനവും വില്പനയും വഴി കിട്ടുന്ന വരുമാനമെല്ലാം അവരാണല്ലോ കൈകാര്യം ചെയ്യുന്നത് (സംസ്ഥാനത്തിന്റെ റവന്യൂവില്‍ 40 ശതമാനവും മദ്യവില്പനയിലൂടെ!). ഈ വരുമാനത്തിന്റെ എത്രയോ മടങ്ങ് തുക മദ്യത്തിന്റെ ദോഷഫലങ്ങള്‍ സംസ്ഥാന ഖജനാവില്‍ നിന്ന് പരോക്ഷമായി നഷ്ടപ്പെടുത്തുന്നു എന്നത് ആരും ചര്‍ച്ച ചെയ്യാറില്ല.
ഓരോ വര്‍ഷവും ലോകമെമ്പാടും 25 ലക്ഷം മനുഷ്യര്‍, അതായത് വര്‍ഷവും മരിക്കുന്നവരുടെ നാല് ശതമാനം ആളുകള്‍, മദ്യം മൂലമാണ് മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എയ്ഡ്‌സും മലമ്പനിയും ക്ഷയരോഗവും ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ വരും ഇത്. ആഗോള രോഗഭാരത്തില്‍ (ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്-ജി.ബി.ഡി.) രോഗകാരണങ്ങളില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു മദ്യം. സമ്പത്ത്കുറഞ്ഞ രാജ്യങ്ങളില്‍ -അവരാണ് ലോക ജനസംഖ്യയുടെ പകുതിയും- മദ്യം ഒന്നാം സ്ഥാനത്താണ്. ആത്മഹത്യകളുടെ പിന്നിലും മദ്യമുണ്ട്.
ഇന്ത്യയില്‍ മദ്യപിക്കുന്നവരില്‍ 40 ശതമാനവും അപകടകരമായി കുടിക്കുന്നവരാണെന്ന് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലും കാര്യം ഇതേ അനുപാതത്തിലായിരിക്കുമെന്ന് കരുതാം. കസ്റ്റമേഴ്‌സില്‍ എത്രശതമാനം നിത്യവും വരുന്നവരാണെന്ന് ഏത് നഗരത്തിലെ ബാര്‍ ജോലിക്കാരോടും ചോദിച്ചുനോക്കൂ. 75 ശതമാനത്തില്‍ അധികം എന്നാവും ഉത്തരം. 20 വയസ്സിനും 50 യസ്സിനും ഇടയില്‍ പ്രായമുള്ള വലിയൊരു വിഭാഗം ആളുകളാണ് ഇങ്ങനെ നിത്യവും മദ്യശാലകളില്‍ നിരങ്ങുന്നത്.
മദ്യം സത്യത്തില്‍ വളരെ ഭീകരമാണ് എന്ന തിരിച്ചറിവ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പേ ബ്രിട്ടനിലെ ഇന്‍ഡിപെന്റന്റ് കമ്മിറ്റി ഓണ്‍ ഡ്രഗ്‌സ് ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള 20 മയക്കുമരുന്നുകളെപ്പറ്റി ഒരു പഠനം നടത്തി. പുകയിലയും കഞ്ചാവും മദ്യവും തൊട്ട് ക്രാക്ക് കൊക്കെയ്‌നും മെറ്റാംഫിറ്റാമൈനും അടക്കം നിരോധിതവും നിയന്ത്രിതവുമായ ഔഷധങ്ങളെല്ലാം കൂട്ടത്തിലുണ്ട്. ഓരോന്നും ഉപയോഗിക്കുന്ന വ്യക്തിക്കും അന്യര്‍ക്കും എത്രമാത്രം ദോഷമുണ്ടാക്കുന്നുവെന്ന് അളക്കാന്‍ അവര്‍ മാനദണ്ഡങ്ങളുമുണ്ടാക്കി. ഉപഭോക്താവിന് ഏറ്റവും ദോഷമുണ്ടാക്കുന്നത് ഹെറോയിനും ക്രാക്ക് കൊക്കെയ്‌നുമായിരുന്നെങ്കില്‍ അന്യര്‍ക്ക് ഏറ്റവും ദോഷമുണ്ടാക്കുന്നത് മദ്യവും ഹെറോയിനുമായിരുന്നു. ദോഷമുണ്ടാക്കുന്ന എല്ലാ മാര്‍ക്കുകളും കൂട്ടിയപ്പോള്‍ മദ്യമായിരുന്നു 72 പോയന്റോടെ ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനത്തെത്തിയ ഹെറോയിന് 55 പോയന്റ് മാത്രം. കഞ്ചാവിനേക്കാളും ബ്രൗണ്‍ ഷുഗറിനേക്കാളും ആപത്തു കുറഞ്ഞതും മാന്യവുമാണ് മദ്യം എന്ന ആ പ്രതിച്ഛായ നമ്മള്‍ ഇല്ലാതാക്കേണ്ടകാലം അതിക്രമിച്ചുവെന്നാണ് ഇതിന്റെ അര്‍ഥം.
ബജറ്റ് വേളയില്‍ പതിവുപോലെ മദ്യത്തിന് നികുതി കൂട്ടുന്നതിനിടയില്‍ മദ്യപാനമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആദ്യമായി നിര്‍ദേശിച്ച ധനമന്ത്രി, ഡോ. തോമസ് ഐസക്കായിരിക്കും. മദ്യപാനാസക്തരെ ചികിത്സിക്കാന്‍ ഡി-അഡിക്ഷന്‍ സെന്ററുകളും ഗവണ്മന്റ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എത്ര ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയെന്നുപോലും ആരും അന്വേഷിച്ചില്ല. സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ആദ്യപടിയായി ചാരായം നിരോധിച്ച പാരമ്പര്യമുള്ള യു.ഡി.എഫ്. സര്‍ക്കാറും മദ്യപാനത്തിനെതിരെ ഇങ്ങനെ ഒരു സമീപനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വിവരാവകാശ പ്രവര്‍ത്തകന് നല്‍കിയ വിവരമനുസരിച്ച് കളമശ്ശേരിയിലെ സഹകരണആസ്പത്രിക്ക് സെന്റര്‍ തുടങ്ങാന്‍ 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ''മദ്യവ്യവസായത്തെ വെറുമൊരു വരുമാന സ്രോതസ്സായി കാണാനോ എകൈ്‌സസ് വകുപ്പിനെ വെറും റഗുലേറ്ററി സംവിധാനം എന്ന പരമ്പരാഗത ശൈലിയില്‍ മുന്നോട്ടു കൊണ്ടുപോകാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ആമുഖമുള്ള പുതിയ മദ്യനയവും വളരെ പ്രത്യാശ നല്‍കുന്നുണ്ട് (പക്ഷേ, ബാക്കി ബാര്‍ ലൈസന്‍സ് മാനദണ്ഡങ്ങളായതുകൊണ്ട് തുടര്‍ന്നുവായിച്ചാല്‍ പ്രത്യാശ പോകും).
വര്‍ഷത്തിലൊരിക്കല്‍ കുടിക്കുന്നവനെയും നിത്യവും കുടിക്കുന്നവനെയും മദ്യപരായി കണ്ടിരുന്ന സമൂഹമായിരുന്നു കേരളത്തില്‍ ഏതാനും പതിറ്റാണ്ട് മുമ്പുവരെയെന്ന് ഇന്ന് വിശ്വസിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഒന്നുരണ്ട് ദശകങ്ങളില്‍, വല്ലപ്പോഴും ഒന്നോ രണ്ട് 'പെഗ് ' കുടിക്കുന്നത് മാന്യമായ മദ്യപാനമാണെന്നും മദ്യപാനം തന്നെ മാന്യതയുടെ ലക്ഷണമാണെന്നുമുള്ള നിലയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോഴാണെങ്കില്‍ ലഹരിയോടുള്ള ദാഹം കൊണ്ടുള്ള കുടിയും അപകടകരമായ കുടിയും വിനോദത്തിനായുള്ള സോഷ്യല്‍ ഡ്രിങ്കിങ്ങും ഒന്നും വേര്‍തിരിക്കാതെ കാണുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇത്തരക്കാര്‍ സമൂഹത്തിനുമേല്‍ മൊത്തം സൃഷ്ടിക്കുന്ന വിവിധ തരം ഭാരങ്ങള്‍ അളക്കാന്‍ ലോകാരോഗ്യ സംഘടനയും കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതു വെച്ചു നോക്കിയാല്‍ മാത്രമേ മദ്യത്തിന്റെ വിലയില്‍ നിന്ന് കിട്ടുന്ന റവന്യൂവിന്റെ എത്രമടങ്ങ് സാമ്പത്തികനഷ്ടം മദ്യം സമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാവൂ.
ഭൂരിപക്ഷം മലയാളികളും മദ്യപിക്കുന്നവരല്ല. കുടിക്കുന്നവരില്‍ ഭൂരിപക്ഷവും കുടിയന്മാരുമല്ല. ആര്‍ത്തിയോടെ കുടിക്കുന്ന ന്യൂനപക്ഷം രണ്ട് വിഭാഗങ്ങളാണ്. ഒരു കൂട്ടര്‍ കുടിയന്മാര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന മദ്യപാനാസക്തരാണ്. മറ്റൊരുവിഭാഗം കുടിക്കുമ്പോള്‍ ആപത്കരമായി കുടിക്കുന്നവരാണ്. ഈ രണ്ട് കൂട്ടരുമാണ് സമൂഹത്തിന് ഭാരങ്ങളുണ്ടാക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ഒരു രീതി പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ തന്നെ പ്രശ്‌നകരമായി കുടിക്കുന്നവരെ തിരിച്ചറിയുകയും അവരെ സഹായകേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയുമാണ്. ഇയാള്‍ ഭാവിയിലും ചികിത്സാ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ഭാരം ഇത് ഇല്ലാതാക്കും. ആ മനുഷ്യനെ പ്രശ്‌നം തിരിച്ചറിയാന്‍ ഇത് സഹായിക്കും. കുടിക്കുന്നവരില്‍ നിന്ന് കുടിയന്മാരെയും പ്രശ്‌നക്കാരെയും വേര്‍തിരിക്കുകയും അവര്‍ക്ക് സഹായം നല്‍കുകയും ചെയ്യുക എന്ന രീതി ഫലപ്രദമായ രീതിയില്‍ നമ്മളും ചെയ്തുതുടങ്ങണം.
എങ്കിലും 'അല്പം കുടിക്കും' എന്ന് അഭിമാനത്തോടെ പറയുന്നവരും പകലന്തിയോളം ബാറില്‍ പാമ്പായി കിടക്കുന്നവനുമൊന്നും താന്‍ കുടിയനാണ് എന്നു സമ്മതിക്കില്ല. കുടിക്കുന്നതും കുടിയനാകുന്നതും തമ്മിലുള്ള വ്യത്യാസം മനഃപ്രയാസങ്ങളുള്ളവനും മനോരോഗമുള്ളവനും തമ്മിലുള്ള വ്യത്യാസമാണ്. തൊലിയില്‍ വ്രണങ്ങളുള്ളവനും കുഷ്ഠരോഗിയും തമ്മിലുള്ള വ്യത്യാസം. ഇതിന് 'ഡിനൈയല്‍' അഥവാ നിഷേധിക്കല്‍ എന്നാണ് വാക്ക്. തനിക്ക് ആ പ്രശ്‌നമുണ്ടെന്ന് രോഗി സമ്മതിക്കില്ല; ബന്ധുക്കളും. അതുകൊണ്ട് താഴെ കൊടുത്ത ചോദ്യങ്ങള്‍ സ്വയം അല്ലെങ്കില്‍ കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ 'അല്പം' മദ്യപിക്കുന്നവരുണ്ടെങ്കില്‍ അവരോട് ചോദിച്ചുനോക്കൂ.
1 എപ്പോഴെങ്കിലും നിങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്ന് തോന്നിയിട്ടുണ്ടോ?
2 മറ്റുള്ളവര്‍ നിങ്ങളുടെ മദ്യപാനത്തെപ്പറ്റി സംസാരിക്കുന്നത് അലോസരം ഉണ്ടാക്കുന്നുണ്ടോ?
3 മദ്യപാനത്തെപ്പറ്റിയുള്ള ചിന്ത കുറ്റബോധം ഉണ്ടാക്കുന്നുണ്ടോ?
4 തലേന്നത്തെ ഹാങ്ങോവര്‍ മാറ്റാന്‍ എപ്പോഴെങ്കിലും രാവിലെ തന്നെ കുടിക്കേണ്ടി വന്നിട്ടുണ്ടോ?
ഇത് മദ്യപാന രോഗനിര്‍ണയത്തിന് ലോകമെമ്പാടും ഉപയോഗിക്കുന്ന 'കേജ്' എന്ന ഒരു പൊടിക്കൈ പരിശോധനയാണ്. രോഗിക്ക് തന്നെയോ രോഗിയോട് ചോദിച്ച് വിവരങ്ങള്‍ എടുക്കുന്ന കൗണ്‍സലര്‍ക്കോ ഉപയോഗിക്കാവുന്ന കുറേക്കൂടി സമഗ്രവും ആശ്രയിക്കാവുന്നതുമായ ഓഡിറ്റ് തുടങ്ങിയ വേറെ ചോദ്യാവലികളുമുണ്ട്.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം 'യെസ്' എന്നാണെങ്കില്‍ സൂക്ഷിക്കുക! കുടി പ്രശ്‌നകരമാണ്, ചിലപ്പോള്‍ നിങ്ങള്‍/ ബന്ധു ഒരു കുടിയനായിരിക്കാം, അതായത് ആല്‍ക്കഹോളിക്ക് അഡിക്ട്. അഡിക്ഷന്‍ തലച്ചോറിന്റെ രോഗമാണ്, അതിന് വൈദ്യചികിത്സ ആവശ്യമാണ്.
അഡിക്ട് എന്ന വാക്ക് അറപ്പും വെറുപ്പും ഭീതിയുമുളവാക്കുന്ന ഒരു മനുഷ്യജീവിയുടെ ചിത്രമാണ് മനസ്സിലുയര്‍ത്തുക. സഹായവും സഹതാപവും അര്‍ഹിക്കുന്ന സാധുമനുഷ്യന്‍ മാത്രമാണയാള്‍, കേവലം ഒരു രോഗി. മയക്കുമരുന്നുകളുടെ ഉപയോഗം വഴി പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന അവസ്ഥയിലും ഒരാള്‍ അതേ പദാര്‍ഥം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അയാള്‍ അഡിക്ട്ആകാന്‍ ഇടയുണ്ടെന്നാണ് ആസക്തിയെപ്പറ്റിയുള്ള നിര്‍വചനം. ഉള്‍പ്രേരണയാല്‍ നിരന്തരമായ മദ്യപാനം മദ്യസഹനശേഷി (ടോളറന്‍സ്) വര്‍ധിപ്പിക്കുന്നു. മദ്യം ലഭിക്കാതാവുമ്പോള്‍ വിത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത് കീഴോട്ടുള്ള പ്രയാണമാണ്. അയാളുടെ ജീവിതം മുഴുവന്‍ മദ്യപിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള അസ്തിത്വമായി മാറുന്നു. മദ്യം അയാളുടെ തലച്ചോറിനും ശരീരത്തിനും രോഗങ്ങളുണ്ടാക്കുന്നു.
ഒഴിഞ്ഞതും നിറഞ്ഞതുമായ മദ്യക്കുപ്പികള്‍ക്കുമുന്നില്‍ നിശ്ശബ്ദനായിരിക്കുന്ന മനുഷ്യനെപ്പറ്റി ദ ലിറ്റില്‍ പ്രിന്‍സ് എന്ന പ്രസിദ്ധമായ നോവലില്‍ ഒരു ഭാഗമുണ്ട്. '.നിങ്ങളെന്താണ് ചെയ്യുന്നത്?'' അയാളുടെ മുന്നിലെത്തിയ രാജകുമാരന്‍ ചോദിച്ചു.
''ഞാന്‍ കുടിക്കുകയാണ്'' എന്നായിരുന്നു മറുപടി. എന്തിനാണ് കുടിക്കുന്നതെന്നായി രാജകുമാരന്റെ അടുത്ത ചോദ്യം. മറക്കാന്‍ വേണ്ടിയെന്നായിരുന്നു ഉത്തരം.
''എന്തു മറക്കാന്‍?''
''എനിക്ക് ലജ്ജ തോന്നുന്ന കാര്യം മറക്കാന്‍.''
എന്തിനെ പറ്റിയാണ് ലജ്ജിക്കുന്നതെന്ന് കുട്ടി ചോദിച്ചപ്പോള്‍ ''ഞാന്‍ കുടിയനാണ് എന്നതിനെപ്പറ്റി'' എന്ന് ഉത്തരം നല്‍കിയശേഷം കുടിയന്‍ അഭേദ്യമായ മൗനത്തിലേക്ക് പിന്‍വാങ്ങുന്നു.
മദ്യപന്റെ ദുഃഖപൂര്‍ണമായ ജീവിതം ഇതിലും നന്നായി വിവരിക്കാന്‍ കഴിയില്ല.
നമ്മുടെ നാട്ടിലെ പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാരിലെ വലിയൊരു വിഭാഗവും ലിറ്റില്‍ പ്രിന്‍സിലെ ടിപ്പ്‌ളറെ പോലെയാകുന്നത് തടയാന്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തു തുടങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment