Friday, 3 August 2012

[www.keralites.net] ജയിലുണ്ടോ സഖാവേ ഒരുണ്ടയെടുക്കാന്‍?

 

"ഇതാണ് ജനാധിപത്യത്തിന്റെ കുഴപ്പം. സ്വസ്ഥമായി ഒരു കൊലപാതകം നടത്താന്‍ അതനുവദിക്കില്ല" - ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത വന്ന ഉടനെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസ് ആണിത്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും സ്വസ്ഥമായി കൊലപാതകങ്ങള്‍ ചെയ്ത് സമാധാനപരമായി ജീവിച്ചിരുന്ന പാവം സി പി എം നേതാക്കളെ ഇങ്ങനെ അറസ്റ്റ് ചെയ്യുന്നത് വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തം അനുസരിച്ച് തികഞ്ഞ ധിക്കാരമാണ്. Right to Kill എന്നത് കാറല്‍ മാര്‍ക്സ് ഉള്ള കാലം മുതലേ വര്‍ഗ്ഗസമര പോരാളികള്‍ക്ക് ലോകം അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ്. ലെനിനും സ്റ്റാലിനും മാവോയും തുടങ്ങി ചോരച്ചെങ്കൊടി പിടിച്ച എല്ലാ സഖാക്കള്‍ക്കും ഭരണഘടനാപരമായി നല്‍കപ്പെട്ടിട്ടുള്ള ഈ അവകാശത്തിനു മേലാണ് തിരുവഞ്ചൂരിന്റെ കളി. വേണ്ട മോനേ ദിനേശാ എന്ന് തിരുവഞ്ചൂരിനോട് സി പി എം നേതാക്കള്‍ പറയുന്നതിന്റെ ഗുട്ടന്‍സ് അവര്‍ പരമ്പരാഗതമായി അനുഭവിച്ചു വന്ന Right to Kill എന്ന ഈ അവകാശത്തിനു മേല്‍ തൊട്ടു കളിക്കുന്നത് കൊണ്ടാണ്.

കൊല്ലപ്പെട്ട ഷുക്കൂര്‍ ചെയ്തതും കൊടും പാതകമാണ്. കണ്ണൂര്‍ ജില്ലയില്‍ സി പി എം ലോക്കല്‍ കമ്മറ്റി നേതാവിന്റെ കാര്‍ പോലും തടയാന്‍ പാടില്ല എന്നത് അവിടെ ജനിച്ചു വളര്‍ന്ന ഷുക്കൂറിനും സുഹൃത്തുക്കള്‍ക്കും അറിയേണ്ടിയിരുന്നതാണ്. എന്നാല്‍ അവര്‍ തടഞ്ഞതാകട്ടെ പന പോലെ വളര്‍ന്ന സംസ്ഥാന നേതാവിന്റെ കാറാണ്. ഇത്തരമൊരു കൊടിയ പാതകത്തിനാണ് വളരെ സമാധാനപരമായി താലിബാന്‍ മോഡലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല നടത്തിയത്. അതിനിത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. വര്‍ഗ്ഗസമരത്തിന്റെ ഉജ്ജ്വലപാതയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളെ തിരുവഞ്ചൂരും യു ഡി എഫും പോലീസിനെ ഉപയോഗിച്ച് അവസാനിപ്പിക്കാന്‍ നടന്നാല്‍ അവിടെയാണ് 'തീപ്പന്തം' പിറവി കൊള്ളുക. 


ഇവിടെ എല്ലാം ഓക്കേയാണല്ലോ അല്ലേ?

സംഗതി എന്തായാലും ജയരാജനെ തിരുവഞ്ചൂര്‍ കണ്ണൂര്‍ ജയിലിലേക്ക് തന്നെ അയച്ചത് വളരെ പ്രതീകാത്മകമായ നടപടിയാണ്.  അവിടത്തെ ജയില്‍ ഉപദേശക സമതിയില്‍ അംഗമായിരുന്ന ആളാണ്‌ ജയരാജന്‍. ജയിലിലെ സൂപ്രണ്ടിനെയും വാര്‍ഡമാരെയുമെല്ലാം പോളിറ്റ് ബ്യൂറോ മെമ്പര്‍മാരെ കണ്ടു പരിചയമുള്ളതിനേക്കാള്‍ കൂടുതല്‍ ജയരാജന്‍ സഖാവിനു കണ്ടു പരിചയമുണ്ടാകും. അതുകൊണ്ട് തന്നെ ജയിലിനുള്ളില്‍ കഴിയുന്ന കാലത്തോളം അവര്‍ക്കൊക്കെ ഉപദേശങ്ങള്‍ നേരിട്ട് കൊടുക്കാനുള്ള ഒരു സുവര്‍ണാവസരമാണ് സഖാവിനു കൈ വന്നിരിക്കുന്നത്. ജയിലിലെ സംവിധാനങ്ങളില്‍ ഉള്ള പോരായ്മകള്‍ , പുതുതായി തൂക്കേണ്ട പാര്‍ട്ടി നേതാക്കളുടെ ഫോട്ടോകള്‍ , പരോളില്‍ വിടേണ്ട പ്രതികള്‍ , ജയില്‍പുള്ളികള്‍ക്കുള്ള മെനുവില്‍ അടിയന്തിരമായി ഉള്‍പെടുത്തേണ്ട ഉണ്ടകള്‍ വിഭവങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തിലും അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സാധിക്കും. സെല്ലില്‍ നിന്ന് നേരിട്ട് ഓര്‍ഡറുകള്‍ കൊടുക്കാം. വണ്ടിക്കൂലിക്ക് കാശ് കളയേണ്ടതില്ല!!.

ഇടിക്കല്ലേ ഏമാനേ,, എല്ലാം പറയാമേ... 

ഷുക്കൂര്‍ വധത്തിനു പിന്നിലെ പാര്‍ട്ടി തലത്തില്‍ നടന്ന അസൂത്രണത്തെക്കുറിച്ച് പോലീസിനു മണി മണിയായ വിവരങ്ങള്‍ നല്‍കിയത് പാവം ടി വി രാജേഷ് ആയിരിക്കാനാണ്‌ സാധ്യത. സംഗതി സഖാവ് ആണെങ്കിലും പെട്ടെന്ന് പേടിച്ചു കരയുന്ന പ്രകൃതക്കാരനാണ് രാജേഷ്‌. നിയമസഭയിലെ സഹപ്രവര്‍ത്തകര്‍ ബഹളം വെച്ചപ്പോഴേക്കു മൂക്ക് പിഴിഞ്ഞ് കരഞ്ഞു കുളമാക്കിയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. പതിനെട്ടടവും പയറ്റിത്തെളിഞ്ഞ പോലീസുകാര്‍ വേണ്ട വിധത്തില്‍ കണ്ണുരുട്ടിയപ്പോള്‍ തന്നെ പാവം വണ്‍ ടു ത്രീ മോഡലില്‍ സംഗതികള്‍ പറഞ്ഞു കാണണം. അതുകൊണ്ട് തന്നെ ദയവു ചെയ്തു ഇനി രാജേഷിനെ പോലീസുകാര്‍ ഉപദ്രവിക്കരുത്. അദ്ദേഹത്തെയും ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അതൊരു മഹാപാപമായിരിക്കും. ഈ കേസില്‍ മാപ്പുസാക്ഷിയാക്കി രാജേഷിനെ വെറുതെ വിടണം എന്നാണ്  അഭ്യര്‍ത്ഥിക്കാനുള്ളത്. ഇനിയൊരു കരച്ചില്‍ കൂടി കാണാനുള്ള ശേഷി പ്രേക്ഷകര്‍ക്കില്ല!!  


കൊന്നാല്‍ ഹര്‍ത്താല്‍ , കൊന്നവനെ പിടിച്ചാലും ഹര്‍ത്താല്‍ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതൊരു ട്രെന്‍ഡ് മാത്രമല്ല, വ്യക്തമായ ഒരാശയാടിത്തറയും ഇതിനുണ്ട്. വൈരുദ്ധ്യാധിഷ്ടിത വര്‍ഗ്ഗസമര രീതിയനുസരിച്ച് ഹര്‍ത്താലുകള്‍ നാല് വിധമാണ്. പാര്‍ട്ടിഫെസ്റ്റോയില്‍ മാറല്‍ കാര്‍ക്സ് വളരെ കൃത്യമായി ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കൊല നടത്തിയ ഉടനെ ഒരു പ്രാദേശിക ഹര്‍ത്താല്‍ , കൊല നടത്തിയവരെക്കുറിച്ച് വല്ല സൂചനയും പോലീസിനു ലഭിച്ചാല്‍ താലൂക്ക് ഹര്‍ത്താല്‍ , ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ജില്ലാ ഹര്‍ത്താല്‍ , സെന്‍ട്രല്‍ ജയിലില്‍ എത്തിയാല്‍ സംസ്ഥാന ഹര്‍ത്താല്‍ .. അതുകൊണ്ട് തന്നെ ഇത്തരം ഹര്‍ത്താലുകള്‍ക്കു എതിരെ ബഹളം കൂട്ടുന്നവര്‍ വിവരദോഷികളാണ്, വലതുപക്ഷ സാമ്രാജ്യത്വ കുത്തക മൂരാച്ചികളാണ്. അവര്‍ തുലയട്ടെ.

മ്യാവൂ:  ഉന്നം തെറ്റാതെ വെടിവെക്കുന്ന അഭ്യന്തര മന്ത്രിമാര്‍ക്കുള്ള മത്സരം ഒളിമ്പിക്സില്‍ ഉണ്ടായിരുന്നെങ്കില്‍ അറ്റ്‌ ലീസ്റ്റ് ഒരു ഗോള്‍ഡ്‌ മെഡല്‍ ഇന്ത്യക്ക് ഉറപ്പായേനെ.. തിരുവഞ്ചൂരേതാ മോന്‍..  
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment