നെടുമ്പാശ്ശേരി: ഗള്‍ഫ് സര്‍വീസുകളില്‍ എയര്‍ ഇന്ത്യയുടെ കുത്തക തകരുന്നു. വിവിധ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ഗള്‍ഫിലേക്ക് പറക്കുന്നതിന് അനുമതി നല്‍കിയതോടെയാണിത്.ആഗസ്ത്-ഒക്ടോബര്‍ മാസത്തോടെ വിവിധ സ്വകാര്യ വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികള്‍ക്കാണ് കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ത്തന്നെ ഈ നടപടി കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തുന്നു.
ജെറ്റ് എയര്‍വേയ്‌സിന് ആഴ്ചയില്‍ 56 സര്‍വീസുകളും ഇന്‍ഡിഗോയ്ക്ക് 63 സര്‍വീസുകളും സ്‌പൈസ് ജെറ്റിന് 49 സര്‍വീസുകളും നടത്താനാണ് അനുമതി. ജെറ്റ് എയര്‍വേയ്‌സിന് കുവൈത്തിലേക്കും അബുദാബിയിലേക്കുമാണ് കൂടുതല്‍ സര്‍വീസ്.
ഇന്‍ഡിഗോ ദുബായിലേക്ക് മാത്രമായി ആഴ്ചയില്‍ 28 സര്‍വീസുകള്‍ ആരംഭിക്കും. ജിദ്ദയിലേക്ക് ഏഴ് സര്‍വീസും നടത്തും. കൊച്ചിയില്‍ നിന്ന് ആഗസ്ത് 25 മുതല്‍ ദുബായിലേക്ക് സര്‍വീസ് ആരംഭിക്കും.
വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതുപ്രകാരം ഗള്‍ഫിലെ വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ പകരം അത്രതന്നെ സര്‍വീസുകള്‍ ഗള്‍ഫിലേക്ക് നടത്താന്‍ ഇന്ത്യയിലെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അജിത്‌സിങ് വ്യോമയാന മന്ത്രിയായി ചുമതലയേറ്റ ശേഷം ഈ ഉഭയകക്ഷി കരാറില്‍ ഭേദഗതി വരുത്തി. എയര്‍ ഇന്ത്യക്ക് മാത്രമായി ലഭിച്ചിരുന്ന ഗള്‍ഫ് സര്‍വീസ് അനുമതി ഇന്ത്യയിലെ മറ്റു വിമാന കമ്പനികള്‍ക്കുകൂടി വീതിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ പരിശോധനയും പരിശീലനവും നടത്തിയ ശേഷമേ സമരത്തിലേര്‍പ്പെട്ട പൈലറ്റുമാര്‍ക്ക് വിമാനം പറത്താന്‍ കഴിയൂ. പൈലറ്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കാതെ നീട്ടിക്കൊണ്ടുപോയത് സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന വിധമാണ് വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ഗള്‍ഫിലേക്ക് സര്‍വീസ് കൂടുന്നത് പ്രത്യക്ഷത്തില്‍ ഗുണകരമായി തോന്നാമെങ്കിലും എയര്‍ ഇന്ത്യയുടെ കുത്തക അവസാനിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. സ്വകാര്യ വിമാന കമ്പനികള്‍ സര്‍വീസുകള്‍ കൂട്ടുമ്പോള്‍ അതനുസരിച്ച് എയര്‍ ഇന്ത്യ സര്‍വീസുകള്‍ കുറയും. ക്രമേണ എയര്‍ ഇന്ത്യയുടെ പല സര്‍വീസുകളും നിന്നുപോകും. ഇതോടെ സ്വകാര്യ വിമാന കമ്പനികള്‍ ഇഷ്ടാനുസരണം നിരക്ക് ഈടാക്കും.
ഗള്‍ഫിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ പറക്കാന്‍ ഗള്‍ഫ് മലയാളികള്‍ക്ക് ഇത് അവസരമൊരുക്കുന്നു. സ്വകാര്യ വിമാന കമ്പനികള്‍ മേധാവിത്വം നേടിയാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകളെയും ഇത് ബാധിക്കും.
ആഗസ്ത് പകുതി മുതല്‍ സപ്തംബര്‍ പകുതി വരെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രക്കാരുടെ തിരക്ക് കൂടുതലായിരിക്കും. ഇപ്പോള്‍ത്തന്നെ മൂന്നിരട്ടിയും അതിലധികവും വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. വിമാന ഇന്ധന നിരക്ക് കൂടിയതിനാല്‍ ഇനിയും ടിക്കറ്റ് നിരക്ക് കൂടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment