Friday 20 July 2012

[www.keralites.net] പരിണാമസിദ്ധാന്തം

 

പരിണാമസിദ്ധാന്തം.

ഇന്നത്തെ ചോറ് നാളത്തെ ഇഡ്ഡലിയാകാം... മറ്റെന്നാള്‍ മറ്റെന്തെങ്കിലുമാകാം... ഓരോ ദിവസവും ബാക്കിവരുന്നത് രൂപവും ഭാവവും മാറി തുടര്‍ ദിവസങ്ങളില്‍ വീണ്ടും അവതരിച്ചേക്കാം... ഇതാണ് ആധുനിക പരിണാമ സിദ്ധാന്തം. സാക്ഷാല്‍ ഡാര്‍വിനും തോറ്റുപോകും

Fun & Info @ Keralites.net

പുറത്തു നിന്നു നോക്കിയാല്‍ ചെറിയ കടയാണെന്നേ തോന്നൂ. . എന്നാല്‍ അകത്തു കയറിയാലോ വിശാലമായ ഷോറൂം. . വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വസ്ത്ര ശാലകള്‍ക്ക് ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പരസ്യ വാചകമാണിത്. എന്നാല്‍ കൊച്ചിയിലെ ഹോട്ടലുകളെ സംബന്ധിച്ച് ഈ പരസ്യ വാചകം നേരെ തലതിരിച്ചായിരിക്കും പ്രയോഗിക്കേണ്ടി വരിക.

പുറത്തു നിന്നു നോക്കിയാല്‍ കാര്യമായ കുഴപ്പമൊന്നും തോന്നുകയില്ല. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന ഭാഗവും തൃപ്തികരമായിരിക്കും. എന്നാല്‍ അടുക്കളയിലേക്ക് കയറി നോക്കിയാലോ ഹോട്ടലുകളുടെ യഥാര്‍ത്ഥ വിവരം അറിയും. പലപ്പോഴും മൂക്കുപൊത്തി തന്നെ വേണം അതുവഴി കടന്നു പോകാന്‍. പരിശോധനയ്ക്ക് പോയ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഈ യാഥാര്‍ത്ഥ്യം നേരിട്ട് അനുഭവിക്കേണ്ടി വന്നു. അത്രയ്ക്ക് വൃത്തിഹീനമായ അവസ്ഥയിലാണ് ഇവിടെ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നത്.

കഴിക്കാന്‍ വരുന്നവനോ, വിളമ്പുന്നവനോ പരസ്​പരം ബാധ്യതകളൊന്നുമില്ല. അതുകൊണ്ട് എന്ത് വിഷം വേണമെങ്കിലും വിളമ്പാം. കണ്ണടച്ചു തുറക്കും മുന്‍പേ കൊച്ചു നഗരമായ കൊച്ചി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുവാന്‍ തുടങ്ങിയതോടെയാണ് ഭക്ഷണ കാര്യത്തില്‍ പ്രശ്‌നം രൂക്ഷമായത്. മറ്റിടങ്ങളില്‍ നിന്നും ഇവിടേക്കെത്തുന്നവരുടെ എണ്ണവും കൂടി. ഇന്ന് കടയില്‍ കയറുന്നവന്‍ നാളെ കയറുമെന്ന് ഒരുറപ്പുമില്ല. അതിനാല്‍ അവന് എത്ര പഴകിയ സാധനം വരെ ഫ്രീസറില്‍ സൂക്ഷിച്ച് ചൂടാക്കി വിളമ്പി നല്‍കാം. അവന്റെ പോക്കറ്റില്‍ നിന്നും എത്ര പണവും വാങ്ങാം. കഴിക്കുന്നവന്റെ ആരോഗ്യത്തെ പറ്റി യാതൊരു ചിന്തയും വേണ്ട. കൈയിലുള്ള സാധനങ്ങള്‍ വെച്ച് ഭക്ഷണമെന്ന പേരില്‍ വിശന്നു വരുന്നവന്റെ മുന്‍പില്‍ എന്തെങ്കിലും വിളമ്പി കാശു വാങ്ങുക- അതാണ് ലക്ഷ്യം. ഗ്യാസിന് വില കൂടിയാലും, പെട്രോളിന് വില കൂടിയാലും തോന്നും പോലെ ചായയ്ക്കും, ഊണിനുമെല്ലാം വില കുത്തനെ ഉയര്‍ത്തുന്ന ഹോട്ടലുകളില്‍ പലതുമാണ് ഇന്ന് വൃത്തിഹീനമായ ഭക്ഷണം വിളമ്പി നടപടികളെ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഭക്ഷണങ്ങളിലെ മായം ചേര്‍ക്കല്‍ കണ്ടു പിടിക്കുന്നതിനായി അവയുടെ പരിശോധന റിപ്പോര്‍ട്ട് വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന് കുറഞ്ഞത് രണ്ടാഴ്ചവരെ സമയമെടുക്കും. അതേസമയം മായം ചേര്‍ക്കുന്നതു പോലെ കുറ്റകരമാണ് വൃത്തിഹീനമായ അവസ്ഥയില്‍ ഭക്ഷണം പാചകം ചെയ്തു വിളമ്പി നല്‍കുന്നത്. അതിനാല്‍ പ്രഥമ പരിഗണന വൃത്തിക്ക് തന്നെ നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വൃത്തിയെന്ന പേരിനോട് ഒരിക്കല്‍ പോലും നീതി പുലര്‍ത്താന്‍ മിക്ക ഹോട്ടലുകള്‍ക്കും കഴിയുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന റെയ്ഡുകള്‍ അതുകൊണ്ട് തന്നെ വൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിച്ചതിനു ശേഷം നടന്ന റെയ്ഡിന്റെ ആദ്യ ദിവസം തന്നെ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ കക്കൂസിനോട് ചേര്‍ന്നു തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. അവിടെ നിന്നും ഊറി വരുന്ന വെള്ളവും അടുക്കളയിലും തളം കെട്ടി കിടക്കുകയായിരുന്നു. തുറസ്സായ റോഡരികില്‍ പൊടിയും, മണ്ണും പാറി വന്ന് വീഴുന്ന വിധത്തില്‍ വിയര്‍ത്തൊലിച്ച ശരീരവുമായി ജോലിക്കാര്‍ ഷവര്‍മ വിറ്റ ഹോട്ടലുകളാണ് പൂട്ടിയ മറ്റ് ഹോട്ടലുകള്‍. പിടിച്ചെടുത്ത ഭക്ഷണങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി പുറത്തു വരുമ്പോള്‍ കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

പുതുതലമുറയിലെ വിശപ്പടക്കി ഭക്ഷണങ്ങളായ ജങ്ക് ഫുഡുകളാണ് മായം ചേര്‍ക്കലില്‍ ഹോട്ടലുകാരുടെ പരീക്ഷണങ്ങള്‍ക്ക് ഏറെ വിധേയമായിക്കൊണ്ടിരിക്കുന്നത്. ജങ്ക് ഫുഡുകളുടെ രുചി വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം. സ്ഥിരമായി കഴിക്കുന്നവര്‍ക്ക് പോലും രുചി വ്യത്യാസം അറിയുവാന്‍ സാധിക്കില്ല. എത്ര പഴകിയതായാലും, പുതു നിറം ചേര്‍ത്ത് ചൂടാക്കി നല്‍കുകയാണ് ചെയ്യുന്നത്. അതിനാല്‍ നിറങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പ് കളമശ്ശേരിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ അവിടത്തെ ജോലിക്കാര്‍ ടൈഫോയ്ഡ് ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് ജോലിക്കാര്‍ക്ക് ടൈഫോയ്ഡും രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തവുമാണ് ഉണ്ടായിരുന്നത്. ഇത്തരം രോഗബാധിതരായ ജോലിക്കാരെ നിര്‍ത്തി ഭക്ഷണം ഉണ്ടാക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഉടനടി കര്‍ശന നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കുവാന്‍ ആരോഗ്യവകുപ്പിനായി.
അന്യ സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ഹോട്ടലുകളാണ് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് മുന്‍പിലെന്ന് ബന്ധപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പായി ജോലിക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നുള്ള നിബന്ധനകള്‍ ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാറേയില്ല. മിക്ക ഹോട്ടലുകളിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അഡ്രസ്സ് ഉള്‍പ്പടെ വ്യക്തമായ ഒരു വിവരം ഉടമസ്ഥന്‍ സൂക്ഷിക്കാറുപോലുമില്ല. എന്തിന് അവരുടെ പേരു പോലും കൃത്യമായി പറയാന്‍ പല ഉടമകള്‍ക്കുമാകുന്നില്ല.

സൂപ്പര്‍ ''ഹിറ്റായ' രണ്ടാംവാരം?

Fun & Info @ Keralites.net


നഗരത്തിലെ ഇടത്തരം ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്കിടയിലൂടെ അപ്രതീക്ഷിതമായി നഗരസഭാ ആരോഗ്യവിഭാഗം
ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറിപ്പോയപ്പോള്‍ കൗണ്ടറിലിരുന്ന യുവാവ് ഭവ്യതയോടെ പിന്നാലെ ചെന്നു. ചില്ലലമാരയുടെ പിന്നിലെ കുടുസ്സു മുറിയിലേക്കാണ് ഉദ്യോഗസ്ഥര്‍ നേരെ പോയത്. അവിടെ മേശപ്പുറത്ത് വിഭവങ്ങള്‍ തയ്യാറായി നിരന്നിരിക്കുന്നു. ജോലിക്കാര്‍ അടുക്കളയില്‍ നിന്ന് പാഞ്ഞെത്തും മുമ്പ് പ്ലാസ്റ്റിക് കിറ്റിലൊരെണ്ണം ഉദ്യോഗസ്ഥന്റെ കൈയില്‍പ്പെട്ടു. അതില്‍ പൊതിഞ്ഞിരുന്ന 'ഫ്രൈ' വിഭവങ്ങളിലൊന്ന് കൈയിലെടുക്കുമ്പോഴേ ഗന്ധം തല തരിപ്പിക്കുന്നതായിരുന്നു. പിന്നിലെ വാതില്‍പ്പടിയില്‍ പിടിച്ചു നിന്നിരുന്ന കാഷ്യറുടെ മുഖം വിവര്‍ണമായി. താക്കീതു നല്‍കി പിടിച്ചെടുത്ത വിഭവങ്ങളുമായി ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി. 'നഗരത്തിലെ ഇത്തരം വിരലിലെണ്ണാവുന്ന ഹോട്ടലുകളിലെങ്കിലും ഭക്ഷണം കഴിക്കേണ്ടിവരുന്ന നിര്‍ഭാഗ്യര്‍ക്ക് തത്കാല രക്ഷ' .

ബദാംഷേയ്ക്ക് വരുന്ന വഴി

Fun & Info @ Keralites.net

അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കൂട്ടമായി എത്തി തുടങ്ങിയതോടെയായിരുന്നു അവരുടെ ഭക്ഷണവും ഇങ്ങോട്ടെത്തിയത്. ഇത് മലയാളികളുടെ ഭക്ഷ്യസംസ്‌ക്കാരത്തെ തന്നെ കാര്യമായി ബാധിച്ചു. വഴിയരികില്‍ കിട്ടുന്ന ഒട്ടും വൃൃത്തിയില്ലാത്ത ഉത്തരേന്ത്യന്‍ ഭക്ഷണം മലയാളികള്‍ക്ക് ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങളും ചില്ലറയല്ല. രാജസ്ഥാനില്‍ നിന്നുള്ള പത്തിലധികം വരുന്ന തൊഴിലാളികളാണ് കൊച്ചിയിലെ മറൈന്‍ഡ്രൈവിലും, കലൂരിലും പാലാരിവട്ടത്തുമെല്ലാം ബദാം ഷേയ്ക്ക് വില്‍ക്കുന്നത്. കച്ചേരിപ്പടിയിലെ മാധവ ഫാര്‍മസിക്കടുത്തുള്ള തൊഴുത്തുപോലുള്ള വീട്ടിലിട്ടാണ് ഷേയ്ക്ക് ഉണ്ടാക്കുന്നത്. അതിനുവേണ്ട അസംസ്‌കൃത വസ്തുക്കളായ മൈദമാവും പഞ്ചസാരയും, പാലും കൂട്ടിക്കുഴച്ച് മുറ്റത്തുതന്നെ കൃത്രിമമായി ഉണ്ടാക്കിയ ഒരു കുഴിയില്‍ നിക്ഷേപിക്കുന്നു. ടര്‍പായ ഇട്ട് മൂടിയ ആ കുഴിക്ക് ചുറ്റുമാണ് മഴ പെയ്യുമ്പോള്‍ ചെളിവെള്ളം നിറയുന്നത്. ഷേയ്ക്ക് തണുപ്പിക്കാന്‍ കൊണ്ടുവരുന്ന വലിയ ഐസ്‌കട്ടകള്‍ ആ ചെളിയില്‍ തന്നെ പ്ലാസ്റ്റിക് ചാക്കിട്ട് മൂടിയിരിക്കുകയാണ്. നേരത്തെ ഇവ വീടിന്റെ വരാന്തയിലാണ് വെച്ചിരുന്നത്. എന്നാല്‍ ഐസുകള്‍ അലിഞ്ഞ് വരാന്ത കുളമായി. ആരും ഐസ് വെള്ളം കോരി കളയാത്തതിനാല്‍ അവ കറുത്ത നിറമായിമാറി. കൊതുകുകള്‍ കൂട്ടമായെത്തി അതില്‍ മുട്ടയിട്ടു. കൂത്താടികളെ തിന്നാന്‍ തവളകള്‍ കൂടി അവിടെയെത്തി.
ഇത്തരം സാഹചര്യത്തില്‍ വെച്ച് പ്രത്യേക അനുപാതത്തില്‍ മൈദമാവും, പാലും, പഞ്ചസാര ലായിനിയും കൂട്ടി കലര്‍ത്തിയാണ് ബദാം ഷേയ്ക്കുകള്‍ ഉണ്ടാക്കുന്നത്. ബദാം ഇതില്‍ പേരിനുമാത്രം. ശീതീകരണ സംവിധാനമുള്ള പെട്ടികളില്‍ ഇവ നിറച്ച് ഉന്തുവണ്ടിയില്‍ വെച്ചാണ് ഇത്തരം ഷെയ്ക്കുകള്‍ വില്‍ക്കുന്നത്. ഐസ് ഈ ശീതീകരണ സംവിധാനമുള്ള പെട്ടിയിലേക്ക് ചെറുതായി പൊട്ടിച്ചിടുകയാണ് ചെയ്യുന്നത്. ഇവര്‍ ഉപയോഗിക്കുന്ന ഐസ് വരുന്ന വഴിയെപ്പറ്റി പഠനം നടത്തിയാല്‍ ബദാം ഷെയ്ക്കിനെ ആരും വെറുത്തുപോകും.

ഷവര്‍മയുടെ കഷ്ടകാലം
ഡി. ഷൈജുമോന്‍

Fun & Info @ Keralites.net

ആര്‍ക്കാണ് കുഴപ്പം. . . ? ഷവര്‍മയ്ക്കാണോ. . അതോ കുബ്ബൂസിനോ. . ? അല്ലെങ്കില്‍ കുബ്ബൂസില്‍ തേച്ചുപിടിപ്പിക്കുന്ന മയോണൈസിനോ. . . ? എന്തായാലും ജനങ്ങള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ മാലിന്യമുണ്ടോ. . . കുടുങ്ങിയതു തന്നെ. . . അറേബ്യന്‍ നാട്ടില്‍ നിന്നു കടല്‍കടന്ന് ഇവിടെയെത്തിയ ഷവര്‍മയ്ക്ക് കേരളത്തിലിപ്പോള്‍ കഷ്ടകാലമാണ്. പ്രത്യേകിച്ച് എറണാകുളത്ത്.

തിരുവനന്തപുരത്തെ ഒരു ഷവര്‍മ വില്പനകേന്ദ്രത്തില്‍ നിന്നു വാങ്ങിയ ഷവര്‍മ കഴിച്ച് ആലപ്പുഴ വീയപുരം സ്വദേശി സച്ചിന്‍ റോയ് മാത്യുവെന്ന യുവാവ് മരിക്കാനിടയായ സംഭവം എന്തായാലും ആരോഗ്യവകുപ്പ് അധികൃതരെ പിടിച്ചൊന്നു കുലുക്കിയുണര്‍ത്തി. നാടൊട്ടുക്കും ഹോട്ടലുകളില്‍ റെയ്ഡ്. ഷവര്‍മ വില്പനകേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന. എറണാകുളം ജില്ലയില്‍ അടുത്ത ഒരാഴ്ചക്കാലത്തേക്കാണ് ഷവര്‍മ ഉണ്ടാക്കലും വില്പനയും നിരോധിച്ചിരിക്കുന്നത്.

എല്ലുകളഞ്ഞ കോഴിയിറച്ചിയും മാട്ടിറച്ചിയും വെവ്വേറെ പ്രത്യേകം മസാല പുരട്ടി കമ്പില്‍ തൂക്കിയിറക്കി 200 മുതല്‍ 250 വരെ ഡിഗ്രിയില്‍ രണ്ട് - രണ്ടര മണിക്കൂര്‍ ചൂടു തട്ടിച്ച് തയ്യാറാക്കുന്ന ഭക്ഷണ വസ്തുവാണ് ഷവര്‍മ. തനി ഗള്‍ഫ്. അറബികളുടെ സ്വന്തം. നമ്മുടെയാളുകള്‍ ഗള്‍ഫില്‍ നിന്നു സോപ്പും സെന്റുമൊക്കെ കൊണ്ടുവന്ന കൂട്ടത്തില്‍ ഒപ്പം കൂട്ടിയതാണീ അറബിക് ഫുഡിനെയും. അവിടെ ഗള്‍ഫില്‍ പഴകിയ ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മ ഉണ്ടാക്കിയാല്‍ പിറേറന്ന് ഹോട്ടലുകാരന്റെ തല കാണില്ല. പക്ഷേ. . നമ്മള്‍ മലയാളീസ് ബാക്കി വരുന്നതൊക്കെ ഫ്രീസറില്‍ വെച്ച് ദിവസങ്ങളോളം കഴിക്കാന്‍ മിടുക്കരാണല്ലോ. . . . ഇതിനൊക്കെ വളം വെയ്ക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥരും നിയമങ്ങളും. . !

തിരുവനന്തപുരത്തെ ഒരു ഹോട്ടലുകാരന്‍ ചെയ്ത തോന്ന്യാസത്തിന് എല്ലാവരെയും ഒരുപോലെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് കൊച്ചിയിലെ കച്ചവടക്കാര്‍ പറയുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് ആരോഗ്യവകുപ്പിലെ വിജിലന്‍സ് ടീം എത്തി നഗരത്തിലെ എല്ലാ ഷവര്‍മ കേന്ദ്രങ്ങളും അടപ്പിച്ചത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ ആരംഭിക്കുന്നതാണ് ഓരോ ഷവര്‍മ സെന്ററിലെയും ജോലികള്‍. ചിക്കന്‍ എത്തിച്ച് ബോണ്‍ലെസ് ചെയ്ത് കഴുകി വേവിച്ച് മസാല ചെയ്ത് ഷവര്‍മ തട്ടില്‍ കയറ്റാന്‍ പാകത്തിലാക്കണം. മയോണൈസ് അടക്കമുള്ള മറ്റു സംഗതികളും റെഡിയാക്കണം. ബുധനാഴ്ച ഷവര്‍മ തട്ടില്‍ ചിക്കന്‍ ചൂടായി വരുന്ന സമയത്താണ് പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ എത്തി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതത്രെ. കൊച്ചി നഗരത്തില്‍ മാത്രം 60 ഓളം ഷവര്‍മ കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഫുള്‍ ഫ്‌ളഡജ്ഡ് അറേബ്യന്‍ ഫുഡ് കോര്‍ട്ടുകള്‍ പത്തെണ്ണമെങ്കിലും വരും. എറണാകുളം ജില്ലയില്‍ ആകെ ഇത് 150 ലേറെയാണ്.

ബുധനാഴ്ച ഒരു ദിവസം മാത്രം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഒരു കൗണ്ടറില്‍ നിന്നു മാത്രം ഉണ്ടായതെന്ന് പാലാരിവട്ടത്തെ പ്രമുഖ ഷവര്‍മ സ്ഥാപനമുടമകള്‍ പറഞ്ഞു. ദിവസേന ശരാശരി 250-300 ഷവര്‍മയാണ് ഇവരുടെ സ്ഥാപനത്തില്‍ നിന്നു ചെലവാകുന്നത്. ഷവര്‍മ പ്ലേററിന് 80 രൂപയും റോളിന് 50 രൂപയുമാണ് നിരക്ക്. 40 രൂപയ്ക്ക് ഷവര്‍മ വില്‍ക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അടുത്ത ഒരാഴ്ച ഷവര്‍മ ഇല്ലാതാവുന്നതോടെ വന്‍ നഷ്ടമാണ് ബിസിനസ്സില്‍ നേരിടേണ്ടിവരികയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

''40 ഓളം ജീവനക്കാരാണ് ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളവും മറ്റും പ്രതിസന്ധിയിലാവും. കെട്ടിടവാടക വേറെ.''- ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, കബാബ് തുടങ്ങി നിരവധി അനുബന്ധ അറേബ്യന്‍ വിഭവങ്ങള്‍ ഉണ്ടെങ്കിലും ഉപഭോക്താക്കളെ കടയിലേക്ക് ആകര്‍ഷിക്കുന്നത് മുന്നിലെ ഷവര്‍മ തട്ടുകള്‍ തന്നെയാണെന്ന് ഇരുവരും പറഞ്ഞു. ' വര്‍മ ഇല്ലാതായതോടെ ഏതാണ്ട് മരിച്ച പൊരേടെ പോലേ. . .' കണ്ണൂര്‍ക്കാരായ സാഹിറും സെന്‍ഹറും കൂട്ടിച്ചേര്‍ത്തു.

ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസിലാണ് ഏറ്റവും കൂടുതല്‍ മായം കലരാന്‍ സാധ്യതയെങ്കിലും അതിനെ കച്ചവടക്കാര്‍ തള്ളിക്കളയുന്നു. വെളുത്തുള്ളിയും മുട്ടയും സണ്‍ഫ്‌ളവര്‍ എണ്ണയും മാത്രം ഉപയോഗിച്ചാണ് ഗാര്‍ലിക് പേസ്റ്റ് ഉണ്ടാക്കുന്നതെന്ന് അവര്‍ പറയുന്നു. കുബ്ബൂസിലെ ഫംഗസ് ബാധ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണമാവാം. അത് കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്.

പക്ഷേ , അപൂര്‍വ്വം ചിലയിടങ്ങളില്‍ ഷവര്‍മയിലെ മയോണൈസ് രാസവസ്തുക്കള്‍ ചേര്‍ത്തതാണ് എന്നതും രഹസ്യമല്ല. ഇത് സ്ഥിരമായി കഴിക്കുന്ന കുട്ടികളാണ് ഷവര്‍മ അഡിക്ഷന്‍ കാണിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇത് ആശങ്കാജനകമായ ആരോഗ്യപ്രശ്‌നം തന്നെയാണ്, മാനസികവും. ഇതിന് അന്ത്യം കുറിച്ചേ തീരൂ.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment