Wednesday, 11 July 2012

[www.keralites.net] ദൈവത്തിന്‍റെ കണികകള്‍

 

ദൈവത്തിന്റേതല്ലാത്ത കണികകള്

‍വി.ടി.സന്തോഷ് കുമാര്‍

ദൈവ സങ്കല്‍പവുമായി ഒരു ബന്ധവുമില്ലാത്ത ഒരു മൗലിക കണം ദൈവകണമായി മാറുന്നത് എങ്ങനെയാണ്?

Fun & Info @ Keralites.net

ഒത്തിരി കിഴക്കോട്ടു പോയാല്‍ പടിഞ്ഞാറെത്തും എന്നു പറഞ്ഞതുപോലാണ് കാര്യങ്ങള്‍. ഭൗതികശാസ്ത്രത്തിന്റെ സൂക്ഷ്മതയിലേക്ക് ആഴത്തില്‍ ഇറങ്ങിയിറങ്ങിച്ചെന്നാല്‍ തത്ത്വചിന്തയുടെ ലോകത്താണ് എത്തിപ്പെട്ടതെന്നു തോന്നും. പ്രപഞ്ചഘടന വിശദീകരിക്കാനുള്ള ഗവേഷണങ്ങള്‍ അവിടെ ആത്യന്തിക സത്യം തേടിയുള്ള അന്വേഷണമായി വ്യാഖ്യാനിക്കപ്പെടും. ദൈവസങ്കല്‍പവുമായി ഒരുവിധത്തിലും ബന്ധപ്പെടുത്താവാത്ത മൗലിക കണം 'ദൈവകണ'മെന്നു വാഴ്ത്തപ്പെടും. അതു കണ്ടെത്തിയാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായെന്ന തെറ്റിദ്ധാരണ പരക്കും. 

ഹിഗ്‌സ് ബോസോണ്‍ എന്ന മൗലികകണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം ലഭിച്ചത് 'ദൈവകണം' എന്ന വിശേഷണം കാരണമാണെന്നതില്‍ തര്‍ക്കമില്ല. അതു സംബന്ധിച്ച ചര്‍ച്ചകളെ ശാസ്ത്രത്തിന്റെ രീതിയില്‍ നിന്നു തത്ത്വചിന്തയുടെ തലത്തിലേക്കു വഴിതിരിച്ചുവിടുന്നതും ഈ വിശേഷണം തന്നെ. പക്ഷേ ഈ ഗവേഷണത്തിന്റെ പ്രാധാന്യം അതിന്റെ വിളിപ്പേരിലെ കൗതുകത്തിലൊതുങ്ങുന്നില്ല. ഹിഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചാല്‍ അത് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൗതികശാസ്ത്ര നേട്ടമായി മാറുമെന്നു പറയുന്നത് അതുകൊണ്ടാണ്. 

കണ്ണുകൊണ്ടു കാണാന്‍ പറ്റാത്ത, എളുപ്പത്തിലൊന്നും അനുഭവിച്ചറിയാന്‍ പറ്റാത്ത ഒരു സൂക്ഷ്മ കണത്തിന്റെ കണ്ടെത്തലിന് ഭൗതികശാസ്ത്രത്തില്‍ ഇത്രത്തോളം പ്രധാന്യമുണ്ടാകാന്‍ എന്താണു കാരണം? അതിന്റെ ഉത്തരം അത്ര ലളിതമല്ല. എന്താണ് ഹിഗ്‌സ് ബോസോണ്‍ എന്ന ചോദ്യത്തിനുപോലും എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. അങ്ങനെയുള്ള ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിച്ചാല്‍ അത് നമ്മുടെ നിത്യജീവിതത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാക്കാനും പോകുന്നില്ല. പക്ഷേ ഒന്നുണ്ട്. ആ കണം പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെ അറിവിന്റെ ആഴം വര്‍ധിപ്പിക്കും. പ്രപഞ്ചരഹസ്യങ്ങളിലേക്ക് പുതിയ ജാലകം തുറക്കും. 

വഴുതിമാറുന്ന സിദ്ധാന്തങ്ങള്‍


അപ്പോള്‍ എന്താണീ ഹിഗ്‌സ് ബോസോണ്‍? പ്രപഞ്ചത്തിലെ മറ്റു കണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന മൗലിക കണമാണത് എന്നായിരിക്കും ഉത്തരം. ഉത്തരം ശരിതന്നെയാണ്. പക്ഷേ അപ്പറഞ്ഞതിന് അര്‍ഥമെന്താണ് എന്നു ചോദിച്ചാലോ? ഉത്തരം പറയാന്‍ വിഷമിക്കും. ഒരു കണത്തിനെങ്ങനെ മറ്റു കണങ്ങള്‍ക്ക് പിണ്ഡം നല്‍കാനാവും? അല്ലെങ്കില്‍ത്തന്നെ ദ്രവ്യത്തിന് പിണ്ഡം നല്‍കുക എന്നു പറഞ്ഞാല്‍ എന്താണ് അതിനര്‍ഥം? 

ഈ ചോദിച്ചതിനൊക്കെ എളുപ്പത്തില്‍ പറയാവുന്ന ഉത്തരം ഒന്നേയുള്ളൂ. ത•ാത്രകളും പരമാണുക്കളും അതിലും ചെറിയ മൗലിക കണങ്ങളുമടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടം ബലതന്ത്രം പോലുള്ള ആധുനിക ഭൗതികശാസ്ത്ര ശാഖകളിലെ സിദ്ധാന്തങ്ങളും സങ്കല്‍പങ്ങളും നമ്മുടെ സാമാന്യജ്ഞാനം കൊണ്ട് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറത്താണ്. ക്വാണ്ടം ബലതന്ത്രത്തിന്റെ വക്താക്കളില്‍ പ്രമുഖനായിരുന്ന വേര്‍ണര്‍ ഹെയ്‌സന്‍ബര്‍ഗ് ഈ ബുദ്ധിമുട്ടിനെപ്പറ്റി പണ്ടേ പറഞ്ഞിട്ടുണ്ട്. ''ഭാഷ വലിയൊരു പ്രശ്‌നം തന്നെയാണ്. പരമാണുക്കളുടെ ഘടനയെപ്പറ്റി സംസാരിക്കണമെന്നുണ്ട്. പക്ഷേ എന്തുചെയ്യും. പരമാണുക്കളെപ്പറ്റി സാധാരണഭാഷയില്‍ സംസാരിക്കാനാവില്ല. നമ്മുടെ സാമാന്യ ജ്ഞാനം പരമാണുക്കളുടെ കാര്യത്തില്‍ പ്രയോഗിക്കാനും പറ്റില്ല''.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആര്‍ക്കിമിഡീസും ഗലീലിയോയും ന്യൂട്ടനുമെല്ലാം പറഞ്ഞ കാര്യങ്ങള്‍ നമുക്ക് എളുപ്പം മനസ്സിലാവും. കാരണം, ചിരപരിചിതമായ വസ്തുക്കള്‍ ചൂണ്ടിക്കാണിച്ചും കണ്‍മുന്നിലുള്ള പ്രതിഭാസങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയുമാണ് അവര്‍ ശാസ്ത്ര തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് കഥ മാറാന്‍ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നു. പരമാണുവിന്റെ ഉള്ളറകളിലെ സൂക്ഷ്മപ്രപഞ്ചത്തിലേക്കു മനുഷ്യന്റെ ദൃഷ്ടികള്‍ തുളച്ചിറങ്ങി. അതി വിദൂരതയിലുള്ള ആകാശഗോളങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പറന്നുചെന്നു. അവിടെ കണ്ടറിഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ന്യൂട്ടന്റെ നിയമങ്ങള്‍ മതിയാവാതെ വന്നു. 

സാധാരണക്കാരന്റെ തലയ്ക്കു മുകളിലൂടെ പറക്കുന്ന സങ്കീര്‍ണ സിദ്ധാന്തങ്ങള്‍ പിറന്നത് അങ്ങനെയാണ്. അന്നും ഇന്നും പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള ശാസ്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നത് ഭൗതിക നിയമങ്ങളുടെ രൂപകല്‍പനയിലൂടെയാണ്. വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന ഈ നിയമങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വൈദ്യുതാകര്‍ഷണത്തിന്റെയും കാന്തികാകര്‍ഷണത്തിന്റെയും നിയമങ്ങള്‍ ഒരുമിച്ചു ചേര്‍ത്താണ് ജയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെല്‍ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്‌കരിച്ചത്. അബ്ദുസ്സലാമും സ്റ്റീഫന്‍ വെയിന്‍ബെര്‍ഗും ചേര്‍ന്ന് വൈദ്യുത കാന്തിക ബലത്തെ പരമാണുക്കളിലെ പരിക്ഷീണബലവുമായി സംയോജിപ്പിച്ചു. ഇപ്പോഴത്തെ കണ്ടെത്തലുകള്‍ പരമാണുവിലെ പ്രബല ബലത്തെയും അതിനോടു കൂട്ടിയിണക്കും. പക്ഷേ ഗുരുത്വാകര്‍ഷണ നിയമത്തെ അതിനോടു ചേര്‍ക്കാന്‍ ഇനിയുമായിട്ടില്ല.

നമ്മുടെയീ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായിരുന്നെന്നും അതിന്റെ ഘടന എന്താണെന്നും വിശദീകരിക്കുന്നതിനുള്ള ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം സങ്കീര്‍ണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്‍പനങ്ങളിലൂടെയുമാണതിനു ശ്രമിക്കുന്നത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന വിശദീകരിക്കാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജും പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന 'മഹാവിസ്‌ഫോടന സിദ്ധാന്ത'വുമാണ് അക്കൂട്ടത്തില്‍ പ്രമുഖം. ശാസ്ത്ര ലോകം ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിനു പിണ്ഡം നല്‍കുന്ന മൗലിക കണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. അവിടെയാണ് ഹിഗ്‌സ് ബോസോണിന്റെ വരവ്.

കുഞ്ഞുകണങ്ങളുടെ നിഗൂഢ ലോകം

Fun & Info @ Keralites.net

ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു മഹാവിസ്‌ഫോടനത്തിലൂടെ, ഒന്നുമില്ലായ്മയില്‍ നിന്ന്, നമ്മുടെയീ പ്രപഞ്ചമുണ്ടായി എന്നാണ് മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. ഒരു ബിന്ദുവില്‍ നിന്നുത്ഭവിച്ച പ്രപഞ്ചം കണ്ണടച്ചു തുറക്കുംമുമ്പ് വളര്‍ന്നു വികസിച്ച് കണ്ണെത്താ ദൂരത്തോളം പരന്നു. പിന്നെയുമത് വികസിച്ചുകൊണ്ടേയിരുന്നു. മഹാ വിസ്‌ഫോടനം കഴിഞ്ഞ് ഇത്തിരി കഴിഞ്ഞപ്പോള്‍ അടിസ്ഥാനബലങ്ങളും മൗലിക കണങ്ങളുമുണ്ടായി (ഈ ഇത്തിരിയെന്നു പറയുന്നത് സെക്കന്‍ഡിന്റെ കോടിയില്‍ ഒരംശത്തിലും ചെറുതാണ്. സെക്കന്‍ഡിന്റെ നൂറിലൊന്ന് എന്നു പറയുന്നതുതന്നെ നമുക്ക് സങ്കല്‍പിക്കാന്‍പോലും പറ്റാത്തത്ര ചെറുതാണ്. കോടിയിലൊന്ന് എന്നു പറയുമ്പോഴോ? നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിന് ഒരര്‍ഥവുമില്ല. എന്നാല്‍ കുഞ്ഞുകണങ്ങളുടെ കാര്യം നോക്കുന്ന കണഭൗതികത്തില്‍ ഈ സമയം അത്ര ചെറുതല്ല.) 
മഹാവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായി ഒഴുകിപ്പരന്നുനടന്ന സൂക്ഷ്മ കണങ്ങളെ ഒരുമിച്ചു ചേര്‍ത്തു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം സൃഷ്ടിയ്ക്കു വഴിയൊരുക്കിയത് എന്താണ് എന്നത് ഏറെക്കാലം ശാസ്ത്രജ്ഞരെ അലട്ടിയ പ്രശ്‌നമായിരുന്നു. ഈ സൂക്ഷ്മ കണങ്ങളെ കൂട്ടിപ്പിടിച്ചു നിര്‍ത്താന്‍ വേറൊരു സംഗതി ആവശ്യമായിരുന്നു. അതിനെ ഹിഗ്‌സ് മണ്ഡലം അഥവാ ഹിഗ്‌സ് ബലക്ഷേത്രം എന്നു വിളിക്കുന്നു. ഈ മണ്ഡലത്തിലെത്തിപ്പെടുമ്പോള്‍ കാന്തിക മണ്ഡലത്തിലെത്തുന്ന ഇരുമ്പു തരിക്കു കൂടുതല്‍ ഭാരം അനുഭവപ്പെടുന്നതുപോലെ മൗലിക കണങ്ങള്‍ക്കു പിണ്ഡം ലഭിക്കും (അടിസ്ഥാനപരമായി വ്യത്യാസമുണ്ടെങ്കിലും പിണ്ഡത്തെ തത്ക്കാലം ഭാരം എന്നു മനസ്സിലാക്കിയാല്‍ മതി). അതുവരെ പിണ്ഡമില്ലാതെ പ്രകാശ വേഗത്തില്‍ അലഞ്ഞുതിരിഞ്ഞിരുന്ന കണങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് വ്യവസ്ഥാപിത മാര്‍ഗത്തിലേക്ക് മാറുന്നത് അങ്ങനെയാണ്. കൂടുതല്‍ പിണ്ഡമുള്ളവ ഒരുമിച്ച് ആകാശ ഗോളങ്ങളുണ്ടായി. ഹിഗ്‌സിനു പിടികൊടുക്കാത്ത ഫോട്ടോണുകള്‍ പോലുള്ള കണങ്ങള്‍ പിണ്ഡമില്ലാതെ പഴയപടി പ്രകാശവേഗത്തില്‍ത്തന്നെ സഞ്ചരിച്ചു.


പ്രകാശ കിരണത്തിന് ഫോട്ടോണ്‍ എന്ന കണികാ രൂപം നല്‍കിയ പോലെ ഹിഗ്‌സ് മണ്ഡലമെന്ന ബലക്ഷേത്രത്തിന് സൗകര്യത്തിനു വേണ്ടി കണികാ സ്വരൂപം നല്‍കുന്നു. അതാണ് ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണം. ഹിഗ്‌സ് ബോസോണ്‍ ഒരു കണമാണെന്നു പറയുമെങ്കിലും അത് നമ്മുടെ സങ്കല്‍പത്തിലുള്ളപോലെ ഒരു കുഞ്ഞുതരി ദ്രവ്യം അല്ലെന്നര്‍ഥം. മഹാവിസ്‌ഫോടനം കഴിഞ്ഞ് സെക്കന്‍ഡിന്റെ പതിനായിരം കോടിയില്‍ ഒരംശം സമയം കഴിഞ്ഞാണത്രെ ഹിഗ്‌സ് ബോസോണുകളുടെ വരവ്. കണ്ടോ കൊണ്ടോ അറിയാന്‍ എളുപ്പമല്ലാത്ത ഈ കുഞ്ഞു കണങ്ങളെ മനസ്സിലാക്കണമെങ്കില്‍ സങ്കീര്‍ണഗണിതക്രിയകളുടെ സഹായം തേടണം. 


ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകമെന്നു കരുതുന്ന ക്വാര്‍ക്കുകളും ലെപ്‌റ്റോണുകളും ബോസോണുകളും നാല് ഭൗതിക ബലങ്ങളിലെ മൂന്നെണ്ണവും ചേര്‍ന്നതാണ് പരമാണുവിന്റെ അന്തര്‍ഭാഗത്തിന്റെ ഘടക ഭാഗങ്ങളുടെ പ്രാമാണിക മാതൃക അഥവാ സ്റ്റാന്‍ഡേഡ് മോഡല്‍. ഈ മോഡല്‍ പൂര്‍ണമാകണമെങ്കില്‍ മറ്റു കണങ്ങള്‍ക്കു പിണ്ഡം നല്‍കുന്ന ഒരു കണം വേണമായിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പടെയുള്ള ആറ് ഗവേഷകര്‍ ചേര്‍ന്ന് 1964 ല്‍തന്നെ അത്തരമൊരു കണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തമവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസ് ആവിഷ്‌കരിച്ച് ഐന്‍സ്‌റ്റൈന്‍ പരിഷ്‌കരിച്ചെടുത്ത ബോസ് ഐന്‍സ്‌റ്റൈന്‍ സാംഖികം എന്ന ഗണിത സമീകരണം അനുസരിക്കുന്ന 'ബോസോണു'കളെന്ന ബലവാഹകളായ മൗലിക കണങ്ങളുടെ കൂട്ടത്തിലായിരുന്നു അതിന്റെ സ്ഥാനം. പീറ്റര്‍ ഹിഗ്‌സിനോടും ബോസിനോടുമുള്ള ആദര സൂചകമായി ഈ കണത്തെ ഹിഗ്‌സ് ബോസോണ്‍ എന്നു വിളിച്ചു.


പരമാണുവിനുള്ളിലെ എല്ലാ മൗലിക കണങ്ങളെയും ബോസോണുകളും ഫെര്‍മിയോണുകളുമായി തരംതിരിച്ചിരിട്ടുണ്ട്. അവയുടെ വിതരണ ക്രമം ഇന്ത്യയുടെ സത്യന്ദ്രനാഥ് ബോസ് അവതരിപ്പിച്ച ഗണിത സമീകരണം അനുസരിച്ചാണോ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ എന്‍റിക്കോ ഫെര്‍മിയുടെ സിദ്ധാന്തം അനുസരിച്ചാണോ എന്നതിനെ ആശ്രയിച്ചാണീ തരംതിരിവ്. ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ പദാര്‍ഥ കണങ്ങളെ ഫെര്‍മിയോണ്‍ എന്നും ഫോട്ടോണുകള്‍ പയോണുകള്‍ തുടങ്ങിയ ബലവാഹക കണങ്ങളെ ബോസോണുകള്‍ എന്നും വിളിക്കും. ഹിഗ്‌സിന്റെ കണം അനുസരിക്കുന്നത് ബോസിന്റെ നിയമമാണ്. അതുകൊണ്ട് അത് ഹിഗ്‌സ് ബോസോണ്‍ ആയി. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഈ കണിക പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ആ അന്വേഷണം എങ്ങുമെത്താതെ നീങ്ങുമ്പോഴാണ് ഹിഗ്‌സ് ബോസോണിനെപ്പറ്റിയുള്ള ഒരു പുസ്തകത്തിന് അതിന്റെ പ്രസാധകന്‍ ദൈവ കണം എന്നു പേരിടുന്നത്. പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ലെങ്കിലും ഹിഗ്‌സ് ബോസോണ്‍ അങ്ങനെ ദൈവകണം എന്നറിയപ്പെടാന്‍ തുടങ്ങി. അതോടെ ഈ കണികാ വേട്ടയ്ക്ക് പുതിയൊരു മാനം കൈവന്നു. 


ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന കണികാ ത്വരകമുപയോഗിച്ച് യൂറോപ്യന്‍ ആണവോര്‍ജ്ജ് ഏജന്‍സി (സേണ്‍)2008ല്‍ തുടങ്ങിയ ബൃഹദ് പരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇത്ര നാളും പിടികൊടുക്കാതെ കഴിഞ്ഞ ഈ കണങ്ങളുടെ അസ്തിത്വം തെളിയിക്കുക എന്നതായത് ഈ പശ്ചാത്തലത്തിലാണ്. 

കണികകളുടെ കൂട്ടിയിടി 

Fun & Info @ Keralites.net
വലിയ കാര്യങ്ങളെപ്പറ്റി പഠിക്കുക എളുപ്പമാണ്. കുഞ്ഞു കമങ്ങളുടെ കാര്യംവരുമ്പോള്‍ ബുദ്ധിമുട്ട് കൂടിവരും. പരമാണുക്കളുടെ പരിക്ഷീണ ബലത്തെപ്പറ്റി പഠിക്കണമെങ്കില്‍ ഉന്നതോര്‍ജ്ജവും പരമാണുക്കളെ തല്ലിത്തകര്‍ക്കാനുള്ള പടുകൂറ്റന്‍ ഉപകരണങ്ങളും വേണം. വലുതായാലും ചെറുതായാലും പദാര്‍ഥങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചാല്‍ അവയില്‍ അടങ്ങിയ വസ്തുക്കള്‍ ചിന്നിച്ചിതറും. പരമാണുവിലെ സൂക്ഷ്മ കണങ്ങള്‍ ഉന്നതോര്‍ജ്ജത്തില്‍ കൂട്ടിയിടിക്കുമ്പോള്‍ അവ പിളരുകയും പുതിയ കണങ്ങള്‍ രുപപ്പെടുകയും ചെയ്യും. സൂക്ഷ്മ കണങ്ങള്‍ തല്ലിത്തകര്‍ക്കണമെങ്കില്‍ അവയെ ഉന്നതോര്‍ജ്ജത്തില്‍ അതിവേഗത്തില്‍ കൂട്ടിയിടിപ്പിക്കണം. ഈ കൂട്ടിയിടിക്കായി മൗലിക കണങ്ങളുടെ വേഗം കൂട്ടാന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് കണികാ ത്വരകങ്ങള്‍. അതിലൊന്നാണ് യൂറോപ്യന്‍ ആണവോര്‍ജ്ജ ഗവേഷണ ഏജന്‍സി(സേണ്‍)യുടെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. 
വളെര ഉയര്‍ന്ന ഊര്‍ജ്ജ നിലയിലുള്ള കണികകളെ കൂട്ടിയിടിപ്പിച്ച് മഹാവിസ്‌ഫോടനത്തിനു തൊട്ടു പിന്നാലെയുള്ള അവസ്ഥയ്ക്കു സമാനമായൊരന്തരീക്ഷം പരീക്ഷണ ശാലയില്‍ സൃഷ്ടിച്ച് അതിന്റെ ഫലങ്ങള്‍ നിരീക്ഷിച്ചാണ് സേണിലെ ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണത്തെ കണ്ടെത്താന്‍ ശ്രമിച്ചത്. 38 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സേണില്‍ കണികാ പരീക്ഷണം നടത്തുന്നത്. പ്രകാശവേഗത്തില്‍, ഉന്നതോര്‍ജ്ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹിഗ്‌സ് ബോസോണ്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണങ്ങള്‍ കണ്ടെത്തിയ കാര്യം ജൂലായ് നാലിന് ശാസ്ത്രസംഘം വെളിപ്പെടുത്തിയത് വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവിലാണ്. അതിനു ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച പീറ്റര്‍ ഹിഗ്‌സിനും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ വിടപറയേണ്ടിവന്ന സത്യേന്ദ്രനാഥ ബോസിനുമുള്ള ആദരംകൂടിയായി ആ പ്രഖ്യാപനം.
ഇന്ത്യക്കാരുള്‍പ്പെടുന്ന ശാസ്ത്രസംഘത്തിന്റെ നേതൃത്വത്തില്‍ പുതുതായി കണ്ടെത്തിയ കണം ഹിഗ്‌സ് ബോസോണ്‍ തന്നെയെന്ന് 99.999 ശതമാനം ഉറപ്പിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും തുടര്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം വെളിപ്പെടുത്തുന്നതിനുള്ള പത്രസമ്മേളനത്തില്‍ സേണിന്റെ ഡയരക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ പറഞ്ഞത് 'ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നമ്മളതു കണ്ടെത്തിക്കഴിഞ്ഞു എന്നു പറയാം' എന്നാണ്. '' എന്നാല്‍ ശാസ്ത്രലോകത്തിന് ഇനിയുമൊരുപാടു പോകാനുണ്ട്. വലിയൊരു യാത്രയുടെ തുടക്കം മാത്രമാണിത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൗലിക കണങ്ങളുടെ കാര്യത്തില്‍ കണ്ടെത്തുക എന്ന പ്രയോഗം തന്നെ ശരിയാവില്ല എന്നതാണ് വസ്തുത. കണ്ണുകൊണ്ടോ സൂക്്ഷ്മദര്‍ശിനികൊണ്ടോ കാണാന്‍ കഴിയാത്തത്ര ചെറുതാണവ എന്നതു തന്നെ കാരണം. ഹിഗ്‌സ് ബോസോണ്‍ ഗവേഷണത്തെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ ജയന്ത് വി. നാര്‍ലിക്കര്‍ എഴുതിയ ലേഖനത്തില്‍ ഇതേപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. ''കടല്‍ത്തീരത്ത് സുഹൃത്തിനെ അന്വേഷിച്ചു നടക്കുകയാണ് നിങ്ങള്‍. സുഹൃത്തിന്റെ കാലടിയടയാളം ഒരിടത്തു കണ്ടു. അതുപോലൊരാളുടെ നിഴല്‍ മറ്റൊരിടത്തു കണ്ടതായി കേള്‍ക്കുകയും ചെയ്തു. അതുവെച്ച് സുഹൃത്ത് ആ കടല്‍തീരത്ത് ഉണ്ടെന്നുറപ്പിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. അയാളെ ജീവനോടെ നിങ്ങള്‍ കണ്ടിട്ടില്ല. ഒരു പക്ഷേ കാണാന്‍ കഴിയുകയുമില്ല''. 

ആത്യന്തിക സത്യം


ഇപ്പോള്‍ കണ്ടെത്തിയത് ഹിഗ്‌സ് ബോസോണ്‍ തന്നെയാണ് എന്നുറപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇനിയും തുടരും. അക്കാര്യം ഉറപ്പാക്കിയാലോ? പ്രശ്‌നങ്ങള്‍ അതുകൊണ്ടൊന്നും തീരില്ല. അതിലും പ്രധാനപ്പെട്ട മറ്റു പലതും തേടിയുള്ള അന്വേഷണത്തിലേക്കവര്‍ മുന്നേറും. ശാസ്ത്രം ഓരോ പ്രശ്‌നവും പരിഹരിക്കുന്നത് പത്തു പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണെന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്്. ആദ്യം തന്നെ കണ്ടുപിടിക്കപ്പെട്ട ഗുരുത്വബലത്തെ സൂക്ഷ്മപ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല. അതിനു കഴിയാത്തിടത്തോളം കാലം ഈ സിദ്ധാന്തങ്ങള്‍ അപൂര്‍ണമായി തുടരുകയും ചെയ്യും. 


ഹിഗ്‌സ് ബോസോണ്‍ ഗവേഷണത്തെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരക ആവര്‍ത്തിച്ചു ചോദിച്ചത് ഇതു കണ്ടെത്തിയതോടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിക്കഴിഞ്ഞോ എന്നാണ്. ഗുരുത്വബലത്തെ ഉള്‍പ്പെടുത്താത്ത ശാസ്ത്രസിദ്ധാന്തങ്ങള്‍ അപൂര്‍ണമാണെന്നും അതുകൊണ്ടുതന്നെ പരമമായ സത്യം തേടിയുള്ള അന്വഷണം ഇനിയും തുടരുമെന്നും അതു കണ്ടെത്തും വരെ പ്രപഞ്ചസൃഷ്ടിയില്‍ ദൈവത്തിനുള്ള സ്ഥാനം തുടരുമെന്നുമാണ് മത സംഘടന നടത്തുന്ന ഒരു പ്രമുഖ പത്രം പറയാതെ പറഞ്ഞത്. ദൈവകണം എന്നാണു വിശേഷണമെങ്കിലും ദൈവനിര്‍മ്മിതമാണ് പ്രപഞ്ചം എന്ന വ്യവസ്ഥാപിത മതങ്ങളുടെ ഉല്‍പ്പത്തി പുരാണങ്ങളുടെ അടിത്തറയെത്തന്നെയാണ് ഈ മൗലിക കണം തകര്‍ക്കുന്നത് എന്ന് അംഗീകരിക്കാന്‍ അവര്‍ക്കു പറ്റില്ല. 

ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കുകയല്ല ശാസ്ത്ര ഗവേഷണങ്ങളുടെ ലക്ഷ്യം. തികച്ചും ഭൗതികമായൊരു ഗവേഷണത്തെ മതവുമായും ദൈവവുമായും തത്ത്വചിന്തയുമായുമെല്ലാം കൂട്ടിയിണക്കുന്നതിന് ഒരു കാരണമേയുള്ളൂ. ഈ പറയുന്ന കാര്യങ്ങളില്‍ പലതും നമുക്കു മനസ്സിലാക്കാവുന്നതിനും അപ്പുറത്താണ്. നമുക്ക് അറിയാവുന്ന കാര്യങ്ങളെ ശാസ്ത്രമെന്നു പറയും അറിയാത്തതിനെ തത്ത്വശാസ്ത്രം എന്നു വിളിക്കും എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ പറഞ്ഞിട്ടുണ്ട്. ശാസ്ത്രത്തിലായാലും തത്ത്വചിന്തയിലാണെങ്കിലും ചോദ്യങ്ങള്‍ മിക്കതും ഒന്നു തന്നെയാണ്. മതങ്ങള്‍ പഴയ ഉത്തരങ്ങളില്‍ത്തന്നെ കടിച്ചുതൂങ്ങും. ശാസ്ത്രമാകട്ടെ, ഉത്തരങ്ങള്‍ പുതുക്കാനുള്ള അന്വേഷണങ്ങള്‍ തുടരും. 

ഒരു കാര്യമുറപ്പാണ് ഈ മേഖലയില്‍ ഇനിയും പുതുപുതു ചിന്തകളും സിദ്ധാന്തങ്ങളും വരും. അവ നമ്മില്‍ മിക്കവരുടെയും തലയ്ക്കു മുകളിലൂടെ പോവുകയും ചെയ്യും. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി കൈവരും വരെ നമുക്ക് അനന്തമജ്ഞാതമവര്‍ണ്ണനീയം എന്ന കവിവചനത്തിലഭയം തേടാം. '' ക്വാണ്ടം ബലതന്ത്രത്തെപ്പറ്റി എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുക ഇത്രമാത്രമാണ്. അതെനിക്ക് ശരിക്കു മനസ്സിലായിട്ടില്ല''. ഇതു പറഞ്ഞത് സാധാരണക്കാരാരുമല്ല. നൊബേല്‍ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാനാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment