Saturday, 21 July 2012

[www.keralites.net] പ്രവാസിക്ക് വിജയകരമായി ജീവിക്കാം...

 

പ്രവാസിക്ക് എങ്ങിനെ വിജയകരമായി ജീവിക്കാം...................

ഏറെ നാളത്തെ റിസേര്‍ച്ചിനു ശേഷം നാട്ടില്‍ പോയി പ്രവാസിക്ക് എങ്ങിനെ വിജയകരമായി ജീവിക്കാം എന്നതിന്റെ ഒരു ഗൈഡ് ആണിത്. വായിച്ചു പ്രിന്റെടുത്ത് സൂക്ഷിക്കുക. സ്ഥിരതാമസം മാത്രമല്ല ഇടയ്ക്കു അവധിക്കു പോകുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.

1. എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തന്നെ കൂളിംഗ്‌ ഗ്ലാസ്, പാന്റ് എന്നിവ മാറ്റി മുണ്ടുടുക്കുക.‌ 

2. കഴിവതും ചെല്ലുന്ന വിവരം ...വീട്ടില്‍ ആരെയും അറിയിക്കരുത്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി വിളിച്ചു വീടിനു അടുത്തുള്ള ഏതെങ്കിലും ഒരു ടൌണില്‍ നിന്നും ടാക്സി മാറി കേറി വീട്ടില്‍ ചെല്ലുക. വീട്ടുകാര്‍ ചോദിച്ചാല്‍ പറയുക, കാശില്ലാത്തതിനാല്‍ ബസിനു വന്നിറങ്ങി ടാക്സിയില്‍ പോന്നു എന്നെ പറയാവൂ. അപ്പോള്‍ തന്നെ ഏകദേശ രൂപം വീടുകാര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. വന്ന ഉടനെ പെട്ടി തുറക്കാന്‍ നില്‍ക്കരുത്. വന്ന പാടെ പെട്ടികള്‍ സ്വന്തം മുറിയില്‍ വക്കുക. അതിനു ശേഷം കാപ്പിയോ മറ്റോ കുടിച്ചു വീടിന്റെ ഏതെങ്കിലും മൂലയില്‍ ചിന്താമൂകനായി നില്‍ക്കുക. ചിന്താഭാരം തോട്ടില്‍ എന്ന റഷ്യന്‍ നാടോടിഗാനം സ്മരിക്കുക.

3. എന്തുപറ്റി എന്ന ചോദ്യത്തിന് തന്റെ ജോലി പോയെന്നും രണ്ടുമൂന്നുമാസത്തെ ശമ്പളം തരാതെ അറബി പറ്റിച്ചു എന്നും അങ്ങ് താങ്ങിയേക്കണം. ഗള്‍ഫന്‍ അല്ലെങ്കില്‍ ഗ്ലോബല്‍ റിസഷന്‍ കാരണം ജോലി വെട്ടിക്കുറച്ചു, അക്കൂടെ താനും ഔട്ടായി എന്നു പറയണം.

4. ആകെ പൊളിഞ്ഞു നാറാണക്കല്ല് പിടിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ ബാക്കി കാര്യം അവര്‍ ഏറ്റെടുത്തു നാട്ടുകാരെ ബോധിപ്പിച്ചോളും. പാരയായി നില്‍ക്കുന്ന ചേട്ടന്മാരോ അനിയന്മാരോ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.

5. പൊളിഞ്ഞു പാളീസായി എന്ന് കേട്ടാല്‍ നാടുകാര്‍ക്കുണ്ടാകുന്ന സന്തോഷം ചില്ലറയൊന്നുമല്ല. അവരുടെ സന്തോഷം കണ്ടു നമ്മള്‍ ഉള്ളില്‍ മാത്രം ചിരിക്കുക.

6. രണ്ടുദിവസത്തിന് ശേഷം മാത്രമേ കൂട്ടുകാരെ സന്ദര്‍ശിക്കാന്‍ പാടുള്ളൂ. ആദ്യം കാണുമ്പോള്‍ ഒത്തിരി എക്‍സൈറ്റ്മെന്റ് ഒന്നും കാണിക്കരുത്.

7. സ്ഥായിയായ ഒരു ദുഃഖഭാവം എപ്പോഴും മുഖത്ത് സൂക്ഷിക്കുക.

8. പള്ളിയിലോ അമ്പലത്തിലോ സ്ഥിരമായി പോകുക. പറ്റുമെങ്കില്‍ ഒരു ധ്യാനവും കൂടുക.

9. ഗള്‍ഫില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ അവരുടെ ബ്രാന്‍ഡ്‌ മാര്‍ക്ക് ആയ ഓയില്‍മുണ്ടും ടീ ഷര്‍ട്ടും, സ്വര്‍ണ വാച്ച്, ബ്രെയ്സ്ലെറ്റ് എന്നിവയും യുകെ, യുഎസ്എ എന്നിവടങ്ങളില്‍ നിന്നും തിരിച്ചു ചെന്നവര്‍ ആണെങ്കില്‍ ബെര്‍മുഡ, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ ടീ ഷര്‍ട്ട്, അമേരിക്കന്‍ ഫ്ലാഗിന്റെ ടീ ഷര്‍ട്ട് എന്നിവയൊക്കെ പൂര്‍ണമായും 6 മാസത്തേക്ക് വര്‍ജിക്കുക. ഇതൊക്കെയിട്ടു നാടുകാരുടെ മുന്‍പില്‍ ചെന്നുപെട്ടാല്‍ അതിട്ടവന്റെ അപ്പനപ്പൂപ്പന്മാരുടെ ജാതകവും വിധിയും ചരിത്രവും ഒക്കെ എടുത്തിട്ട് വിളമ്പിത്തുടങ്ങും.

കുട്ടികളെ വസ്ത്രം ധരിപ്പിക്കുമ്പോള്‍ കഴിവതും വെള്ള ടോപ്‌ അല്ലെങ്കില്‍ ഷര്‍ട്ട്, നീല ജീന്‍സ്, വെളുത്ത കാന്‍വാസ് ഷൂ എന്നിങ്ങനെയുള്ള കോമ്പിനേഷന്‍ ഇടീക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം മൊട്ടയില്‍ നിന്നും വിരിഞ്ഞില്ലെങ്കില്‍ കൂടി നാട്ടിലെ കുട്ടികള്‍ പണി കൊടുക്കാന്‍ ബഹു സമര്‍ത്ഥര്‍ ആണ്. ഈ വേഷം ധരിച്ചു ചെല്ലുന്ന കുട്ടികളെ അവര്‍ അമുല്‍ ബേബി, മ.ബു.(മന്ദ ബുദ്ധി )എന്നൊക്കെയാണ് വിളിക്കാറ്.

10. പെര്‍ഫ്യൂം ഒഴിവാക്കി കുട്ടികുറ പൌഡര്‍ ഇടുക.

11. ആദ്യത്തെ ആറു മാസത്തേക്ക് കഴിവതും കുടുംബസമേതമുള്ള യാത്രകള്‍ ഒഴിവാക്കുക. ഒറ്റയ്ക്കാകുമ്പോള്‍ ബസിനു പോയാല്‍ മതിയല്ലോ. തരം കിട്ടിയാല്‍ ഏതെങ്കിലും ഫ്രെണ്ടിന്റെ ബൈക്കിനു ലിഫ്റ്റ്‌ ചോദിക്കുക.

12. തന്നോട് കടം ചോദിയ്ക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കി വക്കുക. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്‍പ് അങ്ങോട്ട്‌ സ്വന്തം വിഷമങ്ങള്‍ എല്ലാം പറഞ്ഞു ആവശ്യമില്ലെങ്കില്‍ കൂടി കുറച്ചു കടം മേടിക്കുക.

13. കടം വാങ്ങിച്ച കാശ് പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കരുത്. നാടുവിട്ടുപോയി എന്ന് കരുതി നമ്മള്‍ നാട്ടുനടപ്പ് മറക്കരുത്.

14. കടം തന്നവനെ കുറഞ്ഞത്‌ 3 -4 പ്രാവശ്യം ഇട്ടു നടത്തിക്കുക.

15. കുറച്ചു സ്വര്‍ണം എടുത്തു പണയം വക്കുക. അധികം തുക എടുക്കേണ്ട കാര്യമില്ല. ഒരു പേരിനു മാത്രം. പണയം സമയത്ത് തിരിച്ചെടുക്കരുത്. പണയവസ്തു ലേലം ചെയ്യുന്നതിന്റെ തലേ ദിവസം ആരും അറിയാതെ തിരിച്ചെടുക്കണം. പക്ഷെ ബാങ്കില്‍ നിന്നും പണയപ്പണ്ടത്തിന്റെ ലേല പരസ്യ നോട്ടീസ് പോക്കറ്റില്‍ തന്നെ മറ്റുള്ളവര്‍ കാണത്തക്ക രീതിയില്‍ വച്ചേക്കുക.

16. പരസ്പരജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുക. ഇതിനായി കുറഞ്ഞത്‌ 8 - 10 പേരോട് ജാമ്യം നില്കാമോ എന്ന് തിരക്കുക.

17. ഈ ലോണും സമയത്ത് തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്‍ നോട്ടീസുമായി വരുമ്പോള്‍ അവനോടു എവിടുന്നെങ്കിലും കാശ് മറിവിനു മേടിച്ചു തിരിച്ചടയ്ക്കാം എന്ന് പറഞ്ഞു സമാധാനിപ്പിക്കുക. പക്ഷെ ഉടനെയൊന്നും തിരിച്ചടയ്ക്കരുത്. ജാമ്യം നിന്നവന്റെ ഭാര്യ ഇതറിയുന്നത് വരെ വെയിറ്റ് ചെയ്യണം.

18. മദ്യം സിഗരെറ്റ്‌ എന്നിവ കഴിവതും വീട്ടില്‍ തന്നെയിരുന്നു ഒറ്റയ്ക്ക് കഴിക്കുക. പുറത്തിറങ്ങുമ്പോള്‍ സിഗരെറ്റ്‌ കൂട്ടുകാരോട് കടം വാങ്ങുക.

19. വെള്ളമടി കമ്പനിയില്‍ ഷെയര്‍ മുഴുവന്‍ ഒരു കാരണവശാലും ഇടരുത്. പറ്റുമെങ്കില്‍ ടച്ചിങ്ങ്സ് വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ട് പോയി അത് ഷെയറില്‍ കൂട്ടിക്കോളാന്‍ പറയുക.

20. എന്തൊക്കെ സംഭവിച്ചാലും ഫിക്സെഡ് ഡെപ്പോസിറ്റില്‍ കൈവയ്ക്കരുത്. അത് കഴിവതും സ്വന്തം നാട്ടിലെ ബാങ്കിലോ അല്ലെങ്കില്‍ പരിചയക്കാരോ ബന്ധുക്കളോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

21. സ്വന്തം നാട്ടില്‍ വീടിനുള്ള സ്ഥലം മാത്രമല്ലാതെ മറ്റു വസ്തുവകകള്‍ വാങ്ങരുത്.

22. നാട്ടില്‍ തിരിച്ചെതുന്നതിനു് ഒരു വര്‍ഷം മുന്‍പ് കേറിക്കിടക്കാന്‍ ഒരു നല്ല വീട് പണിതിടുക. പക്ഷെ കളര്‍ പെയിന്റ് അടിക്കരുത്. വെള്ളയടിച്ചു കുറച്ചു നാള്‍ അങ്ങിനെ അങ്ങ് ഇട്ടേക്കണം. പായല്‍ പിടിച്ചു ഒരു പരുവം ആകുമ്പോള്‍ അതിനു നല്ല കളര്‍ പെയിന്റ് കൊടുക്കുക. പായലിന്റെ ശല്യം കൊണ്ട് ഗത്യന്തരമില്ലാതെ ചെയ്തതാണെന്ന് നാട്ടുകാരെ പ്രത്യേകം ബോധ്യപ്പെടുത്താന്‍ മറക്കരുത്.

23. എല്‍ഐസി, മെറ്റ് ലൈഫ് ഏജന്റുമാരെ അകലെ നിന്ന് കാണുമ്പോള്‍ തന്നെ മുറ്റത്ത്‌ നില്‍കുന്ന റബ്ബര്‍ മരത്തിന്റെയോ കുരുമുളക് ചെടിയുടെ ചോട്ടിലോ ചിന്താമഗ്നനായി വിഷാദ ഭാവത്തില്‍ നില്‍ക്കുക. അവര്‍ അടുത്ത് വരുമ്പോഴേ നാടിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ തകര്‍ന്നു തരിപ്പണമായ കഥ അവരോടു പറയുക. എങ്ങിനെയെങ്കിലും തിരികെ പോകുന്ന കാര്യം സംസാരിച്ചു തുടങ്ങുക. അല്ലെങ്കില്‍ എങ്ങിനെയാണ് ഒരു ഇന്‍ഷുറന്‍സ് എജെന്‍സി തരപ്പെടുത്തുക എന്ന് അവരോടു ചോദിക്കുക. അതുമല്ലെങ്കില്‍ തിരിച്ചു പോകാനുള്ള വിസക്കുള്ള കാശ് ഒന്ന് മറിക്കാമോ എന്ന് ചോദിക്കുക.

24. മീന്‍ വാങ്ങുമ്പോള്‍ കഴിവതും വില പേശി തന്നെ വാങ്ങുക.

25. നാട്ടില്‍ ചെന്നാല്‍ ഉടന്‍ അവിടെ പൊതുവേ കാണപ്പെടുന്ന അഴിമതി,കൈക്കൂലി എന്നിവക്കെതിരെ പ്രതികരിക്കാന്‍ തോന്നുക സ്വാഭാവികം ആണ്.പക്ഷെ ഒന്നും കണ്ടില്ലെന്നു നടിക്കുക.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അറബികളെയും സായിപ്പിനെയും കാണുന്ന പോലെ തന്നെ കണ്ടു ബഹുമാനിക്കണം.കാരണം അവരാണ് നാട്ടിലെ അറബിയും സായിപ്പും എല്ലാം.

26.പുതിയ സംരംഭങ്ങള്‍ നാട്ടില്‍ ചെന്ന ഉടനെ തുടങ്ങരുത്‌.ഉടനെ തുടങ്ങിയാല്‍ പാരകളും പാര്ടികാരും കൂടി നശിപ്പിച്ചു കയ്യില്‍ തരും.ഇവനൊന്നു നന്നായിക്കോട്ടെ എന്ന് നാട്ടുകാര്‍ക് തോന്നുന്നത് വരെ ബിസിനെസ്സുകള്‍ ഒന്നും തുടങ്ങരുത്‌.

ഇത്രയുമൊക്കെ ആയിക്കഴിയുമ്പോള്‍ നിങ്ങളെപ്പറ്റി ഏറെക്കുറെ ഒരു ധാരണ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങും. കൂട്ടുകാര്‍ നിങ്ങള്‍ പണ്ട് എങ്ങിനെ ആയിരുന്നോ എന്ന പോലെ അടുത്തിടപഴകാന്‍ തുടങ്ങും.

കാശുകാരന്‍ ആയതിന്റെ ജാഡ കാണിച്ചാല്‍ അധികം താമസിക്കാതെ ഉണ്ടാക്കിയെടുത്ത പണം പിരിവും സഹായവും ഒക്കെയായി നഷ്ടപ്പെട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് പോലെ ജീവിക്കേണ്ടി വരും. അതിലും നല്ലത് കാശെങ്കിലും കൈയില്‍ വച്ചിട്ട് ഇങ്ങിനെ ജീവിക്കുന്നതല്ലെ.

കടപ്പാട് : ഇതിന്‍റെ യഥാര്‍ത്ഥ സൃഷ്ടികര്‍ത്താവിന്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment